Follow KVARTHA on Google news Follow Us!
ad

നാശം വിതക്കും മരണ കോടതികളുടെ കാലം

താലിബാന്‍ കോടതി, ലീഗ് കോടതി, മാര്‍ക്‌സിസ്റ്റ് കോടതി, സദാചാര പോലീസ് കോടതി എന്തല്ലാം കോടതികള്‍. ഹൈക്കോടതിയും സുപ്രിം കോടതിയും ഇപ്പോള്‍ പഴഞ്ചനാണ്. Season of death court, Article, Fazal Rahman
താലിബാന്‍ കോടതി, ലീഗ് കോടതി, മാര്‍ക്‌സിസ്റ്റ് കോടതി, സദാചാര പോലീസ് കോടതി എന്തെല്ലാം കോടതികള്‍. സ്വയമുണ്ടാക്കുന്ന കോടതികളിലാണ് ഇപ്പോള്‍ നാട്ടുക്കാര്‍ക്ക് ഹരം. ഇവിടെ ജഡ്ജിമാര്‍ വിധിക്കുന്നത് കുറഞ്ഞത് വധ ശിക്ഷയാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണ് എന്നാണ് വെപ്പ്. അതെല്ലാം തകിടംമറിയുന്ന ഇടമാണെത്രേ ഈ കോടതികള്‍. കൊല്ലുവാന്‍ ഇവിടെ ഒരു കൂട്ടര്‍ ക്വട്ടേഷനെടുക്കുന്നു. ആളുകളെ കൊല്ലുന്നു. എന്തിനാണ് എന്ന് ചോദിച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയെ കല്ലെറിഞ്ഞതിന്, അവിഹിതബന്ധം നടത്തിയതിന്.

ആരാണ് ഇവര്‍ക്ക് ഇതിനൊക്കെ അധികാരം നല്‍കിയത്. പ്ലീസ് അങ്ങനെ ചോദിക്കരുത്. സാധാരണ എല്ലാ ത്രില്ലര്‍ തല്ല് പടങ്ങളിലും പറയുന്ന സ്ഥിരം ഡയലോഗുണ്ട്- ഇവിടെ കോടതിയുണ്ട്, നിയമമുണ്ട്, അവര്‍ കുറ്റവാളികളെ ശിക്ഷിക്കും. കോടതി മാങ്ങാ തോലി, പോലീസ് മണ്ണാങ്കട്ട എന്നാണ് ഈ കോടതികളിലെ ജഡ്ജിമാര്‍ ചോദിക്കുന്ന മറു ചോദ്യം. ഹിറ്റ്‌ലറാണ് ഇത്തരം മരണ കോടതികളുടെ ലോകത്തിലെ ആദ്യത്തെ സൂത്രധാരന്‍.അവിടെ ഹിറ്റ്‌ലര്‍ തന്റെ പട്ടാളക്കാരോട് ആളുകളെ കൊല്ലാന്‍ പറയുന്നു. ജൂതനായി എന്ന പേരിലാണ് ഹിറ്റ്‌ലര്‍ മിക്കവരെയും കശാപ്പു ചെയ്തത്.ഹിറ്റ്‌ലറിന്റെ മരണ കോടതികളില്‍ പല രീതികളും അവലംബിച്ചതായി കാണാം.

ജിം കോഗന്‍ എന്ന പ്രശസ്തനായ ജര്‍മ്മന്‍ എഴുത്തുക്കാരന്റെ തിയറി ആന്റ് പ്രാക്ടിക്കല്‍ ഓഫ് ഹെല്‍(theory and practical of hell)എന്ന പുസ്തകത്തില്‍ പറയുന്ന നാസി ക്യാമ്പിലെ ഒരു കൊല്ലിക്കല്‍ രീതി(killing style) വിവരിക്കുന്നുണ്ട്. നാസി ക്യാമ്പിലെ തടവുകാരെ ഐസില്‍ കിടത്തി മരവിപ്പിക്കും. അങ്ങനെ മരവിപ്പിക്കുന്ന മനുഷ്യരെ തിന്നാന്‍ മൃഗങ്ങള്‍ക്ക് നല്‍കും. മരവിച്ച മരണം. ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നും. ഇങ്ങനെ എന്തല്ലാം തരം മരണങ്ങള്‍.ലോക പ്രശസ്തനായ ഇറ്റാലിയന്‍ സിനിമാ സംവിധായകന്‍ പസോളനിയുടെ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളോ (hundred years of solo) എന്ന സിനിമയുണ്ട്. ഈ സിനിമാ തലക്കെട്ടിന്റെ പച്ച മലയാളം ജനനേന്ദ്രിയത്തിന്റെ നൂറു വര്‍ഷം എന്നാണ്. ഇതില്‍ സിനിമ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ നാസി തടവറയില്‍ തടവുപുളളികളുടെ മേലുളള എല്ലാത്തരം പീഡനങ്ങളും നടക്കുമ്പോള്‍ നിശബ്ദമായി സംഗീതം പകരുന്ന മ്യുസിഷനുണ്ട്. അവസാനം പീഡനം കണ്ട് മടുത്ത് അയാള്‍ വലിയ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. അത്രയ്ക്കും ഭയാനകമായിരുന്നു ഹിറ്റ്‌ലറിന്റെ നാസി കോടതികളിലെ ശിക്ഷകള്‍. അതുപൊലെ കമ്പോഡിയ ഭരിച്ച പോള്‍വോള്‍ട്ടും ഇങ്ങനെ മനുഷ്യരെ നിര്‍ദയം കൊന്നു തീര്‍ക്കുകയായിരുന്നു. സ്റ്റാലിനും, ഈദി അമീനും സദ്ദാം, ഹുസൈനും, സുഹാര്‍ത്തോയുമൊക്കെ മരണങ്ങള്‍ ആഘോഷിച്ച ക്രൂര സ്വേച്ഛാധിപതികളാണ്.

ഈ ലോകം കണ്ട ക്രൂര ഭരണധികാരികളുടെ കോടതികള്‍ ചരിത്രമാണ്. എന്നാല്‍ മനുഷ്യ പുരോഗതിയുടെ വലിയ ചുവടുവെപ്പുകള്‍ നടത്തിയ നമ്മുടെ നാട്ടില്‍ നടക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. സ്വയം നിയമം കെയിലെടുക്കുന്നു. ആളുകളെ ചോദ്യം ചെയ്യുന്നു. കൊല്ലുന്നു. എന്തൊരു വല്ലാത്ത അവസ്ഥയാണ്. മനുഷ്യന്‍ വല്ലാത്ത അസഹിഷ്ണുവാകുന്നുവെന്നതാണ് ഇവിടെ സംഭവിക്കുന്ന ദുരന്തം. ചര്‍ച്ചകള്‍ക്ക് പകരം ഇവിടെ പോര്‍വിളികളാണ്. ഇരയുടെ ദയനീയത ആരും കേള്‍ക്കുന്നില്ല. തളിപറമ്പിലെ അരിയിലെ ഷുക്കൂറിന്റെ ഘാതകര്‍ അവസാന രക്ഷക്കായി കേഴുന്ന ആ കൗമാരക്കാരന്റെ വേദന കണ്ടില്ല. തൃക്കരിപ്പൂരി ലെ രജിലേഷിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ തുനിഞ്ഞവര്‍ ആ ചെറുപ്പക്കാരന് സംഭവിക്കാവുന്ന ദുരന്തം മുന്‍കൂട്ടി കാണണമായിരുന്നു. ശക്തന്‍ ജയിച്ചടങ്ങുന്ന പഴയ മംഗോളിയന്‍മാരുടെ ലോകമാണോ നമ്മുടേത്. ജനാധിപത്യവല്‍ക്കരണം ഇനിയും നമ്മുടെ സമൂഹത്തില്‍ സംഭവിച്ച് കാണുന്നില്ല. മാര്‍ക് സിസ്റ്റ് കോട്ടകളില്‍ ലീഗുക്കാരും കോണ്‍ഗ്രസുകാരും സുരക്ഷിതരല്ല. തിരിച്ച് ലീഗ് കോട്ടകളില്‍ മാര്‍ക്‌സിസ്റ്റുകാരും സുരക്ഷിതരല്ല.

സമൂഹത്തില്‍ സദാചാര മൂല്യങ്ങളുണ്ട്. അത് വ്യക്തികള്‍ പാലിക്കണം. ഒരാള്‍ അത് പാലിക്കുന്നില്ലങ്കില്‍ തീര്‍ച്ചയായും സമൂഹം അവനെതിരെ തിരിയും. പക്ഷെ അവനെ അപ്പോഴും ശിക്ഷിക്കാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. നമുക്ക് ഗുണദോഷിക്കാം. കൂടി പോയാല്‍ പേടിപ്പിക്കാം. അതിനപ്പുറം അവനെ മര്‍ദ്ദിക്കാന്‍ നമ്മുക്കെന്താണ് അധികാരം? അവസാനമായി ഒരു കഥ പറയാം- ഒരു മനുഷ്യന്‍ ജോലിയും കൂലിയുമില്ലാതെ ജീവിതം മുമ്പോട്ട് കൊണ്ട് പോകാന്‍ യാചന നടത്തി കൊണ്ടിരുന്നു. ആരും അയാള്‍ക്ക് ഒന്നും നല്‍കിയില്ല. അവസാനം മരിക്കാന്‍ തീരുമാനിച്ചു. അവസാനമായി ഒരാളെ കണ്ടു. അയാളോട് അവസാമായി അയാള്‍ ചോദിച്ചു വല്ലതുമുണ്ടോ? അയാള്‍ കീശയില്‍ തപ്പി. ഒന്നുമില്ല. എന്നാലും അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഒന്നുമില്ല.നിങ്ങള്‍ ഇവിടെ നില്‍ക്കുമെങ്കില്‍ ഞാന്‍ വീട്ടില്‍ പോയി എന്തങ്കിലും കൊണ്ടുവരാം. അതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാളുടെ ഭാവം മാറി. അയാള്‍ പറഞ്ഞു സ്‌നേഹിതാ, ഒന്നും വേണ്ട, ആ വാക്ക് മതി. ഞാന്‍ മരിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ്. പക്ഷെ, നിങ്ങളുടെ മനുഷ്യത്വപരമായ ആ ഒറ്റവാക്കില്‍ ഇനി ഞാന്‍ ജീവിക്കും. അതെ ലോകം ജീവിക്കുന്നത് മനുഷ്യന്റെ സഹജീവി സ്‌നേഹത്തിലാണ്. മറ്റുളളവര്‍ക്കായി നാം ഒരു കണ്ണീര്‍ കണം പൊഴിക്കുമ്പോള്‍, ഉദയം ചെയ്യുന്നത് ആയിരം സൗര്യമണ്ഡപങ്ങളാണെന്ന് പാടിയ നൂറ്റാണ്ടിന്റെ കവി അക്കിത്തത്തിന് സ്തുതി.

Fazal Rahman
-ഫസല്‍ റഹ്മാന്‍ 

Keywords: Season of death court, Article, Fazal Rahman

Post a Comment