Follow KVARTHA on Google news Follow Us!
ad

സെക്‌സ് ടൂറിസത്തിന്റെ ഇരകള്‍

ടൂറിസമാണ് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്. ഈ വിപണിയുടെ മൂല്യമറിയുന്ന Victim of sex tourism, Kerala, Tourism, Molestation, Ottappettavarude Nilavili
ഹംസ ആലുങ്ങല്‍

(www.kvartha.com 15/05/2015) ടൂറിസമാണ് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട് അവരില്‍.
കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ് ഉപയോഗപ്പെടുത്തുന്നത്.

അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന് മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അവിടെ 40,000 ഡോളര്‍ ചെലവ് വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.

ഇതുകൊണ്ടെല്ലാം തന്നെ ആഫ്രിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിവിധ ആതുരാലയങ്ങളില്‍ ചികിത്സതേടിയെത്തുന്നത്. മെഡിക്കല്‍ ടൂറിസമെന്ന ഓമനപ്പേരിലൂടെ ഇവിടെയെത്തുന്നത് കോടികളുടെ വിദേശ്യനാണ്യമാണ്. അതുകൊണ്ടുതന്നെ ഈ ടൂറിസവ്യാപനത്തിന് സര്‍വഐശ്വര്യങ്ങളുമുണ്ടാവട്ടേ എന്നാണ് സര്‍ക്കാരും പ്രാര്‍ഥിക്കുന്നത്.

സുഖചികിത്സയുടെ അനന്ത സാധ്യതകള്‍ തേടുന്നവരെ കുരുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായാണ് നമ്മുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ആയൂര്‍വേദ മസാജ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജവുമാണ് ഈ സംവിധാനം. ലോകത്തിന്റെ ഏത്‌കോണില്‍ നിന്നും ആര്‍ക്കും എപ്പോഴും ബന്ധപ്പെടാം. തികച്ചും സ്വകാര്യമായ ഈ ഇടപാടുതന്നെയാണ് ഇരുകൂട്ടര്‍ക്കും കൂടുതല്‍ സൗകര്യവും.

ആവശ്യക്കാരന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള മറുപടികള്‍ ഒരുക്ലിക്കില്‍ ലഭ്യമാകുമ്പോള്‍ അതില്‍പരം സംതൃപ്തമായ സേവനം മറ്റെന്തുണ്ട്?. നേരത്തെയാണെങ്കില്‍ ഇടനിലക്കാരിലൂടെയും പത്രപരസ്യങ്ങളിലൂടെയുമൊക്കെയായിരുന്നു കസ്റ്റമേഴ്‌സിനെ തേടിയിരുന്നത്. ഇപ്പോള്‍ അതുവേണ്ട. ആവശ്യക്കാരന് പോക്കറ്റിന്റെ കനത്തിനനുസരിച്ച് ഇഷ്ടകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൈവരുന്നു.

