Follow KVARTHA on Google news Follow Us!
ad

മുന്നോക്ക സംവരണം: സിപിഎം വീശുന്നു ഇരുതല മൂര്‍ച്ചയുള്ള വാള്‍; മൂര്‍ച്ചയേല്‍ക്കുന്നതാര്‍ക്കൊക്കെ?

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാKerala, News, Thiruvananthapuram, Politics, CPM, CPM gaming with a double edge sword on Devaswam board reservation
തിരുവനന്തപുരം: (www.kvartha.com 19.11.2017) ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സിപിഎം വീശുന്ന ഇരുതല മൂര്‍ച്ചയുള്ള വാള്‍. പിന്നാക്ക സമുദായ സംഘടനകള്‍ ഈ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും മുന്നോക്ക സമുദായങ്ങളുടെ പിന്തുണ ഇതോടെ തങ്ങള്‍ക്കൊപ്പം പോരുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്.

പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പിന്നാക്ക വോട്ടുകള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി ഒപ്പംതന്നെ നിലനിര്‍ത്താനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് മനസിലാക്കിയും നിയമപരമായി ഈ തീരുമാനം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയുമുള്ള രാഷ്ട്രീയ കരുനീക്കമാണ് സിപിഎമ്മിന്റേത് എന്ന സൂചനകള്‍ ശക്തമാണ്. ഹിന്ദുക്കളല്ലാത്ത സംവരണ സമുദായങ്ങളെ ഈ തീരുമാനം ബാധിക്കാത്തതിനാല്‍ സംവരണ സമുദായങ്ങളുടെ കൂട്ടായ പ്രതിഷേധം ഉണ്ടാകില്ലെന്നും കണക്കുകൂട്ടലുണ്ട്. മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍ സമുദായങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്ന വിധത്തില്‍ മറ്റു നിയമനങ്ങളില്‍ക്കൂടി മുന്നോക്ക സംവരണം ഏര്‍പ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. എന്നാല്‍ അതിനു ഭരണഘടനാ ഭേദഗതി വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വിശദീകരിച്ചിരുന്നു.

അതേ ഭരണഘടനാ ഭേദഗതി ദേവസ്വം നിയമനങ്ങള്‍ക്കും ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരേസമയം എന്‍എസ്എസിനെയും സംഘ്പരിവാറിനെ മാനസികമായി പിന്തുണയ്ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഒരു വിഭാഗത്തെയും പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് നവംബര്‍ പതിനഞ്ചിനു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്ന യോഗത്തിലായിരുന്നു തീരുമാനം.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത് എന്ന അവകാശവാദം കോടതിക്കു മുന്നില്‍ നില്‍ക്കില്ലെന്ന് പിന്നോക്ക സമുദായ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഹിന്ദുക്കളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് നിയമനം ഇല്ല. സര്‍ക്കാര്‍ സര്‍വ്വീസില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്. ഈ 18 ശതമാനത്തില്‍ നിന്ന് 10 ശതമാനം തസ്തികകള്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം എന്ന് സര്‍ക്കാര്‍ പറയുന്നു. ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തില്‍നിന്നു 17 ശതമാനമായി വര്‍ദ്ധിക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും. ഈഴവര്‍ ഒഴികെയുളള ഒബിസി സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി വര്‍ദ്ധിക്കും. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇപ്പോള്‍ത്തന്നെ ദേവസ്വം ബോര്‍ഡ് തസ്തികകളില്‍ ഇപ്പോള്‍ത്തന്നെ ബഹുഭൂരിപക്ഷം മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. പിന്നാക്കാര്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമുള്ള പ്രാതിനിധ്യം തീരെ കുറവുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Politics, CPM, CPM gaming with a double edge sword on Devaswam board reservation