Follow KVARTHA on Google news Follow Us!
ad

ഒരു കന്നി അയ്യപ്പഭക്തന്‍ അറിയേണ്ട കാര്യങ്ങള്‍; അമ്പതാണ്ടിന്റെ അനുഭവവുമായി ഗുരുസ്വാമി മനസുതുറക്കുന്നു

Article, Story, Shabarimala, kasaragod, Guruswami, Eriyal Shereef, Ayyappa Swami, Story of a Guruswami ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര ആഗ്രഹിക്കാത്തവരായി ആരുമില്ല. ഭക്തിയുടെയും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണ വഴിയില്‍ ശരീരവും മനസും ഒരുപോലെ കൊണ്ടു നടക്കുന്ന വ്രതത്തിലൂടെ
എരിയാല്‍ ഷരീഫ്

ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര ആഗ്രഹിക്കാത്തവരായി ആരുമില്ല. ഭക്തിയുടെയും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണ വഴിയില്‍ ശരീരവും മനസും ഒരുപോലെ കൊണ്ടു നടക്കുന്ന വ്രതത്തിലൂടെ ആത്മീയതലം കണ്ടെത്തുക എന്നത് ഓരോ അയ്യപ്പഭക്തന്റയും ജീവിതാഭിലാഷങ്ങളിലൊന്നാണ്, ശബരിമല തീര്‍ത്ഥയാത്രയും.

1969 മുതല്‍ ശബരിമലയിലെത്തി സ്വാമി അയ്യപ്പദര്‍ശനത്തിലൂടെ ആത്മീയ ചൈതന്യം നേടുക വഴി നിരവധി അയ്യപ്പഭക്തര്‍ക്ക് വഴികാട്ടിയായ ഗുരുസ്വാമി. കഴിഞ്ഞ 50 വര്‍ഷമായി അയ്യപ്പദര്‍ശനത്തിലൂടെ ആയിരങ്ങള്‍ക്ക്, അയ്യപ്പഭക്തരായ സ്വാമിമാര്‍ക്ക് മാര്‍ഗ നിര്‍ദേശവും ആചാരമര്യാദകളും അയ്യപ്പസേവ താല്‍പ്പര്യവും മുന്നില്‍ കണ്ട് പകര്‍ന്ന് നല്‍കിയ ഗുരുസ്വാമി.


ജീവിതമാര്‍ഗമായ തയ്യല്‍ വേലയ്ക്കിടയിലും ഏറ്റവും ചെറിയ പ്രായത്തില്‍, കലണ്ടറില്‍ കണ്ട ശ്രീ അയ്യപ്പസ്വാമിയുടെ ചിത്രമാണ് ശബരിമലയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുന്ന അയ്യപ്പഭക്തന്‍.

കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിനടുത്തുള്ള ധര്‍മശാസ്താ സേവ സംഘത്തിലെ ഗുരുസ്വാമിയായി ഇപ്പോഴും നിലകൊള്ളുന്ന ബാലകൃഷ്ണ ഗുരുസ്വാമി. ഇങ്ങനെയും ഒരാളിലൂടെ കെവാര്‍ത്ത പരിചയപ്പെടുത്തുന്നു.

കാസര്‍കോട് നെല്ലിക്കുന്ന് ബീച്ചിലേക്ക് തിരിയുന്ന വളവില്‍ കഴിഞ്ഞ 47 വര്‍ഷക്കാലം തയ്യല്‍ ജോലിയിലൂടെ ജനപ്രിയനായ ബാലകൃഷ്ണ സ്വാമിയുടെ ജീവിതം വിശുദ്ധിയുടെയും ഭക്തിയുടെയും നിറപ്പകിട്ടുള്ളതാണ്. 69 മുതല്‍ ശ്രീ അയ്യപ്പന്റെ സന്നിധാനമായ ശബരിമല ദര്‍ശനം വഴി തനിക്കുണ്ടായ സൗഭാഗ്യങ്ങളെ കുറിച്ചും അയ്യന്റെ തിരുസന്നിധിയിലെത്തി ആഗ്രഹസാഫല്യം നേടിയവരുടെ കഥകളും ഓര്‍ത്തെടുക്കുന്ന സ്വാമി, ശബരിമലയിലെ ഓരോ പടി കയറുമ്പോഴും ജീവിത വഴിയില്‍, ഓരോ ചുവടും മുന്നോട്ടായിരുന്നു തന്റെ ജീവിതമെന്ന് തിരിച്ചറിയുന്നു.

ഇന്നുള്ള എല്ലാ ഐശ്വര്യങ്ങളും സ്ഥാനമാനങ്ങളും അയ്യപ്പസ്വാമിയുടെ കടാക്ഷമെന്ന് കരുതുന്നു. ഏഴ് വര്‍ഷം മുമ്പ് 2013ല്‍ ഭാര്യ പ്രേമലതയുടെ മരണം മനസിനുണ്ടാക്കിയ വിരഹം അയ്യപ്പദര്‍ശനത്തിലൂടെ സമാധാനം കണ്ടെത്തി എന്ന് ഉറച്ചുവിശ്വസിക്കുന്നു. മക്കളായ പ്രമോദിനിയും തിരുമലേഷും മറ്റു കുടുംബാംഗങ്ങളുമെല്ലാം സ്വാമിയുടെ അയ്യപ്പദര്‍ശനത്തിന് എല്ലാ നിലയിലും പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ട്. ജീവിതത്തില്‍ സമൂഹത്തിന് ചെയ്യുന്ന നന്മകളില്‍ ആനന്ദം കാണുകയും ലോകത്തുള്ള മുഴുവന്‍ മനുഷ്യ ജീവികളിലും അയ്യപ്പന്റെ കാരുണ്യത്തിന്റെ കണ്ണുകളുണ്ടെന്നും അതറിഞ്ഞ് വിശുദ്ധിയോടും പൂര്‍ണ വ്രതത്തിലുമായി സൂക്ഷ്മതയോടു കൂടി മാത്രം അയ്യപ്പദര്‍ശനം നടത്തിയാല്‍ ആഗ്രഹസാഫല്യം കിട്ടുമമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കന്നി അയ്യപ്പഭക്തര്‍ക്കും ശിഷ്യര്‍ക്കും ഉപദേശം നല്‍കുന്നു. കേളുഗുഡ്ഡെ അയ്യപ്പമന്ദിരത്തിന്റെ തൊട്ടടുത്താണ് ഇപ്പോള്‍ താമസം.

1967 മുതല്‍ 2014 വരെ ആദര്‍ശ് ടൈലേര്‍സ് എന്ന പേരില്‍ തയ്യല്‍വേലയിലൂടെ കാസര്‍കോട്ടുകാര്‍ക്ക് സുപരിചിതനായ ബാലകൃഷ്ണ സ്വാമി. അയ്യപ്പദര്‍ശനത്തിന്റെ 50-ാം വര്‍ഷത്തില്‍ ഭക്തസമൂഹം തനിക്ക് നല്‍കിയ ആദരവ് ഒരു അംഗീകാരമായി മനസില്‍ സൂക്ഷിക്കുന്നു. തന്റെ 70-ാം വയസിലും ശബരിമല ദര്‍ശനവും അയ്യപ്പസേവയും ഒരു തപസ്യയായി കണ്ട് അനേകായിരം സ്വാമിമാര്‍ക്ക് വഴികാട്ടിയായി ഇന്നും യാത്ര തുടരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Story, Shabarimala, kasaragod, Guruswami, Eriyal Shereef, Ayyappa Swami, Story of a Guruswami