ആയൂര്‍വേദ ചികിത്സാരംഗത്ത് കേരളത്തിന്റെ കീര്‍ത്തിയെ കടല്‍ കടത്തിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയും തൈക്കാട്ട് മൂസ് വൈദ്യരത്‌നവും നാഗാര്‍ജുനയും ശ്രീധരീയവും സര്‍ക്കാര്‍ സംരഭമായ ഔഷധിയുമെല്ലാം അവയില്‍ ചിലതുമാത്രം. 792 ആയൂര്‍വേദ ചികിത്സാ സ്ഥാപനങ്ങളും 679 ഡിസ്‌പെന്‍സറികളും 113 ആയൂര്‍വേദ ആശുപത്രികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആധികാരിക രേഖ. ഇതിനുപുറമേ കേളികേട്ട നാട്ടുവൈദ്യന്‍മാരുടെ പടയുമുണ്ട്. ഇവരുടെയൊക്കെ മറവില്‍ വ്യാജനാണയങ്ങളുമുണ്ട്.
അലോപ്പതിയില്‍ പോലും ചികിത്സ ലഭ്യമല്ലാത്ത 95 ശതമാനം അസുഖങ്ങള്‍ക്കും ആയൂര്‍വേദം ചികിത്സ വാഗ്ദാനം ചെയ്യുന്നു. പക്ഷാഘാതം, ത്വക്ക് രോഗങ്ങള്‍. അസ്ഥി  സന്ധിരോഗങ്ങള്‍, നട്ടെല്ലിലെ അപാകതകള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവക്കുപുറമേ മറ്റനേകം രോഗങ്ങള്‍ക്കും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സയാണ് ആയൂര്‍വേദത്തിന്റെ കൈമുതല്‍. മറ്റൊരു ചികിത്സക്കും നല്‍കാന്‍ കഴിയാത്ത ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്‍മേഷവും അത് പ്രധാനം ചെയ്യുന്നു. അലോപ്പതി ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തെ തളര്‍ത്തുമ്പോള്‍ അതില്‍ നിന്നും മോക്ഷം തേടിയെത്തുന്നതും ആയൂര്‍വേദത്തിന്റെ കൈകളിലേക്കാണ്.

എന്നാല്‍ നൂറ്റാണ്ടുകളുടെ അടിത്തറയേയും പാരമ്പര്യ വൈദ്യന്‍മാരുടെ അറിവിനേയും ചൂഷണം ചെയ്തുകൊണ്ടാണ് പല സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. അടുത്തകാലത്ത് ഇന്ത്യയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ സര്‍വേയില്‍ 25 ശതമാനം ആതുരാലയങ്ങളുടേയും പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ് കണ്ടെത്തിയത്. അവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. അവയില്‍ ഒമ്പത് ശതമാനവും ആയൂര്‍വേദത്തിന്റെ പേരില്‍ വലിയ പരസ്യവാചകങ്ങളിലൂടെ മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്നവയായിരുന്നു. ഇവയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മാര്‍ക്കറ്റ് റിസര്‍ച്ച് (ഐ സി എം ആര്‍)ന്റെ സര്‍വേ അടിവരയിടുന്നത്. ഉപഭോക്താക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും ചില മാനേജ്‌മെന്റുകള്‍ തയ്യാറായില്ലത്രെ. ആയൂര്‍വേദ മസാജ് സെന്ററുകളില്‍ നിന്ന് നഴ്‌സുമാര്‍ നല്‍കുന്ന പരിചരണം കൊണ്ട് സംതൃപ്തി കണ്ടെത്താനുമാണെത്രെ പലരും ഉഴിച്ചില്‍ ചികിത്സക്കെത്തുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് തിരൂരിലെ ഒരു മര്‍മ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സംഘടിച്ചെത്തിയ നാട്ടുകാര്‍ക്ക് അനാശാസ്യ പ്രവര്‍ത്തനത്തിന് കയ്യോടെ പിടികൂടേണ്ടിവന്നത് പ്രദേശത്തെ പോലീസുകാരെ തന്നെയായിരുന്നു.
ഉഴിച്ചിലുകാരിയും വേറെ ചിലമാന്യന്‍മാരും പിറകുവഴിയിലൂടെ ഓടി മറഞ്ഞു. കൊടുവള്ളിയില്‍ വീട് കേന്ദ്രീകരിച്ച് നടത്തുന്ന മര്‍മ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മൂന്നുപേരെയും ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തത് മാസങ്ങള്‍ക്കു മുമ്പാണ്. നാട്ടുകാര്‍ക്ക് നേരത്തെ സംശയം തോന്നിയിരുന്നുവെങ്കിലും ഈയിടെയാണ് അവര്‍ നിരീക്ഷണം ശക്തമാക്കിയത്. എന്നാല്‍ ഇതെല്ലാം പരല്‍മീനുകള്‍ മാത്രമാണ്. തിമിംഗലങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് എത്രകാലം വേണമെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാണ് കേരളം.

