Follow KVARTHA on Google news Follow Us!
ad

85-ാമത് ശിവഗിരി തീര്‍ത്ഥാടനം പ്രധാനമന്തി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഇന്ന് 2017 ലെ അവസാന ദിവസമാണ്. ഇന്ന് ശ്രീനാരായണ ഗുരുവിന്റെയും, വേദിയില്‍ ഇരിക്കുന്നNews, Kerala, Prime Minister, Inauguration, Speech,
വര്‍ക്കല:(www.kvartha.com 31/12/2017) 85-ാമത് ശിവഗിരി തീര്‍ത്ഥാടനം പ്രധാനമന്തി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം:

ഇന്ന് 2017 ലെ അവസാന ദിവസമാണ്. ഇന്ന് ശ്രീനാരായണ ഗുരുവിന്റെയും, വേദിയില്‍ ഇരിക്കുന്ന സംന്യാസിശ്രേഷ്ഠന്‍മാരുടെയും ആശീര്‍വ്വാദം നേടാന്‍ അവസരമുണ്ടായത് എന്റെ സൗഭാഗ്യമെന്നു വിചാരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ ആശീര്‍വ്വാദത്താല്‍ 2018 ലെ ആദ്യത്തെ പ്രകാശകിരണം മുഴുവന്‍ രാജ്യത്തിനും, ലോകത്തിനുതന്നെയും ശാന്തിയുടെയും നന്മയുടെയും വികസനത്തിന്റെയും പുതിയ പ്രഭാതവുമായി എത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ശിവഗിരി മഠത്തിലെത്തുന്നത് എനിക്ക് എന്നും വളരെ ആദ്ധ്യാത്മികസുഖമേകുന്ന അനുഭവമായിരുന്നു. ഇന്ന് ശിവഗിരി തീര്‍ഥാടനത്തിന്റെ തുടക്കം കുറിക്കാന്‍ അവസരം നല്കിക്കൊണ്ട് എന്റെ ആ സുഖം വര്‍ധിപ്പിച്ചിരിക്കുന്നു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിനോടും നിങ്ങളേവരോടും വളരെ കടപ്പെട്ടിരിക്കുന്നു.

News, Kerala, Prime Minister, Inauguration, Speech, Prime minister inaugurated 85th shivagiri pilgrimage

സഹോദരീ സഹോദരന്മാരേ,

ആന്തരികമായ ദൗര്‍ബല്യങ്ങളും ആന്തരികമായ തിന്മകളും ദൂരീകരിക്കുന്ന പ്രക്രിയ നടന്നു പോരുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും വൈശിഷ്ട്യമാണ്. ഈ പ്രക്രിയയ്ക്കു ഗതിവേഗമേകാന്‍ സമയാസമയങ്ങളില്‍ സംന്യാസി ശ്രേഷ്ഠന്മാരും ഋഷിമുനിമാരും മറ്റു മഹാത്മാക്കളും ജന്മമെടുത്തു പോരുന്നു. ഈ പുണ്യാത്മാക്കള്‍ സമൂഹത്തെ ഈ തിന്മകളില്‍ നിന്നു മോചിപ്പിക്കുന്നതിന് തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുന്നു.

പരമപൂജനീയ ശ്രീനാരായണഗുരുവിനെപ്പോലുള്ള പുണ്യാത്മാക്കള്‍ ജാതിവാദം, ഉച്ചനീചത്വം, വര്‍ഗ്ഗീയത തുടങ്ങിയവയ്‌ക്കെതിരെ സമൂഹത്തെ ഉണര്‍ത്തി, സമൂഹത്തെ ഒരുമിപ്പിച്ചു. ഇന്ന് വിദ്യാഭ്യാസ മേഖലയിലെ വിജയത്തിന്റെ കാര്യമാണെങ്കിലും സാമൂഹിക തിന്മകളില്‍ നിന്നുള്ള മോചനത്തിന്റെ കാര്യമാണെങ്കിലും തൊട്ടുകൂടായ്മയ്‌ക്കെതിരായ മനോഭാവം സമൂഹത്തിലുണ്ടാക്കുന്ന കാര്യമാണെങ്കിലും ഒന്നും വെറുതെ ഉണ്ടായതല്ല. ശ്രീനാരായണ ഗുരുവിന് അക്കാലത്ത് എത്ര അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാകും, എത്ര കഷ്ടപ്പാട് സഹിക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് നമുക്കൂഹിക്കാവുന്നതാണ്,

