» » » » » ആരോഗ്യമുള്ള ഭര്‍ത്താവ് കൂടെയില്ലാത്ത ഒരു സ്ത്രീ അടുത്തിടപഴകുന്ന പുരുഷന്മാരില്‍ നിന്ന് പലതും ആഗ്രഹിക്കും, അത് ഞാനും ആഗ്രഹിച്ചിരുന്നു; സ്ത്രീവഞ്ചനയും ക്ഷമായാചനയും

കൂക്കാനം റഹ് മാന്‍

(www.kvartha.com 15.06.2019) 

ബഹുമാനപ്പെട്ട മാഷിന്,
മാഷിനെ എങ്ങിനെ സംബോധന ചെയ്യണമെന്ന് അറിയുന്നില്ല. എങ്ങിനെ എന്റെ മനസ്സിലെ വേദന അങ്ങുമായി പങ്കിടണമെന്നും മനസ്സിലാവുന്നില്ല. തെറ്റുകാരി നൂറ് ശതമാനവും ഞാനാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മളുതമ്മിലുള്ള ബന്ധങ്ങളുടെ ഓര്‍മകള്‍ ഇവിടെ കുറിക്കുന്നത്. ഞാനിപ്പോള്‍ രോഗിിയാണ്. ശയ്യാവലംബയാണ്. ഇനി എത്രനാള്‍ ഉണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. എന്നെ നേരിട്ടുകാണേണ്ട. എന്റെ ഇന്നത്തെ രൂപം അങ്ങേയ്ക്ക് സങ്കല്‍പിക്കാന്‍ കഴിയില്ല. നമ്മള്‍ അവസാനമായി കണ്ട എന്റെ മുഖം അങ്ങയുടെ മനസ്സിലുണ്ടായാല്‍ മാത്രം മതി.

അധ്യാപകനെന്നതിനുപരി താങ്കള്‍ വേദനിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായതു കൊണ്ടല്ലേ എന്റെ വേദന പങ്കിട്ടപ്പോള്‍ അത് അങ്ങയുടെയും കൂടി വേദനയായി മാറിയത്. ഭര്‍ത്താവിന്റെ വഴിവിട്ട പോക്കില്‍ ജീവിതമവസാനിപ്പിച്ചു കളയാന്‍ എന്റെ കുഞ്ഞു മോളെയുമെടുത്ത് കുളിമുറിയില്‍ കയറി മണ്ണെണ്ണ ഞങ്ങളുടെ ഇരുവരുടെയും ദേഹത്തൊഴിച്ച് തീപ്പെട്ടിയുരസിയപ്പോള്‍ മകള്‍ പറഞ്ഞ 'അമ്മ മരിക്കേണ്ട എന്നെ കൊന്നോളൂ' എന്ന വാക്ക് കേട്ടപ്പോള്‍ ആ ശ്രമത്തില്‍ നിന്ന് ഞാന്‍ പിന്‍വലിഞ്ഞ അനുഭവം പറഞ്ഞപ്പോഴല്ലേ, അങ്ങയുടെ മനസ്സ് നൊമ്പരപ്പെട്ടത്.

അതിന്റെ അടുത്ത ദിവസം എനിക്ക് ഒരു കാര്‍ ഡീലറുടെ ഷോപ്പില്‍ റിസപ്ഷനിസ്റ്റായി ജോലി ശരിയാക്കിത്തന്നില്ലേ? എനിക്ക് അങ്ങയോട് വല്ലാത്തൊരു മമത തോന്നി. എന്നെ രക്ഷിച്ച ഒരു ദൈവമായിട്ടു തന്നെ അങ്ങയെ കണ്ടു. അങ്ങ് കുടുംബ സമേതം എന്റെ വീട്ടിലേക്ക് പലതവണ വന്നിട്ടില്ലേ? ഞാന്‍ അങ്ങയുടെ വീട്ടിലേക്കും നിരവധി തവണ വന്നിട്ടുണ്ട്. ഓണത്തിനും വിഷുവിനും അങ്ങയുടെ വീട്ടുകാര്‍ക്ക് പുതുവസ്ത്രം വാങ്ങുമ്പോള്‍ എനിക്കും പുതുവസ്ത്രങ്ങള്‍ മേടിച്ചു തന്നതൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. കുടുംബ സമേതം വിവിധ സ്ഥലങ്ങളില്‍ ടൂര്‍ സംഘങ്ങളോടൊപ്പം ഞാനും പങ്കാളിയായത് മധുരമുളള ഓര്‍മ്മയായി ഈ അവസ്ഥയിലും മനസ്സിലുണ്ട്്.

