» » » » » » » » » » 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച മദ്‌റസകളിലേക്ക്; അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തുന്നത് 1 ലക്ഷം നവാഗതര്‍, 8, 9, 10 ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചു

മലപ്പുറം: (www.kvartha.com 14.06.2019) 12 ലക്ഷം വിദ്യാര്‍ത്ഥികളുമായി ശനിയാഴ്ച സമസ്ത മദ്‌റസകള്‍ ആരംഭിക്കുന്നു. ഒരു ലക്ഷം നവാഗതരാണ് അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9,912 മദ്‌റസകളാണ് വ്രതാനുഷ്ഠാനത്തിന്റെ പുണ്യവും പെരുന്നാള്‍ പൊലിവും എല്ലാം കഴിഞ്ഞ് റമദാന്‍ അവധിക്കുശേഷം ശനിയാഴ്ച തുറക്കുന്നത്. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മുഴുവന്‍ മദ്‌റസകളും റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 13ന് വ്യാഴാഴ്ച തന്നെ തുറന്നിരുന്നു.

രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മലേഷ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങളിലുമാണ് സമസ്തക്കുകീഴില്‍ മദ്‌റസകളുള്ളത്.

ഈ വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. 2016 മുതല്‍ നടപ്പാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് തീരുമാനം. അടുത്ത അധ്യയന വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്‌കരിക്കും. ഇതോടെ മൈനസ് ടു മുതല്‍ പ്ലസ് ടു വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണം പൂര്‍ത്തിയാവും. എല്ലാ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോയില്‍ പൂര്‍ത്തിയായി.

പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുന്നതിനായി തഹ്‌സീനുല്‍ ഖിറാഅ പദ്ധതിയും ഇത്തവണ ആരംഭിച്ചിട്ടുണ്ട്. മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്.

ഹുറൂഫുല്‍ ഹിജാഇയ്യ, ദുറൂസ് അറബി മലയാളം, ലിസാനുല്‍ ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്‌ലാഖ്, തജ്‌വീദ്, ദുറൂസുല്‍ ഇഹ്‌സാന്‍, തഫ്‌സീര്‍ എന്നിവയാണ് പാഠപുസ്തകങ്ങള്‍. ഏഴുവരെ അറബി മലയാളവും എട്ടുമുതല്‍ പ്ലസ് ടുവരെ അറബിയുമാണ് പഠന മാധ്യമം. അറബി ഭാഷാ പഠനത്തിനു മൂന്നാം ക്ലാസ് മുതല്‍ ലിസാനുല്‍ ഖുര്‍ആന്‍ എന്ന പുസ്തകമുണ്ട്.

നേരറിവ്, നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്നപേരില്‍ വിപുലമായ പ്രവേശന പരിപാടികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നത്. മിഹ്‌റജാനുല്‍ ബിദായ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച പെരിന്തല്‍മണ്ണ പുത്തനങ്ങാടി മൂച്ചിക്കല്‍ ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ജന. സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ മദ്‌റസകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും ബുക്ക് ഡിപ്പോയില്‍ തയ്യാറായതായി ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. മുഅല്ലിംകളുടെ സൗകര്യാര്‍ഥം ജൂണ്‍ പത്ത് മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. www.samastha.in എന്ന വെബ്‌സൈറ്റില്‍ Sunni Book Depot Online Token ക്ലിക്ക് ചെയ്ത് സൗകര്യമുള്ള ദിവസം, സമയം സെലക്റ്റ് ചെയ്ത് പേര്, മൊബൈല്‍ നമ്പര്‍, സ്ഥലം, ജില്ലാ എന്നിവ എന്റര്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടോക്കണും, ബുക്ക് ഓര്‍ഡര്‍ ഫോമും ആവശ്യമെങ്കില്‍ പ്രിന്റ് എടുക്കാവുന്നതാണ്.

റജിസ്റ്റര്‍ ചെയ്തവരുടെ മൊബൈലിലേക്ക് വന്ന മെസേജോ, പ്രിന്റ് എടുത്ത ടോക്കന്‍ കോപ്പിയോ കൈവശം കരുതുക. ജൂണ്‍ പത്ത് മുതല്‍ 30 കൂടിയ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594002840 നമ്പറില്‍ ബന്ധപ്പെടാം.Keywords: Kerala, Malappuram, News, Students, Education, Islamic School, Karnataka, Samasta Madrssas will be opened on Saturday

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal