Follow KVARTHA on Google news Follow Us!
ad

Idukki | മൂന്നാം പോരാട്ടത്തിന് ഒരേ പോരാളികൾ; വിജയം സിറ്റിംഗ് എം പിക്കോ, മുൻ എംപിക്കോ അതോ സംഗീതയ്‌ക്കോ? ഇടുക്കി അടുത്തറിയാം

ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇക്കുറിയും മാറ്റമില്ല, Idukki, Lok Sabha Election, Politics, UDF, LDF, BJP

കെ ആർ ജോസഫ്

(KVARTHA)
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രത്യേകത എന്തെന്നാൽ ഒരേ എതിരാളികള്‍ ഇറങ്ങുന്നത് മൂന്നാം പോരാട്ടത്തിന്. രണ്ട് പേരും ഓരോ തവണ ജയിച്ചപ്പോള്‍ ഒരു തവണ തോറ്റു. ഇടുക്കിയില്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇക്കുറിയും മാറ്റമില്ല. ഇത്തവണയും യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയായി നിലവിലെ എം.പി ഡീൻ കൂര്യാക്കോസ് എത്തുമ്പോൾ ഇടതു സ്ഥാനാർത്ഥിയായി എത്തുന്നത് മുൻ എം.പി അഡ്വ. ജോയ്‌സ് ജോര്‍ജ് ആണ്. ഇത്തവണ ജോയ്‌സ് ജോര്‍ജ് ഇടതു സ്വതന്ത്രൻ അല്ലെന്ന് മാത്രം. സി.പി.എം പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് മത്സരിക്കുന്നത്. പ്രത്യേകം എടുത്തുപറഞ്ഞാൽ ഇടുക്കിയില്‍ ഇടതു - വലതു സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടമാണ് നടക്കുന്നത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Idukki: Heavy Fight Between Dean Kuriakose and Joyce George.

2014 ല്‍ വിജയം എൽ.ഡി.എഫിലെ ജോയ്‌സ് ജോര്‍ജിനൊപ്പമായിരുന്നു. പക്ഷേ, 2019 ല്‍ യു.ഡി.എഫിൻ്റെ ഡീന്‍ കുര്യാക്കോസായിരുന്നു വിജയക്കൊടി നാട്ടിയത്. ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുസ്ഥാനാര്‍ത്ഥികളും സ്വപ്‌നം കാണുന്നില്ല. മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോയ്‌സ് ജോര്‍ജും നിലനിര്‍ത്താന്‍ ഡീന്‍ കുര്യാക്കോസും ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറും എന്നുറപ്പാണ്. ഭാരത് ധർമ ജന സേനയുടെ (ബിഡിജെഎസ്) സംഗീത വിശ്വനാഥാണ് ഇക്കുറി ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരിൽ നിന്നും 2021ല്‍ ഇടുക്കിയില്‍ നിന്നും എന്‍ഡിഎ ടിക്കറ്റില്‍ സംഗീത വിശ്വനാഥ് മത്സരിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ അന്ന് 22 ശതമാനം വോട്ടുപിടിച്ച സംഗീത ഇടുക്കിയിലെത്തിയപ്പോള്‍ ഏഴ് ശതമാനമായി കുറഞ്ഞിരുന്നു. എസ് എന്‍ ഡി പി യോഗം വനിത സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും സംഗീത വഹിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. തൊടുപുഴ, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ മറ്റു അഞ്ച് മണ്ഡലങ്ങളിലും നിലവിൽ എൽ.ഡി.എഫ് എം.എൽ.എമാരാണ്. എന്നിരുന്നാലും പൊതുവേ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മണ്ഡലത്തിൽ പ്രാമുഖ്യം ലഭിക്കാറുണ്ട്. 1977ലാണ് ഇടുക്കി മണ്ഡലം രൂപീകൃതമായത്. 1967ലും 1971ലും പീരുമേട് എന്ന് അറിയപ്പെട്ടിരുന്ന ലോക്സഭാ മണ്ഡലത്തിന് ജില്ലയു‌ടെ പേര് കൂടിയായ ഇടുക്കി എന്നു ചാർത്തിക്കിട്ടിയത് 1977ലായിരുന്നു.

സംവരണേതര വിഭാഗത്തിലുള്ള ലോക്സഭാ മണ്ഡലമാണിത്. കേരളത്തിലെ മലയോര ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. വോട്ടർമാരുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലം. വ്യക്തമായ രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടെങ്കിലും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ ചർച്ചചെയ്യുന്ന അധ്വാനികളായ കുടിയേറ്റ കർഷകരുടെ ഈറ്റില്ലമാണ് ഇടുക്കി. വിനോദ സഞ്ചാരികളു‌ടെ പറുദീസ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള ലോക്സഭാ മണ്ഡലം കൂടിയാണ്.