നമ്മള്‍ ഒപ്പം പോകുന്നതും, വരുന്നതും, ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കുന്നതുമൊക്കെ കാണുന്ന വ്യക്തികള്‍ അങ്ങേക്ക് ഒരു ഊമക്കത്തയച്ചതും, അത് മൂലം അങ്ങയുടെ മനസ്സിലുടലെടുത്ത സങ്കടങ്ങളും പ്രയാസങ്ങളും ഞാന്‍ നേരിട്ടു കണ്ടതാണ്. കളങ്കലേശമില്ലാത്ത നമ്മുടെ ഇടപെടലുകളില്‍ കള്ളത്തരം ആരോപിച്ച വ്യക്തികളെക്കുറിച്ചെന്തു പറയാന്‍? പ്രസ്തുത ഊമക്കത്ത് ഇപ്പോഴും അങ്ങയുടെ കൈവശമുണ്ടെന്നെനിക്കറിയാം.

ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തിന്റെ സമീപത്തു കൂടെയാണല്ലോ അങ്ങയുടെ സ്‌കൂളിക്കുളള വരവും പോക്കും. എന്നും കാണുകയും, കുടുംബ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍ എന്റെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമുണ്ടാവും. ഒരു ദിവസമെങ്കിലും കണ്ടില്ലെങ്കില്‍ എനിക്കുവല്ലാത്ത പ്രയാസമായിരുന്നു.

എന്റെ സ്ഥാപനത്തില്‍ സമൂഹത്തിലെ അറിയപ്പെടുന്നവരും, സാമ്പത്തിക കഴിവുള്ളവരുമാണ് വന്നു കൊണ്ടിരുന്നത്. അവരെയൊക്കെ പരിചയപ്പെടാനുളള അവസരം ഉണ്ടായി. പലരും എന്നെക്കുറിച്ച് കുടുതല്‍ അറിയാന്‍ താല്‍പര്യം കാണിച്ചു. ഒന്നും മറച്ചു വെക്കാതെയായിരുന്നു അവരോടെക്കെ എന്റെ ഇടപെടല്‍. അതില്‍ കോളജ് പ്രൊഫസര്‍മാരുണ്ട്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെയുണ്ടായിരുന്നു. ഒരു പ്രൊഫസറും, എഞ്ചിനീയറും എന്നോട് കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളും അറിയാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ മെച്ചമുള്ള ജോലിയും, ഉയര്‍ന്ന ശമ്പളവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

എനിക്കൊരു തെറ്റ് പറ്റി മാഷെ. അങ്ങയേക്കാള്‍ ഞാന്‍ അവരെ കണ്ടു. അവരുടെ സ്‌നേഹത്തിലും സഹകരണത്തിലും ഞാന്‍ ആകൃഷ്ടയായി. ക്രമേണ അങ്ങയോടുള്ള ഇഷ്ടം കുറഞ്ഞു വന്നു. അങ്ങ് എന്റെ സ്ഥാപനത്തില്‍ വരുന്നതും, കാണുന്നതും അരോചകമായി തോന്നി. ആരോഗ്യമുള്ള ഭര്‍ത്താവ് കൂടെയില്ലാത്ത ഒരു സ്ത്രീ അടുത്തിടപഴകുന്ന പുരുഷന്മാരില്‍ നിന്ന് പലതും ആഗ്രഹിക്കും. അത് അങ്ങേയില്‍ നിന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അങ്ങേയ്ക്കതില്‍ താല്‍പര്യമില്ലായിരുന്നു. അല്ലെങ്കില്‍ ഒരു മകളെ പോലെയോ, സഹോദരിയെ പോലെയോ മാത്രം എന്നെ കാണുന്നതിനാല്‍ അത്തരം ചിന്ത അങ്ങയുടെ മനസ്സില്‍ ഉദിച്ചിട്ടുണ്ടാവില്ല.

