Follow KVARTHA on Google news Follow Us!
ad

Pathanamthitta | ശബരിമലയുടെ മണ്ണിൽ വിജയം ആർക്കൊപ്പം? ആന്റോയും ഐസക്കും അനിലും കടുത്ത പോരിലുള്ള പത്തനംതിട്ട അടുത്തറിയാം

നിലനിർത്താനും പിടിച്ചെടുക്കാനും വോട്ട് ഉയർത്താനും മുന്നണികൾ, Politics, Election, Alappuzha, Lok Sabha election
/ സോണൽ മൂവാറ്റുപുഴ

(KVARTHA)
യുഡിഎഫും എൽഡിഎഫും എൻഡിഎ യും ഒരുപോലെ വിജയപ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം . നിലവിലെ എം.പി ആൻ്റോ ആൻ്റണി യു.ഡി.എഫിന് വേണ്ടി ഇവിടെ വീണ്ടും മത്സരിക്കുമ്പോൾ എൽ.ഡി.എഫിനു വേണ്ടി മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്കും എൻ.ഡി.എയ്ക്ക് വേണ്ടി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണിയും ഇവിടെ മത്സരിക്കുന്നു. 2008ലാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം രൂപീകൃതമായത്‌. അന്ന് മുതൽ ആൻ്റോ ആൻ്റണിയാണ് ഇവിടുത്തെ എം.പി. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ആൻ്റോ ആൻ്റണി ലോക്‌സഭയിലെത്തുകയായിരുന്നു.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Pathanamthitta: Congress MP Anto Antony up against BJP's Anil Antony and CPM’s Isaac.

2008ൽ നടന്ന മണ്ഡല പുന‍ർനിർണയത്തിലാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം അനുവദിച്ചത്. അടൂർ, തിരുവല്ല, റാന്നി, കോന്നി, ആറന്മുള എന്നിവയും തുടർന്ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയ്ക്കൊപ്പം ചേർത്തു. അങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇപ്പോൾ ഇടതിനൊപ്പമാണ്. ഇവിടെ നിന്നുള്ള എല്ലാ എം.എൽ.എ മാരും ഇടത് എം.എൽ.എമാർ ആണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അടിസ്ഥാനപരമായി കോൺഗ്രസ് അനുഭാവമാണ് പത്തനംതിട്ടയിലെ വോട്ടർമാർ പ്രകടിപ്പിക്കാറുള്ളത്. അതാണ് ആൻ്റോ ആൻ്റണിയുടെ തുടർച്ചയായുള്ള വിജയം സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മുകളിൽ വരെ ഭൂരിപക്ഷം കോൺഗ്രസ് നേടിയിട്ടുമുണ്ട്.

പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളും എം.എല്‍.എമാരും ഇവരാണ്: കാഞ്ഞിരപ്പള്ളി - എൻ ജയരാജ് - കേരള കോൺഗ്രസ് (എം), പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ - കേരള കോൺഗ്രസ് (എം). തിരുവല്ല - മാത്യു ടി തോമസ് - ജെ.ഡി.എസ് റാന്നി - പ്രമോദ് നാരായണൻ - കേരള കോൺഗ്രസ് (എം), ആറന്മുള - വീണാ ജോർജ് - സി.പി.എം, കോന്നി- കെ. യു ജെനീഷ് കുമാർ - സി.പി.എം, അടൂ‍ർ - ചിറ്റയം ഗോപകുമാർ - സി.പി.ഐ. സാമുദായിക പരിഗണന നോക്കിയാൽ ക്രൈസ്തവർക്കും ഹൈന്ദവർക്കും ഏറെ പ്രാധാന്യമുള്ള മണ്ണാണ് പത്തനംതിട്ട. മുസ്ലിങ്ങൾ അതിന് പിറകിലുണ്ട്. ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമല പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ക്രൈസ്തവ വിഭാഗത്തിലെ ഏറെക്കുറെ എല്ലാ വിഭാഗങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. അതിനാൽ തന്നെ മൂന്ന് മുന്നണികളും ക്രൈസ്തവ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ആണെന്ന് വ്യക്തം. 2019ന് ശേഷം, കൃത്യമായി പറഞ്ഞാല്‍ ശബരിമല വിഷയത്തോടെ മൂന്ന് മുന്നണികള്‍ക്കും വിജയസാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലമായിരിക്കുന്നു പത്തനംതിട്ട. തുടർച്ചയായ മൂന്ന് തവണ പത്തനംതിട്ടയിൽ നിന്ന് കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ഉശിരുകാട്ടിയ ആന്റോ ആന്റണി ഇക്കുറിയും പ്രതീക്ഷയിലാണ്. സി.പി.എമ്മിന്റെ വീണ ജോർജിനെ 44,243 വോട്ടുകൾക്കാണ് 2019-ൽ ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. 3,80,927 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കി. 3,36,684 വോട്ടുകൾ വീണ ജോർജ് നേടിയപ്പോൾ 2,97,396 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മുന്നാമത് എത്തി. വീണാ ജോർജ് ഇപ്പോൾ സംസ്ഥാന ആരോഗ്യമന്ത്രിയാണ്.

കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ നേടിയെടുത്ത വോട്ടുകൾ ഇക്കുറി ബി.ജെ.പിക്ക് നിർണായകമാവും. അതിന് മുകളിൽ വോട്ട് എത്തിക്കാനുള്ള ശ്രമമാകും ബി.ജെ.പി ഇക്കുറി നടത്തുന്നത്. തുടർഭരണം ഉറപ്പാണ് എന്ന മട്ടിലുള്ള പ്രചരണമാണ് ബിജെപി പത്തനംതിട്ടയിൽ അഴിച്ചു വിടുന്നത്. ആൻ്റോ ആൻ്റണി പിടിക്കുന്ന ക്രൈസ്തവ വോട്ടുകൾ അനിൽ ആൻ്റണി വരുമ്പോൾ പിളരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിലാണ് എൽ.ഡി.എഫിൻ്റെ തോമസ് ഐസക്കും വിജയപ്രതീക്ഷ വെയ്ക്കുന്നത്. പാർട്ടി വോട്ടുകൾ നഷ്ടപ്പെടാതെ പെട്ടിയിൽ വീഴുകയാണെങ്കിൽ ജയിക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് കരുതുന്നു. പിന്നെ നിയമസഭാ മണ്ഡലങ്ങൾ എൽ.ഡി.എഫിനോട് ചേർന്ന് നിൽക്കുന്നതും അവർക്ക് അമിത പ്രതീക്ഷ നൽകുന്നുണ്ട്. കടുത്ത ത്രികോണ മത്സരം നടക്കുന്ന ഇവിടെ എതിരാളിയെക്കാൾ മേൽക്കൈ നേടാനുള്ള പ്രയത്നത്തിലാണ് ഒരോ മുന്നണി സ്ഥാനാർത്ഥികളും.

2023-ലേക്ക് വരുമ്പോൾ പത്തനംതിട്ടയിലെ വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കിയ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ ആകെ 10,39,099 വോട്ടർമാരുണ്ട്. 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സും ഉണ്ട്. 2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2611 വോട്ടർമാരുടെ വർധനവാണുണ്ടായിരിക്കുന്നത്. 7669 പേർ കന്നിവോട്ടർമാരാണ്. അതിൽ 3885 പേർ പുരുഷന്മാരും 3784 പേർ സ്ത്രീകളുമാണ്. 80 വയസ്സ് കഴിഞ്ഞ 41,333 വോട്ടർമാരും ഈ ലോക്സഭാ മണ്ഡലത്തിലുണ്ട്. തുടർച്ചയായി മൂന്നുവട്ടം ഒപ്പംനിന്ന, കോൺഗ്രസിൻ്റെ കോട്ടയായ ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട.

ഇക്കുറിയും വിജയപ്രതീക്ഷയുമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുന്നതെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ കാര്യങ്ങൾ കുറച്ചധികം കടുപ്പമാകുന്നുണ്ടെന്നാണ് സൂചന. രാഷ്ട്രീയ സാഹചര്യം തന്നെയാണ് പ്രധാന ഘടകം. ഇതിന് തെളിവാണ് ഒരോ തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ ഭൂരിപക്ഷം കുറയുന്നത്. തുടക്കത്തിൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിച്ചിടത്ത് കഴിഞ്ഞ തവണ 50000 പോലും ഭൂരിപക്ഷം എത്തിക്കാൻ ആൻ്റോയ്ക്ക് ആയില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ മാറി വീശിത്തുടങ്ങിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് ഭയപ്പെടേണ്ടതുണ്ട്. ബിജെപിക്ക് കാലാകാലങ്ങളിൽ സ്വാധീനം ഇവിടെ ഏറിവരുന്നതായും കാണാം. കഴിഞ്ഞ തവണ ഇടതിനും പിന്നിലായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്ന ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മൂന്ന് ലക്ഷം വോട്ടുകൾ ഇവിടെ നിന്നും സമാഹരിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി രണ്ടും കല്പിച്ച് തന്നെയാണ് ബി.ജെ.പി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

കോൺഗ്രസിൻ്റെ സീനിയർ നേതാവിൻ്റെ മകനെ തന്നെ രംഗത്തിറക്കി കോൺഗ്രസിൽ തന്നെ ഒരു വിള്ളൽ സൃഷ്ടിച്ച് മണ്ഡലം നിറയാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിയും അവരുടെ സ്ഥാനാർത്ഥി അനിൽ കെ ആൻ്റണിയും. കേരളത്തിൽ തന്നെ ബി.ജെ.പിക്ക് പ്രതീക്ഷയുള്ള ലോക്‌സഭാ മണ്ഡലങ്ങളിൽ മുന്‍പന്തിയിലാണ്‌ പത്തനംതിട്ടയുടെ സ്ഥാനം. എൽ.ഡി.എഫ് ആകട്ടെ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ സി.പി.എം മുതിർന്ന നേതാവിനെ തന്നെ മത്സരത്തിനിറക്കിയിരിക്കുന്നു. ഐസക്ക് ജയിക്കുമോ..? ആൻ്റോ ജയിക്കുമോ...? അനിൽ ജയിക്കുമോ..? . വോട്ടെടുപ്പ് അടുക്കുന്തോറും പത്തനംതിട്ടയിൽ മത്സരം കടുക്കുകയാണെന്നാണ് സൂചന. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിൽ പ്രവചനങ്ങൾക്ക് സ്ഥാനം കുറവാണെന്ന് പറയേണ്ടി വരും.

News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Pathanamthitta: Congress MP Anto Antony up against BJP's Anil Antony and CPM’s Isaac.

News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Pathanamthitta: Congress MP Anto Antony up against BJP's Anil Antony and CPM’s Isaac.

إرسال تعليق