Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം - കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആകാശ സര്‍വെ കണ്ണൂരില്‍ തുടങ്ങി, കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വെ പൂര്‍ത്തിയായി

Kerala, Kannur, News, Thiruvananthapuram, kasaragod, Pilot, Helicopter, High Speed Rail Line, Semi High-Speed Rail Line: Aerial survey commences in Kannur കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്
കണ്ണൂര്‍: (www.kvartha.com 31/12/2019) കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം - കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി ആകാശ സര്‍വെ കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വെ ചൊവ്വാഴ്ച പൂര്‍ത്തിയാക്കി.

സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വെ ചെയ്യുന്നതിന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. സര്‍വെയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു.

ഏഴു ദിവസത്തെ സര്‍വെക്ക് പാര്‍ട്ടെനേവിയ പി 68 എന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടത് എന്ന കര്‍ശന നിബന്ധനയുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വെ നടത്തുന്നത്. നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോ തന്നെയാണ് നടത്തിയത്.

വളരെ വേഗം അലൈന്‍മെന്റ് പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയും എന്നതാണ് ഈ സര്‍വെയുടെ മെച്ചമെന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വെയും വേഗം തയാറാക്കുന്നതിന് ഇത് കെ-റെയിലിനെ സഹായിക്കും. ലോകത്തെങ്ങും ലൈഡാര്‍ സര്‍വെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സര്‍വെ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള 310 കിലോ മീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോട് വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. ചെറു പട്ടണങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വ്വീസും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.

കുറഞ്ഞ യാത്രാസമയം, കൂടുതല്‍ പ്രദേശങ്ങളുമായുള്ള ബന്ധം, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍നിന്നുള്ള മാറ്റം, റോഡിലെ തിരക്കില്‍ നിന്നുള്ള മോചനം എന്നിവയാണ് പദ്ധതിയുടെ മെച്ചങ്ങള്‍.

ലൈഡാര്‍ സര്‍വെ

ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേന്‍ജിംഗ് എന്നതിന്റെ ചുരുക്കപ്പേരായ ലൈഡാറില്‍ ലേസര്‍ രശ്മികളുടെ  പ്രതിഫലനം ഉപയോഗിച്ചാണ് സര്‍വെ നടത്തുന്നത്. ഹെലികോപ്റ്ററിലുള്ള ലൈഡാര്‍ ഉപകരണത്തില്‍ ലേസര്‍ യൂണിറ്റ്, സ്‌കാനര്‍, ജിപിഎസ് റിസീവര്‍ എന്നിവയുണ്ടായിരിക്കും. ലേസര്‍ യൂണിറ്റില്‍ നിന്നു പുറപ്പെടുന്ന രശ്മികള്‍ ഭൂമിയുടെ ഉപരിതലം സ്‌കാന്‍ ചെയ്ത് തിരിച്ചെത്തുന്നത് സെന്‍സറില്‍ സ്വീകരിച്ചാണ്  റൂട്ട് മാപ്പ് ചെയ്യുന്നത്.

ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാര്‍ സര്‍വെ വഴി ലഭ്യമാക്കാനാവും. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈതൃകമേഖലകള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാനാവും. മരങ്ങള്‍ മൂടിനിന്നാലും താഴെയുള്ള പ്രദേശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള ക്യാമറയാണ് ലൈഡാര്‍ യൂണിറ്റില്‍ ഉപയോഗിക്കുന്നത്.

സില്‍വര്‍ ലൈനിനുവേണ്ടി 600 മീറ്റര്‍ വീതിയിലുള്ള ഭൂമിയാണ് സര്‍വെ ചെയ്യുന്നത്. ഇതിനകത്ത് അനുയോജ്യമായ 25 മീറ്റര്‍ വീതിയില്‍ മാത്രമാണ് ലൈന്‍ സ്ഥാപിക്കുക. ഇതിനുള്ള ഗ്രൗണ്ട് പോയിന്റുകള്‍ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. കെട്ടിടങ്ങള്‍, ജനവാസ മേഖലകള്‍, വനപ്രദേശങ്ങള്‍, പാലങ്ങള്‍ എന്നുതുടങ്ങി കലുങ്കുകളും കുറ്റിച്ചെടികളും വരെ ലൈഡാറിന്റെ കണ്ണില്‍ പെടുന്നതുകൊണ്ട് ജനജീവിതത്തിനു പ്രയോജനപ്പെടുന്നതെല്ലാം പരമാവധി ഒഴിവാക്കി അലൈന്‍മെന്റ് നിശ്ചയിക്കാന്‍ ഇതിലൂടെ കഴിയും.

രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടി വരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.



Keywords:  Kerala, Kannur, News, Thiruvananthapuram, kasaragod, Pilot, Helicopter, High Speed Rail Line,  Semi High-Speed Rail Line: Aerial survey commences in Kannur