Follow KVARTHA on Google news Follow Us!
ad

Attingal | ഈ മണ്ഡലം ആര് പിടിക്കും, എം പിയോ, എംഎൽഎയോ, കേന്ദ്രമന്ത്രിയോ? തിളച്ചുമറിയുന്ന ആറ്റിങ്ങൽ അടുത്തറിയാം!

രാഷ്ട്രീയക്കാറ്റിന്റെ ദിശ പ്രവചനാതീതം Politics, Election, Congress, Attingal, Lok Sabha election
/ സോണി കല്ലറയ്ക്കൽ

(KVARTHA)
നിലവിലെ എം.പി അടൂർ പ്രകാശ് യു.ഡി.എഫിനായി ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫിനായി മത്സരിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എ യുമായ വി ജോയ് ആണ്. ഇവിടെ എൻ.ഡി.എ യ്ക്ക് വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരനെ ഇറക്കിയാണ് ബി.ജെ.പി മത്സരം കാഴ്ചവെയ്ക്കുന്നത്. ഇക്കുറി കേന്ദ്രമന്ത്രിയും എംപിയും എംഎല്‍എയും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ പോരാട്ടത്തിൻ്റെ ആഴം ഏറുകയാണ്.
 
Lok Sabha election: Close fight in Attingal

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം രൂപീകൃതമായിട്ട് അധികം നാളായില്ല. 1957 ൽ രൂപീകൃതമായ ചിറയിൻ കീഴ് ലോക്സഭാ മണ്ഡലം ഇല്ലാതായി പുതുതായി രൂപീകൃതമായ ലോക്സഭാ മണ്ഡലം ആണ് അറ്റിങ്ങൽ. 2008-ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തില്‍ ചിറയിന്‍കീഴ് ഇല്ലാതായി ആറ്റിങ്ങല്‍ രൂപംകൊണ്ടു. 1957ൽ തിരുവനന്തപുരം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം രൂപവത്കരിച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്സഭാ മണ്ഡലം.

പിന്നീട് ചിറയിന്‍കീഴ് ഇല്ലാതായി ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം രൂപംകൊണ്ടപ്പോൾ ചിറയിന്‍കീഴിന്റെ ഭാഗമായിരുന്ന കഴക്കൂട്ടം തിരുവനന്തപുരത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ കിളിമാനൂര്‍, ആര്യനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ആറ്റിങ്ങലിന്റെ ഭാഗമായി. ഒപ്പം പുതുതായി രൂപംകൊണ്ട അരുവിക്കര, കാട്ടാക്കട എന്നിവയും ആറ്റിങ്ങലിനൊപ്പം ചേര്‍ന്നു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം. ഇവിടെ എല്ലായിടത്തും ഇടത് എം.എല്‍.എമാരാണ് ഉള്ളത് എന്നതും ശ്രദ്ധേയമാണ്.

ഇടതിന് വലിയ വേരോട്ടമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. ആറ്റിങ്ങല്‍, ചെങ്കൊടി പാറിപ്പറന്ന മണ്ഡലം. ഇടതുസ്ഥാനാര്‍ത്ഥികളെ ആവോളം നെഞ്ചേറ്റിയ വോട്ടര്‍മാരുടെ നാട്. ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം രൂപവത്കരിച്ചതിനു ശേഷം 1957 മുതല്‍ 67 വരെയുളള മൂന്നു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് സി.പി.എമ്മാണ്. 1971 മുതല്‍ 89 വരെ യു.ഡി.എഫിനൊപ്പമായിരുന്നു ഈ മണ്ഡലം. 1991 ല്‍ സുശീലാ ഗോപാലനിലൂടെയാണ് മണ്ഡലം സി.പി.എം തിരിച്ചുപിടിച്ചത്. ശേഷമുളള തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പമായിരുന്നു. ചിറയിൻകീഴും പിന്നെ പേരുമാറി ആറ്റിങ്ങലിലുമായി നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം 11 തവണ വിജയക്കൊടി പാറിച്ച മണ്ഡലം എന്ന ഖ്യാതിയും ഈ മണ്ഡലത്തിനുണ്ട്.