ഇടുക്കിയുടെ ലോക് സഭാ തെരഞ്ഞെടുപ്പ് ചരിത്രം ഒന്ന് പരിശോധിക്കാം. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.എം സ്റ്റീഫനിലൂടെ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനം പിടിച്ചെങ്കിലും 1980-ൽ സി.പി.എമ്മിലെ എം.എം. ലോറൻസിലൂടെ മണ്ഡലം എൽ.ഡി.എഫ്. പിടിച്ചെടുത്തു. പിന്നീട് 1998 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിന് ഒപ്പം തന്നെയായിരുന്നു. 1984- ൽ പി.ജെ. കുര്യനും 1989-ലും 91-ലും പാലാ കെ.എം മാത്യുവും 96-ൽ എ.സി ജോസും 98- ൽ പി.സി. ചാക്കോയും കോൺഗ്രസ് എം.പിമാരായി ലോക്സഭയിലെത്തി. 1999-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കോട്ട തകർത്ത് ഫ്രാൻസിസ് ജോർജിലൂടെ മണ്ഡലം എൽ.ഡി.എഫ്. പിടിച്ചെടുത്തു. 2004-ലും എൽ.ഡി.എഫ്. വിജയം ആവർത്തിച്ചു. 2009ൽ പി.ടി. തോമസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചു പിടിച്ചു. 2014-ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ അഡ്വ. ജോയ്സ് ജോർജ് വിജയിച്ചെങ്കിലും 2019-ൽ ചരിത്ര ഭൂരിപക്ഷത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചു പിടിച്ചു.

അഡ്വ. ഡീൻ കുര്യാക്കോസ് - 4,98,493. അഡ്വ. ജോയ്സ് ജോർജ് 3,27,440, ബിജു കൃഷ്ണൻ 78,648 വോട്ട് എന്നിങ്ങനെയായിരുന്നു 2019 ലെ വോട്ട് നില. 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 54 ശതമാനവും ഡീനിന്റെ പെട്ടിയിലായിരുന്നു. ജോയ്‌സിന്റെ വോട്ടുവിഹിതം 46 ശതമാനത്തില്‍ നിന്ന് 35ലേക്ക് വീഴുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടിയ മണ്ഡലങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇടുക്കിയുമുണ്ടായി. അതായിരുന്നു 2019 ലെ ലോക് സഭാ ഇലക്ഷനിൽ ഇടുക്കി കണ്ടത്. 2014 ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള രാഷ്ട്രീയ അടിയൊഴുക്കിൽ അപ്രതീക്ഷിതമായി കൈവിട്ടുപോയ ഇടുക്കി ലോക്സഭാ മണ്ഡലം, 2019 ൽ ഡീൻ കുര്യാക്കോസിലൂടെ തന്നെ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

2024 ലും തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നതെങ്കിലും ശക്തമായ മത്സരത്തിന് എതിർ മുന്നണികളും കച്ചമുറുക്കുകയാണ്. സാമുദായിക സമവാക്യങ്ങളും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാറുള്ള മണ്ഡലമാണ് ഇടുക്കി. ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമെന്ന നിലയിൽ കത്തോലിക്ക സഭയുടെ നിലപാട് ഇത്തവണയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. പരിസ്ഥിതി പ്രശ്നങ്ങളും കർഷക ആത്മഹത്യയും മനുഷ്യ-മൃഗ സംരക്ഷണവും അതിജീവിക്കാന്‍ ഇടുക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ക്ക് സാധിച്ചോയെന്ന ചോദ്യം മണ്ഡലത്തില്‍ പ്രസക്തമായി തന്നെ അവശേഷിക്കുന്നുണ്ട്. ജോയ്‌സിനെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സഹായിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ സമദൂരമാണ്. ആർക്ക് വേണമെങ്കിലും വോട്ടു ചെയ്തോളുവെന്നാണ് സമിതി നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം.

