Follow KVARTHA on Google news Follow Us!
ad

Bekal Fort | കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയെ പരിചയപ്പെടാം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, kasaragod,News,Travel,Travel & Tourism,Visitors,Passengers,Kerala,
കാസര്‍കോട്: (www.kvartha.com) കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ട കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂകിലുള്ള പള്ളിക്കര ഗ്രാമത്തിലെ ബേക്കലില്‍ ആണ് സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്ത് നിന്ന് 65 കി. അകലെയായിട്ടാണ് ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും വിസ്തൃതമായ കോട്ട എന്ന നിലയിലാണ് ബേക്കല്‍ കോട്ട പ്രസിദ്ധമാകുന്നത്. കടല്‍നിരപ്പില്‍ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിന്‍ മുകളിലാണ് കോട്ടയുള്ളത്. ഏതാണ്ട് 40 ഏകറിലായി പരന്നു കിടക്കുന്ന അതിബൃഹത്തും അത്ഭുതകരവുമായ ഒരു നിര്‍മിതിയാണിത്.


Bekal Fort - largest and best preserved forts in Kerala, Kasaragod, News, Travel, Travel & Tourism, Visitors, Passengers, Kerala

വൈദേശികമായ സാങ്കേതികതയോ ശില്‍പവിദ്യയോ കാര്യമായി ഉപയോഗിക്കാതെ തദ്ദേശീയമായ അറിവിന്റെയും കഴിവിന്റെയും പിന്‍ബലത്തില്‍ നിര്‍മിക്കപ്പെട്ടത് എന്ന പ്രത്യേകതയും ബേക്കല്‍ കോട്ടക്കുണ്ട്. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന രീതിയിലാണ് ബേക്കല്‍ കോട്ട നിര്‍മിച്ചിരിക്കുന്നത്. അത് ഈ കോട്ടയുടെ ഒരു പ്രധാന സവിശേഷതയുമാണ്.

ബേക്കല്‍ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നില്‍ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. നിരന്തരമായി അലച്ചെത്തുന്ന തിരകളുടെ തലോടല്‍ ഏറ്റുവാങ്ങിയാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ ഉയര്‍ന്ന കടല്‍ ഭിത്തിക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ സൂക്ഷ്മമായി ചെവിയോര്‍ത്താല്‍ കോട്ടയുടെ കീഴെ ഒന്നിന് പിറകെ ഒന്നായി അലച്ചെത്തി തല്ലിത്തകര്‍ത്ത് പൊട്ടിച്ചിതറുന്ന തിരമാലകളുടെ ചിലമ്പിച്ച ശബ്ദം നൂറ്റാണ്ടുകള്‍ക്കപ്പുറം അവിടെ പടവെട്ടി മരിച്ച അനേകമനേകം യോദ്ധാക്കളുടെ ദീനവിലാപം പോലെ നമുക്കനുഭപ്പെടും. കോട്ടയെ വലംവെച്ച് ചുറ്റും വീശിയടിക്കുന്ന സുഖശീതളമായ കാറ്റിന് ശിരസ് ഛേദിക്കപ്പെട്ട ആ ഭടന്‍മാരുടെ ചോരച്ചൂര് മണക്കുന്നുണ്ടോ എന്ന സംശയവും നമുക്കുണ്ടാകാം.

ബേക്കല്‍ കോട്ടക്ക് 350 ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം കോട്ട നിര്‍മിച്ച കാലത്തെ കുറിച്ചും നിര്‍മിച്ചവരെ കുറിച്ചും ചരിത്രത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ബേക്കല്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ദേശം മുഴുവന്‍ ഒരു കാലത്ത് മഹോദയപുരം വാണ പെരുമാക്കന്‍മാരുടെ കീഴിലായിരുന്നു. ബേക്കല്‍ എന്ന പ്രദേശത്തിന്റെ അറിയപ്പെടുന്ന ആദ്യകാല ചരിത്രവും അതാണ്.

മഹോദയപുരത്തിന്റെ പതനത്തെ തുടര്‍ന്ന് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടെ ആ പ്രദേശം കോലത്തിരി രാജവംശത്തിന്റെ കീഴിലായി. അവരാണ് ബേക്കല്‍ കോട്ട പണിതത് എന്നാണ് ഒരു അഭിപ്രായം. തെക്കന്‍ കര്‍ണാടകയിലെ ബദനൂര്‍ കേന്ദ്രമായി ഭരിച്ചിരുന്ന ഇക്കേരി രാജവംശവുമായി കോലത്തിരി രാജാക്കന്‍മാര്‍ നിരന്തരം യുദ്ധത്തിലേര്‍പ്പെട്ട കാലമായിരുന്നു അത്.

അവരില്‍ നിന്ന് മലബാറിനെ ശാശ്വതമായി രക്ഷിച്ചെടുക്കാനുള്ള നിരന്തര യുദ്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലാണ് കോലത്തിരി രാജാക്കന്‍മാര്‍ ബേക്കല്‍ കോട്ട നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ചരിത്രകാരനായിരുന്ന കെ പി. പത്മനാഭ മേനോന്‍ തന്റെ കേരള ചരിത്രം എന്ന പുസ്തകത്തില്‍ ആ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

കോട്ടയിലേക്ക് എങ്ങനെ എത്താം :

വായു മാര്‍ഗം

ബേക്കല്‍ കോട്ടയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

ട്രെയിന്‍ മാര്‍ഗം

കാസര്‍കോടും കാഞ്ഞങ്ങാടും ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ആണ്. ബേക്കലില്‍ നിന്ന് ഏതാണ്ട് 12 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷനുകള്‍.

റോഡ് മാര്‍ഗം

കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ തീരദേശ പാതയോട് ചേര്‍ന്നാണ് ബേക്കല്‍ സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരമുണ്ട്.

Keywords: Bekal Fort - largest and best preserved forts in Kerala, Kasaragod, News, Travel, Travel & Tourism, Visitors, Passengers, Kerala.


إرسال تعليق