Follow KVARTHA on Google news Follow Us!
ad

ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം താമസിക്കുന്നവര്‍ ഭീതിയില്‍; ആര്‍ച്ച് ഡാമിന് സമീപത്തെ 15 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു; ഒരു തവണയേ ഭൂകമ്പം അനുഭവപ്പെട്ടുള്ളൂ എന്ന് കെ എസ് ഇ ബി; 4 തവണ ചലനമുണ്ടായതായി നാട്ടുകാര്‍

ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപംNews, Earth Quake, Local-News, Natives, Dam, KSEB, Kerala, Idukki,
ചെറുതോണി: (www.kvartha.com 29.02.2020) ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം താമസിക്കുന്നവര്‍ ഭീതിയില്‍. ഫെബ്രുവരി 27 ന് രാത്രി 10:25 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് 48 സെക്കന്‍ഡ് നീണ്ടുനിന്നു.

ഇടുക്കി ആര്‍ച്ച് ഡാമിനും കാല്‍വരി മൗണ്ടിനും ഇടയിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. ഒരു തവണയേ ഭൂചലനം അനുഭവപ്പെട്ടുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നാലു തവണ ചലനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Two mild earthquakes hits Idukki district in Kerala, News, Earth Quake, Local-News, Natives, Dam, KSEB, Kerala, Idukki

വ്യാഴാഴ്ച ഉച്ചയ്ക്ക് നേരിയതോതിലും രാത്രി 10.25 മണിക്ക് അതിഭയങ്കരമായ മുഴക്കത്തോടെ വീണ്ടും ഒരു തവണയും അഞ്ചു മിനിറ്റിന് ശേഷം ഒരിക്കല്‍ കൂടിയും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് ആര്‍ച്ച് ഡാമിന് സമീപം താമസിക്കുന്നവര്‍ അവകാശപ്പെടുന്നത്.

കൂടാതെ വെള്ളിയാഴ്ച ഉച്ചയോടെ നാലാമതും നേരീയ തോതില്‍ ചലനം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു . എന്നാല്‍, റിക്ടര്‍ സ്‌കെയിലില്‍ വ്യാഴാഴ്ച രാത്രി 10.25 ന് ഉണ്ടായ ചലനം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണു ഡാം സേഫ്ടി അധികൃതരുടെ വാദം.

ഇടുക്കി അണക്കെട്ടിനോട് അനുബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെയുള്ള ഭൂകമ്പമാപിനി പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേതുടര്‍ന്ന് കെ എസ് ഇ ബിയുടെ ആലടി, കുളമാവ് എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് റീഡിങ്ങ് എടുത്തത്.

പ്രളയശേഷം അന്തരീക്ഷത്തിലുണ്ടായ താപനിലയുടെ വ്യത്യാസവും ഭൂപാളികളില്‍ ലിനമെന്റിലുണ്ടാക്കുന്ന മാറ്റങ്ങളും തുടര്‍ ചലനങ്ങള്‍ക്കു സാധ്യത വര്‍ധിപ്പിക്കുന്നതായി ഡാം സുരക്ഷാ വിഭാഗം വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഴത്തില്‍ ചലനമുണ്ടാകാതിരുന്നതാണു വലിയ ശബ്ദവും മുഴക്കവും ഉണ്ടാകാന്‍ കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.

ഭൂചലനത്തില്‍ ആര്‍ച്ച് ഡാമിന് സമീപത്ത് 15 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.  അണക്കെട്ടിന് സമീപം താമസിക്കുന്ന സുരേഷ് പനച്ചേല്‍, സ്റ്റീഫന്‍ അറയ്ക്കല്‍, രാഘവന്‍ പനച്ചേല്‍, റെജി ജോസഫ് മുത്തലക്കാട്ട്, അനില്‍കുമാര്‍ പുളിക്കമണ്ണില്‍, മാമച്ചന്‍ താഴത്തുവീട്ടില്‍, നോബി മാത്യു താഴത്തുരുത്തില്‍, പി യു ശാന്ത പൊട്ടന്‍പറമ്പില്‍, തങ്കച്ചന്‍ ചിമ്മിനിക്കാട്ട്, നിര്‍മല ബിജു പൊട്ടന്‍പറമ്പില്‍, സെല്‍വിന്‍ പീറ്റര്‍ തിരിത്തറവിളയില്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണു കേടുപാടുകള്‍ സംഭവിച്ചത്. എല്ലാവരും മരിയാപുരം പഞ്ചായത്തില്‍പ്പെട്ടവരാണ്.

Keywords: Two mild earthquakes hits Idukki district in Kerala, News, Earth Quake, Local-News, Natives, Dam, KSEB, Kerala, Idukki.