ബഹിരാകാശ ശാസ്ത്രജ്ഞൻ ഹാപിയാണ്, ബാണ്യേക്കാരൻ പത്രപ്രവർത്തകനും!

സൂപ്പി വാണിമേൽ

(www.kvartha.com 30.06.2021) ബഹിരാകാശ ശാസ്ത്രജ്ഞനും ബാണ്യേക്കാരൻ പത്രപ്രവർത്തകനും നേർരേഖയിൽ വന്നതായിരുന്നു കേരളത്തിലെ ചാരക്കേസ് ഭ്രമണപഥം. കോഴിക്കോട് ജില്ലയിൽ നാദാപുരം മണ്ഡലത്തിലെ ഗ്രാമമാണ് വാണിമേൽ. മലബാറിൽ ന്യൂനപക്ഷ പിന്നാക്കാവസ്ഥയുടെ കാരണം ചരിത്രപരം എന്നാണ് പറയുക. ആ സത്യത്തിന് മുകളിലൂടെ വിദ്യാഭ്യാസ ചിറകുകൾ വിരിച്ചു പറക്കാൻ കഴിഞ്ഞതാണ് തദ്ദേശീയർ 'ബാണ്യേക്കാർ' എന്ന് പറയാനും അറിയപ്പെടാനും ഇഷ്ടപ്പെടുന്ന ഈ ദേശപ്പെരുമ. നേരിനൊപ്പമേ നിൽക്കാനാവൂ ബാണ്യേക്കാരന്. ആ സരണി തേടിയുള്ള സഞ്ചാരമാണ് കുഞ്ഞമ്മദ് വാണിമേൽ എന്ന മാധ്യമപ്രവർത്തകനെ ഐ എസ് ആർ ഒ ചാരക്കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ വ്യത്യസ്തനാക്കിയത്. കേരളം കണികണ്ടുണർന്ന തിന്മയായി പത്രങ്ങൾ ഉമ്മറങ്ങളിൽ ഉമ്മവെച്ചപ്പോൾ ചന്ദ്രിക പത്രത്തിൽ ഈ ബാണ്യേക്കാരൻ നൽകിയ റിപ്പോർട്ടുകൾ വേറിട്ടുനിന്നു.

കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടതായിരുന്നുവല്ലോ ചാരക്കേസ്. ആ കാലം ഏറെ വേട്ടയാടപ്പെട്ടത് നമ്പി നാരായണൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ. കാൽനൂറ്റാണ്ടിന്റെ കനൽ കെട്ടുപോവുന്നതിന്റെ സന്തോഷത്തിലാണ് സുപ്രീം കോടതി വിധികൾ നടപ്പാവുന്ന സാഹചര്യങ്ങളിൽ അദ്ദേഹം. ആ സന്തോഷം തന്റേതുകൂടിയാണ് കുഞ്ഞമ്മദ് വാണിമേൽ എന്ന മുതിർന്ന മാധ്യമ പ്രവർത്തകന്. ചാരക്കഥകളുടെ ഗുരുത്വാകർഷണ തലങ്ങളിൽ നിന്ന് തെന്നി കറങ്ങിയ പ്ലൂട്ടോയായിരുന്നു അന്ന് ചന്ദ്രിക പത്രം തിരുവനന്തപുരം പ്രതിനിധിയായിരുന്ന അദ്ദേഹം.

ഈ ആഹ്ലാദം തങ്ങളുടേതാക്കാൻ ആ പത്രത്തിന് സാധ്യമാവുകയോ പൊട്ടത്തരങ്ങൾ ഓരോ പ്രഭാതങ്ങളിലും ഉമ്മറങ്ങളിൽ കൊണ്ടിട്ട നെറികെട്ട മാധ്യമപ്രവർത്തനത്തിന് മാപ്പോതാൻ പത്രങ്ങൾ തയ്യാറാവുകയോ ചെയ്യാത്ത സാഹചര്യവും നിലനിൽക്കുന്നു.

The astronaut is happy, and the bartender is a journalist!

ഓമ്മയുണ്ടോ ആ കാലം? അറിയാത്ത പുതുതലമുറ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കണം. അപ്പോൾ അറിയാം ഊരിപ്പിടിച്ച കത്തിയുടെയും അദ്ദേഹം തന്നെ അത് ഉറയിൽ ഒളിപ്പിച്ചതിന്റേയും കഥകൾ. 1991ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ പിണറായി ചാരക്കേസ് ചർച്ചക്കിടെ ചോദിച്ചു- 'മറിയം റഷീദ വന്നത് ചാരപ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം?... മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്?.....'

ആ കാലത്തെ ബോധ്യത്തിൽ നിന്ന്, അതല്ലെങ്കിൽ എവിടെ നിൽക്കുന്നതാണ് പാർട്ടിക്ക് ഗുണം എന്ന ചിന്തയിൽ നിന്ന് രൂപപ്പെട്ട ചോദ്യങ്ങളായിരുന്നു പിണറായി നിയമസഭയിൽ തൊടുത്തത്. അതിന് അന്നും ഇന്നും കുഞ്ഞമ്മദിന്റെ ഉത്തരം ഒന്നാണ്- 'ഉത്തരവാദപ്പെട്ട ഉറവിടങ്ങളിൽ നിന്ന് ഉത്തരവാദ ബോധത്തോടെ ശേഖരിച്ച വിവരങ്ങൾ'. തനിനിറം പത്രമാണ് വേട്ട തുടങ്ങിയത്. ദേശാഭിമാനി ഏറ്റെടുത്തു. പിന്നാലെ മറ്റു പത്രങ്ങളും. മലയാള മനോരമ അതിന്റെ പേര് അന്വർത്ഥമാക്കും വിധം വായനക്കാരുടെ മനസ്സുകളെ രമിപ്പിച്ചു. കുടുംബത്തിൽ ഒന്നിച്ചിരുന്ന് വായിക്കാൻ കഴിയാത്തവിധം രതിസുഖ സാരേ സഞ്ചരിച്ച ശൈലി.
വരികളിലും ശൈലിയിലുമല്ലാതെ കണ്ടന്റുകളിൽ വ്യത്യാസമില്ലാത്ത കഥകൾ എല്ലാ പത്രങ്ങളിലും അച്ചടിച്ചു വന്നു.

'അന്ന് ഞാൻ ജോലി ചെയ്ത പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന പ്രൊഫ.മങ്കട അബ്ദുൽ അസീസ് മൗലവി സാഹിബിന്റെ പിന്തുണയാണ് വേറിട്ട നിലപാടിൽ ഉറച്ചു നിൽക്കാൻ തണലായത്. മാലിക്കാരികളായിരുന്നു ചാരക്കഥയിലെ നായികമാരായ മറിയം റഷീദയും ഫൗസിയ ഹസനും. പുരുഷനോ സ്ത്രീയോ ആവട്ടെ മാലിക്കാരുടെ സാംസ്കാരിക പൈതൃകം ഒരിക്കലും ചാരപ്രവർത്തനം നടത്തി ഇന്ത്യയെന്ന ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്താൻ കൂട്ടുനിൽക്കില്ലെന്ന് മൗലവി സാഹിബ് തന്റെ വായനാ അറിവുകളിലൂടെ സാക്ഷ്യപ്പെടുത്തി. വസ്തുതാന്വേഷണം എന്ന പത്രധർമ്മം പാലിച്ച് വളരെ സൂക്ഷ്മതയോടെ തയ്യാറാക്കിയ വാർത്തകളാണ് ചന്ദ്രികയിലേക്ക് ഞാൻ അയച്ചത്.

അവയിൽ ഒന്നിന്റെ 'മറിയം റഷീദ വന്നത് ചാരപ്രവർത്തനത്തിനല്ല' എന്ന തലക്കെട്ടുയർത്തിയായിരുന്നു നിയമസഭയിൽ പിണറായി വിജയന്റെ പ്രകോപനം. -കുഞ്ഞമ്മദ് പറയുന്നു. ഈ വർത്തമാനം മുതിർന്ന മാധ്യമപ്രവർത്തകൻ അസൈൻ കാരന്തൂരിന്റെ നിരീക്ഷണവുമായി ചേർത്തുവേണം വായിക്കാൻ.
'അന്ന് ചന്ദ്രിക മാത്രമാണ് ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നു എഴുതിയത്. പക്ഷേ അവർക്ക് ഇപ്പോഴും അത് സ്കോർ ചെയ്യാൻ പറ്റുന്നില്ല. മറ്റ് പത്രങ്ങളെല്ലാം അന്ന് 'മുമ്പേ ഗമിച്ചീടിന ഗോപുത്രന്റെ......' എന്ന രൂപത്തിൽ വാർത്തകൾ എഴുതുകയായിരുന്നു' എന്നാണ് മാധ്യമം ഡെപ്യൂട്ടി എഡിറ്ററായിരിക്കെ ഇറങ്ങി തത്സമയം പത്രാധിപരായി പ്രവർത്തിക്കുന്ന അസൈൻ പറയുന്നത്.

മണ്ടത്തങ്ങളായിരുന്നു ചാരക്കേസുമായി ബന്ധപ്പെട്ട് വെണ്ടക്ക തലക്കെട്ടുകളിൽ വന്നുകൊണ്ടിരുന്നത്. ക്രയോജനിക് എഞ്ചിൻ ഇല്ലാത്ത ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ആ യന്ത്രം നിറഞ്ഞതിന്റെ കാരണം വിവരമില്ലായ്മയല്ലാതെ മറ്റൊന്നായിരുന്നില്ല. ചാരപ്പണിക്ക് വന്നതാണെങ്കിൽ മാലി യുവതി തന്റെ വിസ കാലാവധി തീർന്നു എന്നറിയിച്ചും നീട്ടിക്കിട്ടാൻ സമയം ആവശ്യപ്പെട്ടും സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി പോലും ചാരക്കഥകൾ മെനയൽ ഭ്രാന്തിൽ നഷ്ടമായി.


ഹോട്ടൽ മുറിയിൽ തമ്പടിച്ച് ഒരു കൂട്ടർ തയ്യാറാക്കി നൽകിയ വാർത്തകൾ വിന്യസിക്കുന്നതിനിടയിൽ വസ്തുതാന്വേഷണത്തിന് സമയം കിട്ടിയില്ല. 1994 നവംബർ 30ന് ഉച്ച തിരിഞ്ഞ് മൂന്നുമണിക്കായിരുന്നു ഐ എസ് ആർ ഒയിലെ എൽപിഎസ് സി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണൻ അറസ്റ്റിലായത്. ഇന്ത്യയുടെ ശാസ്ത്ര രഹസ്യം മറ്റൊരു രാജ്യത്തിന് ചോർത്താൻ ശ്രമിച്ചു എന്ന കേസ്സ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തതിന്റെ തുടർനടപടി.അമ്പത്തിരണ്ടാം ദിവസമാണ് ജാമ്യം ലഭിച്ചത്. ഒന്നര വർഷത്തേക്ക് അതിനകം ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.മാലി വനിത മറിയം റഷീദ 1994 ഒക്ടോബറിൽ അറസ്റ്റിലായേടത്തുനിന്നാണ് ചാരക്കഥകൾ പുകഞ്ഞു തുടങ്ങിയത്. പ്ലേഗ് ഭീതി കാരണം വിമാനം റദ്ദാക്കിയതിനെത്തുടർന്ന് വിസ കാലാവധി നീട്ടിക്കിട്ടാൻ ശ്രമിക്കുന്നതിനിടെ അവർ താമസിച്ച തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ നിന്ന് പൊലീസ് പൊക്കുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങി എന്നതായിരുന്നു കുറ്റം. അതോടെ
സംഭ്രമ ജനക ചാരക്കഥകൾ പത്രങ്ങളിൽ നിറഞ്ഞു. ചാരക്കേസ്സ് ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥാപരിസരത്തുനിന്ന് മറിയം റഷീദ ഉയർത്തുന്ന ചോദ്യങ്ങൾ ശരമാണ്- 'ആ യൗവ്വനത്തിൽ എനിക്കുണ്ടായ മാനഹാനി തിരിച്ചു തരാൻ സി.ബി.ഐക്കാവുമോ? ശാസ്ത്രജ്ഞരായ നമ്പി നാരായണന്റേയും ശശികുമാറിന്റേയും കാര്യവും അതുതന്നെ. ഞങ്ങളെ, എന്നേയും ഫൗസിയ ഹസനേയും പൊലീസ് വേട്ടയാടുകയായിരുന്നു. തിരുവനന്തപുരത്ത് ഞങ്ങൾ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ഫൗസിയയെ പുറത്താക്കി. പൊലീസ് ഓഫീസർ തന്നെ കടന്നു പിടിക്കാൻ ആഞ്ഞപ്പോൾ തള്ളിമാറ്റുകയായിരുന്നു....' -ദ ഹിന്ദു പത്രത്തിൽ കെ എസ് സുധിയുമായുള്ള അഭിമുഖത്തിൽ മറിയം പറയുന്നു.

കേരളത്തിൽ മൂന്നു വർഷം ജയിൽവാസം കഴിഞ്ഞ് മാലിയിലേക്ക് മടങ്ങി 2008ൽ സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരം എത്തിയപ്പോൾ പോലും കേരള പൊലീസ് തന്നെ സംശയത്തോടെ കണ്ട അനുഭവമാണ് ഫൗസിയ ഹസൻ മലയാള മനോരമയുടെ നിഷിമയുമായി അഭിമുഖത്തിൽ പങ്കുവെച്ചത്. 'തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്. അതുമായി ബന്ധപ്പെട്ട് ഒരു മാസം ഞാൻ കേരളത്തിൽ താമസിച്ചിരുന്നു. അതിനെത്തുടർന്നും ചില പ്രശ്നങ്ങൾ ഉണ്ടായി. തിരിച്ചുവരുമ്പോ പാസ്പോർട്ടിൽ എന്റെ പേരും ഫോട്ടോയും കണ്ട് തിരുവനന്തപുരം എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർ തടഞ്ഞു നിർത്തി, ചോദ്യം ചെയ്യാനായി ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വേറെ രണ്ടു പേർ കുടി വന്ന് എന്നെ ചോദ്യം ചെയ്തു.

ആരാണ് ഇന്ത്യയിൽ വരാൻ നിങ്ങൾക്ക് പെർമിഷൻ തന്നത് എന്നു അവർ ചോദിച്ചു. എനിക്ക് എന്തിനാണ് പെർമിഷൻ, ഞാൻ ഇന്ത്യയിൽ നിന്ന് ഡിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലല്ലോ, എപ്പോൾ വേണമെങ്കിലും എനിക്ക് വരാമല്ലോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. കുറേ ചോദ്യംചെയ്യലുകൾക്ക് ശേഷം അവർ എന്നെ പോകാൻ അനുവദിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മാലിക്കാരനായ സംവിധായകൻ കൈമാറിയ എന്റെ നമ്പറിലേക്ക് പൊലീസ് വിളിച്ച് എവിടെയായിരുന്നു താമസിച്ചത് എന്ന് ചോദിച്ചു. അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. നിങ്ങൾ ഓരോ വീട്ടിലും കയറിയിറങ്ങി അവിടെ ഫൗസിയ ഹസൻ താമസിച്ചിരുന്നോ എന്ന് ചോദിച്ചു നോക്കൂ എന്ന് മറുപടി കൊടുത്ത് ഫോൺ കട്ട് ചെയ്തു. തുടർന്ന് കമ്മീഷണർ വിളിച്ചു.

ഫൗസിയ ഹസൻ കെയിം ടു ഇന്ത്യ അതല്ലേ നിങ്ങളുടെ പ്രശ്നം. ചെയ്യാത്ത കുറ്റം ചുമത്തി എന്നെ മൂന്ന് വർഷം ജയിലിൽ പിടിച്ച് ഇട്ടതിന് നിങ്ങൾക്കൊക്കെ എതിരെ കേസ് കൊടുത്തിരുന്നെങ്കിൽ ഞാൻ ജയിക്കുമായിരുന്നു എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു...'-ഫൗസിയയുടെ വാക്കുകൾ.

കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. ചാരക്കഥകൾ കാട്ടുതീയായ നാളുകളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (നിലവിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം) ഔദ്യോഗിക പരിപാടിക്കെത്തിയ അദ്ദേഹത്തെ ചൂണ്ടി ആൾക്കൂട്ടം ചാരൻ ചാരൻ എന്ന് പിറുപിറുത്തതിന്റെ അലകൾ കോൺഗ്രസ്സിൽ കൊടുങ്കാറ്റാവുന്നതാണ് പിന്നീട് കണ്ടത്. 1995 മാർച്ച് 16ന് തിരുവനന്തപുരം ഗാന്ധി മൈതാനത്ത് പൊതുയോഗത്തിൽ കെ കരുണാകരൻ ഏവരെയും സ്തബ്ധരാക്കി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചു. ബഹുവിശേഷണങ്ങളോടെ കേരള, ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ ഒരു നേതാവിന്റെ അസ്തമയമായിരുന്നു അന്ന് മൈതാനം ദർശിച്ചത്. എ കെ ആന്റണി പകരം മുഖ്യമന്ത്രിയായി. പിന്നീട് കെ കരുണാകരൻ വഹിച്ചതൊന്നും പിന്നിട്ട വഴികളെ വെല്ലുന്നതായിരുന്നില്ല.

കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ ചാരക്കഥയുടെ ഇതളാക്കാനും ശ്രമങ്ങൾ നടന്നു. മന്ത്രിയുടെ ഓഫീസ് സന്ദർശക രജിസ്റ്ററിൽ മറിയം റഷീദയുടെ പേര് എഴുതിച്ചേർത്തായിരുന്നു അത്. ആ ദിവസം കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം ഉണ്ടായിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ കൂടിക്കാഴ്ച നടന്നാലും ഇല്ലെങ്കിലും രാഷ്ട്രീയ ദിശ എന്താകുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ പാക്കിസ്താനിലേക്ക് കടത്താൻ ശ്രമിച്ചു എന്നായിരുന്നുവല്ലോ കേസ്.

1994 ഡിസംബർ രണ്ടിന് ചാരക്കേസ് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. 1996ൽ കേസ്സിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സിബിഐ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തു. ഈ റിപ്പോർട്ട് തെറ്റാണെന്ന് ഉദ്യോഗസ്ഥർ സർക്കാറിനെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇകെ നായനാർ സർക്കാർ കേസ്സിന്റെ പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയുള്ള നമ്പിനാരായണന്റെ ഹരജി ഹൈക്കോടതി തള്ളി. 1998ൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പല നാൾവഴികൾ കടന്ന് ഐ എസ് ആർ ഒ ചാരക്കേസ്സിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ച് മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത എഫ് ഐ ആർ ഡൽഹി യൂനിറ്റ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നടപടിയിൽ എത്തിനിൽക്കുന്നതാണ് കാൽനൂറ്റാണ്ടിനിപ്പുറത്തെ അവസ്ഥ.

നമ്പി നാരായണന്റേയും ഒപ്പം നിന്ന ഒരേയൊരു പത്രപ്രവർത്തകന്റേയും സന്തോഷങ്ങളായി ഇതെല്ലാം മാറുമ്പോൾ പുതിയ ചോദ്യങ്ങൾ ഉയരുകയും പഴയ ഉത്തരങ്ങൾ മാറുകയും ചെയ്യുന്നുണ്ട്. അന്ന് കൂത്തുപറമ്പ് എംഎൽഎ മാത്രമായിരുന്ന പിണറായി വിജയൻ നിയമസഭയിൽ മുസ്‌ലിം ലീഗിനും പാർട്ടി പത്രത്തിനും എതിരെ ഊരിപ്പിടിച്ച കത്തി മുഖ്യമന്ത്രിയായപ്പോൾ ഉറയിൽ ഒളിപ്പിച്ചു. 2018 ഒക്ടോബറിൽ സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ ഒരുക്കിയ ചടങ്ങിൽ സമപ്രായക്കാരനായ ശാസ്ത്രജ്ഞൻ നമ്പിനാരായണന് സുപ്രീംകോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുക 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ വേളയിൽ നടത്തിയ പ്രസംഗത്തിലൂടെയാണ് മുഖ്യമന്ത്രി സ്വന്തം മുൻനിലപാടും തീയില്ലാതെ പുകയുണ്ടാവുമോ എന്ന പാർട്ടി നിലപാടും തിരുത്തിയത്.

ആരുമറിയാതെ എസ് നമ്പി നാരായണന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമായിരുന്ന തുക പൊതുപരിപാടിയിൽ കൈമാറാൻ തീരുമാനിച്ചത് വിവരം കെട്ട മാധ്യമപ്രവർത്തകരോട് നാല് വർത്തമാനം പറയാൻ തന്നെയായിരുന്നുവെന്നതിന് പ്രസംഗം സാക്ഷി. 'പലവിധ താല്പര്യങ്ങളോടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ നീക്കാൻ ബാധ്യതപ്പെട്ടവരല്ല അന്വേഷണ ഉദ്യോഗസ്ഥർ.ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ യഥാർത്ഥ വശം കണ്ടെത്താനുള്ള ശ്രമമായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥർ നടത്തേണ്ടത്. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചുവിടാൻ നടക്കുന്ന ഒട്ടേറെ കൂട്ടരുണ്ട്. അതിൽ ആദ്യത്തെ പങ്ക് മാധ്യമങ്ങൾക്ക് തന്നെയാണ്. മാധ്യമങ്ങൾ കാണിക്കേണ്ട ജാഗ്രതയും ചാരക്കേസ് നമ്മെ ഓർമ്മിപ്പിക്കുകയാണ്.

ഒരു സംഭവം അന്വേഷിക്കുന്ന സമയത്ത് ഊഹത്തിനനുസരിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എത്രകണ്ട് വഴിതെറ്റിപ്പോവും എന്നതിന്റെ ശരിയായ അനുഭവപാഠമാണ് ഈ കേസ്സ്. ഇത്തരം അന്വേഷണ ഘട്ടങ്ങളിൽ മാധ്യമങ്ങൾ വിധികർത്താക്കളാവുന്നത് നിരപരാധികളെ ചിലപ്പോൾ ക്രൂശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കും'- മുഖ്യമന്ത്രിയുടെ വാക്കുകൾ. ഈ ചടങ്ങിന് സമാന പ്രാധാന്യം നൽകാനാവില്ലെങ്കിലും സമാനതകൾ കൊണ്ട് ഒപ്പം ചേർത്തുവെക്കാവുന്ന മറ്റൊരു ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. ചാരക്കഥയിൽ സത്യമില്ലെന്ന നിലപാട് സ്വീകരിച്ച മാധ്യമപ്രവർത്തകൻ എന്ന പരിഗണനയോടെ ലോക് ബന്ധു രാജ് നാരായണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അന്വേഷണാത്മക റിപ്പോർട്ടിംഗ് അവാർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് കുഞ്ഞമ്മദ് വാണിമേൽ ഏറ്റുവാങ്ങിയതായിരുന്നു അത്.


ചാരക്കേസിനിടെ കെ കരുണാകരന്റെ രാജിയെത്തുടർന്ന് മുഖ്യമന്ത്രിയായ എ കെ ആന്റണിയെ ആനയിക്കുന്ന ഉമ്മൻ ചാണ്ടി


മുഖ്യമന്ത്രി നമ്പി നാരായണന് ചെക്ക് നൽകുന്നു


മറിയം റഷീദയേയും ഫൗസിയ ഹസനേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നുനമ്പി നാരായണന് 50 ലക്ഷം രൂപ കൈമാറിയ ചടങ്ങിൽ മുഖ്യമന്ത്രിയും അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും


കെ കരുണാകരനും ആന്റണിയും പിന്നിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും


മൂന്ന് കൊല്ലമാണ് കൊല്ലാക്കൊല ചെയ്തത്: ഫൗസിയ ഹസൻ


മറിയം റഷീദ

Keywords: Kerala, Article, Top-Headlines, The astronaut is happy, and the bartender is a journalist!.


Post a Comment

Previous Post Next Post