Follow KVARTHA on Google news Follow Us!
ad

പുതിയ മദ്യ ചില്ലറവില്‍പനശാല തുറക്കില്ല: കെ.സി.ബി.സി.ക്ക് മന്ത്രി ബാബുവിന്റെ കത്ത്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മദ്യം ചില്ലറ വില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് Minister, K. Babu, Letter, K.C.BC, Government, Liquor, high Court, Letter to KCBC from minister K Babu,
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മദ്യം ചില്ലറ വില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. നാളിതുവരെ ഈ സര്‍ക്കാര്‍ ഒരു കെ.എസ്.ബി.സി. ഔട്ട്‌ലെറ്റ് പോലും പുതുതായി തുടങ്ങിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തുടങ്ങുകയുമില്ല-കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഗ്രസിന് (കെ.സി.ബി.സി.) അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കത്തിന്റെ പൂര്‍ണരൂപം: കേരളീയ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മദ്യാസക്തിയും അതില്‍ നിന്നും  ഉടലെടുക്കുന്ന ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങളും ഗൗരവമായി കണക്കിലെടുത്തുകൊണ്ട് 2011-ല്‍ രൂപം നല്‍കിയതാണ് ഈ സര്‍ക്കാരിന്റെ മദ്യനയം. മദ്യവ്യാപനം തടയുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, നൂതനവും ഫലപ്രദവുമായ മദ്യ - ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിക്കൊണ്ട് വരും തലമുറയെ ഈ വിപത്തില്‍ നിന്നും വിമുക്തമാക്കുക എന്നിവയായിരുന്നു ഈ മദ്യനയത്തിന്റെ കാതല്‍.

ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അങ്ങയുടെ അറിവിലേയ്ക്കായി അനുബന്ധമായി ചേര്‍ത്തിരിക്കുന്നത് ദയവായി പരിശോധിക്കുമല്ലോ? (അനുബന്ധം-ഒന്ന്). മുന്‍ കാലങ്ങളില്‍ മദ്യവ്യാപനം തടയുന്നതിനോ    ബാറുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതിനോ ബാറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോ കാര്യമായ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നു കൂടി ഈ അവസരത്തില്‍ അങ്ങയെ അറിയിക്കട്ടെ.

Minister, K. Babu, Letter, K.C.BC, Government, Liquor, high Court, Letter to KCBC from minister K Babu,ഈ സര്‍ക്കാര്‍ അധികാരത്തില്‍  വന്നതിനു ശേഷം 56 ഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ ലൈസന്‍സ് അനുവദിക്കുകയുണ്ടായി. ഇതില്‍ 38 എണ്ണം അനുവദിച്ചത് വ്യക്തമായ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്നതും പ്രത്യേകം എടുത്തു  പറയേണ്ടതുണ്ട്. ഈ അവസരത്തില്‍ പ്രസക്തമായ ഒരു വസ്തുത ചൂണ്ടികാണിക്കട്ടെ. 2001 - '06 യു.ഡി.എഫ്. സര്‍ക്കാരിന്റെ  ഭരണകാലത്ത് അനുവദിച്ചത്് 82 ബാറുകളാണ്. എന്നാല്‍ 2006 - '11-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 152 ബാര്‍ ലൈസന്‍സുകളും കെ.എസ്.ബി.സി. യുടെ 38 പുതിയ ഔട്ട്‌ലെറ്റുകളും അനുവദിച്ചു. ഇതിനെതിരെ അന്ന് കാര്യമായ ഒരു പ്രതിഷേധവും മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ നടത്തിയതായി അറിയില്ല.

മുന്‍ സര്‍ക്കാര്‍ അനുവദിച്ച 15 കെ.എസ്.ബി.സി. ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കേണ്ടതില്ല എന്നതായിരുന്നു സംസ്ഥാനത്തെ മന്ത്രി എന്ന നിലയില്‍ എന്റെ ആദ്യത്തെ ഉത്തരവ് എന്നതും ഈ അവസരത്തില്‍ ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ. നാളിതുവരെ ഈ സര്‍ക്കാര്‍ ഒരു കെ.എസ്.ബി.സി. ഔട്ട്‌ലെറ്റ് പോലും പുതുതായി തുടങ്ങിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തുടങ്ങുകയുമില്ല.

വസ്തുതകള്‍ ഇതായിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിയുമായി   ഒത്തുകളി നടത്തുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍ക്കാര്‍ കോടതി ഉത്തരവുകള്‍ മറയാക്കികൊണ്ട് പുതുതായി ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതെന്നുമുള്ള അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ ആക്ഷേപം കെ.സി.ബി.സി. ഉന്നയിച്ചത് വേദനാജനകമാണ്. ഈ പത്രവാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വസ്തുതകള്‍ ഒരിയ്ക്കല്‍ കൂടി വിശദീകരിക്കുവാന്‍ വേണ്ടിയാണ് ഈ കത്തെഴുതുന്നത്.

