Follow KVARTHA on Google news Follow Us!
ad

മകന് വഴിമാറി സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.New Delhi, News, Politics, Rahul Gandhi, Election, National,
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെയായിരിക്കും സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം. ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

1991 മെയ് 21-ാം തീയതി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാല്‍, അന്നു സോണിയ ഈ നിര്‍ദേശം നിരസിച്ചതിനെ തുടര്‍ന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് 1998ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണു സോണിയ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1998ല്‍ തന്നെ സോണിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍, അവര്‍ പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

Sonia Gandhi announces retirement from politics, a day before Rahul Gandhi's 'crowning' as Congress president, New Delhi, News, Politics, Rahul Gandhi, Election, National.

സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വര്‍ഷത്തേയ്ക്കു സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്, തുടങ്ങിയവ സോണിയയുടെ എതിര്‍കക്ഷികള്‍, പ്രത്യേകിച്ചും ബി.ജെ.പി, ശക്തമായ പ്രചാരണായുധമാക്കിയപ്പോള്‍, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താന്‍ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നല്‍കി. ഇന്ത്യന്‍ മണ്ണിലോ, ഇന്ത്യന്‍ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ, പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിര്‍ന്ന നേതാക്കളായ പി.എ. സാംഗ് മ, ശരദ് പവാര്‍, താരീഖ് അന്‍വര്‍ എന്നിവര്‍ ചോദ്യം ചെയ്തപ്പോള്‍, സോണിയ തന്റെ നേതൃസ്ഥാനം രാജി വയ്ക്കാന്‍ തയാറായി.

2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങള്‍ക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാന്‍ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാര്‍ട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, ഗവണ്‍മെന്റ് രൂപവത്കരിക്കാനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കാന്‍ ഇടതുപക്ഷത്തെ ആശ്രയിക്കേണ്ടി വന്നു. വിദേശ മണ്ണില്‍ ജനിച്ച സോണിയ, ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ അയോഗ്യയാണെന്നുള്ള വാദങ്ങള്‍ വീണ്ടും ചൂടു പിടിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചുമതലയേല്‍ക്കാനുള്ള നിര്‍ദേശം സോണിയ നിരസിച്ചു. അസാധാരണമായ ഒരു ത്യാഗ പ്രവൃത്തിയായാണ് ഇതിനെ സോണിയയെ അനുകൂലിക്കുന്നവര്‍ വാഴ്ത്തുന്നതെങ്കിലും സോണിയയുടെ പൗരത്വസംബന്ധമായ ചില അവ്യക്തതകളാണ് ഇതിനു പിന്നില്‍ എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയാകുന്നതിനോ പാര്‍ലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന് എന്‍.ഡി.എ യിലെ പ്രമുഖ നേതാക്കള്‍ പലരും, പ്രത്യേകിച്ചും സുബ്രഹ്മണ്യം സ്വാമിയും, സുഷമാ സ്വരാജും ആരോപിച്ചു. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ അഞ്ചാം ഖണ്ഡം ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. എന്നാല്‍ സുപ്രീം കോടതിയില്‍ ഈ കേസ് തള്ളിപ്പോവുകയാണുണ്ടായത്. കൂടാതെ , താന്‍ കേംബ്രിഡ്ജ് സര്‍വകലാശാല ബിരുദധാരി ആണെന്നു സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചു ഫയല്‍ ചെയ്ത കേസും സുപ്രീം കോടതി തള്ളികളഞ്ഞു.

മെയ് 18-ാം തീയതി, സാമ്പത്തിക വിദഗ്ദനായ മന്‍മോഹന്‍ സിംഗിനെ സോണിയാ പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തു. നരസിംഹറാവു ഗവണ്‍മെന്റില്‍ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിംഗ്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അമരക്കാരനായി കരുതപ്പെടുന്നു. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതും, സോണിയയുമായി കാത്തു സൂക്ഷിച്ചു പോന്നിരുന്ന നല്ല ബന്ധവും, സിംഗിന് അനുകൂല ഘടകങ്ങളായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷസ്ഥാനം സോണിയ നിലനിറുത്തുകയും ചെയ്തു.

Also Read:

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sonia Gandhi announces retirement from politics, a day before Rahul Gandhi's 'crowning' as Congress president, New Delhi, News, Politics, Rahul Gandhi, Election, National.