Follow KVARTHA on Google news Follow Us!
ad

കോര്‍പറേറ്റുകളുടെ വാഴ്ചയും ഭാരതത്തിന്റെ വീഴ്ചയും

പരസ്യങ്ങള്‍ കൊണ്ട് പ്രസിദ്ധമായ കമ്പനിയോട് ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ കെട്ടിടത്തിന് പുറത്ത് ചായം പൂശി ജനങ്ങളെ ആകര്‍ഷിക്കാന്‍ തുനിയുക സ്വഭാവികംArticle, Narendra Modi, India, National, Trending, Corporate's Reign and Country's Fall, Article
അനസ് ആലങ്കോള്‍

(www.kvartha.com 14.02.2018) പരസ്യങ്ങള്‍ കൊണ്ട് പ്രസിദ്ധമായ കമ്പനിയോട് ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ കെട്ടിടത്തിന് പുറത്ത് ചായം പൂശി ജനങ്ങളെ ആകര്‍ഷിക്കാന്‍ തുനിയുക സ്വഭാവികം. അത്തരമൊരു സംഭവമാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. ജനങ്ങള്‍ക്ക് മേലുളള സകല വിശ്വാസവും നഷ്ടമായപ്പോള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ കയറണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ അവസാന ബജറ്റിലൂടെ ഇത്രയും വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക ഭദ്രത കാരണം പ്രശസ്തമായ നമ്മുടെ ഭാരതം സാമ്പത്തിക തകര്‍ച്ച നേരിട്ട ഈ അവസരത്തിലും കോര്‍പറേറ്റുകള്‍ക്ക് എന്തിന് നികുതി ഇളവ് പ്രഖ്യാപിച്ചു എന്നതിന് വ്യക്തമായ ഉത്തരമില്ല.

രാജ്യത്തിന്റെ ഭരണ തലവന്മാരുമായി കോര്‍പറേറ്റ് വിഭാഗങ്ങളുമായുളള ബന്ധത്തെ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗം. എയര്‍ ഇന്ത്യയുടെ 50,000 കോടി രൂപയ്ക്ക് തുല്യമായ ആസ്ഥികള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ രാജ്യം എന്ത് നേടി എന്ന് ഭാരതത്തിലെ സാധാരണ ജനങ്ങള്‍ക്കെല്ലാം വ്യക്തമായി അറിയാം. മോദി അധികാരത്തിലേറിയ വര്‍ഷം 49 ശതമാനമായിരുന്നു കോര്‍പറേറ്റുകളുടെ കയ്യിലുണ്ടായിരുന്നത്. 2016  ആവുമ്പോള്‍ 58 ശതമാനം ആസ്ഥികളും അവരുടെ കൈകളിലെത്തി. 2017 ന്റെ അവസാന സമയം 73 ശതമാനം ആസ്ഥികളും കോര്‍പറേറ്റുകള്‍ സ്വന്തമാക്കി. ഇത്തരം ആസ്ഥി തുറന്ന് കൊടുക്കലിലൂടെ ലോക ബജറ്റിന്റെ നിക്ഷേപ സൗഹൃദ സൂചികയില്‍ ഇന്ത്യ ഒറ്റയടിക്ക് 30-40 പോയിന്റുകള്‍ ഉയര്‍ത്തി എന്നാണ് അവകാശവാദം.

അത്താഴം കഴിക്കാന്‍ അന്നമില്ലാതെ വിലപിക്കുന്ന അവസരത്തില്‍ ആകാശത്തിലൂടെ വിമാന സഞ്ചാരം നടത്തുന്നത് ബുദ്ധിയല്ലല്ലോ. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വര്‍ദ്ധിക്കുന്ന കര്‍ഷക ആത്മഹത്യ എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാതെ കാര്‍ഷിക മേഖലയ്ക്ക് വലിയ പരിഗണന നല്‍കിയെന്ന പ്രതീതി സൃഷ്ടിച്ച് 14 ലക്ഷം കോടി രൂപ അനുവദിച്ചതിലും ഏറെ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച 14 ലക്ഷം കോടി രൂപയില്‍ നിന്ന് രണ്ടു ലക്ഷം കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കം വെച്ചിരിക്കുന്നത്. ബാക്കിയുളള 12 ലക്ഷം കോടി രൂപ ബജറ്റിന് പുറത്ത് നിന്ന് വായ്പയായി ബാങ്കുകളില്‍ നിന്ന് സമാഹരിക്കണമത്രെ. കോര്‍പറേറ്റ് വിഭാഗത്തിന്റെ കിട്ടാക്കടമായി കോടി കണക്കിന് രൂപകള്‍ എഴുത്തിതളളിയ ബാങ്കുകളിലൊന്നില്‍ നിന്നും വായ്പ ലഭിക്കുമെന്ന യാതൊരുപ്രതീക്ഷ വെച്ചു പുലര്‍ത്തേണ്ടത്തില്ല. റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയരുന്ന ഇന്ധന വിലയുടെ കാര്യത്തിലുളള മൗനം, ആവശ്യ വസ്തുകളുടെ അമിതമായ വിലക്കയറ്റ മൗനവും കോര്‍പറേറ്റ് സേവനത്തിന്റെ ഭാഗമാണ്.