സുഹൃത്തുക്കളേ,

വിദ്യകൊണ്ടു പ്രബുദ്ധരാവുക
സംഘടനകൊണ്ടു ശക്തരാവുക
വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം

എന്നത് ശ്രീനാരായണ ഗുരുവിന്റെ മന്ത്രമായിരുന്നു. ദളിതരെയും പീഡിതരെയും ഇല്ലായ്മ അനുഭവിച്ചിരുന്നവരെയും ശക്തിപ്പെടുത്താന്‍ അദ്ദേഹം വഴി ഉപദേശിച്ചു. ദരിദ്രരും ദളിതരും പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരും തങ്ങളുടെ പക്കല്‍ വിദ്യാഭ്യാസത്തിന്റെ ശക്തിയുണ്ടെങ്കില്‍ മുന്നേറും എന്നദ്ദേഹം കരുതിയിരുന്നു. സമൂഹത്തിന് വിദ്യാഭ്യാസം കിട്ടിയാല്‍ ആത്മവിശ്വാസം നിറയും, ആത്മപരീക്ഷണത്തിന് അവസരമുണ്ടാകും. അതുകൊണ്ട് അദ്ദേഹം കേരളത്തില്‍ മാത്രമല്ല, അടുത്തുള്ള പ്രദേശങ്ങളിലും വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പ്രോത്സാഹനമേകുന്ന സ്ഥാപനങ്ങള്‍ ഉണ്ടാക്കി. ഇന്ന് സ്വദേശത്തും വിദേശത്തും ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് എത്രയോ സ്ഥാപനങ്ങള്‍ പ്രയത്‌നിക്കുന്നു.

ശ്രീനാരായണഗുരു സമൂഹത്തിലെ എല്ലാ വ്യക്തികളെയും ഒരുമിപ്പിക്കുന്നതിനു ശ്രമിച്ചു. അത്ഭുതങ്ങളും കാപട്യങ്ങളും ദൂരീകരിച്ച് ക്ഷേത്രങ്ങളില്‍ സത്യവും ശുചിത്വവും ഉണ്ടാകേണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ മാലിന്യം നിറച്ചിരുന്ന എല്ലാ പൂജാപദ്ധതികളിലും അദ്ദേഹം മാറ്റങ്ങള്‍ കൊണ്ടുവന്നു. പൂജാപദ്ധതികളില്‍ കടന്നുകൂടിയിരുന്ന ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം അദ്ദേഹം മാറ്റുകയും പുതിയ ഏര്‍പ്പാടുകള്‍ കാട്ടിത്തരുകയും ചെയ്തു. ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ എല്ലാവര്‍ക്കുമുള്ള അവകാശം അദ്ദേഹം ഉറപ്പിച്ചു.

ശിവഗിരി തീര്‍ഥാടനവും ഒരു തരത്തില്‍ സാമൂഹികപരിഷ്‌കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശാല വീക്ഷണത്തിന്റെ പരിണതിയാണ്. ശിവഗിരിയെ വിദ്യ, ശുചിത്വം, സത്യശക്തി, സംഘടനാശക്തി, അറിവ്, ശാസ്ത്രം, കര്‍ഷകര്‍ തുടങ്ങിയവയുമായെല്ലാം ബന്ധപ്പെടുത്തി, ഇവയുടെ ഉറപ്പാക്കലിനെ തീര്‍ഥാടനത്തിന്റെ ലക്ഷ്യവുമായി ബന്ധിപ്പിച്ചു എന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു:

എല്ലാ അറിവുകളും പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ ജനങ്ങളും രാജ്യവും പുരോഗമിക്കുകയും സമൃദ്ധമാവുകയും ചെയ്യും. ഇതാണ് ശിവഗിരി തീര്‍ഥാടനത്തിന്റെ മുഖ്യ ലക്ഷ്യം.

