Follow KVARTHA on Google news Follow Us!
ad

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്, അഥവാ എംഎല്‍എമാര്‍ 'ഇ-സാമാജികരാകുമ്പോള്‍'

നിയമസഭാംഗങ്ങള്‍ക്ക് ലാപ്‌ടോപ്പ് നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെയും കഴിഞ്ഞ നിയമസഭയുടെയും Assembly, Article, Laptop and I pad, Speaker, K. Radhakrishnan, Media, MLA, Electronic, High tech
Assembly, Article, Laptop and I pad, Speaker, K. Radhakrishnan, Media, MLA, Electronic, High tech
നിയമസഭാംഗങ്ങള്‍ക്ക് ലാപ്‌ടോപ്പ് നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെയും കഴിഞ്ഞ നിയമസഭയുടെയും കഴിഞ്ഞ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെയും കാലത്തായിരുന്നു. പക്ഷേ, സഭയ്ക്കുള്ളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള റൂളിംഗിന് ജി കാര്‍ത്തികേയന്‍ സ്പീക്കറാകുന്ന  കാലം വന്നു. സര്‍ക്കാര്‍ മാറുകയും പതിമൂന്നാം നിയമസഭ നിലവില്‍ വരികയും വേണ്ടിവന്നു.

എങ്കിലും സാരമില്ല. നല്ല കാര്യങ്ങള്‍ നടപ്പിലാകാന്‍ ചിലപ്പോള്‍ അല്പം കാലതാമസമൊക്കെ വരും. സാരമില്ലെന്നേ.

ഏതായാലും ലാപ്‌ടോപ്പും ഐ പാഡും സഭയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചു എന്നതാണു പ്രധാന കാര്യം. സഭയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ലാപ്‌ടോപ്പ് സാമാജികരില്‍ പലരും പേഴ്‌സണല്‍ സ്റ്റാഫിനും കുടുംബക്കാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ കൊടുത്തിരിക്കുകയാണ് എന്ന അപവാദത്തിനു മാറ്റമുണ്ടാകും. എംഎല്‍എമാരുടെ കൈയില്‍ സഭാ സമ്മേളന കാലത്ത് ലാപ്‌ടോപ്പ് കിട്ടിയപോലെ എന്ന പുതിയ ചൊല്ല് ഉണ്ടാകുന്നതില്‍ നിന്നു ഭാഷയും രക്ഷപ്പെട്ടു.

നമ്മുടെ സാമാജികരില്‍ പലരും 'ഇ-സാമാജിക'രാകാന്‍ സര്‍വഥാ യോഗ്യരാണ്. പക്ഷേ, അവസരം ലഭിച്ചാല്‍ മാത്രമേ ആ യോഗ്യത പുറത്തെടുക്കാന്‍ കഴിയുകയുള്ളു. അതിനാകട്ടെ, ഭരണ-പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല താനും. നേരത്തേ ഈ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. തോമസ് ഐസക്. അദ്ദേഹം സഭയില്‍ ഐ പാഡ് ഉപയോഗിച്ചതാണല്ലോ ഇപ്പോഴത്തെ റൂളിംഗില്‍ എത്തിനില്‍ക്കുന്നത്. രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ ഇതാദ്യമാണ് ഇങ്ങനെയൊരു തീരുമാനം എന്നോര്‍ക്കണം. യുവ എംഎല്‍എമാരില്‍ കര്‍മോല്‍സുകരില്‍ കര്‍മോല്‍സുകനായ ടി എന്‍ പ്രതാപനാണ് അത് ഇവിടെയെത്തിച്ചത്. പ്രതാപന്‍ ഐസക്കിനോടുള്ള അസൂയകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പി സി ജോര്‍ജ്ജ് പോലും പറയില്ല. സദുദ്ദേശമാണ് ഉണ്ടായിരുന്നത്. അതെന്തായാലും അങ്ങനെതന്നെ വന്നുഭവിച്ചു.

നിയമസഭയില്‍ അംഗങ്ങള്‍ ലാപ്‌ടോപ്പ്, ഐ-പാഡ് എന്നിവ ഉപയോഗിക്കുന്നത് അനുവദനീയമാണോ എന്നത് സംബന്ധിച്ച് ഒരു റൂളിംഗ നല്‍കണമെന്ന് പ്രതാപന്‍ സ്പീക്കര്‍ക്ക് ഒരു ക്രമപ്രശ്‌നം എഴുതി നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച ഡോ. ടി.എം. തോമസ് ഐസക് പ്രസംഗിക്കവേ ഐ-പാഡ് ഉപയോഗിച്ച സാഹചര്യത്തിലാണ് ഇപ്രകാരം ഒരു ക്രമപ്രശ്‌നം അംഗം ഉന്നയിച്ചത്. 2007 മാര്‍ച്ച് 13-ന് ടി.എന്‍. പ്രതാപന്‍ പ്രസംഗ സമയത്ത് ലാപ്‌ടോപ്പ് ഉപയോഗിച്ചപ്പോള്‍ അന്ന് അതൊരു ക്രമപ്രശ്‌നമായി ഉന്നയിച്ചിരുന്നു. അന്ന് ചെയറിലുണ്ടായിരുന്ന പാനല്‍ ഓഫ് ചെയര്‍മാന്‍ ഇതുസംബന്ധിച്ച് സ്പീക്കര്‍ വിശദമായ റൂളിങ് നല്‍കും എന്ന് പറഞ്ഞിരുന്നുവെങ്കിലും അപ്രകാരം വിശദമായ റൂളിങ് നല്‍കിയതായി കാണുന്നില്ലെന്നാണ് തിങ്കളാഴ്ച സ്പീക്കര്‍ പറഞ്ഞത്.

സഭയിലെ നിലവിലുള്ള കീഴ്‌വഴക്കമനുസരിച്ച് ലാപ്‌ടോപ്പ്, ഐ-പാഡ് തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സഭയില്‍ അനുവദനീയമല്ല. നമ്മള്‍ ഇന്ന് ജീവിക്കുന്നത് ഹൈടെക് യുഗത്തിലാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട് പിന്‍തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്ന് സ്പീക്കര്‍ക്ക് അഭിപ്രായമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ അതിന്റെ ദുരുപയോഗം ഒഴിവാക്കുകയും വേണം. നിയമസഭാ നടപടികള്‍ എല്ലാം ഈ സഭയുടെ അഞ്ചാം സമ്മേളനം മുതല്‍ വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്.

ഈ സഭയുടെ കാലയളവില്‍ അംഗങ്ങള്‍ക്ക് ഐ-പാഡ് വിതരണം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിയമസഭയിലെ പ്രസംഗത്തിന് സഹായകമായ രീതിയില്‍ മാത്രം ലാപ്‌ടോപ്പും ഐ-പാഡും സഭയ്ക്കുള്ളില്‍ അനുവദിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു എന്നാണ് റൂളിംഗിന്റെ സാരം. അനുവദിക്കുന്ന ഈ സൗകര്യം തങ്ങളുടെ നിയമസഭയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ബഹുമാനപ്പെട്ട അംഗങ്ങള്‍ പ്രയോജനപ്പെടുത്തും എന്ന് പ്രത്യാശിക്കുന്നതായും സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. എന്നുവച്ചാല്‍ മറ്റുചിലയിടത്തൊക്കെ കണ്ടതുപോലെ ദുരുപയോം ചെയ്ത് സ്വന്തം വിലയും സഭയുടെ വിലയും കളയരുതെന്നുതന്നെ.  ഇനിയിപ്പോള്‍, പന്ത് (ലാപ്ടോപ്പ്, ഐ പാഡ്) സാമാജികരുടെ കോര്‍ട്ടിലാണ്. ആ കോര്‍ട്ടിലേയ്ക്കാകട്ടെ ജനത്തിന്റെയും മാധ്യമങ്ങളുടെയും സൂക്ഷ്മ നോട്ടമുണ്ടെന്നോര്‍ക്കണം.

-എസ്.എ. ഗഫൂര്‍

Keywords: Assembly, Article, Laptop and I pad, Speaker, K. Radhakrishnan, Media, MLA, Electronic, High tech

Post a Comment