ഒരു ഭാഗത്ത് കോര്‍പറേറ്റ് വിഭാഗങ്ങള്‍ കോടിക്കണക്കിന് ലാഭങ്ങള്‍ കൊയ്യുമ്പോള്‍ മറുഭാഗത്ത് ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാതെ കഷ്ടപ്പെടുകയാണ്. ഏഷ്യയിലെ 52 കോടി മുഴപ്പട്ടിണിക്കാരില്‍ 30 കോടിയും ഇന്ത്യയിലാണെന്ന വസ്തുത ഭരണ കര്‍ത്താക്കള്‍ മറന്നുവെന്ന് തോന്നുന്നു. അഴിമതി, തൊഴിലില്ലായ്മ, അസമത്വം എന്നിവയില്‍ ഇന്ത്യ ഒന്നാമതാണെന്ന് ട്രാന്‍സ്പന്‍ സി  ഇന്റര്‍നാഷണല്‍ അന്താരാഷ്ട്ര ഏജന്‍സി പുറത്ത് വിട്ട പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ മുഖം മാറ്റുമെന്ന് വാഗ്ദാനം നടത്തി പ്രഖ്യാപിച്ച നികുതി പരിഷ്‌കരണം യാതൊരു ഗുണവും ഉണ്ടാക്കിയില്ലെന്ന് ധനമന്ത്രിയുടെ മൗനത്തില്‍ നിന്ന് മനസ്സിലാവുന്നു. മിനുക്ക് പണി അനിവാര്യമാണെന്ന് തോന്നുമ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, എന്നിവ പാതി വഴിയില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. ബജറ്റില്‍ ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടി അനുവദിച്ച 377 കോടിയില്‍ അധികവും ചെലവാക്കുക കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായിരിക്കും. സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ട് കോടി ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണ ചിലവില്‍ നിന്ന് നല്ലൊരു ശതമാനം സ്വഛ് ഭാരതത്തിന്റെ പ്രചാരണത്തിന് വേണ്ടിയാവും. ബേട്ടി ബച്ചാ വോ, ബേട്ടി ബഠാവോ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് എന്നിവയുടെ കാര്യത്തിലും ബജറ്റ് മൗനം പാലിച്ചു. ജനങ്ങളുടെ പിന്തുണ നേടാന്‍ വേണ്ടി അവസാന സമയം ഒബാമ നടപ്പിലാക്കിയ ഒബാമ കെയറിന്റെ കോപ്പിയാണ് മോദി കെയര്‍.

ഭാരതത്തിലെ മുഴുവന്‍ പശുക്കള്‍ക്കും ആധാര്‍ നിര്‍ബന്ധമാണെന്നും ബജറ്റില്‍ പറയുന്നുണ്ട്. പശുവിന്റെ കൊമ്പിന്റെ നീളം, കൊളമ്പിന്റെ വണ്ണം, അകിടില്‍ നിറയുന്ന പാലിന്റെ ലിറ്റര്‍ കണക്ക്, വാലിന്റെ നീളം, മക്കളുടെ എണ്ണം എന്നിവ ഓരോ പശുവിന്റെ ആധാറിലൂടെ ലഭിക്കും. ആര്‍ക്കെങ്കിലും പശുവിനെ വാങ്ങാനുണ്ടെങ്കില്‍ ആധാര്‍ നോക്കിയാല്‍ മതിയെന്നാണ് ചുരുക്കം. പശുവിനെ വില്‍ക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കരുത്. പശുവിനേല്‍ക്കുന്ന പരിക്ക്, പശു ആത്മഹത്യ, പശു കൊലപാതകങ്ങള്‍ എന്നിവക്കുളള സാമ്പത്തിക സഹായങ്ങള്‍ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ വിതരണം നടത്തും.

ഈ ബജറ്റ് കര്‍ഷക സൗഹൃദവും സാധാരണ പൗരന്മാരെ ആശ്ലേഷിക്കുന്നതും വ്യവസായ പരിസ്ഥിതി സൗഹാര്‍ദ പരമാണെന്നും പ്രധാന മന്ത്രി അഭിനന്ദിച്ചു. സകല മേഖലകളെയും സ്പര്‍ശിച്ച് ബജറ്റ് തയ്യാറാക്കിയതിന് ജെയ്റ്റിലിയെ പ്രശംസിക്കാനും മോദി മറന്നില്ല. എന്നാല്‍ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങളൊന്നും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും
വൈ-ഫൈ, ഹോട്ട്‌സ്‌പോട്ടുകള്‍ നല്‍കി രാജ്യത്തിലെ യൗവനത്തെ ഉറക്കി കെടുത്താനാണ് രാജ്യം ഉദേശിക്കുന്നതെന്നുളള വിമര്‍ശനവും ഉയര്‍ന്ന് വന്നിട്ടുണ്ട്.

വികസനമെന്നാല്‍ പദ്ധതി പ്രഖ്യാപനങ്ങളിലൂടെ വിപ്ലവങ്ങള്‍ തീര്‍ക്കുമെന്ന് വീമ്പിളക്കലും പേപ്പറുകളില്‍ മാത്രം ഒതുക്കേണ്ടതുമല്ല. സാധാരണ ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയുമാണ് യഥാര്‍ത്ഥ വികസനമെന്ന് ഇനിയെങ്കിലും ഭരണാധികാരികള്‍ മനസിലാക്കിയാല്‍ കൊളളാം. കെട്ടിടത്തിന്റെ അകത്ത് ജോലികള്‍ ഏറെ ബാക്കി നില്‍ക്കെ പുറത്ത് നിറം പൂശുന്നത് ബുദ്ധിക്ക് നിരക്കാത്ത കാര്യമാണ്. അകത്തുളള അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പുറത്തേ പണി ആരംഭിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Narendra Modi, India, National, Trending, Corporate's Reign and Country's Fall, Article
< !- START disable copy paste -->