Follow KVARTHA on Google news Follow Us!
ad

കേള്‍ക്കണം, അവിവാഹിത അമ്മമാരുടെ ധര്‍മസങ്കടങ്ങള്‍

രണ്ടു വയസ്സുള്ളപ്പോഴാണ് അനൂപിനെ ആദ്യമായി കാണുന്നത്. വാത്സല്യം ചൊരിയാനവന് ഉപ്പയില്ല. കളിച്ചും ചിരിച്ചും കളി പറയാനൊരു കൂടെപ്പിറപ്പില്ല. വീട്ടുമുറ്റത്ത് നിഴലായി കൂടെ നടക്കാന്‍ മറ്റു Child, Article, Hamza Alungal, Mother, Molestation, Father, Teacher, Attack.
ഹംസ ആലുങ്ങല്‍

(www.kvartha.com 06/05/2015) ണ്ടു വയസ്സുള്ളപ്പോഴാണ് അനൂപിനെ ആദ്യമായി കാണുന്നത്. വാത്സല്യം ചൊരിയാനവന് ഉപ്പയില്ല. കളിച്ചും ചിരിച്ചും കളി പറയാനൊരു കൂടെപ്പിറപ്പില്ല. വീട്ടുമുറ്റത്ത് നിഴലായി കൂടെ നടക്കാന്‍ മറ്റു ബന്ധുക്കളുമില്ല. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള പത്താം ക്ലാസുകാരിയാണവന്റെ ഉമ്മ. തൊട്ടടുത്ത് തന്നെയുള്ള പതിനാറുകാരനായ പയ്യനാണ് പിതാവ്. പക്ഷേ അയാളെ ഉപ്പാ എന്ന് വിളിക്കാനവന് അവകാശമില്ല. ഒന്നടുത്ത് കാണാനോ പിതാവിന്റെ സ്പര്‍ശനംപോലുമേല്‍ക്കാനോ ഭാഗ്യവുമില്ല. കാരണം അവന്റെ ഉമ്മയോ ഉപ്പയോ വിവാഹം കഴിച്ചിട്ടില്ല.

അനൂപ് ഇന്ന് വളരുകയാണ്. ഇതൊന്നുമറിയാതെ. കുടുംബമഹിമയും കുലമഹിമയും അവകാശപ്പെടാനില്ലാത്ത അവിവാഹിതയായ ഉമ്മയുടെ കൂടെ. സമുദായത്തിന്റെ കണ്ണിലെ കരടായി. സമൂഹത്തിന്റെ മനസ്സിലെ കളങ്കമായി. കാലത്തിനുപോലും മായ്ക്കാന്‍ കിയാത്ത പാപത്തിന്റെ വിത്തായി. കാരുണ്യം വറ്റിയ സമൂഹത്തിന്റെ മുന്നിലെ ചോദ്യചിഹ്നമായി. അനൂപ് ഒരു ഉദാഹരണമാണ്. നൂറുകണക്കിന്  അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളുടെ പ്രതിനിധി. ലോകം ഒറ്റപ്പെടുത്തുമ്പോഴും സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയ അമ്മമാര്‍ ഇന്ന് പുതുമയുള്ള വാര്‍ത്തയേയല്ല. നേരത്തെ  ആദിവാസി അമ്മമാരെക്കുറിച്ച് മാത്രമേ നമ്മള്‍ കേട്ടിരുന്നുള്ളൂ. അന്യ നാടുകളിലെ  കഥകളേ അറിഞ്ഞിരുന്നുള്ളൂ. ഇന്ന് ജീവിത പരിസരത്തു നിന്നുതന്നെ കഥകളേയും കഥാപാത്രങ്ങളേയും കണ്ടെടുക്കാനാകുന്നു. നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് തന്നെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു.