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിയുടെ സാവധാനമുള്ള വളർച്ചയ്ക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. 2009 ല്‍ ശ്രീനഗരി രാജനായിരുന്നു ബിജെപിക്കായി മത്സരിച്ചത്, വോട്ടുശതമാനം 3.6 മാത്രം. 2014ല്‍ അഡ്വ. സാബു വർഗീസ് ഇത് 6.2 ശതമാനമാക്കി ഉയർത്തിക്കൊണ്ടുവന്നു. 2019 ല്‍ ബിഡിജെഎസിലേക്ക് എത്തിയതോടെ വോട്ടുവിഹിതം 8.6 ശതമാനമായി. ബിജു കൃഷ്ണനായിരുന്നു കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി മത്സരിച്ചത്. 78,648 വോട്ടുകളായിരുന്നു ബിജു അന്ന് നേടിയത്. അതുകൊണ്ട് തന്നെ പത്ത് ശതമാനം മറികടക്കുക എന്ന ലക്ഷ്യം എന്‍ഡിഎയ്ക്ക് ഉണ്ടാകും. ഭൂപ്രശ്നങ്ങളും മനുഷ്യ വന്യജീവി സംഘർഷങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമാണ് മണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ. ഇവിടെ മനുഷ്യ-മൃഗ സംഘർഷമുണ്ട്, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്, ഏത് നിമിഷവും മണ്ണെടുത്തേക്കാമെന്ന ഭീതിയില്‍ ജീവിക്കുന്ന വിഭാഗങ്ങളുണ്ട്, ഇന്നും തീരാത്ത പട്ടയപ്രശ്നങ്ങളുണ്ട്, കർഷക ആത്മഹത്യകളുണ്ട്.

അങ്ങനെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നും പരിഹാരം കാണാനാകാത്തവിധം പ്രതിസന്ധികളില്‍ ഉലയുന്ന ഇടുക്കി വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇതൊക്കെ തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയവും. 2011ലെ സെൻസസ് പ്രകാരം നോക്കിയാൽ, ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 89.5 ശതമാനവും ഗ്രാമീണ വോ‌ട്ട‌ർമാരാണ്. നഗര മേഖലയിൽ നിന്നുള്ള വോട്ടർമാർ 10 ശതമാനം മാത്രമേയുള്ളു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലം. വിനോദ സഞ്ചാരത്തിന്റേയും സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും കലവറയായ ഇടുക്കിയിൽ രാഷ്ട്രീയത്തിനൊപ്പം കൃഷിയും പശ്ചിമഘട്ട സംരക്ഷണവുമൊക്കെ ചർച്ചാ വിഷയമാകുന്നു. മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ടാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇടുക്കി മണ്ഡലത്തിലെ രാഷ്ട്രീയഗതി തീരുമാനിച്ചത്.

2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ റാന്നി, പത്തനംതിട്ട, തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പുംചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു ഇടുക്കി. മണ്ഡല പുനർനിർണയത്തിന് ശേഷം റാന്നിക്കും പത്തനംതിട്ടയ്ക്കും പകരം മൂവാറ്റുപുഴയും കോതമംഗലും ഇടുക്കിയുടെ ഭാഗമായി. 2000 ന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് റാന്നി. കോതമംഗലമാകട്ടെ കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ തുണച്ചിട്ടുമുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 12 ലക്ഷത്തിലധികം (12,0832) വോട്ടർമാരാണ് ഇടുക്കി ജില്ലയിലുള്ളത്. 2011ലെ സെന്‍സസ് അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരില്‍ 11.5 ശതമാനവും (1,38,096) പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. 48,033 (നാല് ശതമാനം) വോട്ടർമാരാണ് പട്ടികവർഗവിഭാഗത്തില്‍ നിന്നുള്ളത്.

10.74 ലക്ഷം (89.5 ശതമാനം) വോട്ടർമാരും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ്. നഗര കേന്ദ്രീകൃതമായി താമസിക്കുന്ന വോട്ടർമാരുടെ സംഖ്യ 1.26 ലക്ഷമാണ്(10.5 ശതമാനം). വിനോദ സഞ്ചാരികളു‌ടെ പറുദീസയാണ് ഇടുക്കി. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഒക്കെ ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ പെടുന്നതാണ്. ഏകപക്ഷീയ പോരാട്ടങ്ങളുടെ സാക്ഷ്യപത്രമാണ് മണ്ഡലത്തിന്റെ ചരിത്രത്തിൽ അധികവും തെളിഞ്ഞു കാണാനാകുന്നതെങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനുള്ള ആരവം ഉയർന്നുകഴിഞ്ഞു. ആരാണ് ഇവിടെ ജയിക്കുക. എം.പിയോ, മുൻ എം.പിയോ അതോ സംഗീതയോ? എന്തായാലും വാശിയേറിയ പോരാട്ടം തന്നെയാണ് ഇടുക്കിയിൽ നടക്കുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Idukki: Heavy Fight Between Dean Kuriakose and Joyce George.

إرسال تعليق