Follow KVARTHA on Google news Follow Us!
ad

ആതിര മോളേ, നീയെന്തിനീ അവിവേകം കാട്ടി...?

ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തപ്പോള്‍ നീയെത്ര ഊര്‍ജ്ജസ്വലയായിരുന്നു. കാര്യങ്ങളൊക്കെ സശ്രദ്ധം കേള്‍ക്കുകയും Article, Kookanam-Rahman, Suicide, Adolescent, Grief, Girls, Love, Affair, Relationship, Awareness
കൂക്കാനം റഹ് മാന്‍

(www.kvartha.com 20.09.2017) ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തപ്പോള്‍ നീയെത്ര ഊര്‍ജ്ജസ്വലയായിരുന്നു. കാര്യങ്ങളൊക്കെ സശ്രദ്ധം കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്തത് ഞാനോര്‍ക്കുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ ക്ലാസിനുശേഷം നിന്റെ കൂട്ടുകാരില്‍ പലരും സംശയം എഴുതി ചോദിച്ചു. പേരുവെക്കാതെ സംശയം ചോദിച്ചതിനാല്‍ ആരാണെന്നറിയാതെ പൊതുവായി എല്ലാവര്‍ക്കുമായി അതിനുള്ള മറുപടിയും ക്ലാസില്‍ വെച്ചുതന്നെ നല്‍കി. എഴുതി ചോദിക്കാന്‍ പ്രയാസമുള്ള നാലഞ്ചുകുട്ടികള്‍ ഞങ്ങളുടെ പിന്നാലെ വന്നു. അതില്‍ ഒരുവള്‍ ആതിരയായിരുന്നു...

പ്രസ്തുത കോളജില്‍ ജുലായ് പതിമൂന്നിന് വ്യാഴാഴ്ച 'കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കണമെന്ന് കോളജധികൃതര്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷവും ഇതേ വിഷയത്തെക്കുറിച്ച് അവിടെ ക്ലാസെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാവാം ഈ വര്‍ഷവും എന്നെ ക്ഷണിച്ചത്. ചൈല്‍ഡ്‌ലൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടും, കൗമാരപ്രായക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്യുന്നതിലെ പ്രത്യേകത കൊണ്ടുമായിരിക്കാം എന്നെ ക്ഷണിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ച ഘടകം.

 Article, Kookanam-Rahman, Suicide, Adolescent, Grief, Girls, Love, Affair, Relationship, Awareness.

പ്രസ്തുത ദിവസം ക്ലാസെടുക്കുന്നതിന് ഞാന്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അപ്പോള്‍ കോളജില്‍ നിന്നൊരു ഫോണ്‍കാള്‍ വന്നു. 'സാര്‍ ഇന്ന് ക്ലാസ് മാറ്റി വെക്കേണ്ടി വന്നിരിക്കുന്നു, കോളജിലെ ഒരു കുട്ടി ആത്മഹത്യ ചെയ്ത വിവരം കിട്ടിയിരിക്കുകയാണ്. ഞങ്ങളെല്ലാം അവളുടെ വീട്ടിലേക്ക് പോവുകയാണ്. അടുത്തൊരുദിവസം ആ ക്ലാസ് വെക്കാം.'


അന്ന് തിരുവനന്തപുരത്ത് റോഡ് സുരക്ഷയെക്കുറിച്ച് നടക്കുന്ന സംസ്ഥാനതല അഡൈ്വസറി യോഗത്തില്‍ എനിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അത് കാന്‍സല്‍ ചെയ്തിട്ടാണ് കോളജ് അധികൃതരുടെ അപേക്ഷപ്രകാരം ക്ലാസെടുക്കാന്‍ ചെല്ലാന്‍ തീരുമാനിച്ചത്. രണ്ടും നടക്കാതെ പോയതില്‍ അല്പം വിഷമം തോന്നി...

പ്രസ്തുത ക്ലാസാണ് രണ്ടാഴ്ചയ്ക്ക് ശേഷം ജുലായ് 27 വ്യാഴാഴ്ച നടത്താന്‍ സൗകര്യപ്പെടുത്തിയത്. ക്ലാസ് സജിവമായിരുന്നു. സംശയങ്ങള്‍ ഒട്ടനവധി ഉണ്ടായി. അവയ്‌ക്കൊക്കെ കാര്യമായ രീതിയില്‍ വിശദീകരണം നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. ക്ലാസ് അവസാനം വരെ രണ്ട് അധ്യാപകരും ശ്രോതാക്കളായുണ്ടായിരുന്നു. എന്റെ കൂടെ സഹായിയായി ചാനല്‍ പാട്ടുകാരനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനുമായ സുധീഷ് പാലിക്കോടും ഉണ്ടായിരുന്നു.