പാശ്ചാത്യ നാടുകളില്‍ മാത്രം നിലവിലുണ്ടായിരുന്ന സംവിധാനമായിരുന്നു അമ്മത്തൊട്ടില്‍. അത്തരമൊരാശയം കേരളത്തില്‍ വേണമോ എന്നാലോചിച്ചപ്പോള്‍ സാംസ്‌കാരിക കേരളം ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന ശിശുക്ഷേമ സമിതി ഇതു നടപ്പിലാക്കിയപ്പോള്‍ സദാചാര നിരതരായ മലയാളികളെ പരിഹസിക്കുകയാണെന്ന് പറഞ്ഞവരെപോലും ഞെട്ടിച്ച് കൊണ്ടായിരുന്നു അമ്മത്തൊട്ടില്‍ ഇവിടെ പ്രചാരം നേടിയതും അവിടുത്തെ മണികള്‍ നിരന്തരം കിലുങ്ങികൊണ്ടിരുന്നതും.

കുഞ്ഞുങ്ങളെ കുറ്റിക്കാട്ടിലും ചവറ്റുകൂനയിലും ഉപേക്ഷിക്കപ്പെടുമ്പോള്‍ ഉറുമ്പരിച്ചും പട്ടിക്കടിച്ചും മരണപ്പെടുകയോ രക്ഷപ്പെട്ടാല്‍ തന്നെ ഗുരുതരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു അമ്മത്തൊട്ടില്‍  പോലുള്ള ഒരാശയത്തെക്കുറിച്ച് ആലോചിച്ച് നടപ്പിലാക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള  അഭിമാനക്ഷതത്തിന് കുഞ്ഞിനെ ഇല്ലായ്മ ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്ന പ്രാകൃത രീതി സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. കഴിച്ചിട്ടില്ല.

തെരുവിലുപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ച് നേരത്തെ വിവരങ്ങളൊന്നും ലഭിക്കാറില്ലായിരുന്നു. അത്തരത്തില്‍ കാര്യമായ അന്വേഷണങ്ങളും ഉണ്ടാകാറില്ല. എന്നാല്‍ പിന്നീടാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെയെങ്കിലും കഥകള്‍ പുറത്ത് വന്ന് തുടങ്ങിയത്. കോട്ടയം ജില്ലയിലെ കുറിച്ചി സചിവോത്തമപുരത്തെ ജാനകിയുടെ മകളാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവിവാഹിത അമ്മയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മായ. പന്ത്രണ്ടാം വയസ്സില്‍ അടുപ്പമുള്ള ഒരാളുടെ  പീഡനത്തിന്റെ സമ്മാനമായിരുന്നു മായയുടെ ആ പെണ്‍കുഞ്ഞ്. അവള്‍ക്ക് അവര്‍ സരസു എന്ന് പേരിട്ടു. സ്വന്തം വീട്ടില്‍ തന്നെ ആ കുഞ്ഞിനെ വളര്‍ത്തി. 1990കളിലായിരുന്നു അത്.

പിന്നീട് മായക്ക് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ അവിവാഹിത അമ്മമാരുടെ കുത്തൊഴുക്ക് തന്നെയാണുണ്ടായത്. അയല്‍ക്കാരനാല്‍ ഗര്‍ഭിണിയായ നിലമ്പൂരിലെ അനൂപിന്റെ ഉമ്മ, രണ്ടാനച്ഛനാല്‍ ഗര്‍ഭിണിയായ എടക്കരക്കടുത്ത പെണ്‍കുട്ടി, കിളിരൂര്‍ പെണ്‍വാണിഭക്കഥയിലെ നായികയായ ശാരി എസ് നായരുടെ മകള്‍ സ്‌നേഹ. ആ പട്ടിക നീളുന്നു. സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ ഏറ്റവും കൂടുതലുള്ള ജില്ല പാലക്കാടായിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ അവരുടെ അംഗസംഖ്യ 202 ആണ്. രണ്ടാമത് വയനാടും. ആദിവാസി സ്ത്രീകളാണിവരില്‍ ഏറെയും. എന്നാല്‍ ഈവര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് ജില്ലയില്‍ നിന്നാണ്. 92 കേസുകളാണ് ഇവിടെനിന്ന് മാത്രമായി റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജില്ലയിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നാലുകോടി രൂപയാണ് ഈ വര്‍ഷം അനുവദിച്ചത്. സര്‍ക്കാറിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. വീട് നിര്‍മാണം, പശുവളര്‍ത്തല്‍,  ആടുവളര്‍ത്തല്‍, തയ്യല്‍ പരിശീലനം, കുട്ട, വട്ടി നിര്‍മാണം എന്നിവക്കുമായാണ് ധനസഹായം വിതരണം ചെയ്തത്.

