അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നും കാണാതായി; പിറ്റേന്ന് രാവിലെ കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി; നാട്ടുകാര്‍ നോക്കി നില്‍ക്കേ പിതാവ് 18 കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കാണ്‍പൂര്‍: (www.kvartha.com 17.09.2020) അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നും കാണാതാകുകയും പിറ്റേന്ന് കാമുകന്റെ വീട്ടില്‍ കണ്ടെത്തുകയും ചെയ്ത 18 കാരിയെ നാട്ടുകാര്‍ നോക്കി നില്‍ക്കേ പിതാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. യുപി കാണ്‍പൂരിലെ ഗജ്നീര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാന്‍പന്ന ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തെ ദുരഭിമാന കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തില്‍ ഒരു ചെറിയ കട നടത്തുന്നയാളാണ് 20കാരനായ കാമുകന്‍. ചൊവ്വാഴ്ച രാത്രിയില്‍ വീട് വിട്ട് ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയുടെ പിതാവിനോട് തങ്ങളുടെ വീട്ടിലുണ്ടെന്ന് കാമുകനും അയാളുടെ പിതാവും ചെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പറഞ്ഞു വിടാന്‍ ശ്രമിച്ചിട്ടും പോയില്ലെന്നും അവര്‍ക്കൊപ്പം മാത്രമേ ജീവിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്തതായി ഇരുവരും പിതാവിനെ അറിയിച്ചു.ഇതേ തുടര്‍ന്ന് ഒരു മഴുവുമെടുത്ത് മറ്റ് ബന്ധുക്കള്‍ക്കൊപ്പം യുവാവിന്റെ വീട്ടിലെത്തിയ പിതാവ് മകളെ അവിടെ കാണുകയും വീട്ടിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിതാവിനൊപ്പം പോകാന്‍ മകള്‍ തയ്യാറായില്ല. ഇതോടെ പിതാവും മകളും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കുപിതനായ പിതാവ് കയ്യിലിരുന്ന മഴു കൊണ്ട് മകളെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്തുവീണ മകളുടെ ചലനം നില്‍ക്കുന്നത് വരെ പിതാവ് വെട്ടിക്കൊണ്ടിരുന്നു. ഇടയ്ക്കുകയറി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കാമുകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. പ്രദേശവാസികളായ അനേകം പേര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഈ ക്രൂരത നടന്നത്.

ഇതിനിടെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കൃത്യം നടത്തിയ കോടാലി സഹിതം പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിന് ദൃക്സാക്ഷികളായ ഗ്രാമീണരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ പെണ്‍കുട്ടിയുടെ കാമുകനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദുരഭിമാന കൊലയായിട്ടാണ് പൊലീസ് സംഭവം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: UP: 18-year-old girl no more, Local News,Dead,Girl,Crime,Criminal Case,attack,Police,Arrested,National.

Post a Comment

Previous Post Next Post