85 വര്‍ഷമായി തുടരുന്ന ശിവഗിരി തീര്‍ഥാടനത്തിന്റെ അവസരത്തില്‍ ഈ മേഖലകളിലെ വിദഗ്ധരെ ക്ഷണിക്കുകയും അവരുടെ ജീവിതാനുഭവങ്ങള്‍ കേള്‍ക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഇന്നും ഈ പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിലെ വിദഗ്ധര്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. ഞാന്‍ നിങ്ങളെയേവരെയും സ്വാഗതം ചെയ്യുന്നു, ആദരിക്കുന്നു, നിങ്ങളുടെ അറിവിലൂടെ ആളുകള്‍ക്ക് പുതിയതായി ചിലത് പഠിക്കാനും അറിയാനും അവസരം ലഭിക്കും എന്നാശിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ, ആരൊക്കെ മുങ്ങുകയും നീന്തിക്കയറുകയും സിദ്ധി നേടുകയും ചെയ്യുന്നുവോ, അവര്‍ക്കൊക്കെജ്ഞാനത്തിന്റെ കുംഭസ്‌നാനമാണ് ശിവഗിരി തീര്‍ഥാടനമെന്നാണ് എന്റെ അഭിപ്രായം. കുംഭമേളയുടെ അവസരത്തില്‍ നമ്മുടെ വിശാലമായ രാജ്യം ഒരിടത്ത് ഒത്തുചേരാന്‍ ശ്രമിക്കുന്നു. സംന്യാസിമാരും മഹാത്മാക്കളും, ഋഷിമുനിമാരുമെല്ലാം ഒത്തു ചേരുന്നു. സമൂഹത്തിലെ സുഖദുഃഖങ്ങളെക്കുറിച്ചെല്ലാം അവര്‍ ചര്‍ച്ച ചെയ്യുന്നു. കാലത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും കുംഭമേളയുടെ രൂപഭാവങ്ങള്‍ക്ക് ഒരു വൈശിഷ്ട്യമുണ്ട്. എല്ലാ പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴും സന്യാസിമാരും ഋഷിമുനിമാരും ഒത്തു ചേര്‍ന്നിരുന്നു, ഭാവിയില്‍ സമൂഹം എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന് തീരുമാനിച്ചിരുന്നു.

രാജ്യം ഏതു ദിശയിലേക്കു പോകുമെന്നും, സമൂഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ എങ്ങനെയുള്ള മാറ്റം വേണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. ഇത് ഒരു തരത്തിലുള്ള സാമൂഹികമായ തീരുമാനമെടുക്കലായിരുന്നു. പിന്നീട് മൂന്നു വര്‍ഷത്തിനുശേഷം വെവ്വേറെ ഇടങ്ങളില്‍, ചിലപ്പോള്‍ നാസിക്കില്‍, ചിലപ്പോള്‍ ഉജ്ജയിനിയില്‍, ചിലപ്പോള്‍ ഹരിദ്വാറില്‍ നടന്ന കുഭമേളകളില്‍ ഇവയെക്കുറിച്ച് വിശകലനങ്ങള്‍ നടത്തിയിരുന്നു, തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ എവിടെവരെ എത്തി എന്നു പരിശോധിച്ചിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും ഉചിതമായ സമീക്ഷ നടത്തപ്പെട്ടിരുന്നു.

വര്‍ഷാവസാനത്തില്‍ ഇവിടെ ഇങ്ങനെ ഒത്തു കൂടുമ്പോള്‍ ഇതെക്കുറിച്ചെല്ലാം സാര്‍ത്ഥകമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും, കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചയുടെ പരിണതി എന്തായെന്നു പരിശോധിക്കുന്നുണ്ടെന്നും ഞാന്‍ വിചാരിക്കുന്നു. ഏതു ലക്ഷ്യത്തിലെത്താനുള്ള വഴിയാണോ ശ്രീനാരായണ ഗുരു കാട്ടിത്തന്നത് ആ ദിശയിലേക്കു നാം കുറച്ചെങ്കിലും മുന്നേറിയോ എന്നു പരിശോധിക്കുന്നുണ്ടാകുമെന്നും വിചാരിക്കുന്നു.

സുഹൃത്തുക്കളേ,

ശിവഗരി തീര്‍ഥാടനമാണെങ്കിലും, കുഭമേളയോ മഹാകുംഭമേളയോ ആണെങ്കിലും സമൂഹത്തിന് ദിശാബോധമേകുന്ന, രാജ്യത്തിന്റെ ഉള്ളിലെ തിന്മകളെ ദൂരീകരിക്കുന്നതിനുതകുന്ന ഇത്തരം പാരമ്പര്യങ്ങള്‍ ഇന്നും വളരെ മഹത്തായവയാണ്. രാജ്യത്തെ വെവ്വേറെ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇതുപോലുള്ള തീര്‍ഥാടനങ്ങള്‍ രാജ്യത്തെ ഒരുമിപ്പിക്കുന്നു. വെവ്വേറെ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നു, വെവ്വേറെ ചിന്താഗതികളുള്ള ആളുകള്‍ ഒത്തുകൂടുന്നു, ഓരോരുത്തരുടെയും പാരമ്പര്യങ്ങളെ കാണുകയും അറിയുകയും ചെയ്യുന്നു, ഏകാത്മ ഭാവത്തോടെ സംഘടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, കേരളത്തിലെ ഈ പവിത്ര ഭൂമിയിലാണ് ആദിശങ്കരാചാര്യര്‍ അദ്വൈതസിദ്ധാന്തം അവതരിപ്പിച്ചത്. അദ്വൈതത്തിന്റെ നേരിട്ടുള്ള അര്‍ഥം ദ്വൈതത്തിന്റെ ഇല്ലായ്മ എന്നാണ്. ഞാനെന്നും നീയെന്നുമുള്ള വിചാരമില്ലായ്മ. എന്റെതെന്നും അന്യന്റേതെന്നുമുള്ള ഭാവമില്ലായ്മ.

ഈ മനോഭാവം രൂപപ്പെടുമ്പോള്‍ അദ്വൈതത്തെ സാക്ഷാത്കരിക്കുന്നു... ഈ വഴിയാണ് ശ്രീനാരായണ ഗുരു കാട്ടിത്തന്നത്.

ശ്രീനാരായണഗുരു അദ്വൈതസിദ്ധാന്തം ജീവിച്ചു കാട്ടി എന്നു മാത്രമല്ല, വിശ്വസമൂഹത്തിനൊന്നാകെ അത് എങ്ങനെ ജീവിക്കാവുന്നതാണെന്നതിന് വഴി കാട്ടിക്കൊടുക്കുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ, ശിവഗിരി തീര്‍ഥാടനം തുടങ്ങുന്നതിന് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അദ്വൈതാശ്രമത്തില്‍ മതപാര്‍ലമെന്റ് സംഘടിപ്പിക്കപ്പെട്ടിരുന്നു. ലോകമെങ്ങുംനിന്നുള്ള വ്യത്യസ്തങ്ങളായ മതങ്ങളില്‍ പെട്ടവര്‍ എത്തിച്ചേര്‍ന്നു. മതത്തിന്റെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ വിട്ട് ശാന്തി-സന്മനോഭാവത്തിന്റെയും സമൃദ്ധിയുടെയും പാതയില്‍ മുന്നേറാനുള്ള ആഹ്വാനം ഈ മത പാര്‍ലമെന്റില്‍ ലോകത്തോടു മുഴുവന്‍ നടത്തിയിരുന്നു.

മത പാര്‍ലമെന്റിന്റെ കവാടത്തില്‍ വാദിച്ചു ജയിക്കാനല്ല, അറിയാനും അറിയിക്കാനുമാണ് നാം ഇവിടെ കൂടിയിരിക്കുന്നത് എന്ന് ഗുരുജി എഴുതിച്ചിരുന്നു എന്ന് എന്നോടു പറയുകയുണ്ടായി.

പരസ്പരമുള്ള സംവാദങ്ങള്‍, പരസ്പരം അറിയാനുള്ള ഈ ശ്രമം വളരെ മഹത്തായതായിരുന്നു. ഇന്നു നാം ആഗോള പരിതഃസ്ഥിതികളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ സന്യാസി സമൂഹം, അപകടം സമീപിക്കുന്നത് എങ്ങനെ കണ്ടിരുന്നുവെന്നും നമുക്ക് എങ്ങനെ മുന്നറിയിപ്പു തന്നിരുന്നു എന്നും നമുക്ക് കാണാനാകുന്നു.

സഹോദരീ സഹോദരന്മാരേ, നാം പത്തൊമ്പതാം നൂറ്റാണ്ടിലേക്കും ഇരുപതാം നൂറ്റാണ്ടിലേക്കും കണ്ണോടിച്ചാല്‍ സ്വാതന്ത്ര്യസമരകാലത്തെ ആ സമൂഹ്യ പരിഷ്‌കര്‍ത്താക്കളും മതഗുരുക്കന്മാരും ഏറെ സംഭാവനകള്‍ നല്കിയിരുന്നതായി കാണാം. വെവ്വേറെ ജാതികളായി വിഭജിക്കപ്പെട്ടിരുന്ന സമൂഹത്തിന്, വെവ്വേറെ വര്‍ഗ്ഗങ്ങളായി നിന്ന സമൂഹത്തിന് ഇംഗ്ലീഷുകാരെ നേരിടാന്‍ സാധിക്കുമായിരുന്നില്ല. ഈ ദൗര്‍ബ്ബല്യം ദൂരീകരിക്കാന്‍ അക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതിവാദത്തിനെതിരെ വലിയ ജനമുന്നേറ്റങ്ങള്‍ നടന്നു. ആ ജനമുന്നേറ്റങ്ങളുടെയും ആ പരിഷ്‌കരണ പരിപാടികളുടെയും ലക്ഷ്യം രാജ്യം മുന്നേറണറമെന്നതും അടിമച്ചങ്ങല പൊട്ടിക്കണമെങ്കില്‍ ഉള്ളിലെ ദൗര്‍ബല്യങ്ങളില്‍ നിന്ന് മോചനം നേടണം എന്നതുമായിരുന്നു.

ഈ ജനമുന്നേറ്റങ്ങള്‍ക്കു നേതൃത്വം വഹിച്ചരുന്നവര്‍ രാജ്യത്തെ സാധാരണ ജനങ്ങളെ തുല്യതയോടെ കണക്കാക്കി ആദരിച്ചു. അവര്‍ രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കി തങ്ങളുടെ ആധ്യാത്മിക യാത്രയെ രാഷ്ട്രനിര്‍മ്മാണവുമായി ബന്ധിപ്പിച്ചു. ആളുകള്‍ ജാതിചിന്തയില്‍നിന്നുയര്‍ന്ന് ചിന്തിക്കാനാരംഭിച്ചപ്പോള്‍ രാജ്യം ഉണര്‍ന്നെഴുന്നേറ്റു. ഭാരതത്തിലെ സംഘടിച്ച ജനങ്ങള്‍ ഇംഗ്ലീഷുകാരെ അടിച്ചു പുറത്താക്കി.

സുഹൃത്തുക്കളേ, ഇന്നു രാജ്യത്തിന്റെ മുന്നില്‍ വീണ്ടും അങ്ങനെയൊരു സ്ഥിതിയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ രാജ്യത്തെ ഉള്ളില്‍ നിന്നുള്ള ദൗര്‍ബല്യങ്ങളില്‍ നിന്നു മുക്തരായി കാണാനാഗ്രഹിക്കുന്നു. നിങ്ങളുടേതുപോലുള്ള ആയിരക്കണക്കിനു സംഘടനകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ഇതില്‍ മഹത്തായ പങ്കു വഹിക്കുവാനാകും. ജാതിവാദം മാത്രമല്ല രാജ്യത്തിന് ദോഷം വരുത്തുന്ന എത്രതന്നെ തിന്മകളുണ്ടെങ്കിലും അവയെ ദൂരീകരിക്കുന്നതിന്, അവയ്‌ക്കെതിരെ ആളുകളില്‍ ഉണര്‍വ്വുണ്ടാക്കുന്നതിന് നിങ്ങളുടെ സംഭാവനകള്‍ കൂടുതല്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്.

