Follow KVARTHA on Google news Follow Us!
ad

ജനം ടിവിയില്‍ ചേര്‍ന്നിട്ടില്ല: ജി.കെ സുരേഷ് ബാബു

പുതുതായി ആരംഭിക്കുന്ന ജനം ടിവി ചാനലില്‍ താന്‍ ചേര്‍ന്നിട്ടില്ലെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും Thiruvananthapuram, Channel, Kerala, RSS, Amritha TV Channel, Janam TV. JK Suresh Babu
തിരുവനന്തപുരം: (www.kvartha.com 03.09.2014) പുതുതായി ആരംഭിക്കുന്ന ജനം ടിവി ചാനലില്‍ താന്‍ ചേര്‍ന്നിട്ടില്ലെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അമൃത ടിവി എക്‌സിക്യുട്ടീവ് എഡിറ്ററുമായ ജി.കെ സുരേഷ് ബാബു. കെ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ഇതു സംബന്ധിച്ച പരാമര്‍ശങ്ങളോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ ഹാര്‍ട്ട് അറ്റാക്കായി ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു വിശദീകരിച്ചു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കെ വാര്‍ത്ത ആ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും മറ്റേതു മാധ്യമ സ്ഥാപനത്തെയും പോലെ വാര്‍ത്ത എന്ന നിലയില്‍ മാത്രമാണ് അതിനെ സമീപിച്ചതെന്നും കെ വാര്‍ത്ത ടീം അറിയിച്ചു. ജി.കെ സുരേഷ് ബാബുവിനെയോ മറ്റാരെയെങ്കിലുമോ വേദനിപ്പിക്കാന്‍ ആ വാര്‍ത്തയിലൂടെയോ മറ്റേതെങ്കിലും വാര്‍ത്തകളിലൂടെയോ ശ്രമിക്കുന്ന രീതി ഇതേവരെ കെ വാര്‍ത്ത സ്വീകരിച്ചിട്ടില്ല. പ്രസ്തുത വാര്‍ത്തയുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെ അമൃത സെല്‍ കണ്‍വീനര്‍ നല്‍കിയ വിശദീകരണവും ഞങ്ങള്‍ പ്രധാന്യത്തോടെ നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ മര്‍ദിതരുടെയും പാര്‍ശ്വവ ല്‍കരിക്കപ്പെടുന്നവരുടെയും ഒപ്പം മറ്റേതു മാധ്യമത്തെക്കാളും ശക്തമായി നിലകൊള്ളുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചുപോന്നത്. അതു ഇനിയും തുടരുക തന്നെ ചെയ്യും.

കേരളത്തിലെ മൂന്നാം തലമുറ മാധ്യമങ്ങളായ സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകളില്‍ വിശ്വാസ്യതയും മൂല്യബോധവും മാധ്യമധര്‍മത്തെക്കുറിച്ചുള്ള ഉന്നതമായ കാഴ്ചപ്പാടുമാണ് കെവാര്‍ത്തയെ നയിക്കുന്നത്. അതില്‍  വെള്ളം ചേരാന്‍ അനുവദിക്കുകയുമില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭിന്നതകളും കൊഴിഞ്ഞുപോക്കും രാജിയും ഉള്‍പെടെയുള്ള കാര്യങ്ങളെ വാര്‍ത്തകളായി കണ്ട് പ്രസിദ്ധീകരിക്കുന്നത് സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ ലോകത്തെമ്പാടും സ്വീകരിച്ചുവരുന്ന രീതിയാണ്. കേരളത്തില്‍  അതുതന്നെയാണ് പല വാര്‍ത്തകളിലൂടെ ഞങ്ങള്‍ സ്വീകരിക്കുന്ന രീതിയും.

ചാനലുകളിലെയും പത്രങ്ങളിലെയും പല പടലപ്പിണക്കങ്ങളും പ്രശ്‌നങ്ങളും മാറ്റങ്ങളും ആദ്യം വായനക്കാരില്‍ എത്തിക്കാനും ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ എം ജി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററാകുമെന്നും അദ്ദേഹം ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനം രാജിവയ്ക്കുമെന്നുമുള്ള വാര്‍ത്ത സമീപ ദിവസങ്ങളിലെ മികച്ച ഉദാഹരണം.

മാതൃഭൂമിയേക്കാള്‍ ഒരു കോപ്പിയെങ്കിലും കൂടുതല്‍ അച്ചടിക്കുന്ന പത്രം തുടങ്ങും എന്നു പ്രഖ്യാപിച്ചു ഫാരിസ് അബൂബക്കര്‍ ആരംഭിച്ച മെട്രോ വാര്‍ത്ത ദിനപത്രം അദ്ദേഹം വിറ്റതും കെ വാര്‍ത്തയാണ് ലോകത്തെ അറിയിച്ചത്. ഇതൊക്കെ പിന്നീട് മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു. മറ്റു പല പോര്‍ട്ടലുകളും ഇതേ രീതി പിന്നീട് പിന്തുടര്‍ന്നിട്ടുമുണ്ട്.

ജി.കെ സുരേഷ് ബാബുവിനെ പരാമര്‍ശിക്കുന്ന വാര്‍ത്താഭാഗം അദ്ദേഹത്തെ വേദനിപ്പിച്ചതില്‍ കെ വാര്‍ത്ത ടീമിന് ആത്മാര്‍ത്ഥമായ വിഷമവും ഖേദവുമുണ്ട്. ആ ഖേദം ഞങ്ങള്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. അത് തുറന്നു പറഞ്ഞ് ആ വാര്‍ത്താ ഭാഗം പിന്‍വലിക്കുന്നത് അപമാനകരമായി കാണുന്നില്ല. മാത്രമല്ല,  കെ വാര്‍ത്തയുടെ ഔന്നത്യവും ഉദ്ദേശ ശുദ്ധിയും കൂടുതല്‍ മനസിലാക്കപ്പെടാന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു എന്ന് കെ വാര്‍ത്ത തിരിച്ചറിയുകയും ചെയ്യുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, Channel, Kerala, RSS, Amritha TV Channel, Janam TV. JK Suresh Babu

Post a Comment