Follow KVARTHA on Google news Follow Us!
ad

Alappuzha | കിഴക്കിന്റെ വെനീസിലെ വമ്പനാര്, കെസിയോ ആരിഫോ ശോഭയോ? കരുത്തർ ഏറ്റുമുട്ടുന്ന ആലപ്പുഴ അടുത്തറിയാം

വിഷയമാകുന്ന ജനകീയ പ്രശ്നങ്ങൾ ഏറെ, Politics, Election, Alappuzha, Lok Sabha election

/ കെ ആർ ജോസഫ്

(KVARTHA)
ആലപ്പുഴ ലോക്സഭാ മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് തീ പാറുന്ന പോരാട്ടത്തിനാണ്. 2019ൽ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ വന്ന് മത്സരിച്ചപ്പോഴുണ്ടായ തരംഗത്തിലും ആടിയുലയാതെ എൽ.ഡി.എഫിനൊപ്പം നിന്ന ഏക മണ്ഡലമാണ് ആലപ്പുഴ. എ എം ആരിഫിലൂടെ സി.പി.എമ്മിന് ലഭിച്ച ഈ മണ്ഡലം നിലനിർത്തേണ്ടത്, പാർട്ടിയെയും മുന്നണിയെയും സംബന്ധിച്ച് അനിവാര്യമാണ്. കോൺഗ്രസിൽ ആണെങ്കിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ രണ്ടാമൻ എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണ് മത്സരിക്കുന്നത്. വളരെക്കാലം കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ നിന്നുള്ള ലോക് സഭാംഗമായിരുന്നു. കുറച്ച് കാലം കേന്ദ്രമന്ത്രിയും ആയിരുന്ന ആളാണ് കെ.സി.വേണുഗോപാൽ.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha Election: Close fight in Alappuzha.

2019 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കെ.സി. മാറി നിൽക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് കോൺഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാന് നറുക്ക് വീണത്. ഷാനിമോളെ ചെറിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് ആരിഫ് ലോക്സഭയിൽ എത്തുകയായിരുന്നു. അതുവരെ അരൂരിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു എ.എം ആരിഫ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി മത്സരിച്ച ഡോ. കെ എസ് രാധാകൃഷ്‌ണൻ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടാണ് പിടിച്ചത്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രൻ അതിലും അധികം വോട്ട് നേടുമെന്നാണ് അവർ കരുതുന്നത്.

1977ലാണ് അമ്പലപ്പുഴ മണ്ഡലം ആലപ്പുഴ ലോക്‌സഭ മണ്ഡലമായി മാറിയത്. ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളിയും അടങ്ങുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ഇവയിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്തേയും പ്രതിനിധീകരിക്കുന്നത് ഇടത് എം.എല്‍.എമാരാണ്‌. 2016-ലാകട്ടെ ഏഴിൽ ആറിടത്തും ഇടതുപക്ഷമായിരുന്നു വിജയിച്ചത്. രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് മാറ്റിനിർത്തിയാൽ മറ്റ് ആറ് മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷ സ്ഥാനാർഥികൾ അന്ന് വിജയിച്ചുകയറി. അരൂർ- ദലീമ - സി.പി.എം, ചേർത്തല- പി. പ്രസാദ് - സി.പി.ഐ, ആലപ്പുഴ- പി.പി ചിത്തരഞ്ജൻ - സി.പി.എം, അമ്പപ്പുഴ- എച്ച്. സലാം - സി.പി.എം, ഹരിപ്പാട്- രമേശ് ചെന്നിത്തല കോൺഗ്രസ്, കായംകുളം- യു. പ്രതിഭ - സി.പി.എം, കരുനാഗപ്പള്ളി- സി.ആർ. മഹേഷ് - കോൺഗ്രസ്‌ ഇതാണ് ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ അവസ്ഥ.

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിൽക്കുന്ന മേൽക്കൈ ഇടതുപക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. അങ്ങനെയൊന്ന് ഉണ്ടായിട്ടുമില്ല. ഇനി ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം ഒന്ന് പരിശോധിക്കാം. 1952-ലേക്ക് അന്നത്തെ തിരുകൊച്ചിയുടെ ഭാഗമായിരുന്ന പഴയ ആലപ്പുഴയിൽ നിന്നും പി.ടി പുന്നൂസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തുന്ന ആദ്യ പ്രതിനിധി. അന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച പുന്നൂസ് 76370 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. പിന്നീട് 1957-ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയായി പുനഃക്രമീകരിച്ച മണ്ഡലത്തിൽ നിന്നും സി.പി.ഐ പ്രതിനിധിയായി മത്സരിച്ച് പി.ടി പുന്നൂസ് മണ്ഡലം നിലനിർത്തി. 1962-ൽ സി.പി.ഐയുടെ പി.കെ വാസുദേവൻ നായരും 1967-ൽ സി.പി.എമ്മിന്റെ സുശീല ഗോപാലനും അമ്പലപ്പുഴയിൽ നിന്നും ലോക് സഭയിൽ എത്തി.