പുറത്തിറങ്ങിയപ്പോള്‍ ആതിരയും രണ്ടുമൂന്നു കൂട്ടുകാരികളും വന്നു. ആതിരക്കെന്തോ സംശയം സാറിനോട് ചോദിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു. ആതിര അടുത്തേക്കു വന്നപ്പോള്‍ കൂട്ടുകാരികള്‍ അകലേക്ക് മാറി നിന്നു. അവളുടെ പ്രശ്‌നം പറഞ്ഞതിങ്ങിനെ: ഞാന്‍ അമ്മയുടെ ഫോണ്‍ നോക്കിയപ്പോള്‍ അതില്‍ ഒരു വാട്‌സ് അപ്പ് മെസേജ് കണ്ടു. ആര് അയച്ചു വെന്നോ, ആര്‍ക്ക് അയച്ചുവന്നോ എനിക്കറിയില്ല. ഇക്കാര്യം അമ്മയോട് ചോദിക്കാന്‍ എനിക്ക് പേടിയാവുന്നു. ചോദിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. അവളുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. അവളുടെ കുടുബാംഗങ്ങളെക്കുറിച്ചും പറഞ്ഞു. അച്ഛനും ഒരനുജനമുണ്ട് അവന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്നു.

മോള്‍ ഒരു കാര്യം ചെയ്യൂ. വളരെ സ്‌നേഹത്തോടെ അമ്മയോടിക്കാര്യം ചോദിക്കൂ. അമ്മ പറഞ്ഞു തരും. ആതിരയുടെ ഫോണ്‍ നമ്പര്‍ പറയൂ. ഞാന്‍ വിളിക്കാം. അവള്‍ പറഞ്ഞു എനിക്ക് ഫോണില്ല സാര്‍ അമ്മയുടെ ഫോണുണ്ട്. അതില്‍ വിളിക്കണമെങ്കില്‍ അമ്മയുടെ മുമ്പില്‍ നിന്നേ വിളിക്കാന്‍ പാടുള്ളു. ആയ്‌ക്കോട്ടെ അമ്മയുടെ മുമ്പില്‍ നിന്ന് വിളിക്കുന്നതല്ലേ നല്ലത് വിളിച്ചോളൂ ഞാന്‍ ആതിരയോട് പറഞ്ഞു. ഉച്ചഭക്ഷണം ഒപ്പം കഴിക്കാന്‍ വേണ്ടി കോളജ് അധ്യാപകര്‍ കാത്തു നില്ക്കുന്നതുകൊണ്ടും വിശപ്പ് സഹിക്കാന്‍ പറ്റാത്തതുകൊണ്ടും അത്രയും പറഞ്ഞ് ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോയി. ആതിരയുടെ കണ്ണ് അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്. അവള്‍ക്ക് വേറെന്തോ ഇനിയും ചോദിക്കാനുണ്ടെന്ന് അവളുടെ മുഖത്തു നിന്ന് ഞാന്‍ വായിച്ചെടുത്തു...

വെള്ളിയാഴ്ച ദിവസം വൈകീട്ട് ഏകദേശം നാലുമണിയോടെ ആതിര എന്നെ വിളിച്ചു. അവള്‍ പറഞ്ഞു സാറിനോട് സംസാരിച്ച പ്രശ്‌നം പരിഹരിച്ചു. ഞാന്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു അമ്മയുടെ ഫോണ്‍ കസിന്‍ സിസ്റ്റര്‍ എടുത്തിരുന്നു. അവള്‍ ആര്‍ക്കോ അയച്ച മെസ്സേജാണത്. ഞാന്‍ ചെയ്തതല്ല. സാര്‍ അതുകൊണ്ട് ആ പ്രശ്‌നം തീര്‍ന്നു. സാര്‍ പറഞ്ഞുതന്ന രീതിയില്‍ ചോദിച്ചതുകൊണ്ടാണ് അമ്മ ദേഷ്യപ്പെടാതെ കാര്യം പറഞ്ഞുതന്നത്. സാറിന് ഒരുപാടു നന്ദി... ഞാന്‍ പ്രതികരിച്ചു. നന്നായി ആതിരേ, ഇനി ശ്രദ്ധിച്ചു പഠിച്ചു മുന്നേറൂ.. ശരി സാര്‍ അവളുടെ മറുപടി. അതോടെ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