11 തവണ ഇവിടെ എൽ.ഡി.എഫിന് വിജയിക്കാനായെങ്കിലും കോണ്‍ഗ്രസിന് ആറുതവണ വിജയം സ്വന്തക്കാനായതും എടുത്തു പറയേണ്ടതാണ്. ഇതില്‍ അഞ്ച് ജയങ്ങള്‍ 1971-നും 1989-നുമിടയില്‍ തുടര്‍ച്ചയായിട്ടായിരുന്നു. രണ്ടു തവണ വയലാര്‍ രവിയും രണ്ടു തവണ തലേക്കുന്നില്‍ ബഷീറും ഒരു തവണ എഎ റഹീമാണ് ഇക്കാലയളവില്‍ അവിടെ നിന്നു പാര്‍ലമെന്റില്‍ എത്തിയത്. ഇതില്‍ 1977-ല്‍ അറുപതിനായിരത്തില്‍പ്പരം വോട്ടിന് സിപിഎം സ്ഥാനാര്‍ഥി കെ അനിരുദ്ധനെ തോല്‍പിച്ച വയലാര്‍ രവി 1980-ല്‍ കോണ്‍ഗ്രസ് ഐയിലെ എഎ റഹീമിനോട് 6063 വോട്ടുകള്‍ക്കു തോറ്റു. ചിറയിന്‍കീഴ് മാറി 2009-ല്‍ ആറ്റിങ്ങല്‍ രൂപീകൃതമായതിനു ശേഷം 2019 വരെ തുടര്‍ച്ചയായി രണ്ടു തവണയും സിപിഎമ്മിന്റെ എ സമ്പത്താണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത്.

1996ല്‍ പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ തോല്‍പ്പിച്ചാണ് സമ്പത്ത് ആദ്യമായി ലോക്സഭയിലെത്തുന്നത്. 18,341 വോട്ടുകൾക്കായിരുന്നു ആദ്യ ജയം. 1991ൽ തലേക്കുന്നിലിനെ തോൽപിച്ചു സുശീല ഗോപാലൻ ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം തിരികെപ്പിടിച്ച ശേഷം 2019 വരെ കോൺഗ്രസ് ഇവിടെ ജയിച്ചിരുന്നില്ല. ഇക്കാലയളവില്‍ മൂന്നു തവണ വീതം വർക്കല രാധാകൃഷ്ണനും എ സമ്പത്തുമാണ് പാര്‍ലമെന്റ് കണ്ടത്. കോൺഗ്രസിന്റെ സംഘടനാശക്തി ദുർബലമായതും എൽഡിഎഫ് വിജയങ്ങൾക്കു പിന്നിലെ ഘടകങ്ങളിലൊന്നാണ്. 2009-ൽ കോൺഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെയും 2014-ൽ അഡ്വ. ബിന്ദു കൃഷ്ണയെയുമാണ് സമ്പത്ത് പരാജയപ്പെടുത്തിയത്.