2011ല്‍ കേരളത്തില്‍ അധ്യാപകരാല്‍ മാത്രം ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം കേള്‍ക്കുക. 200നു മുകളിലാണത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ. ഒന്നാം സ്ഥാനം മലപ്പുറം ജില്ല തട്ടിയെടുത്തു.  ഏഴ് വ്യത്യസ്ത സംഭവങ്ങളിലായി 114 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം അധ്യാപകരുടെ വൈകൃതങ്ങള്‍ക്ക് ഇരകളായത്.

സ്വന്തം കുഞ്ഞുങ്ങളെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവത്തിന്റെ വാര്‍ത്തകളെ മുമ്പെങ്ങുമില്ലാത്ത അളവില്‍ വ്യാകൂലതകളില്ലാതെയാണ് മലയാളികള്‍ ഇപ്പോള്‍ വിഴുങ്ങികൊണ്ടിരിക്കുന്നത്. ഇന്ന് അത്തരം വാര്‍ത്തകള്‍ നമ്മേ അലോസരപ്പെടുത്തുന്നേയില്ല. മുമ്പ് നാട്ടിന്‍ പുറങ്ങളിലൊരു അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ അത് വലിയ കോളിളക്കം തന്നെ ഉണ്ടാക്കുമായിരുന്നു. വീട്ടുകാരും നാട്ടുകാരും അവളെ എരിതീയില്‍ ദഹിപ്പിക്കുമായിരുന്നു. മാനക്കേടില്‍ മനംനൊന്ത് ഒരുകുപ്പി വിഷത്തിലോ ഒരുമുഴം കയറിലോ അവള്‍ ജീവിതവും  അവസാനിപ്പിക്കുമായിരുന്നു. ഇതിനെ അതിജീവിച്ചും വിലക്കുകളെ തൃണവത്ഗണിച്ചും പോകാനുറച്ചവര്‍ക്ക് ജീവിതം പിന്നെ യുദ്ധമായിരുന്നു.

അതു ചിലപ്പോള്‍ സമൂഹത്തിന്റെ ബഹിഷ്‌കരണമാകാം. സമുദായത്തിന്റെ ഊരുവിലക്കാകാം, കൂടെപിറപ്പുകളുടെ കുറ്റപ്പെടുത്തലാകാം. ഏറ്റവും അടുപ്പമുള്ളവരുടെ കുത്തുവാക്കുകളുമാകാം.  വിദ്വേഷത്തിന്റെ ചുടുകാറ്റേറ്റ് തളര്‍ന്നും അമര്‍ഷത്തിന്റെ കൂരമ്പേറ്റ് പുളഞ്ഞും പകയുടെ കനലില്‍ വാടിയും ജീവച്ഛവങ്ങളായ എത്രയോ ഹതഭാഗ്യകള്‍. അതൊക്കെ പഴങ്കഥ. അന്നതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. കേട്ടുകൊണ്ടിരിക്കുന്നതോ വല്ലപ്പോഴുമായിരുന്നു. കാലം മാറുമ്പോള്‍ കഥകളും മാറിയിരിക്കുന്നു. ഇന്ന് പ്രതിപട്ടികയില്‍ നിരന്ന് നില്‍ക്കുന്നത് വാത്സല്യം ചൊരിയേണ്ട പിതാവും ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ ഗുരുനാഥന്‍മാരുമാണ്. അല്ലെങ്കില്‍ സ്വന്തം സഹോദരനോ ബന്ധുക്കളോ... രക്ഷകരാകേണ്ടവര്‍ തന്നെ ശിക്ഷകരാകുമ്പോള്‍, ചങ്ങലക്ക് തന്നെ ഭ്രാന്തിളകുമ്പോള്‍, ഒന്ന് പ്രതിരോധിക്കാന്‍ പോലുമാകാതെ വിങ്ങിപ്പൊട്ടുന്ന ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ആര് രക്ഷകരാകും...? സ്വന്തം മാതാവിനോട് പോലും തുറന്ന് പറയാന്‍ അറയ്ക്കുന്ന ഈ ക്രൂരതകളില്‍ നിന്ന് എന്നാണിവര്‍ക്ക് മോചനം...?

പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഒടുവില്‍ പുതിയ കാമുകിക്കൊപ്പം ജീവിക്കാന്‍ മകള്‍ ഉള്‍പ്പെടെ നാല് മക്കളേയും ഭാര്യയേയും കൂട്ടക്കശാപ്പ് നടത്തുകയും ചെയ്ത പാലക്കാട് ആമയൂരിലെ റെജികുമാറില്‍ തുടങ്ങിയ ഞെട്ടല്‍ ഇന്ന് നമുക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു.
പറവൂര്‍, കോതമംഗലം, മട്ടന്നൂര്‍, കവിയൂര്‍ തുടങ്ങിയ പീഡനപര്‍വങ്ങളിലെല്ലാം പിന്നെയും കേള്‍ക്കേണ്ടി വന്നത്  വാത്സല്യത്തിന്റെ കൈകള്‍ കാണിച്ചുകൂട്ടിയ കേട്ടാല്‍ അറയ്ക്കുന്നതും നട്ടാല്‍ മുളക്കുന്നതുമായ കഥകളായിരുന്നു. 2009ല്‍ 189 ലൈംഗിക പീഡനക്കേസുകളില്‍ 125ലും  പ്രതികള്‍ ഭര്‍ത്താവോ പിതാവോ  ബന്ധുക്കളോ ആയിരുന്നുവെങ്കില്‍ 2011ല്‍ അതിനേക്കാള്‍ ഭീകരമാണ് അവസ്ഥ. ഇത്തരം കഥകളുടെ പരിണിത  ഫലങ്ങളാണ് അമ്മത്തൊട്ടിലില്‍ കൈകാലിട്ടടിക്കുന്ന കുഞ്ഞുമുഖങ്ങളില്‍ പലതും. ഗൂഡല്ലൂര്‍ സ്വദേശിയായ അയ്യപ്പന്‍ മകളെ ബലാല്‍സംഗം ചെയ്തതിന് പിടിയിലാകുകയും ജീവപരന്ത്യം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത  മറ്റൊരു മനഷ്യ മൃഗമാണ്. മഞ്ചേരി സെഷന്‍ കോടതിയാണ് ഇയാളെ ജീവപരന്ത്യത്തിന് ശിക്ഷിച്ചത്.  ആദ്യ ഭാര്യയിലെ മകളെ  പീഡിപ്പിക്കുന്നതിന് ഇയാള്‍ക്ക് ഭാര്യയുടെ സഹായവും ലഭിച്ചുവെത്ര. ഒരു തവണ ഗര്‍ഭവും അലസിപ്പിച്ചു. ഒരിക്കല്‍ മകള്‍ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിനെയാണ് വിലപേശി വിറ്റത്.

പണത്തിനായി മകളെ പലര്‍ക്കായി കാഴ്ചവെക്കുക, അതിലുണ്ടായ കുഞ്ഞിനെ വില്‍ക്കുക. മകളെ പീഡിപ്പിക്കാന്‍ അമ്മ തന്നെ ഭര്‍ത്താവിന്  ഒത്താശചെയ്തുകൊടുക്കുക, പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കുക, സഹികെട്ടപ്പോള്‍  രണ്ടാനമ്മയോട് സങ്കടം പറഞ്ഞ കുട്ടിയെ ഷോക്കേല്‍പ്പിച്ചും  തലക്കടിച്ചും പരുക്കേല്‍പ്പിക്കുക. തുടങ്ങിയ വീരശൂര പരാക്രമങ്ങളാണ് പിതൃ പീഡന ചരിതങ്ങളുടെ താളുകളില്‍ നിറഞ്ഞത്. എതിര്‍ത്തപ്പോള്‍ മറ്റൊരു പിതവ് മകളെ അനുസരിപ്പിച്ചത് എല്ലാ വീടുകളിലും ഇതുപോലെ തന്നെയാണ് നടക്കുന്നതെന്ന സാരോപദേശം നല്‍കികൊണ്ടായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബ പറയുന്നു. ഇതെല്ലാം കോടതികളില്‍ എത്തിയതും ശിക്ഷ വിധിക്കപ്പെട്ടതുമായ വീര കൃത്യങ്ങളില്‍ നിന്നാണ്. എന്നാല്‍ വീട്ടകങ്ങളിലെ നിശബ്ദ നിലവിളികളും രോധനങ്ങളും ഇനിയുമെത്രയോ...?