ഈ സര്‍ക്കാരിന്റെ 2011-'12 -ലെ മദ്യനയത്തിന്റെ കാതലെന്നു പറയുന്നത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു വേണ്ടി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കേണ്ടതില്ല എന്ന തീരുമാനവും  ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടികുറച്ചതും ക്രമാതീതമായി വര്‍ദ്ധിക്കുന്ന ബാറുകളുടെ എണ്ണം തടയുന്നതിനായി ഏര്‍പെടുത്തിയ ദൂരപരിധിയുമാണ്. പുതുതായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കേണ്ടതില്ലെന്നതും ബാറുകള്‍ തമ്മിലുള്ള ദൂരപരിധി സംബന്ധിച്ചുമുള്ള നയതീരുമാനങ്ങള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2012 ജൂലയ് 27-ലെ വിധിന്യായത്തില്‍ (ഡബ്ല്യൂ.പി.സി. നം. 470/2012) - (അനുബന്ധം-രണ്ട്) നിഷ്‌കരുണം തള്ളികളയുകയും 23 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുവാനുള്ള തീരുമാനമെടുക്കണമെന്നും ഉത്തരവിടുകയുണ്ടായി.

സംസ്ഥാന സര്‍ക്കാരിന് കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യുവാന്‍ പോലും സാവകാശം അനുവദിക്കാതെയായിരുന്നു ബഹു. ഹൈക്കോടതിയുടെ 27/07/2012-ലെ ഈ ഉത്തരവ്. സംസ്ഥാനത്തിന്റെ മദ്യനയത്തിനെതിരെ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഈ ഉത്തരവിനെതിരെ ബഹു. സുപ്രീംകോടതിയെ സമീപിക്കുവാനും സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് നേടുവാനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഇതിനായി ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 31/07/2012 -ല്‍ കൂടിയ      യോഗത്തില്‍ ബഹു. ധനകാര്യ-നിയമ മന്ത്രി, അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, നിയമ, നികുതി വകുപ്പ് സെക്രട്ടറിമാര്‍  എന്നിവര്‍ പങ്കെടുത്തു.

ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ബഹു. സുപ്രീം കോടതിയില്‍ എസ്.എല്‍.പി. ഫയല്‍ ചെയ്യണമെന്ന് യോഗം തീരുമാനിച്ചു. എസ്.എല്‍.പി. അഡ്മിറ്റ് ചെയ്തുവെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യുവാന്‍ ബഹു. സുപ്രീംകോടതി തയ്യാറായില്ല എന്നു മാത്രമല്ല എട്ട് ആഴ്ചക്കുള്ളില്‍ ഈ 23 അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുവാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2012 നവംബര്‍ 24-ാം തീയതി ബഹുമാനപ്പെട്ട സുപ്രീംകോടതി നിഷ്‌കര്‍ഷിച്ച കാലാവധി കഴിഞ്ഞു. ഇതിനിടെ സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉപദേശവും സര്‍ക്കാര്‍ തേടുകയുണ്ടായി.

കോടതി ഉത്തരവ് നടപ്പിലാക്കുവാനുളള കാലാവധിക്കുള്ളില്‍  സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ ബഹു. സുപ്രീം കോടതിയില്‍ കോര്‍ട്ടലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുകയും 15 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് ബഹു. സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു (അനുബന്ധം - മൂന്ന്). ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ വേറെ മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഈ 23 അപേക്ഷകളിന്മേല്‍ 14 ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുവാന്‍ ഉണ്ടായ സാഹചര്യം ഇതാണെന്നിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിയുമായി ഒത്തു കളിക്കുന്നുവെന്നും കോടതി ഉത്തരവ് മറയാക്കിക്കൊണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നു എന്നുമുളള ആരോപണങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്.