ഇന്റര്‍വ്യൂ സമയത്ത് മാനേജിംഗ് ഡയറക്ടറായ ഡോക്ടര്‍ തന്നെ  സുനന്ദയോട് (യഥാര്‍ഥ പേരല്ല)പറഞ്ഞത് ഇവിടെ വരുന്ന കസ്റ്റമേഴ്‌സിനെ പൂര്‍ണമായി തൃപ്തിപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ഡ്യൂട്ടി എന്നായിരുന്നു. അതിനു ചില വിട്ടുവീഴ്ച്ചക്കൊക്കെ തയ്യാറാവേണ്ടി വരും. അതിനു സമ്മതമാണോ...? സുനന്ദ വിട്ടുവീഴ്ചക്ക് തയ്യാറായി. കൂട്ടുകാരിക്ക് ഇന്റര്‍വ്യൂ പൂര്‍ത്തിയാകും മുമ്പേ മുറിവിട്ടോടേണ്ടി വന്നു. എന്നാല്‍ വിട്ടുവീഴ്ചയുടെ വ്യാപ്തിയെക്കുറിച്ച് കൂട്ടുകാരി അറിയുന്നത് സ്ഥാപനയുടമയടക്കം പത്തോളം പേര്‍ അനാശാസ്യപ്രവര്‍ത്തനത്തിന് പോലീസ് പിടിയിലായപ്പോഴായിരുന്നു. അവരിലൊരാളായിരുന്നു സുനന്ദയും.

സുനന്ദയെപോലെ ഇരകളായിതീര്‍ന്നവരും അടുത്തകെണിയില്‍ കുരുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നവരുമുണ്ട് ഒരുപാട്. ആയൂര്‍വേദ ചികിത്സാവികസനത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെടുന്നത് പലപ്പോഴും തൊഴില്‍തേടിയെത്തുന്ന സ്ത്രീകളാണ്. ചിലര്‍ക്ക് രോഗികളില്‍ നിന്നുണ്ടാകുന്ന ദുരനുഭവമാണെങ്കില്‍ പെരിന്തല്‍മണ്ണക്കടുത്തുള്ള സ്ഥാപനത്തില്‍ നഴ്‌സായിരുന്ന 23 കാരിക്ക് സ്ഥാപനത്തിലെ ഡോക്ടര്‍ തന്നെയായിരുന്നു വില്ലന്‍. വിവാഹ വാഗ്ദാനത്തില്‍ മോഹാലസ്യപ്പെട്ട് അവള്‍ക്ക് കൂട്ടുനില്‍ക്കേണ്ടിവന്നത് പലവൃത്തികേടുകള്‍ക്കുമായിരുന്നുവെത്രെ. ഇവിടെനിന്നും രക്ഷപ്പെട്ട് ഗൂഡല്ലൂരിലെ സ്ഥാപനത്തിലാണവള്‍ എത്തിപ്പെട്ടത്. പോലീസ് റെയ്ഡുണ്ടായ ദിവസം ഡ്യൂട്ടിയില്ലാത്തത്‌കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതും.

കോഴിക്കോട് ഒരു മസാജ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രാജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നത് ശാഹിദ എന്ന നഴ്‌സായിരുന്നു. അവള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ രാജി തയ്യാറായില്ല. ഈ മേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. അവിടെ മാന്യമായ രീതിയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്. അവരെല്ലാം മോശപ്പെട്ടവരാണെന്ന സന്ദേശമാവും ഇതിലൂടെ ഉണ്ടാവുക. ചിലകള്ള നാണയങ്ങളുണ്ട്. അവര്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമുണ്ടാവും. പക്ഷേ എന്നുകരുതി എല്ലാവരേയും ഒരേ അളവുകോല്‍കൊണ്ട് അളക്കുന്നത് ശരിയല്ലല്ലോ. എന്നാണ്‌രാജിയുടെ പക്ഷം. ഈ രംഗത്ത് സേവനം ചെയ്യുന്ന പലരും പ്രതികരിക്കാനും തയ്യാറായില്ല.

