Follow KVARTHA on Google news Follow Us!
ad

ദേശീയ പൊതു പണിമുടക്ക്‌ പൂര്‍ണം

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്തസമരസമിതി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കു സംസ്ഥാനത്തു പൂര്‍ണം. അനിഷ്ട സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സമരം ശക്തമാണ്.
കെഎസ്ആര്‍ടിസി,സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ കുറവാണ്. എറണാകുളം ജില്ലയില്‍ വ്യവസായ മേഖലയെ സമരം പൂര്‍ണമായും ബാധിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ തൊഴിലാളികള്‍ എത്താത്തതിനാല്‍ ചരക്കു ഗതാഗതം തടസപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ പണിമുടക്ക് ജനജീവിതം ദുഷ്‌കരമാക്കി. ഇടുക്കി ജില്ലയില്‍ തൊഴിലാളികള്‍ സമരത്തിലായതിനാല്‍ തോട്ടം മേഖലയും സ്തംഭിച്ചു. വടക്കന്‍ ജില്ലകളിലും പണിമുടക്കു പൂര്‍ണമാണ്. കോഴിക്കോട് ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെയും സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കിലാണ്. കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും പണിമുടക്കു പൂര്‍ണം. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളെത്തുടര്‍ന്നു കണ്ണൂരില്‍ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ ഡല്‍ഹിയില്‍ പണിമുടക്കു വാഹനഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ബസുകളും ടാക്‌സികളും അടക്കമുളള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നഗരങ്ങളിലും സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലും വിവിധ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ പ്രകടനം നടത്തി.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെയുള്ള യൂണിയനുകളാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Keywords: Strike, Thiruvananthapuram, Kerala, National Strike,

Post a Comment