Follow KVARTHA on Google news Follow Us!
ad

Kottayam | കോട്ടയം സുരക്ഷിതമല്ലേ? പ്രചാരണത്തിനിടയിലെ കല്ലുകടികൾ മുന്നണികളെ വലയ്ക്കുന്നു; നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഐക്യമില്ലായ്മയും യുഡിഎഫിന് വെല്ലുവിളി; കേരളാ കോണ്‍ഗ്രസ് എം - സിപിഎം പ്രവർത്തകരുടെ യോജിപ്പറിയാൻ എൽഡിഎഫ്

കേരള കോൺഗ്രസ്​ പാർടികൾ തമ്മിലെ നേർക്കുനേർ പോരാട്ടം Kottayam, Lok Sabha Election, Congress, Politics, UDF, LDF
കോട്ടയം: (KVARTHA) സംസ്ഥാനത്ത് പോളിങിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ. അതിനിടയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ നെഗറ്റീവ് ഘടകങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക മുന്നണികൾക്കുണ്ട്. അവശേഷിക്കുന്ന ദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്ത പാളിച്ചകളാണ് ഏറെയുമെന്നതും നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്.
  
Lok Sabha polls: Tough fight in Kottayam

സിറ്റിങ്​ എം പി കേരള കോൺഗ്രസ്​ എമ്മിന്‍റെ തോമസ്​ ചാഴികാടനാണ് എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗത്തിന്‍റെ ഫ്രാൻസിസ്​ ജോർജ് യുഡിഎഫിനായും ബിഡിജെഎസ്​ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎക്കായും മത്സരിക്കുന്നു. 44 വർഷങ്ങൾക്കുശേഷം കേരള കോൺഗ്രസ്​ പാർടികൾ തമ്മിലെ നേർക്കുനേർ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

പ്രചാരണത്തിനിടയിലെ കല്ലുകടികൾ


തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറെയും പ്രതിസന്ധി നേരിട്ടത് യുഡിഎഫിനാണ്. കേരളാ കോൺഗ്രസില്‍ നിന്നുള്ള നേതാക്കളുടെ തുടര്‍ച്ചായ കൊഴിഞ്ഞുപോക്കും തുടർന്നുണ്ടായ വിവാദങ്ങളുമാണ് യുഡിഎഫിനെ വലയ്ക്കുന്നത്. പ്രചാരണം മുന്നേറുന്നതിനിടെ യുഡിഎഫ്​ ജില്ല ചെയർമാനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ മുന്നണിയും പാർടിയും വിട്ടത് യുഡിഎഫിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

ഏറ്റവും ഒടുവിൽ പി ജെ ജോസഫിൻ്റെ വിശ്വസ്തനും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ വി സി ചാണ്ടിയും രാജിവെച്ചത് കനത്ത ആഘാതമായി. പി ജെ. ജോ​സ​ഫ്​ 2019 ല്‍ ​കോ​ട്ട​യം പാ​ര്‍ല​മെ​ന്റ് സീ​റ്റി​നു വേണ്ടി കെ എം മാ​ണി​യു​മാ​യി അ​നാ​വ​ശ്യ ത​ര്‍ക്ക​മു​ണ്ടാ​ക്കി പാ​ര്‍ട്ടി​യെ പി​ള​ര്‍ത്തി​യെ​ന്നും 2024ല്‍ ​കോ​ട്ട​യം പാ​ര്‍ല​മെ​ന്റ് സീ​റ്റ് പാ​ര്‍ട്ടി​ക്ക് കി​ട്ടി​യ​പ്പോ​ള്‍ കോ​ട്ട​യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ചാണ്ടി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ കോട്ടയത്തെ തിരഞ്ഞെടുപ്പു രംഗത്തെ ബാധിക്കുമെന്ന് പോലും യുഡിഎഫ് കാമ്പിൽ ആശങ്കയുണ്ട്. ഇതിന് മുമ്പ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡൻ്റുമായ അറക്കൽ ബാലകൃഷ്ണപിള്ളയും നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച് പാർട്ടി വിട്ടിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നാണ് സൂചന. ജോസഫ് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കളാരും കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ലെന്ന ആക്ഷേപവും ശക്തമാണ്. മുതിര്‍ന്ന നേതാവ് ടി യു കുരുവിള, മണ്ഡലംകാരനായ മുൻ എംഎൽഎ തോമസ് ഉണ്ണിയാടന്‍, മറ്റൊരു മുൻ എംഎൽഎ ജോസഫ് പുതുശേരി എന്നിവരൊന്നും പ്രചാരണ രംഗത്ത് നാമമാത്ര സാന്നിധ്യം പോലും ആകുന്നില്ലെന്ന വിമർശനവുമുണ്ട്.

