Follow KVARTHA on Google news Follow Us!
ad

ഹസനെ മാറ്റാന്‍ ആര്‍ക്കാണ് ധൃതി, ആര്‍ക്കു വേണ്ടി? ആത്മസുഹൃത്തിനു വേണ്ടി ആന്റണി ഇടപെടുമോ?

കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ച മുതിര്‍Thiruvananthapuram, Election, Ramesh Chennithala, New Delhi, Rahul Gandhi, Oommen Chandy, V.M Sudheeran, News, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 19.04.2017) കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ച മുതിര്‍ന്ന നേതാവ് എം എം ഹസനെ മാറ്റാന്‍ സംസ്ഥാനതലത്തില്‍ തിരക്കിട്ട നീക്കം. സംഘടനാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെത്തന്നെ സ്ഥിരം അധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കാനും എതിരില്ലാതെ തെരഞ്ഞെടുക്കാനും ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ വെട്ടാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടതും ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ഡെല്‍ഹിക്കു പോകുന്നതും ഈ കരുനീക്കങ്ങളുടെ ഭാഗമാണ്.

ഹസനെ മാറ്റി ഉമ്മന്‍ ചാണ്ടിയെ പ്രസിഡന്റാക്കണമെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം നിലപാടെടുത്തുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകട്ടെ എന്നുതന്നെയാണ് രമേശിന്റെയും ഐ ഗ്രൂപ്പിന്റെയും അഭിപ്രായം. അതിന് രണ്ടുകൂട്ടരും ഒരുപോലെ പറയുന്ന കാരണം, പാര്‍ട്ടി കൊണ്ടുനടക്കാനും സജീവമായി നിലനിര്‍ത്താനും പണം വേണമെന്നും അത് സംഘടിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കേ സാധിക്കൂ എന്നുമാണ്. എന്നാല്‍ ഇത് പരസ്യമായി പറയുന്നുമില്ല. താന്‍ ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇടക്ക് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഹസനെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്താന്‍ മുന്‍കൈയെടുക്കുകയും പാര്‍ട്ടി ചലിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് സമാഹരണത്തിന് ഹസനെ സഹായിക്കുകയും ചെയ്താല്‍ പോരെ എന്ന ചോദ്യം ചില നേതാക്കള്‍ ഉയര്‍ത്തുന്നുമുണ്ട്.



എന്നാല്‍ ഹസന്‍ പാര്‍ട്ടിയിലെ വലിയ നേതാവായി മാറുന്നത് സ്വന്തം ഗ്രൂപ്പിലെയും മറുഗ്രൂപ്പിലെയും ഒരു വിഭാഗം നേതാക്കള്‍ക്ക് സഹിക്കാനാകുന്നില്ലെന്നാണ് വിവരം. അതുകൊണ്ട് അവര്‍ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിക്കാണിക്കുകയും പ്രസിഡന്റായേ പറ്റൂ എന്ന് ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന് സഹികെട്ട് ഹസനെക്കൊണ്ട് പരസ്യമായി പറയുന്നതുവരെ അവരുടെ സമ്മര്‍ദം എത്തി.

1967 കാലത്ത് ടി ഒ ബാവ അധ്യക്ഷനായ ശേഷം പിന്നീട് ഇപ്പോഴാണ് കെപിസിസിക്ക് ഒരു മുസ്‌ലിം അധ്യക്ഷനുണ്ടാകുന്നത്. വി എം സുധീരന്‍ രാജിവച്ച ഒഴിവില്‍ ഹസന് ചുമതല നല്‍കുമ്പോള്‍ അത് സ്ഥിരമാക്കിയേക്കും എന്ന സൂചന ശക്തമായിരുന്നുതാനും. എകെ ആന്റണി അതിനു വേണ്ട സമ്മര്‍ദം ഹൈക്കമാന്‍ഡില്‍ ചെലുത്തും എന്നും കേട്ടിരുന്നു. എന്നാല്‍ ഹസനെ മൂന്നു മാസം പോലും തികയ്ക്കാതെ മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം.

സംസ്ഥാനത്തെ പ്രമുഖ സമുദായമായ മുസ്‌ലീങ്ങള്‍ സിപിഎമ്മിലേക്ക് അടുക്കുന്നതും തെരഞ്ഞെടുപ്പുകളില്‍ അവര്‍ ഇടതുമുന്നണിക്ക് വോട്ടു ചെയ്യുന്നതും കണക്കിലെടുത്താണ് മുസ്‌ലീങ്ങളെ അടുപ്പിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയില്‍ ഹസനെ പരിഗണിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ ഉറച്ച വോട്ടുകള്‍ ലീഗിനും അതുവഴി യുഡിഎഫിനും കിട്ടിയെങ്കിലും സംസ്ഥാനത്തെ പൊതുസ്ഥിതി അതല്ല. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഹസന്‍ തുടര്‍ന്നാല്‍ ചില നേതാക്കള്‍ ബിജെപിയിലേക്ക് പോകും എന്ന അസാധാരണ പ്രചരണമുണ്ടായി.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹസന് മാറ്റമുണ്ടാകാം എന്ന സൂചന സജീവമായിരിക്കുന്നത്. ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കേരള കാര്യത്തില്‍ എ കെ ആന്റണിയുടേതാണ് അന്തിമ വാക്ക്. അടുത്ത സുഹൃത്തും സമശീര്‍ഷനുമായ ഹസനു വേണ്ടി ആന്റണി ഇടപെടുമോ എന്നാണ് ഇനി അറിയാനുള്ളത്.

Also Read:
കാസര്‍കോട്ട് പോലീസ് സുരക്ഷ കര്‍ശനമാക്കി; രാത്രി 9.30ന് ശേഷം ഓടുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും


Keywords: Hassan will be replaced soon, But for whom, Thiruvananthapuram, Election, Ramesh Chennithala, New Delhi, Rahul Gandhi, Oommen Chandy, V.M Sudheeran, News, Politics, Kerala.