1947 ആഗസ്റ്റ് 15 ന് നാം അടിമച്ചങ്ങല പൊട്ടിച്ചെറിെഞ്ഞങ്കിലും ആ ചങ്ങലയുടെ പാടുകള്‍ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. ഈ പാടുകളില്‍ നിന്നുള്ള മോചനം നിങ്ങളുടെ സഹകരണത്തിലൂടെയേ സാധ്യമാകൂ.


സഹോദരീ സഹോദരന്മാരേ,

ജ്യോതിബാ ഫുലേ, സാവിത്രീ ബായീ, രാജാ റാം മോഹന്‍ റോയ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ദയാനന്ദ സരസ്വതി തുടങ്ങിയവരെപ്പോലുള്ളവര്‍ സ്ത്രീകളുടെ അഭിമാനം, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയവയ്ക്കായി നീണ്ട പോരാട്ടങ്ങള്‍ നടത്തി. രാജ്യത്തെ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി എത്ര മഹത്തായ കാല്‍വെയ്പ്പാണ് നടത്തിയിരിക്കുന്നതെന്നു കണ്ട് ഇന്ന് അവരുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടാകും. മുത്തലാക്കിന്റെ കാര്യത്തില്‍ മുസ്ലീം സഹോദരിമാരും അമ്മമാരും എത്രയോ കാലമായി കഷ്ടപ്പെടുകയായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനു ശേഷം അവര്‍ക്ക് മുത്തലാക്കില്‍ നിന്ന് മോചനം കിട്ടാനുള്ള വഴി തുറന്നിരിക്കയാണ്.

സഹോദരീ സഹോദരന്മാരേ, നമ്മുടെ സംന്യാസിമാരും ഋഷിമുനിമാരും പറഞ്ഞിട്ടുണ്ട് -

നരന്‍ ചെയ്യേണ്ട കര്‍മ്മം ചെയ്താല്‍ നാരായണനാകും എന്ന്.
കഥാപ്രസംഗം നടത്തിയിട്ടല്ല, മണിക്കൂറുകളോളം പൂജകള്‍ നടത്തിയിട്ടല്ല, ചെയ്യേണ്ടത്, അതായത് സ്വന്തം കര്‍മ്മം ചെയ്താലാണ് നാരായണനാകാന്‍ കഴിയുക. ഈ കര്‍മ്മമാണ് ലക്ഷ്യസിദ്ധിയിലേക്കുള്ള യാത്ര. ഈ കര്‍മ്മമാണ് നുറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്ക് നവഭാരതത്തിലേക്കുള്ള യാത്രയാകുന്നത്.

2018 ല്‍ ഈ യാത്ര കൂടുതല്‍ ഗതിവേഗമുള്ളതാകും. കള്ളപ്പണം, അഴിമതി തുടങ്ങിയവയില്‍ തുടങ്ങി ബിനാമി സമ്പത്തിന്റെ മേല്‍ കടുത്ത നടപടിയും കടന്ന് ഭീകരവാദം ജാതിവാദം തുടങ്ങിയവയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം (റിഫോം, പെര്‍ഫോം, ട്രാന്‍സ്‌ഫോം) എന്നിവയിലൂടെ നടന്ന് എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി, എല്ലാവര്‍ക്കും വികസനം ഉറപ്പാക്കി 2018 ല്‍ നാം ഭാരതീയര്‍ ഒത്തു ചേര്‍ന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ ശപഥത്തോടെ, ഈ ലക്ഷ്യത്തോടെ ഞാന്‍ എന്റെ വാക്കുകള്‍ നിര്‍ത്തുന്നു.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും, ശ്രീനാരായണ ഗുരുവിന്റെ ഭക്തര്‍ക്ക്, ശിവഗിരി തീര്‍ഥാടനത്തിന്റെയും പുതുവര്‍ഷത്തിന്റെയും അനേകാനേകം ശുഭാശംസകള്‍... വളരെ വളരെ നന്ദി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Prime Minister, Inauguration, Speech, Prime minister inaugurated 85th shivagiri pilgrimage