Follow KVARTHA on Google news Follow Us!
ad

ദുരിതപര്‍വം താണ്ടി മഞ്ജുഷ നാട്ടിലേയ്ക്ക് മടങ്ങി

പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍, പ്രവാസജോലി സ്വീകരിച്ച് ഏറെ പ്രതീക്ഷകളോടെ സൗദിയില്‍ വീട്ടുജോലിക്കാരിയായി എത്തിയ മലയാളി യുവതി, പ്രവാസജീവിതം Gulf, Cheating, Woman, News, Manjusha finally returns home land.
അല്‍ഹസ്സ: (www.kvartha.com 12/10/2017) പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍, പ്രവാസജോലി സ്വീകരിച്ച് ഏറെ പ്രതീക്ഷകളോടെ സൗദിയില്‍ വീട്ടുജോലിക്കാരിയായി എത്തിയ മലയാളി യുവതി, പ്രവാസജീവിതം ദുരിതമായതോടെ, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.


തിരുവനന്തപുരം പാലോട് സ്വദേശിനിയായ മഞ്ജുഷയ്ക്കാണ് ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മഞ്ജുഷയ്ക്ക് ആറും പന്ത്രണ്ടും വയസുള്ള രണ്ടു പെണ്‍മക്കളുണ്ട്. ഒറ്റയ്ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലാണ്, ഒരു ട്രാവല്‍ ഏജന്റ് സൗദിയിലെ വിസ വാഗ്ദാനവുമായി എത്തിയത്. അല്‍ഹസ്സയില്‍ ഒരു സൗദിയുടെ വീട്ടില്‍, അയാളുടെ വയസായ അമ്മയെ പരിചരിക്കുക മാത്രമാണ് ജോലി എന്നും, നല്ല ശമ്പളവും മറ്റു പല മോഹനവാഗ്ദാനങ്ങളും ഏജന്റ് നല്‍കിയപ്പോള്‍, മഞ്ജുഷ സമ്മതിച്ചു.

എന്നാല്‍ സൗദിയില്‍ എത്തിയ ശേഷമാണ് 24 അംഗങ്ങള്‍ ഉള്ള വലിയൊരു കുടുംബത്തിന്റെ മുഴുവന്‍ വീട്ടുജോലിയും ചെയ്യാനാണ്, തന്നെ കൊണ്ടുവന്നതെന്ന് മഞ്ജുഷ മനസിലാക്കുന്നത്. സ്വന്തം കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് എങ്ങനെയും അവിടെ പിടിച്ചു നില്‍ക്കാനായിരുന്നു മഞ്ജുഷ തീരുമാനിച്ചത്. പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാതിരാത്രി 12 വരെ നീളുന്ന ജോലിയായിരുന്നു ആ വലിയ വീട്ടില്‍ ചെയ്യേണ്ടി വന്നത്. വിശ്രമമില്ലാതെ ജോലികള്‍ ചെയ്ത് അവരുടെ ആരോഗ്യം മോശമായി. മാത്രമല്ല, ആ വീട്ടുകാര്‍ ശമ്പളവും സമയത്തു കൊടുത്തിരുന്നില്ല. ആറു മാസം ജോലി ചെയ്തിട്ടും മൂന്നുമാസത്തെ ശമ്പളമേ കൊടുത്തുള്ളൂ.

തന്റെ കഷ്ടപ്പാടുകള്‍ മഞ്ജുഷ നാട്ടിലുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്ത് അറിയിച്ചു. അവര്‍ കലക്റ്റര്‍ മുതലുള്ള വിവിധ അധികാരികള്‍ക്കും എംബസിക്കും പോലീസിനും ഒക്കെ പരാതി നല്‍കി. ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിസ നല്‍കി പറ്റിച്ച ഏജന്റ് പോലീസ് അറസ്റ്റിലായി. എങ്കിലും മഞ്ജുഷയെ കണ്ടെത്തി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഒന്നും നടന്നില്ല. മഞ്ജുഷയുടെ ബന്ധുക്കള്‍ നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്വീഫ് മൈനാഗപ്പള്ളി, ജീവകാരുണ്യപ്രവര്‍ത്തകരായ ഹുസൈന്‍ കുന്നിക്കോട്, മണി മാര്‍ത്താണ്ഡം എന്നിവര്‍ മഞ്ജുഷയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ മനസിലാക്കി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ മഞ്ജുഷയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സമവായചര്‍ച്ചകള്‍ നടത്തി. 20,000 റിയാല്‍ നഷ്ടപരിഹാരം തന്നാലേ മഞ്ജുഷയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കൂ എന്ന നിലപാടില്‍ ആയിരുന്നു സ്‌പോണ്‍സര്‍. മഞ്ജുഷയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവയുഗം പ്രവര്‍ത്തകര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നഷ്ടപരിഹാരം വാങ്ങാതെ നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് സ്‌പോണ്‍സര്‍ വാക്കാല്‍ സമ്മതിച്ചു.

കാര്യങ്ങള്‍ ഒക്കെ ശരിയായി വന്നപ്പോള്‍ നിര്‍ഭാഗ്യം വീണ്ടും രോഗത്തിന്റെ രൂപത്തില്‍ മഞ്ജുഷയെ തേടിയെത്തി. അന്ന് രാത്രി കലശമായ വയറുവേദന അനുഭവപ്പെട്ട മഞ്ജുഷ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സരുടെ വയസായ അമ്മ സമ്മതിച്ചില്ല. വേദന സഹിക്കാനാകാതെ മഞ്ജുഷ വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓടാന്‍ ശ്രമിച്ചു. സ്‌പോണ്‍സരുടെ അമ്മ മഞ്ജുഷയെ തടയാന്‍ ശ്രമിച്ചപ്പോള്‍ പിടിവലി നടക്കുകയും, താഴെ വീണ് അവര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് ആ വീട്ടുകാര്‍ മഞ്ജുഷയെ പോലീസിന്റെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയതിന് ഒടുവില്‍, മഞ്ജുഷയ്ക്ക് ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും, ഒരു മാസത്തെ കുടിശ്ശിക ശമ്പളവും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ് മഞ്ജുഷ നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Cheating, Woman, News, Manjusha finally returns home land.