2019-ല്‍ നാലാം തവണയും സമ്പത്ത് ഇവിടെ ഇടതുമുന്നണിയ്ക്ക് വേണ്ടി ഇവിടെ മത്സരിക്കാൻ ഇറങ്ങിയപ്പോൾ യു.ഡി.എഫ് ഇറക്കിയത് കോൺഗ്രസിൻ്റെ ശക്തനായ നേതാവും റാന്നി എം.എൽ.എ യുമായ അഡ്വ. അടൂർ പ്രകാശിനെയായിരുന്നു. ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ലാത്ത അടൂർ പ്രകാശ് യു.ഡി.എഫിനു വേണ്ടി ഇവിടെ മത്സരത്തിന് ഇറങ്ങിയപ്പോൾ ബി.ജെ.പി ഇറക്കിയത് തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെയായിരുന്നു. അതോടെ ആറ്റിങ്ങലിൽ മത്സരം കടുത്തു. യുഡിഎഫ് തരംഗം കേരളമാകെ ആഞ്ഞടിച്ച തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ സിറ്റിംഗ് എംപി എ സമ്പത്തിനെ അട്ടിമറിച്ച് അടൂര്‍ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്‌സഭയിൽ എത്തുകയായിരുന്നു. 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇവിടെ നിന്നും ജയിച്ചത്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എ സമ്പത്ത് 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് അടൂര്‍ പ്രകാശ് നാല്‍പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. അടൂർ പ്രകാശിന് ആറ്റിങ്ങൽ മണ്ഡലത്തിൽ കിട്ടിയ വോട്ട് 380, 995, സമ്പത്തിന് കിട്ടിയ വോട്ട് 342, 748, ശോഭാ സുരേന്ദ്രന് കിട്ടിയ വോട്ട് 248, 081. യു.ഡി.എഫിന് 37.9 ശതമാനം വോട്ട് അറ്റിങ്ങൽ മണ്ഡലത്തിൽ കിട്ടിയപ്പോൾ ഇടതുമുന്നണിക്ക് 34.1 ഉം ബി.ജെ.പി യ്ക്ക് 24.7 ശതമാനവും വോട്ടുകൾ ആണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. സാമുദായിക വോട്ടുകളിൽ‌ വിള്ളൽ വീഴ്ത്തുകയെന്ന അടൂർ പ്രകാശിന്റെ തന്ത്രമാണ് യുഡിഎഫിന് നേട്ടമായത്.

ഈഴവ സമുദായത്തിന് വലിയ മുൻതൂക്കമുള്ള മണ്ഡലം ആണ് അറ്റിങ്ങൽ. അതുകഴിഞ്ഞാൽ മുസ്ലിം സമുദായവും പിന്നെ ദളിത് വിഭാഗവും ആണ് ഉള്ളത്. ഈഴവർക്ക് മുൻ തുക്കമുള്ളതുകൊണ്ട് തന്നെ ഈഴവ വിഭാഗത്തില്‍പ്പെടുന്നവരെയാണ് സാധാരണയായി ഇവിടെ മുന്നണികള്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതും. കാട്ടാക്കട, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡലങ്ങളില്‍ സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാണ്. ഈഴവ സ്വാധീന മേഖലകള്‍ കൂടിയാണിത്. ഇത് മുന്നില്‍ കണ്ടാണ് 2019ല്‍ ശോഭാ സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. അത് ഫലം ചെയ്യുകയും ചെയ്തു. എ സമ്പത്ത്, അടൂര്‍ പ്രകാശ് എന്നിവരെല്ലാം ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ്. ഇത് നോക്കുമ്പോൾ അറിയാം അറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിലെ സ്വാധീനം ആർക്കാണെന്ന്.

ബിജെപി തങ്ങളുടെ എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. അതിനുള്ള പ്രധാന കാരണം 2019-ല്‍ നേടിയ 25 ശതമാനം വോട്ടാണ്. ഇടതുകോട്ടയില്‍ ശോഭ രണ്ടു ലക്ഷത്തിലധികം വോട്ടാണ് പിടിച്ചത്. 2014ലെ 10.53 എന്ന ശതമാനത്തിൽ നിന്ന് 24.97 ശതമാനത്തിലേക്ക് ആറ്റിങ്ങലിലെ വോട്ട്‌വിഹിതം ഉയര്‍ത്താന്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശോഭയ്ക്ക് കഴിഞ്ഞു. ഇത്തവണ ഇടതിന്റെയും വലതിന്റെയും വോട്ടുബാങ്കുകളില്‍ കൃത്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ 25 ശതമാനത്തില്‍ നിന്ന് 36-38 ശതമാനമാക്കി വോട്ട്‌വിഹിതം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ക്ക്. അതു മുന്‍നിര്‍ത്തിയാണ് കേന്ദ്രമന്ത്രി വി മുരളീധരനെത്തന്നെ കളത്തിലിറക്കിയത്.

