Follow KVARTHA on Google news Follow Us!
ad

Google My Device | നിങ്ങളുടെ ഫോണോ സ്‌മാർട്ട് വാച്ചോ ഇയർബഡോ നഷ്ടപ്പെട്ടോ? ഭയപ്പെടേണ്ട! ഗൂഗിൾ വമ്പൻ ഫീച്ചർ പുറത്തിറക്കി; നഷ്ടപ്പെട്ട ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്താലും കണ്ടെത്താനാകും

ഡാറ്റയും ഫോട്ടോകളും വീഡിയോകളും മറ്റ് ഫയലുകളും നീക്കാനും കഴിയും Google, Android, Technology, ലോക വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ നഷ്ടപ്പെടുന്നത് ഏറെ വിഷമകരമായ കാര്യമായിരിക്കും. ഡാറ്റ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല, ഫോൺ തെറ്റായ കൈകളിലെത്തുമോ എന്ന ഭയവും ഉണ്ടാവും. ഇതിനിടെ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്തുന്നതിനുള്ള പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കമ്പനി പുതിയ 'ഫൈൻഡ് മൈ ഡിവൈസ്' നെറ്റ്‌വർക്ക് ഔദ്യോഗികമായി ആരംഭിച്ചു.
  

കഴിഞ്ഞ വർഷമാണ് ഈ ഫീച്ചർ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, ആളുകൾ ദുരുപയോഗം ചെയ്യുമെന്ന ഭയം മൂലമാണ് ഇത് വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഓഫ്‌ലൈനിലാണെങ്കിലും അവരുടെ ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, ട്രാക്കറുകൾ എന്നിവ കണ്ടെത്താൻ സഹായിക്കുകയാണ് ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ലക്ഷ്യമിടുന്നത്.

എങ്ങനെയാണ് പ്രവർത്തനം?


നിലവിലുള്ള ഫൈൻഡ് മൈ ഡിവൈസ് സേവനം പോലെ, ഉപയോക്താക്കൾക്ക് ഏതെങ്കിലും വെബ് ബ്രൗസറിൽ നിന്നോ മറ്റൊരു ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നോ അപ്ലിക്കേഷൻ വഴി ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യാനാകും. എന്നിരുന്നാലും, പുതിയ സംവിധാനത്തിൽ സ്വിച്ച് ഓഫ് ചെയ്താൽ പോലും ഫോൺ കണ്ടെത്താനാകും.

ബ്ലൂടൂത്ത് വഴി, കാണാതായ ഫോൺ സമീപത്തുള്ള മറ്റ് ആൻഡ്രോയിഡ് ഉപകരണങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അതിന്റെ ഏകദേശ ലൊക്കേഷൻ റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഈ രീതിയിൽ, നിങ്ങളുടെ ഫോൺ വീട്ടിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടാലോ ഓഫീസിൽ ഡെസ്കിന് കീഴെ വീണുപോയെങ്കിലോ പോലും ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് വഴി കണ്ടെത്താൻ സഹായിക്കും.

പിക്സൽ ഫോണുകൾക്കുള്ള പ്രത്യേക സവിശേഷത


പുതിയ പിക്സൽ (Pixel 8, Pixel 8 Pro) ഉപയോക്താക്കൾക്ക് ഒരു അധിക നേട്ടമുണ്ട്. ഈ ഫോണുകൾ പൂർണമായും ഓഫ് ചെയ്തിരിക്കുകയോ ബാറ്ററി ചാർജ് തീർന്നുപോകുകയോ ആയാലും ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് വഴി കണ്ടെത്താൻ സാധിക്കും. ഫോണിന്റെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ വഴി ഇത് സാധ്യമാകുന്നു.

സുരക്ഷയും സ്വകാര്യതയും


ഉപയോക്താക്കളുടെ സ്വകാര്യത ഗൂഗിൾ ഗൗരവമായി കണക്കാക്കുന്നു. ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിലൂടെ കൈമാറുന്ന ഏതൊരു ഡാറ്റയും എൻക്രിപ്റ്റ് ചെയ്തതും അജ്ഞാതവുമാണ്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മറ്റൊരു ഉപകരണത്തിന്റെ ലൊക്കേഷൻ ഡാറ്റ ആക്‌സസ് ചെയ്യാനും സാധ്യമല്ല.

എങ്ങനെ ഉപയോഗിക്കാം?


ഇപ്പോൾ മുതൽ, എല്ലാ പുതിയ ആൻഡ്രോയിഡ് ഫോണുകളിലും ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് പ്രവർത്തനസജ്ജമാണ്. നിലവിലുള്ള ഉപകരണങ്ങൾക്ക്, ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഈ സവിശേഷത പ്രവർത്തനസജ്ജമാക്കാൻ കഴിയും.

* ഒരു വെബ് ബ്രൗസറിൽ https://www(dot)google(dot)com/android/find സന്ദർശിക്കുകയോ മറ്റൊരു ആൻഡ്രോയിഡ് ഉപകരണത്തിൽ 'Find My Device' ആപ്പ് തുറക്കുകയോ ചെയ്യുക. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം, സേവനം നിങ്ങളുടെ ഫോണിന്റെ ഏകദേശ ലൊക്കേഷൻ കാണിക്കും.

* ഫോൺ റിംഗ് ചെയ്യാം: നിങ്ങളുടെ പരിസരത്താണ് ഫോൺ നഷ്ടമായതെങ്കിൽ, ഫോൺ റിംഗ് ചെയ്യാനുള്ള ഓപ്ഷൻ ഈ സേവനം നൽകുന്നു. പരമാവധി ശബ്ദത്തിൽ റിംഗ് ചെയ്യുന്നതിനാൽ, ഫോൺ സമീപത്താണെങ്കിൽ നിങ്ങൾക്ക് കണ്ടെത്താനാകും.

* ഡാറ്റ നീക്കാം: നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും ഫോട്ടോകളും വീഡിയോകളും മറ്റ് ഫയലുകളും നീക്കാനും ഈ സംവിധാനം വഴി കഴിയും.

ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് സജീവമാക്കുന്നത് എങ്ങനെ?


* നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ Seetings തുറക്കുക.
* 'Google' ടാപ്പ് ചെയ്യുക.
* 'Security' തിരഞ്ഞെടുക്കുക
* 'Find My Device' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അത് ഓണാക്കുക.

Keywords: Google, Android, Technology, World, New Delhi, Phone, Smart Watches, Google Account, Find My Devices, Security, Web Browser, Google launches Find My device network for Android-based products.

إرسال تعليق