അടുത്ത ദിവസം അതായത് ശനിയാഴ്ച ( ജുലായ് 29 ന്) ഏകദേശം വൈകിട്ട് 5 മണിക്ക് കോളജിലെ ഒരധ്യാപിക എന്നെ വിളിക്കുന്നു. ആതിര എന്ന കുട്ടി ആത്മഹത്യ ചെയ്തു. ഞാന്‍ ഞെട്ടിപ്പോയി. ടീച്ചര്‍ വിശദീകരിച്ചു. സാറിനോട് പറഞ്ഞ കാര്യങ്ങലൊന്നുമല്ല മരണത്തിന് കാരണം. കുട്ടിക്ക് വേറെ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജേട്ടന്‍ ഒരാളെകൂടി കൊന്നു. എന്നൊരുകുറിപ്പ് മുറിയില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും പ്രണയ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അവിടത്തുകാരുടെ സംസാരത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് എന്നാണ്.

ടീച്ചര്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. പല കുട്ടികളും രണ്ടോ,മൂന്നോ പ്രശനങ്ങളുമായി നടക്കുന്നവരാണ്. അതില്‍ ഏകെങ്കിലും ഒരു കാര്യം പുറത്തു പറയും. മറ്റ് പ്രശ്‌നങ്ങള്‍ മനസ്സിലിട്ട് നടക്കും. ഒന്നും പറ്റാത്തപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടും.

ആതിരയോട് അഞ്ചുമിനുട്ട് മാത്രമെ ഞാന്‍ സംസാരിച്ചു കാണൂ. അവളുടെ മനോവേദന മുഴുവന്‍ പറയാനോ, കേള്‍ക്കാനോ പറ്റിയില്ല. അവളുടെ ദു:ഖ ഭാരം പേറിയുള്ള ജീവിതം കണ്ണില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റി. പക്ഷേ ജീവന്‍ വെടിയേണ്ട ഒരു പ്രശ്‌നവും അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ സന്തോഷപൂര്‍വ്വം എന്നോട് സംസാരിച്ചതിന് ശേഷം ഉണ്ടായ ചെറിയൊരു മാനസികാസ്വാസ്ഥ്യത്തിന്റെ ഫലമായിരിക്കാം ജീവന്‍ ത്യജിക്കാന്‍ ആതിര ഒരു നിമിഷം കൊണ്ടെടുത്ത തിരുമാനം. മനസ്സിനെ ശക്തമാക്കണം എന്നു ക്ലാസെടുക്കുമ്പോള്‍ പല ആവര്‍ത്തി പറഞ്ഞു പോയതാണ്.

'കാത്തു കൊള്‍വിന്‍ മനസ്സിനെ ഭദ്രമായ്.
കാല്‍ ക്ഷണം മതിതാളം പിഴക്കുവാന്‍'
ആതിരയെ ആത്മഹത്യയിലേക്ക് നയിച്ച അഥവാ താളം പിഴപ്പിച്ച ചിന്ത ഏതാണെന്ന് നമുക്കറിയാന്‍ പറ്റാതെ പോയി. ആരോടെങ്കിലും പറഞ്ഞു കാണുമോ, അതോ എവിടെയെങ്കിലും കുറിച്ചിട്ടുകാണുമോ?

ആരെയും കുറ്റപ്പെടുത്താതെ കടന്നുപോകുന്നതല്ലേ ഉചിതമെന്ന് ആതിര കരുതിക്കാണും. അവളെ വഞ്ചിക്കാന്‍ ആരെങ്കിലും ശ്രമിച്ചു കാണുമോ? അതോ വഞ്ചനയില്‍ അകപ്പെട്ടുപോയോ?

പെണ്‍കുട്ടികളേ ഇനിയെങ്കിലും കരുതിയിരിക്കൂ...... വഞ്ചനയില്‍ കുടുക്കാന്‍ നാലുപാടും ആളുകള്‍കാത്തിരിപ്പുണ്ട്. അതിലൊന്നും പെട്ടു പോകാതെ മുന്നേറാന്‍ മനസ്സിനെ ശക്തമാക്കാന്‍ നിങ്ങള്‍ക്കാവും....... അറിവുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മനക്കരുത്ത് നേടൂ...............

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Suicide, Adolescent, Grief, Girls, Love, Affair, Relationship, Awareness.