ഈ കണക്കുകള്‍ കേട്ട് ഞെട്ടരുത്. നമ്മള്‍ വായിച്ച് നിസ്സാരമായി തള്ളിക്കളഞ്ഞ പത്രവാര്‍ത്തകള്‍ കണക്കുകളിലായി പുനര്‍ജനിക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കരുത്. 2011 ല്‍ മാത്രം മാതാപിതാക്കള്‍ മാത്രം കൊലപ്പെടുത്തിയത്. 74 കുഞ്ഞുങ്ങളെയാണ്. കാരണങ്ങള്‍ പലതാവാം, എങ്കിലും ആറ്റുനോറ്റുണ്ടായ ഉണ്ണികളെ തലയില്‍ വെക്കാതെയും താഴത്ത് വെക്കാതെയും താരാട്ട് പാടിയുറക്കുന്ന മാതൃത്വമാണ് കൊലവിളിയുടെ താരാട്ട് മൂളുന്നത്. സഹനങ്ങളുടെ തണല്‍മരമായും കാരുണ്യത്തിന്റെ നിറകുടമായും പൊന്നുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരങ്ങളാണ് ഭദ്രകാളിയെപോലെ ഉറഞ്ഞു തുള്ളുന്നത്. ഇത്തരം വാര്‍ത്തകളും സംഭവങ്ങളും നിരന്തരമായി കേട്ട് കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്നവരുടെ മനസ്സുകള്‍ മരവിച്ചുപോയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ...?
ഈ വിശേഷങ്ങള്‍ക്കിടയില്‍ മാതൃത്വത്തേയും  മാനവികതയുമൊക്കെ കുറിച്ച് ഇനി സംസാരിക്കാന്‍ പോലും അവകാശം ഇല്ലാതായികൊണ്ടിരിക്കുകയാണോ... നമുക്ക്?

അനുഭവത്തിന്റേയും ആധികാരികതയുടേയും പേരിലാണ് നമ്മള്‍  എഴുതുന്നതും സംസാരിക്കുന്നതുമെല്ലാം. അറിയുന്നതും അനുഭവിക്കുന്നതും പറഞ്ഞുകേള്‍ക്കുന്നതുമായ സാമൂഹിക ജീവിതങ്ങളെക്കുറിച്ചാണ് ചര്‍ച്ചയും സംവാദവും. അതുതന്നെ ഇത്ര ഭീതിതവും ഭീഭത്സവുമാകുമ്പോള്‍ അറിയാത്ത ജീവിതങ്ങളുടെ ഭീകരത നമ്മെ അസ്വസ്ഥമാക്കികൊണ്ടേയിരിക്കുന്നു. പല്ലോ നഖമോ കൊഴിഞ്ഞ കടുവകളാണ് ദുര്‍ബല മൃഗങ്ങളെ ആക്രമിക്കുന്നത്. അത് എളുപ്പത്തില്‍ സാധ്യമാകുന്നു എന്നതുകൊണ്ടാണ്  കഴിവുകെട്ടവര്‍ സ്വന്തം അധീനതയിലുള്ളവരെ ആക്രമിക്കുന്നത്. അധ്യാപകരായാലും പിതാക്കളായാലും സഹോദരങ്ങളായാലും. ഇരകള്‍ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുകയില്ല എന്നതു കൊണ്ടുകൂടിയാണ് ഇത്തരം മനോരോഗികളുടെ എണ്ണമുയരുന്നതും.