പാർട്ടി മത്സരിക്കുന്ന ഏക സീറ്റായിരുന്നിട്ട് കൂടി എറണാകുളം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വര്‍ഗീസ് മാമന്‍, തൃശൂരിലെ മുതിര്‍ന്ന നേതാവും വൈസ് ചെയര്‍മാനുമായ എംപി പോളി, ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് എന്നിവരൊന്നും മണ്ഡലത്തില്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ജയിപ്പിക്കേണ്ട ചുമതല തങ്ങളുടെ ബാധ്യതയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാറ്റിയെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. അതിനാൽ ഇതേ രീതിയിൽ ചില കോൺഗ്രസ് നേതാക്കളും നിസഹകരണം തുടരുകയാണെന്നാണ് പറയുന്നത്.

തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഡിഎഫിലും കേരളാ കോണ്‍ഗ്രസിലും പ്രശ്‌നം നീറുമെന്ന് ഉറപ്പാണ്. കോട്ടയം സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും മുന്നണി ധാരണയുടെ ഭാഗമായാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയത്.
ഇതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്

തമ്മിലടി കാരണം ജനകീയ വിഷയങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും യുഡിഎഫിൽ വിവാദങ്ങളുണ്ടായി. യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് പരാമർശിക്കാതെയായിരുന്നു കോട്ടയത്ത് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. രാഹുലിൻ്റെ റോഡ് ഷോയ്ക്ക് പോലും ആളെ കൂട്ടാതിരുന്നതിൽ കോൺഗ്രസ് കടുത്ത പ്രതിഷേധമാണ് കേരളാ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്.

നേതാക്കളുടെ വരവിലും പ്രചാരണത്തിലും വലിയ മുന്നേറ്റം ഉറപ്പാക്കിയെങ്കിലും പ്രതികൂല ഘടങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയം എന്‍ഡിഎയ്ക്കുമുണ്ട്. സമുദായ നേതാവ് എന്ന പ്രതിച്ഛായ വോട്ട് നേട്ടത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍, സമുദായ നേതാവ് എന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു മുമ്പേ ഉണ്ടായിരുന്നതാണെന്നും വോട്ടിനെ ബാധിക്കില്ലെന്നും നേതാക്കള്‍ പറയുന്നു. ബിഡിജെഎസ് മത്സരിക്കുമ്പോൾ ബിജെപി പ്രവർത്തകർ പാലം വലിക്കുമോയെന്ന ആശങ്കയും മറുഭാഗത്തുണ്ട്.

ഇടതുമുന്നണി നാല് മാസം മുന്‍പ് മുതല്‍ പ്രചാരണ രംഗത്ത് സജീവമാണെങ്കിലും കേരളാ കോണ്‍ഗ്രസ് എം - സിപിഎം അണികള്‍ക്കിടയിലുള്ള കൂട്ടായ്മ എത്രകണ്ട് വിജയകരമാകുന്നു എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ വ്യക്തമാകൂ. തോമസ് ചാഴികാടന്‍ മണ്ഡലത്തില്‍ ഇതിനോടകം രണ്ട് റൗണ്ട് പര്യടനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ചാഴികാടന്‍ ഒരു നിയോജകമണ്ഡലത്തില്‍ 140 കേന്ദ്രങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഫ്രാന്‍സീസ് ജോര്‍ജിന്‍റെ പര്യടനം നാമമാത്ര കേന്ദ്രങ്ങളില്‍ റോഡ് ഷോ ആയി മാറി എന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ അമര്‍ഷമുണ്ട്.

ഇതിനൊപ്പമാണ്, മേല്‍ത്തട്ടിലെ ഓളവും ആവേശവും ഇതേവരെ താഴെത്തട്ടിയില്‍ എത്തിയിട്ടില്ലെന്ന മുന്നണികളുടെ ആശങ്ക. പലയിടങ്ങളിലും ഒന്നാം ഘട്ട ഭവന സന്ദര്‍ശനം പൂര്‍ത്തിയായി വരുന്നതേയുള്ളു. ചൂട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാണു ഭവന സന്ദര്‍ശനത്തിനു പ്രതികൂലമാകുന്നതായി നേതാക്കള്‍ പറയുന്നത്. ഇതൊക്കെയാണെങ്കിലും മൂന്ന് മുന്നണികളും വലിയ വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. 14 സ്ഥാനാർഥികളാണ്​ മണ്ഡലത്തിൽ ജനവിധി തേടുന്നത്. 12,54,823 വോട്ടർമാരാണ്​ മണ്ഡലത്തിലുള്ളത്​.

Keywords: Kottayam, Lok Sabha Election, Congress, Politics, UDF, LDF, Polling, Voters, MP, LDF UDF, NDA, Lok Sabha polls: Tough fight in Kottayam.

إرسال تعليق