പക്ഷേ ഞാന്‍ ഇടപെടാന്‍ തുടങ്ങിയ മാന്യവ്യക്തികള്‍ക്ക് അത്തരം ഇടപെടലുകള്‍ക്ക് താല്‍പര്യമുണ്ടെന്ന് തോന്നി. അത് നേരിട്ടു പറയാനും ഒരു വ്യക്തി തയ്യാറായി. ഞാനതില്‍ വീണുപോയി. അങ്ങയെ അല്പാല്പമായി മാറ്റി നിര്‍ത്താന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഫോണ്‍ ചെയ്താല്‍ എടുക്കാതെ ഇരുന്നു. അങ്ങ് സ്ഥാപനത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന സമയം കണക്കാക്കി ഞാന്‍ മാറി നില്‍ക്കാന്‍ തുടങ്ങി. എനിക്കെന്തോ മാനസിക വിഭ്രാന്തി പിടിപെട്ട പോലെയായി. ഞാന്‍ സൂചിപ്പിച്ച വ്യക്തിയോട് അടക്കാനവാത്ത അഭിനിവേശം തോന്നി.

വന്നവഴികളൊക്കെ ഞാന്‍ മറന്നു. ആ വ്യക്തി എനിക്ക് വേറൊരു കമ്പനിയില്‍ ജോലി ശരിപ്പെടുത്തിത്തന്നു. ഉയര്‍ന്ന ശമ്പളവും കിട്ടിത്തുടങ്ങി. ഇതൊക്കെ ആയപ്പോള്‍ അങ്ങയെ കൂടുതല്‍ വെറുപ്പിക്കാന്‍ ഞാനൊരു പണിയൊപ്പിച്ചു. അങ്ങെഴുതുമ്പോലെ ഒരു ഊമക്കത്ത് എന്നെയും അയാളെയും ബന്ധിപ്പിച്ച് എഴുതി ഉണ്ടാക്കി. കയ്യെഴുത്ത് എന്റെതാണെന്ന് മനസ്സിലാവാതിരിക്കാനുളള വഴിയും സ്വീകരിച്ചു.

പ്രസ്തുത ഊമക്കത്ത് ഞാന്‍ ജോലി നോക്കുന്ന സ്ഥാപനത്തിന്റെ അഡ്രസില്‍ എന്റെ പേരില്‍ അയച്ചു. ആ കത്ത് ഞാന്‍ അയാള്‍ക്ക് കാണിച്ചുകൊടുത്തു. അയാള്‍ക്ക് കോപം വന്നു അങ്ങയുടെ സ്‌കൂളില്‍ വന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ഞാനറിഞ്ഞു. സ്വപ്നത്തില്‍ പോലും അങ്ങ് വിചാരിക്കാത്ത ഒരു കാര്യമായിരുന്നു അത്.

എന്നോട് കാണിച്ച നന്മയും, ഉപകാരവും മരിച്ചാലും ഞാന്‍ മറക്കില്ല. ഞാന്‍ ചെയ്ത വഞ്ചനയ്ക്ക് മാപ്പിരക്കാനാണീകത്ത്. ഇനി എത്ര നാള്‍ ഭൂമിയില്‍ ഞാന്‍ ജീവിച്ചിരിക്കുമെന്നറിയില്ല. ഈ അവസാന നാളില്‍ അങ്ങയുടെ കാലു പിടിച്ച് ക്ഷമ യാചിക്കുകയാണ്. ക്ഷമിക്കണേ.. മാപ്പു തരണേ.. പണ്ടെങ്ങോ അങ്ങ് പറഞ്ഞതു പോലെ അങ്ങയുടെ കുഞ്ഞനുജത്തി..


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, Kookanam-Rahman, Writer, Cheated by women

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal