മക്കളെ സ്‌നേഹിക്കുന്നവരറിയാന്‍...

മുജീബുല്ല കെ എം

(www.kvartha.com 22.11.2020) ഞാനെന്റെ മക്കള്‍ക്ക് സ്‌നേഹം വാരിക്കോരി നല്‍കാറുണ്ട് എന്നാണ് പല മാതാപിതാക്കളും അവകാശപ്പെടുന്നത്. പക്ഷേ, മക്കളോട് സംസാരിക്കുമ്പോള്‍ പലര്‍ക്കും പാളിച്ച പറ്റുന്നു. ദുര്‍ബല ചിത്തരായ മക്കള്‍, അത്തരം സംസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ അരുതാത്തത് ചെയ്ത് പോവുന്നു.


ഇതൊഴിവാക്കാന്‍ താഴെ പറയുന്ന പത്ത് കല്‍പ്പനകള്‍ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം... തയ്യാറായേ പറ്റൂ...

1. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്ഢി, കള്ളന്‍ തുടങ്ങിയ നെഗറ്റീവായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ് പതിക്കുന്നതെന്ന് ഓര്‍ക്കുക.

2. നായ, കഴുത, പോത്ത് തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

3. മക്കളെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്, അത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത് അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത് അവരെ വെറുക്കാനും ഇടയാക്കുന്നു.

4. മക്കളെ ഉപാധികള്‍ വെച്ച് സ്നേഹിക്കരുത്. ഉപാധികളില്ലാത്ത കറകളഞ്ഞ സ്‌നേഹമാണ് മക്കള്‍ തേടുന്നത്.

ചില നിശ്ചിത പ്രവര്‍ത്തികള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന് പറയുക. (നീ ഇത് തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത് ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന് പറയുക).
സ്നേഹത്തിന് ഉപാധികള്‍ വെക്കുന്നത് കുട്ടികളില്‍ അവര്‍ സ്നേഹിക്കപ്പെടുന്നില്ല എന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. മാതാപിതാക്കളെക്കാള്‍ വല്യപ്പനും വല്യമ്മച്ചിയും ഇപ്രകാരം ഉപാധികള്‍ വെച്ച് സ്നേഹിക്കുകയില്ലെന്ന കാരണത്താലാണ് കുട്ടികള്‍ അവരോട് കൂടുതല്‍ സ്നേഹവും അടുപ്പവും കാണിക്കുന്നത്.

5. കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും. കള്ളവും കള്ളത്തരവും പ്രോത്സാഹിപ്പിക്കരുത്. അത് കണ്ടാല്‍ തിരുത്തണം. പ്രവാചകന്‍ മുഹമ്മദ് നബി(സ) പറഞ്ഞ ഒരു വചനമുണ്ട്. മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ അവളുടെ കൈകള്‍ പോലും മുറിക്കുമെന്ന്. ഇത്തരത്തില്‍ സദുപദേശങ്ങള്‍ നല്‍കുകയും തെറ്റുകളില്‍ നിന്നകലാനും നന്‍മവഴിക്ക് നീങ്ങാനും മക്കള്‍ക്ക് പ്രചോദനമേകുകയും വേണം.

6. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് തടസ്സം പറയുകയും ചെയ്യാതിരിക്കുക. നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക് പിശാചേ, നിന്നെകൊണ്ട് ഒരു ഉപകാരവുമില്ല തുടങ്ങിയ കുത്തുവാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.

7. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല.
(നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).

8. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക. കടങ്ങള്‍ വാങ്ങി അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാതിരിക്കുക.

9. നാശം പിടിച്ചവന്‍, ഇബ്ലീസ്, പിശാച്, നിന്നെ ഞാന്‍ ശിക്ഷിക്കും, നീ ചത്തു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട് ഒരിക്കലും പറയരുത്.

10. കുട്ടികളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ പരസ്യമാക്കിയും കളിയാക്കിയും മറ്റും അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അരുത്.

ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അതനുസരിച്ച് മക്കളെ അറിഞ്ഞ് അവരെ സ്‌നേഹിക്കയും വളര്‍ത്തുകയും ചെയ്താല്‍ അനുസരണയുള്ള മക്കളായി നമ്മുടെ മക്കള്‍ വളര്‍ന്ന് വരും.

നല്ല രക്ഷിതാവാകാന്‍ (എഫക്ടീവ് പാരന്റിങ്ങിന്) നിങ്ങള്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളെ പരിചയപ്പെടുത്താം.

A. കുസൃതിയില്ലാത്ത കുട്ടികള്‍ - അഡ്വ മുഈനുദ്ധീന്‍
B. നിന്റെ കുഞ്ഞിനെ നീ അറിയുമോ - വി വി ജോസഫ്
C. നല്ല ശീലങ്ങള്‍ വളര്‍ത്താം വലിയവരാകാം - സുജമോള്‍ ജോസ്
D. The Art of Ideal Parenting - Prof. S Sivadas & Dr. A P Jayaraman
E. പരിഗണന അര്‍ഹിക്കുന്ന കുട്ടികളും പഠന വൈകല്യവും- മുരളീധരന്‍ മുല്ലമറ്റം
F. മക്കളുടെ പഠനം രക്ഷിതാക്കള്‍ക്കൊരു കൈപ്പുസ്തകം- എന്‍ പി ഹാഫിസ് മുഹമ്മദ്
G. മക്കളെ വളര്‍ത്താം വേറിട്ട വഴിയിലൂടെ- ഡോ എന്‍ കെ വിജയന്‍ കരിപ്പാല്‍
H. മക്കളുടെ സുസ്ഥിതിയും സുരക്ഷിതത്വവും- ഫ്രാന്‍സിസ് കാരക്കാട്ട്.

നമ്മളുടെ മക്കളാണ് നാളെയുടെ അവകാശികള്‍, അവരുടെ വഴികളില്‍ വെളിച്ചമാവേണ്ടവരാണ് നമ്മള്‍. അതിന്നാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.

(സിജി ഇൻ്റർനാഷനൽ കരിയർ ആർ ആൻഡ് ഡി ടീം കോർഡിനേറ്ററാണ് ലേഖകൻ)


Keywords: Article, Parents, Kids, Children, Abuse, Writer, To know those who love their children.
 


Post a Comment

أحدث أقدم