67-ൽ ഒപ്പം നിന്ന ജനങ്ങൾ പക്ഷേ 1971-ൽ സുശീല ഗോപാലനെ കൈവിട്ടു. 1967-ൽ ഇടതുപക്ഷത്തിന്റെ അവിഭക്ത ഘടകമായിരുന്നു ആർ.എസ്.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറി. എന്നാൽ പിന്നീട് അങ്ങോട്ട് വലതുപക്ഷത്തിന് തന്നെയായിരുന്നു ഇവിടെ മുൻതൂക്കം. 1977 മുതൽ 2019 വരെ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ എട്ടിലും വലതുപക്ഷമാണ് വെന്നിക്കൊടി പാറിച്ചത്. 77ൽ കോൺഗ്രസിന്റെ വിഎം സുധീരൻ, 80 ൽ സിപിഎമ്മിന്റെ സുശീല ഗോപാലൻ, 84 ലും 89ലും കോൺഗ്രസിലെ വക്കം പുരുഷോത്തമൻ, 91 ൽ സിപിഐയിലെ ടിജെ ആഞ്ചലോസ്, 96 മുതൽ 99 വരെ തുടർച്ചയായി മൂന്നുതവണ വിഎം സുധീരൻ എന്നിങ്ങനെയായിരുന്നു ആലപ്പുഴയിലെ കഴിഞ്ഞ നൂറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

2004 ൽ വി.എം.സുധീരനെ തോൽപ്പിച്ച് അട്ടിമറി വിജയത്തിലൂടെ കെ എസ് മനോജ് ആലപ്പുഴയെ സിപിഎം പാളയത്തോട് അടുപ്പിച്ചു. എന്നാൽ, തുടർന്ന് മനോജ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. തൊട്ടടുത്ത രണ്ടുതവണയും ഇടതുപക്ഷത്തിന് മണ്ഡലം കിട്ടാക്കനിയായി. 2009ലും 2014ലും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ ദേശീയ തലത്തിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി കെസി വേണുഗോപാൽ മത്സര രംഗത്ത് നിന്ന് മാറി നിന്നതോടെ ഒരിക്കൽ കൂടി മണ്ഡലം ചെങ്കൊടി പുൽകി. ആ തവണ എഎം ആരിഫ് ആയിരുന്നു സിപിഎം സ്ഥാനാർത്ഥി. എതിരാളിയായി കോൺഗ്രസ് ഇറക്കിയത് വനിതാ നേതാക്കളിലെ പ്രമുഖയായ ഷാനിമോൾ ഉസ്‌മാനെ ആയിരുന്നു. 80.25 ശതമാനമായിരുന്നു മണ്ഡലത്തിൽ നടന്ന പോളിങ്.

ഇവിടെ ആകെ 10,88,728 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആരിഫ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാന് 4,35,496 വോട്ടും ബിജെപി സ്ഥാനാർഥിക്ക് 1,87,729 വോട്ടും ലഭിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെ നീണ്ടുനിവർന്നു കിടക്കുന്ന തീരദേശ ലോക്‌സഭാ മണ്ഡലമാണ് ആലപ്പുഴ. 2009 മുതലാണ് കരുനാഗപ്പള്ളി ഈ മണ്ഡലത്തിന്റെ ഭാഗമായത്. ടൂറിസത്തിന് അനന്തമായ സാധ്യത ഉള്ള ഇവിടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷിയും മത്സ്യബന്ധനവും തന്നെയാണ് പ്രധാന ഉപജീവനമാർഗം. നിരവധി ജീവിതപ്രശ്‌നങ്ങൾ ചർച്ചയാകുന്ന മണ്ഡലം കൂടിയാണ് ആലപ്പുഴ. തീരദേശപ്രദേശം ഉൾപ്പെടുന്ന മണ്ഡലമായതിനാൽ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടിവിടെ.