ആയൂര്‍വേദ മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന് ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അംഗീകൃത യോഗ്യതയില്ലാതെ പ്രകൃതിചികിത്സ നടത്തുന്നവര്‍ക്ക് ബി ക്ലാസ് രജിസ്‌ട്രേഷന്‍ നല്‍കാനുള്ള സംസ്ഥാന നിലപാട് കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് അവര്‍ പറയുന്നത്. അംഗീകൃത യോഗ്യതയുള്ളവരുടെ തന്നെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. പതിനഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും മുപ്പത്തിയഞ്ച് വയസ്സും ഉള്ളവര്‍ക്ക് പ്രത്യേകയോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബി ക്ലാസ് രജിസ്‌ട്രേഷന്‍ നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ഇതിന്റെ മറവില്‍ യോഗ്യത എസ് എസ് എല്‍ സിയും ചികിത്സാ പരിചയം പത്തുവര്‍ഷമാക്കി ഇളവുചെയ്യുകയാണ് സര്‍ക്കാറെന്നും ഇവര്‍ പറയുന്നു. നിലവിലുള്ള സ്ഥാപനത്തെക്കുറിച്ചു തന്നെ വ്യാപകമായ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ പുതിയ നിയമംകൂടി പ്രാബല്യത്തിലായാല്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളും അതുവഴി ചൂഷണങ്ങളും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിന്റെയെല്ലാം പേരില്‍ കൊഴുക്കുന്നത് ലൈംഗിക വ്യാപാരമാണ്. ഇരകളാക്കപ്പെടുന്നതോ പാവപ്പെട്ട ജീവനക്കാരും. കുറുക്കുവഴികളിലൂടെ കുതിച്ചുയരാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. ഇവരോടൊപ്പം എന്തിനും തയ്യാറുള്ള ചില സ്ത്രീകളും ഉണ്ടാവും. ഇവരെവെച്ചാണ് സ്ഥാപനം മുന്നോട്ടു പോകുന്നതും. ഇതിനിടയിലേക്കാണ് പലരും വന്ന് വീഴുന്നതും. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ആയൂര്‍വേദത്തിന്റെ മഹത്വത്തെ കടല്‍ കടത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെല്ലാം ചീത്തപ്പേരുണ്ടാക്കുകയാണിത്തരം സ്ഥാപനങ്ങള്‍.
ജരാനരകളെ പഴങ്കഥയാക്കാനും നിത്യയൗവനം മോഹിച്ചും ആയൂര്‍വേദത്തിലൂടെ ആരോഗ്യകരമായ ജീവിതം സ്വപ്‌നം കാണുന്നവരില്‍ എത്രപേര്‍ക്കാണ് സന്തോഷകരമായ ജീവിതം തിരികെ ലഭിക്കുന്നത്....? ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ എത്രപേരാണ് ചൂഷണത്തിനിരയാകാതിരിക്കുന്നത്...? സംശയങ്ങളുടെ നിഴലില്‍ നിന്ന് എന്നാണിവര്‍ സംശുദ്ധിയുടെ പാതയിലേക്ക് ഇറങ്ങിവരിക ...? അതുവരെ മലയാളിയുടെ സംശയങ്ങള്‍ അവശേഷിക്കുക തന്നെചെയ്യും.
Victim of sex tourism, Kerala, Tourism, Molestation, Ottappettavarude Nilavili


ഒറ്റപ്പെട്ടവരുടെ നിലവിളികള്‍

ഭാഗം 1:
അവിവാഹിത അമ്മമാരുടെ ധര്‍മസങ്കടങ്ങള്‍

Keywords: Victim of sex tourism, Kerala, Tourism, Molestation, Ottappettavarude Nilavili