Follow KVARTHA on Google news Follow Us!
ad

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടുകഥയാണെന്ന് കാലം ഒരിക്കല്‍ തെളിയിക്കും; സ്ഥാപന മേധാവികളെ മാറ്റിയത് മുസ്ലീം ലീഗിന്റെ പ്രത്യേക താല്‍പര്യ പ്രകാരം; വാഫി കോളജ് സന്ദര്‍ശന വിവാദത്തില്‍ പ്രതികരണവുമായി പി ജയരാജന്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുന്നതിന് താന്‍ നടത്തിയ Kannur, News, Visit, Controversy, Malappuram, Facebook, post, Controversy, Principal, Allegation, Kerala,
കണ്ണൂര്‍: (www.kvartha.com 20.02.2020) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുന്നതിന് താന്‍ നടത്തിയ സന്ദര്‍ശനം വിവാദമായതിനെ കുറിച്ച് ശക്തമായി പ്രതികരിച്ച് പി ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് വാഫി കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചാണ് സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് വാഫി പി ജി ക്യാംപസ് സന്ദര്‍ശിച്ച് അവിടുത്തെ പള്ളിയിലെ സ്വീകരണ യോഗത്തില്‍ കഴിഞ്ഞ ദിവസം പി ജയരാജന്‍ പങ്കെടുത്തിരുന്നു.

 P Jayarajan on Wafy college controversy, Kannur, News, Visit, Controversy, Malappuram, Facebook, Post, Controversy, Principal, Allegation, Kerala

ഇതിനു പിന്നാലെയാണ് കോളജ് പ്രിന്‍സിപ്പലിനെയും ഡയറക്ടറേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. ഒരു സുഹൃത്ത് ക്ഷണിച്ചതനുസരിച്ചാണ് അവിടെ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ അവിടെ എത്തിയതെന്നും ചുമതലക്കാരെ മാറ്റിയത് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രത്യേക താല്‍പര്യം കാരണമെന്നാണെന്നുമാണ് ജയരാജന്‍ ആരോപിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടുകഥയാണെന്ന് ഒരിക്കല്‍ കാലം തെളിയിക്കുമെന്ന ആത്മവിശ്വാസവും ജയരാജന്‍ തന്റെ കുറിപ്പില്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഫെയ്‌സ് ബുക്കില്‍ വൈറലായ ജയരാജന്റെ കുറിപ്പ്;

2020 ഫെബ്രുവരി പത്താം തീയതി നിലമ്പൂര്‍ കാളികാവ് എന്ന സ്ഥലത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, അവിടെയുള്ള വാഫി സെന്റര്‍ സന്ദര്‍ശിച്ചത് ഞാന്‍ ഫെയ്‌സ് ബുക്കില്‍ ഫോട്ടോ സഹിതം കുറിച്ചിരുന്നല്ലൊ. എന്റെ ഒരു പ്രിയ സുഹൃത്ത് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് അവിടെ സന്ദര്‍ശിച്ചത്.

ഞങ്ങള്‍ നടത്തുന്ന കണ്ണൂരിലെ സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ മതിപ്പുള്ള ആ സുഹൃത്ത്, നിലമ്പൂരില്‍ അതേ പോലെ പ്രവര്‍ത്തിക്കുന്ന വാഫി സെന്റര്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും എന്നഭിപ്രായപ്പെട്ടു.

രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള താരതമ്യം ഗുണപരമായിരിക്കുമല്ലൊ എന്നൊരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അവരുടെ ജീവകാരുണ്യ സ്ഥാപനങ്ങളും മത പൊതുവിദ്യാഭ്യാസ സ്ഥാപനവും ഞാന്‍ സന്ദര്‍ശിച്ചത് വിലപ്പെട്ട അനുഭവമായിരുന്നു.

അവിടെ പഠിക്കുന്ന കുട്ടികളുമായി ഇന്ന് സമൂഹത്തില്‍ ഏറെ വൈകാരികമായി ചര്‍ച്ച ചെയ്യുന്ന പൗരത്വം എന്ന വിഷയത്തെക്കുറിച്ചും ഐ ആര്‍ പി സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ചും ഹ്രസ്വമായി സംസാരിച്ചു. കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ആ സന്ദര്‍ശനം ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായിട്ടാണ് അവരില്‍ നിന്ന് എനിക്ക് മനസ്സിലായത്.

എന്നാല്‍, എന്റെ സന്ദര്‍ശനം ചിലരെ അസ്വസ്ഥപ്പെടുത്തി എന്ന് പിന്നീട് മനസ്സിലായി. എന്നെ അവിടേക്ക് ക്ഷണിച്ച സുഹൃത്തിലേക്ക് തന്നെ യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ വിളിച്ച് അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.