കരിമണൽ ഖനനം, തീരദേശ ഹൈവേ, കടൽഭിത്തി നിർമ്മാണം, കയർ മേഖലയിലെ പ്രതിസന്ധികൾ, തുറമുഖങ്ങളുടെയും ഫിഷിങ്‌ലാൻഡ് സെന്ററുകളുടെയും വികസനം തുടങ്ങിയ വിഷയങ്ങൾ കാമ്പയിനിലേക്ക് കടന്നുവരും. കയർ മേഖല പ്രതിസന്ധിയിലാണ്. കയർത്തൊഴിലാളികൾ ഇവിടുത്തെ പ്രധാന വോട്ടുബാങ്കാണ്. ഏഴുവർഷമായി യാതൊരു കൂലി വർധനവും ഇവർക്കുണ്ടായിട്ടില്ല. ആനുകൂല്യങ്ങളും മുടങ്ങി. ഇതൊക്കെ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. 2011 സെൻസസ് പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നത് മണ്ഡലം ഒരു ഹിന്ദു ഭൂരിപക്ഷ വോട്ടുള്ള ഇടം തന്നെയാണെന്നാണ്. വോട്ടർമാരിൽ 70 ശതമാനത്തിൽ അധികവും ഹിന്ദുക്കളാണ്. നിലവിൽ ഇവിടെ 14 ശതമാനത്തോളം മുസ്ലീം വോട്ടർമാർ ഉണ്ടെന്നും, ക്രിസ്ത്യൻ വോട്ടർമാരുടെ തോത് ഏതാണ്ട് 15 ശതമാനത്തോളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് വിഭാഗങ്ങൾക്ക് ഇവിടെ കാര്യമായ സ്വാധീനം ഇല്ലെന്ന് കണക്കുകളിൽ നിന്ന് മനസിലാക്കാം.

ഹിന്ദു വോട്ടുകളിൽ ഏറ്റവും അധികം ഈഴവ വോട്ടുകൾ ഉള്ള മണ്ഡലം കൂടിയാണ് ആലപ്പുഴ. ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇത്. എന്നാൽ ജാതീയ നിറം തിരഞ്ഞെടുപ്പുകൾക്ക് വരാതിരിക്കാൻ ആലപ്പുഴയിലെ വോട്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് വേണം പറയാൻ. ബിജെപി ഇത്തവണ ഈഴവ വോട്ടുകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ശോഭ സുരേന്ദ്രനെ രംഗത്ത് ഇറക്കിയതെന്ന് വ്യക്തം. ബിഡിജെഎസ് പിന്തുണ കൂടി ഉറപ്പാക്കിയാൽ കൂടുതൽ വോട്ട് പിടിക്കാമെന്ന് ബിജെപി കരുതുന്നു. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി മത്സരിച്ച ഡോ. കെ എസ് രാധാകൃഷ്‌ണൻ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടാണ് പിടിച്ചത്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രൻ അതിലും അധികം വോട്ട് നേടുമെന്നാണ് അവർ കരുതുന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി ജയിച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ട് തന്നെ വിജയം ആവർത്തിക്കാൻ ഉറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം പതിവിലും നേരത്തെയാക്കി സിപിഎം വളരെ മുൻപ് തന്നെ ആലപ്പുഴയിൽ കളംപിടിച്ചിരുന്നു.

അല്പം വൈകിയാണ് കെ.സി.വേണുഗോപാൽ എത്തിയതെങ്കിലും ഇപ്പോൾ മത്സരം ഒപ്പത്തിനൊപ്പമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ ആകുമ്പോൾ ആലപ്പുഴയിലെ മത്സരത്തിനുള്ള വീറും വാശിയും ഒന്ന് വേറെ തന്നെയാണ്. എവിടെ നിന്നാലും സ്വന്തമായി ആളെകൂട്ടാനും വോട്ട് സമാഹരിക്കാനും കഴിവുള്ള നേതാവായിട്ട് ആണ് ശോഭയെ ആളുകൾ കാണുന്നത്. 2019ൽ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ നല്ലൊരു മത്സരം കാഴ്ച വെച്ചിരുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കോൺഗ്രസിലെ വമ്പൻ ആണ് കെ.സി.വേണുഗോപാൽ. കെ.ആർ.ഗൗരിയമ്മയെ തോൽപ്പിച്ച് നിയമസഭയിൽ എത്തിയ ആളാണ് ആരിഫ്. ഇതെല്ലാം വെച്ച് നോക്കി കാണുമ്പോൾ ആലപ്പുഴയിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഒന്നിനൊന്നു മെച്ചം തന്നെ. അതുകൊണ്ട് തന്നെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഒരുപരിധി വരെ പ്രവചനാതീതമാണ്. ആലപ്പുഴയിലെ വോട്ടർമാർ ആരെ തുണയ്ക്കും? കെ സിയെയോ, ആരിഫിനെയോ, ശോഭയെയോ? ഫലം വരും വരെ കാത്തിരിക്കാം.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha Election: Close fight in Alappuzha.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha Election: Close fight in Alappuzha.

Post a Comment