മനുഷ്യനെ പ്രാകൃതമായ ചോദനകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു കമ്പോള ജീവിതാവസ്ഥ സമൂഹത്തെ ഒന്നടങ്കം മനോരോഗങ്ങളുടെ പ്രേതഭൂമിയിലേക്ക് വിളിക്കുകയാണ്. ഒഴുക്കിനൊപ്പം നീന്തുന്ന സമൂഹത്തില്‍ നിന്ന് അതിന്റെ പ്രതിരൂപങ്ങളേ മാത്രം കാണാന്‍ കഴിയുന്നത് അത്‌കൊണ്ടാണ്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും അരാജകത്വമാണ്. അധികാരവും അഴിമതിയും സ്വജനപക്ഷപാതവും സ്വാര്‍ഥതയുമാണ് നമ്മേ ഭരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലും സന്നദ്ധ സംഘടനകളിലും മാത്രമല്ല എവിടേയും ഇത്തരം അളവുകോല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

മത്സരത്തിന്റേയും ആര്‍ത്തിയുടേയും ജീവിതങ്ങളില്‍ സ്‌നേഹവും സഹനവും കാലഹരണപെട്ട രണ്ട് പദാവലികളായി മാറിയിരിക്കുന്നു. അനുസരണയും അനുകമ്പയും കൈമോശം വന്ന സമൂഹമായി തീര്‍ന്നിരിക്കുന്നു. ആത്മീയതയും ആരാധനയും മിക്ക വീടുകങ്ങളില്‍ നിന്നും പടിയിറിങ്ങിപോയിരിക്കുന്നു.
പകരം മൃഗങ്ങളേക്കാള്‍ വൃത്തികെട്ട മനസ്സാണ് പലര്‍ക്കുമള്ളത്. തിളങ്ങുന്ന വസ്ത്രത്തിനുള്ളിലെ കറുത്ത ഹൃദയങ്ങള്‍ ആലോചിച്ച് കൂട്ടുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന അജന്‍ഡകളും വിഷലിപ്തമാണ്.  വിനയവും വിവേകവുമില്ലാത്ത മനുഷ്യരില്‍ നിന്ന് വിവേചനരഹിതമായ സാമീപ്യം തന്നെയേ പ്രതീക്ഷിക്കാനുവുകയുള്ളൂ.

എങ്കിലും മരവിച്ചുപോകാത്ത കുറച്ച് മനസ്സുകളെങ്കിലും ഇന്നും ശേഷിക്കുന്നുണ്ട്. അവര്‍ക്കെങ്കിലും ആത്മീയതയും ധാര്‍മികതയും കൈമോശം വന്നിട്ടില്ല. കാലത്തിന്റെ പോക്കിലും നോക്കിലും വേദനിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നവര്‍. മാനവരാശിയെ ഒന്നടങ്കം കൈപിടിച്ച് തിരിച്ച് നടത്തേണ്ട ബാധ്യത അവര്‍ക്കെങ്കിലുമുണ്ട്. ആത്മീയതയെ തിരിച്ച് വിളിച്ചും ധാര്‍മികതയെ മടക്കികൊണ്ടു വന്നും മാത്രമെ അത് സാധ്യമാകുകയുള്ളൂ.

വ്യാമോഹത്തേക്കാള്‍ വലിയൊരു ആപത്തില്ല
അതൃപ്തിയേക്കാള്‍ വലിയ അപരാധമില്ല
ആര്‍ത്തിയേക്കാള്‍ വലിയ ദുരന്തവുമില്ല

ലാവോത്സു
ചൈനീസ് തത്വജ്ഞാനി

ഒറ്റപ്പെട്ടവരുടെ നിലവിളികള്‍: ഭാഗം 1
Child, Article, Hamza Alungal, Mother, Molestation, Father, Teacher, Attack.

Keywords: Child, Article, Hamza Alungal, Mother, Molestation, Father, Teacher, Attack.