എന്റെ ഫെയ്‌സ് ബുക്ക് പേജില്‍ എല്ലാ കാര്യങ്ങളും നെഗറ്റീവായി കാണുന്ന ചിലര്‍ ആ വിഷയത്തില്‍ കമന്റിടുകയും ചെയ്തിരുന്നു. ഈ കമന്റുകളില്‍ ചില പേരുകളും കേസുകളുമാണ് പ്രതിപാദിച്ചിരുന്നത്. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

എന്നാല്‍ ഒരു കാര്യം അടിവരയിട്ട് പറയേണ്ടതുണ്ട്, ആത്യന്തികമായി എന്റെ മേലെയുള്ള കരിനിഴലുകള്‍ പൂര്‍ണമായും മാറുമെന്ന് ഉറപ്പുണ്ട്. കാരണം, ഇക്കഴിഞ്ഞ ദിവസമാണ് 29 വര്‍ഷം മുമ്പുള്ള ഒരു കുറ്റാരോപണത്തില്‍ നിന്ന് ഹൈക്കോടതി എന്നെ മോചിപ്പിച്ചത്.

കുത്തുപറമ്പിലെ അവറോത്ത് മറിയം എന്ന കുടികിടപ്പുകാരിയോട് അവിടെയുള്ള ജന്മികുടുംബം കാണിച്ച അക്രമത്തോടും അതോടനുബന്ധിച്ച ഒരു വിധിയോടും വിയോജിച്ചതിന്റെ പേരില്‍ ആണ് ഒരു കേസില്‍ ഞാന്‍ മാത്രം ശിക്ഷിക്കപ്പെട്ടത്. അതിലാണ് ഇപ്പോള്‍ കുറ്റവിമുക്തനായത്. അതേപോലെ കമന്റുകളില്‍ സൂചിപ്പിച്ച കേസുകളിലും സത്യം പുറത്തു വരുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്.

ഇതൊക്കെ പറയാനുണ്ടായ കാരണം, വാഫി സെന്ററില്‍ എനിക്കു നല്‍കിയ സ്വീകരണത്തിന് കുറ്റം ചാര്‍ത്തി അവിടെയുള്ള പ്രിന്‍സിപ്പാള്‍ ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരിയേയും ഡയരക്ടര്‍ ഇബ്രാഹിം ഫൈസി റിപ്പണേയും തല്‍സ്ഥാനത്ത് നിന്ന് മാനേജ്‌മെന്റ് പുറത്താക്കിയ വിവരം ഞാനിപ്പോള്‍ അറിഞ്ഞു.

പൗരത്വം എന്ന വിഷയത്തില്‍ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചത്? പൗരത്വം എന്ന വിഷയത്തില്‍ കുട്ടികളുമായി സംസാരിക്കാന്‍ പത്ത് വര്‍ഷം എം എല്‍ എയായിരുന്ന, പൊതു പ്രവര്‍ത്തകന് അവസരം നല്‍കിയതാണോ അവര്‍ ചെയ്ത കുറ്റം? 'പൗരന്മാരോടുള്ള എല്ലാ തരത്തിലുമുള്ള പുറത്താക്കാലിനെയും എതിര്‍ക്കുന്ന സമസ്തയെ പോലെയുള്ള സംഘടനയ്ക്ക് ഈ സാരഥികളെ പുറത്താക്കിയത് ഉചിതമായി തോന്നുന്നുണ്ടോ?

ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ആതിഥ്യ മര്യാദ കാണിച്ചു എന്നതാണോ അവര്‍ ചെയ്ത കുറ്റം? മതനിരപേക്ഷ വിഭാഗങ്ങളെയാകെ ചേര്‍ത്തു നിര്‍ത്തേണ്ട ഈ സഹനസമരങ്ങളുടെ കാലത്ത് ഒപ്പമുള്ളവരെ തന്നെ പുറത്താക്കുന്ന സമസ്തയുടെ ആദര്‍ശ പാപ്പരത്തം നിങ്ങളുടെ അണികളില്‍ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടും.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പരിസരത്ത് സി എച്ച് സെന്റര്‍ നടത്തുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തങ്ങള്‍ വേദിയിലിരിക്കേ, ആശംസ പ്രസംഗം നടത്തിയ കാര്യം ഞാന്‍ ഓര്‍ക്കുന്നു.

ആ ചടങ്ങില്‍ എന്നെ പങ്കെടുക്കാന്‍ ക്ഷണിച്ച അതേ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയിലെ ചിലര്‍ക്ക് ഇപ്പോള്‍ ഞാന്‍ വാഫി സന്ദര്‍ശിച്ചതിനു ഹാലിളകുന്നതിനു എന്താണ് കാരണം? വാഫിയിലെ രണ്ടു ജീവനക്കാരോട് കാണിച്ച നീതി കേട്, സമുദായത്തെ കൂടെ നിര്‍ത്തും എന്ന നിങ്ങളുടെ അവകാശ വാദത്തെ കൂടി ചോദ്യം ചെയ്യുന്നതാണ്.

എന്തായാലും, ആ സാരഥികള്‍ക്കും എന്നെ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും എന്റെ മനസ്സില്‍ എപ്പോഴും സ്ഥാനമുണ്ടാവും. ഇരട്ടത്താപ്പില്ലാതെ പൗരത്വം എന്ന വിഷയത്തിലും സമരത്തിലും നമുക്ക് അണി ചേരാമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

Keywords: P Jayarajan on Wafy college controversy, Kannur, News, Visit, Controversy, Malappuram, Facebook, Post, Controversy, Principal, Allegation, Kerala.