അഞ്ചുവട്ടം തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ആറ്റിങ്ങൽ മണ്ഡലത്തിലുള്ളവർക്ക് അപരിചിതനായ അഡ്വ. അടൂർ പ്രകാശ് 2019-ല്‍ സ്ഥാനാർത്ഥിയായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ എംപിയെന്ന നിലയില്‍ അഞ്ച് വര്‍ഷക്കാലം കൊണ്ട് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വോട്ടഭ്യര്‍ഥിക്കുന്ന അടൂര്‍പ്രകാശ് മണ്ഡലത്തിലുള്ളവര്‍ക്ക് സുപരിചിതനായി ക്കഴിഞ്ഞു. ഇടത് മുന്നണിയെ സംബന്ധിച്ചടത്തോളം അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെത്. ഏഴ് ഇടത് എംഎൽഎമാരുള്ള ലോക്സഭാ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. ഇതിനായി വർക്കല എംഎൽഎ കൂടിയായ വി ജോയിയെ എൽഡിഎഫ് കളത്തിലിറക്കുന്നത്.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെ പ്രാദേശിക നേതാവായി വളര്‍ന്ന് പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും എംഎല്‍എയുമൊക്കെയായി വളര്‍ന്നയാളാണ് ജോയ്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ടു തന്നെ മണ്ഡലത്തിന്റെ മുക്കുംമൂലും ജോയിക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതം. പ്രാദേശിക തലത്തിലുള്ള സൗഹൃദങ്ങളും പ്രവര്‍ത്തനങ്ങളും ജോയിക്ക് തുണയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. 2019-ലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 13,39,985 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 885,730 ഗ്രാമീണ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 2011ലെ സെൻസസ് പ്രകാരം 66.1 ശതമാനമാണിത്.

കഴിഞ്ഞ തവണ ശബരിമല വിഷയം ആറ്റിങ്ങലില്‍ വോട്ട് മറിഞ്ഞതിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. ഇത്തവണ അത്തരം വിഷയങ്ങളൊന്നും അനുകൂലമാവില്ല. പൊതുരാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാകും ആറ്റിങ്ങലിന്റെ വിധി നിര്‍ണയിക്കുക. കരുത്തര്‍ കളത്തിലെത്തുമ്പോള്‍ ഇത്തവണ പോളിംഗ് ശതമാനം ആറ്റങ്ങലില്‍ ഉയരുമെന്നാണ് മൂന്ന് മുന്നണികളൂടെയും പ്രതീക്ഷ. അടിയുറച്ച പാര്‍ട്ടി വോട്ടുകള്‍ വോട്ടുകളായി മാറിയാല്‍ ഇത്തവണ ആറ്റിങ്ങലിലെ മത്സരം പ്രവചനാതീതമാകും. 2019ലെ സാഹചര്യമല്ല ഇന്നുള്ളത്. ദേശീയതലത്തിലെ മാറ്റങ്ങളും സംസ്ഥാന രാഷ്ട്രീയ പശ്ചത്തലങ്ങളും ഒക്കെ വോട്ടിന്റെ ഒഴുക്കിനെ സ്വാധീനിക്കും. ഈഴവ- മുസ്‌ലിം-ദളിത് വോട്ടുകള്‍ എങ്ങനെ വിഭജിക്കപ്പെടുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശങ്കയുണ്ട്. മാത്രമല്ല ഇതിനേക്കാള്‍ മുന്നണികള്‍ ഭയക്കുന്നത് അടിയൊഴുക്കുകളെയാണ്. ആറ്റിങ്ങലിലെ രാഷ്ട്രീയക്കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് തിരിച്ചറിയാന്‍ ഇനിയും തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടി വരും.


Keywords: Lok Sabha Election, Attingal, Politics, Election, Congress, News, Adoor Prakash, UDF LDF, Sabarimala, MP, Parliament, Vote, CPM, Lok Sabha election: Close fight in Attingal.

Post a Comment