ബഹു. ഹൈക്കോടതിയുടെ 2012 ജൂലൈ 22-ലെ വിധിന്യായത്തിന്മേല്‍ സ്റ്റേ നേടുന്നതിനായി കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും ബഹു. സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂലമായ ഉത്തരവൊന്നും ലഭിച്ചില്ലെന്ന വസ്തുതയും ഈ അവസരത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ബഹു. കോടതികള്‍ ഇടപെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ബഹു. കേരള ഹൈക്കോടതി റദ്ദ് ചെയ്യുകയും ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി തീരുമാനം കൈക്കൊളളണമെന്ന ഉത്തരവാകുകയും ചെയ്ത സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തിരാജ് - നഗരപാലിക നിയമപ്രകാരം ബാറുകള്‍ അനുവദിക്കുന്നതിനുളള അധികാരങ്ങള്‍ പുന:സ്ഥാപിച്ചു കൊണ്ട് സര്‍ക്കാര്‍ 25-11-2012-ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബാര്‍ലൈസന്‍സുകള്‍ സംബന്ധിച്ചു തീരുമാനമെടുക്കുമ്പോഴും പുതുതായി       മദ്യശാലകള്‍ ആരംഭിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദം വേണമെന്ന അധികാരം നല്‍കിക്കൊണ്ടുളളതാണ് ഈ ഓര്‍ഡിനന്‍സ്.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ ജനോപകാരപ്രദമായ ഈ ഓര്‍ഡിന്‍സിന്റെ അടിസ്ഥാനത്തില്‍ യാതൊരു എതിര്‍പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയില്ല. മാത്രവുമല്ല, പലയിടത്തും ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഐകകണ്‌ഠേനയുളള തീരുമാനമെടുത്തപ്പോള്‍ (അനുബന്ധം - നാല്, അഞ്ച്). അത് കെ.സി.ബി.സി. യുടെ ശ്രദ്ധയില്‍പ്പെടാതെ പോയത്  നിര്‍ഭാഗ്യകരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇത്തരം നടപടികളില്‍ തദ്ദേശീയമായി  പ്രതിഷേധിക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് കെ.സി.ബി.സി. ശ്രമിച്ചത്.

കോടതി ഇടപെടലുകളുടെ ഫലമായി പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കേണ്ടി വന്നതിന്റെ ഫലമായി സമഗ്രമായ ഒരു മദ്യനയത്തിന് രൂപം നല്‍കുന്നതിനാവശ്യമായ ശുപാര്‍ശകള്‍ സമര്‍പിക്കുന്നതിന്                    ജസ്റ്റിസ്  എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു. നിലവില്‍ അനുവദിച്ച എഫ്.എല്‍.3 ലൈസന്‍സുകള്‍ ഉള്‍പെടെ പുന:പരിശോധിക്കുവാനും കമ്മീഷനോട് ആവശ്യപ്പെടും. കമ്മീഷന്‍ ശുപാര്‍ശകളിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ പുതിയതായി എഫ്.എല്‍.3 ലൈസന്‍സുകള്‍ അനുവദിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് (അനുബന്ധം-ആറ്).

ജനങ്ങളുടെ മനസിലാണ് മാറ്റമുണ്ടാകേണ്ടത്. ഇതിന് ബോധവല്‍ക്കരണ പരിപാടികള്‍ സഹായകമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള രണ്ട് ബജറ്റുകളിലും രണ്ടു കോടി രൂപ വീതം ലഹരിവിരുദ്ധ - ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ഇത് കേവലം ഇരുപത് ലക്ഷം രൂപ മാത്രമായിരുന്നു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ - ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മാത്രമായി ഒരു ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ അധിക തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. കെ.എസ്.ബി.സി.യുടെ     സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാനത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി-അഡിക്ഷന്‍ സെന്ററുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രായപരിധി 21 വയസായി ഉയര്‍ത്തികൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2013-ലെ കേരള അബ്കാരി ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. ബഹു. ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഇതിനു പുറമേ സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാട്ടണമെന്നും ഈ സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

മദ്യ വിപത്തിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷക്കാലം കൊണ്ട് ഇത്രയേറെ തീരുമാനങ്ങളെടുക്കുകയും മനുഷ്യസാധ്യമായ വേഗത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരു സര്‍ക്കാര്‍ കേരളചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് അങ്ങ് സ്വയം വിചിന്തനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രയേറെ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച യു.ഡി.എഫ്. സര്‍ക്കാരിനെ ദയവായി കല്ലെറിയരുതെന്ന് അപേക്ഷ.

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഏതൊരു സര്‍ക്കാരിനും ഭരണഘടനയ്ക്ക് അനുസൃതമായേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. സര്‍ക്കാരുകളുടെ സദുദ്ദേശപരമായ  നയതീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന സുവ്യക്തമായ നിരവധി കോടതി ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ പോലും മറിച്ചൊരനുഭവമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പല കോടതിവിധികള്‍ക്കുമെതിരെ ശക്തമായി പ്രതിഷേധിച്ച കെ.സി.ബി.സി. മദ്യനയത്തിന്റെ ചിറകരിഞ്ഞ കോടതിവിധികള്‍ക്കെതിരെ മൗനമവലംബിച്ചത് വേദനാജനകമാണ്. ഇതിനെതിരെ ബഹു. സുപ്രീം കോടതിയില്‍ നിയമയുദ്ധം സധൈര്യം മുന്നോട്ടു നയിക്കുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ സഹകരണം ആവശ്യമാണ്.

സ്‌നേഹാദരങ്ങളോടെ,
കെ. ബാബു

Keywords: Minister, K. Babu, Letter, K.C.BC, Government, Liquor, high Court, Letter to KCBC from minister K Babu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment