Follow KVARTHA on Google news Follow Us!
ad

അന്ത്യശാസനത്തിന്‌ പാര്‍ട്ടി വഴങ്ങിയില്ല; യെദ്യൂരിയപ്പ ചുവടുമാറ്റുന്നു

ബാംഗ്ലൂര്‍: നഷ്ടപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള യെദ്യൂരിയപ്പയുടെ ശ്രമം പാഴായി. അന്ത്യശാസനത്തിന്‌ പാര്‍ട്ടി നേതൃത്വം വഴങ്ങാത്തതിനെത്തുടര്‍ന്നാണ്‌ യെദ്യൂരിയപ്പ ചുവടുമാറ്റിയത്. മുഖ്യമന്ത്രിസ്ഥാനം തിരികെ നല്കാത്തതില്‍ തനിക്കു വിഷമമുണ്ടെന്നും ഇനി യാതൊരു സ്ഥാനങ്ങളും പാര്‍ട്ടിയോട് ആവശ്യപ്പെടില്ലെന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കി. സദാനന്ദ ഗൗഡ താത്കാലിക മുഖ്യമന്ത്രിയാണെന്നും യുക്തമായ സമയത്തു മുഖ്യമന്ത്രിസ്ഥാനം തനിക്കു തിരികെ നല്കാമെന്നുമാണു നിതിന്‍ഗഡ്കരി തന്നോടു പറഞ്ഞിരുന്നതെന്നു യെദ്യൂരിയപ്പ ചൂണ്ടിക്കാട്ടി. ഇതു സംസ്ഥാനത്ത് ഒരുപാട് ഊഹാപോഹങ്ങള്‍ക്കിടയാക്കി. ഭാവിയില്‍ പാര്‍ട്ടിയോട് ഒരു സ്ഥാനവും ആവശ്യപ്പെടില്ലെന്നു ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്- യെദ്യൂരിയപ്പ പറഞ്ഞു. സാധാരണ പാര്‍ട്ടിപ്രവര്‍ത്തകനായി തുടരും. 27നകം തന്നെ മുഖ്യമന്ത്രിയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനോ ആയി നിയമിക്കണമെന്നായിരുന്നു യെദ്യൂരിയപ്പ പാര്‍ട്ടിനേതൃത്വത്തിന് അന്ത്യശാസനം നല്കിയിരുന്നത്. അമ്പതോളം എംഎല്‍എമാരെ ഒപ്പംനിര്‍ത്തിയായിരുന്നു അന്ത്യശാസനം. എന്നാല്‍, കഴിഞ്ഞദിവസം ബാംഗളൂരിലെത്തിയ നിതിന്‍ഗഡ്കരി യെദ്യൂരിയപ്പയുടെ ആവശ്യങ്ങള്‍ തള്ളി. വേണമെങ്കില്‍ പാര്‍ട്ടി വിട്ടുപൊയ്ക്കൊള്ളാനും ഗഡ്കരി പറഞ്ഞത്രേ. ഇതോടെ യെദ്യൂരിയപ്പ മയപ്പെടുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജന്മദിനമായ 27ന് യെദ്യൂരിയപ്പ പാര്‍ട്ടി വിടുമെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ജന്മദിനമായ ഇന്നലെ അപ്രതീക്ഷിത സംഭവ വികാസങ്ങളൊന്നുമുണ്ടായില്ല. യെദ്യൂരപ്പയുടെ അടുത്ത ചുവടുവെപ്പ് ഏത് ദിശയിലേയ്ക്കെന്ന്‌ ഉറ്റുനോക്കുകയാണ്‌ പാര്‍ട്ടി നേതൃത്വം.

Post a Comment