Follow KVARTHA on Google news Follow Us!
ad

ലീഗിന് ചെയ്യാനുണ്ട്, വളരെയധികം

അധികാരമൊഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കുറച്ചു മാത്രം മോശം പേര് കേള്‍പ്പിച്ചത് മുസ്‌ലിം ലീഗ് മന്ത്രിമാരും Article, Muslim League, UDF, CPM, MLA, Cabinet, Fascist, Election, Democracy, P K Abdul Rab, M V Nikeshkumar.
എസ് എ ഗഫൂര്‍

(www.kvartha.com 23.05.2016)
അധികാരമൊഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കുറച്ചു മാത്രം മോശം പേര് കേള്‍പ്പിച്ചത് മുസ്‌ലിം ലീഗ് മന്ത്രിമാരും എംഎല്‍എമാരുമായിരുന്നു. പലരും ശബ്ദം പോലും കേള്‍പ്പിച്ചില്ല എന്നതാണു ശരി. നിശബ്ദമായി പ്രവര്‍ത്തിക്കുന്നു എന്നാണ് അവരും പാര്‍ട്ടി നേതൃത്വവും പറഞ്ഞത്. റിസള്‍ട്ടിലാണ് ഞങ്ങളുടെ നോട്ടം എന്നു വിശദീകരിക്കുകയും ചെയ്തു. സ്വന്തം മണ്ഡലം നന്നായി നോക്കാന്‍ എംഎല്‍എമാര്‍ക്കും സ്വന്തം വകുപ്പ് നന്നായി നോക്കാന്‍ മന്ത്രിമാര്‍ക്കും പാണക്കാട്ടു കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ നിന്നും കോഴിക്കോട്ടെ ലീഗ് ഹൗസില്‍ നിന്നും ശക്തമായ നിര്‍ദേശമുണ്ടായി.

സിപിഎം സ്വതന്ത്രനായി നിന്ന് മറുകണ്ടം ചാടി വന്ന മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ പൊതുവേ ശാന്തമായിരുന്നു. 20 മന്ത്രിമാരുണ്ടായിട്ടും അഞ്ച് മന്ത്രിമാരുടെ കാര്യം പറയുമ്പോള്‍ ആര്‍ക്കൊക്കെയോ പൊള്ളുന്നത് എന്തിനാണ് എന്ന് സമര്‍ത്ഥമായി ചോദിച്ച് ഉത്തരം മുട്ടിക്കാന്‍ ലീഗിലെ ചാനല്‍പ്പോരുകാര്‍ക്ക് കഴിഞ്ഞില്ല എന്നതു മാത്രം ദഹിക്കാതെ കിടന്നു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭാ രൂപീകരണ സമയത്തുതന്നെ അഞ്ച് മന്ത്രിമാരുടെ കാര്യം സമ്മതിച്ചിരുന്നു എന്നാണ് തലസ്ഥാനത്ത് വിശ്വസനീയമായി കേട്ടത്. പക്ഷേ, കേന്ദ്രത്തില്‍ അക്കാലം, അതായത് 2011 ല്‍ ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാരായിരുന്നതുകൊണ്ടും അതില്‍ സഹമന്ത്രി മാത്രമായിരുന്ന ഇ അഹമ്മദ് സാഹിബിന് ക്യാബിനറ്റ് റാങ്ക് കിട്ടാന്‍ അഞ്ചാം മന്ത്രി എന്ന സാധ്യത വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും കൂടി അനുബന്ധമായി അന്നുമിന്നും കേള്‍ക്കുന്നുണ്ട്. ഏതായാലും അഹമ്മദ് സാഹിബിന് ക്യാബിനറ്റ് കിട്ടിയില്ല. അതോടെയോ അല്ലാതെയോ അഞ്ചാം മന്ത്രിക്കു വേണ്ടി ശ്രമിച്ചു. കിട്ടുകയും ചെയ്തു.

വ്യവസായം, ഐടി, പൊതുമരാമത്ത്, സാമൂഹിക നീതി, പഞ്ചായത്ത്, നഗരവികസനം എന്നീ സുപ്രധാന വകുപ്പുകള്‍ ലീഗ് മന്ത്രിമാരുടേതായി. അവര്‍ മുന്നും പിന്നും നോക്കാതെ 'ഭരണം' എന്നൊരു കാര്യത്തിലേക്കു മാത്രം കണ്ണും കാതും ഊന്നി. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് മുതല്‍ താഴേക്ക് നാറ്റക്കേസായി മാറിയ സോളാറില്‍ ലീഗ് മന്ത്രിമാരുടെ പേര് കേട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലവട്ടം കയറിയിറങ്ങിയ സരിതാ എസ് നായര്‍ തൊട്ടെതിര്‍വശത്തുള്ള കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലേക്ക് പോകാതിരുന്നത് കുഞ്ഞാലിക്കുട്ടിക്കും സമുദായത്തിനും ലീഗിനും നന്നായി. പേരുദോഷം വരാന്‍ ഇമ്മാതിരി പെണ്ണുങ്ങളുടെ നിഴല്‍ വീണാലും മതീല്ലോ.

അങ്ങനെയൊക്കെ സൂക്ഷിച്ചും കണ്ടും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ലീഗിന് സ്വാഭാവികമായും വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. ലീഗിന് കഴിഞ്ഞ തവണത്തെ എണ്ണം നിലനിര്‍ത്താനാകും. യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകും എന്ന് പുറമേ പറഞ്ഞവര്‍, അത് ഉണ്ടായാലും ഇല്ലെങ്കിലും ലീഗിന് തട്ടുകേടൊന്നും സംഭവിക്കില്ലെന്ന് അകമേ പറഞ്ഞു.

പക്ഷേ, ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണ ഇടതുമുന്നണി ജയിച്ച തവനൂര്‍, പൊന്നാനി എന്നീ മണ്ഡലങ്ങളില്‍ മാത്രമല്ല ലീഗിന്റെ തീപ്പൊരി നേതാവ് അബ്ദു റഹിമാന്‍ രണ്ടത്താണിയുടെ താനൂരിലും പാറിയത് ചെങ്കൊടി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബ് തിരൂരങ്ങാടിയില്‍ തോറ്റു എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടാണ് തിരിച്ചുവന്നത്. മാത്രമല്ല, പെരിന്തല്‍മണ്ണയിലും ഏറനാട്ടിലും അഴീക്കോട്ടും മഞ്ചേശ്വരത്തും നന്നായി പൊരുതിയിട്ടാണ് കടന്നുകൂടാന്‍ പറ്റിയത്.

മഞ്ചേശ്വരത്ത് അബ്ദു റസാഖ് ബിജെപിയുടെ കെ സുരേന്ദ്രനോടും അഴീക്കോട്ട് എം വി നികേഷ് കുമാറിനോട് കെ എം ഷാജിയും തോറ്റു എന്നുതന്നെ കരുതി. അഴീക്കോട്ട് ഷാജി സ്വന്തം നിലയില്‍ ബിജെപി വോട്ടുകള്‍ കൂടി വാങ്ങിയാണ് ജയിച്ചത് എന്ന പേരുദോഷം അന്തരീക്ഷത്തില്‍ നില്‍ക്കുന്നുമുണ്ട്. മഞ്ചേശ്വരത്ത് വെറും 89 വോട്ടുകളുടേതാണ് ഭൂരിപക്ഷം. അവിടെയൊരു പഞ്ചായത്തില്‍ സിപിഎം സഹായിച്ചത് രക്ഷയായി എന്നാണ് സംസാരം. കെ സുരേന്ദ്രന്‍ ചാനല്‍ പ്രതികരണത്തില്‍ 'ഫാദര്‍ലെസ് പരിപാടി' എന്നു വിശേഷിപ്പിച്ചതും എന്നാല്‍ ശരിക്കും നല്ല അപ്പനുള്ള സിപിഎമ്മിന് ബിജെപി വരരുത് എന്ന് ഉറച്ച നിലപാടുള്ളതുകൊണ്ടു ചെയ്തതുമായ സദ്‌  കൃത്യം. അത് ലീഗിന്റെ മികവല്ല, പരാജയമാണു താനും.

സാങ്കേതികമായി ജയിക്കുമ്പോഴും ചില ജയങ്ങളെ പരാജയങ്ങളായി ഉള്ളിലെങ്കിലും സമ്മതിക്കണം. അത് ഭാവിയിലേക്ക് ഉപകരിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഭാവിയിലേക്ക് ഉപകരിക്കുക എന്നുവച്ചാല്‍ തിരുത്താന്‍ സഹായിക്കുക എന്നാണ്. താനൂരിലും തിരൂരങ്ങാടിയിലും പിഡിപിയാണ് ലീഗിന് വിനയായതെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നീ കൊച്ചുകൊച്ചു മുസ്‌ലിം പാര്‍ട്ടികളുടെ സാന്നിധ്യമാണ് പൊതുവേ ലീഗിന്റെ പ്രതീക്ഷയെ തകിടം മറിച്ചത്. ഇങ്ങനെയൊക്കെയായിട്ടും ഞങ്ങള്‍ക്ക് 18 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിച്ചല്ലോ എന്ന് വേണമെങ്കില്‍ മേനി നടിക്കാം. പക്ഷേ, അതാണോ ചെയ്യേണ്ടത് എന്ന് ലീഗ് നേതൃത്വം ഒന്ന് ആലോചിക്കുന്നത് നന്നായേക്കും.

ശരിക്കും മുസ്‌ലിം ലീഗിന്റെ റോള്‍ എന്താണ്? പല മുസ്‌ലിം പാര്‍ട്ടികളില്‍ ഒന്ന് എന്നാണോ. അതോ എല്ലാ ചെറുശബ്ദങ്ങളെയും ഒന്നിച്ചു ചേര്‍ത്ത് മുസ്‌ലിം സമുദായത്തിന്റെ ശബ്ദത്തിനു വലിപ്പം കൂട്ടാന്‍ ഉത്തരവാദമുള്ള രാഷ്ട്രീയപ്രസ്ഥാനമോ. മുസ്‌ലിം സമുദായത്തിന്റെ ശബ്ദത്തിനു പെരുമ ലഭിക്കുക എന്നുവച്ചാല്‍ പിന്നോക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ശബ്ദം ലഭിക്കുന്നു എന്നാണ്. അത് അങ്ങനെതന്നെ ആവുകയും വേണം.

ജമാഅത്തെ ഇസ്‌ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും അവരുടെ രാഷ്ട്രീയ പ്രതീക്ഷകളെയും ലീഗിന് പെട്ടെന്ന് ആഗിരണം ചെയ്യാനും കൂട്ടായ്മയിലേക്ക് നയിക്കാനും സാധിച്ചുകൊള്ളണമെന്നില്ല. പിഡിപിയുടെ കാര്യത്തിലും അതുതന്നെയാണു സ്ഥിതി. ചെറുതാണെങ്കിലും അവരൊക്കെ രാഷ്ട്രീയമായി വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. ഐഎന്‍എല്ലിനെപ്പോലെ ലീഗിന് തലവച്ച് ആത്മഹത്യ ചെയ്യാന്‍ അവരെക്കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, ലീഗിന് പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രം മുമ്പൊക്കെ വിളിച്ചുകൂട്ടിയിരുന്ന സൗഹൃദവേദിയുടെ മാതൃകയില്‍ ഒന്ന് ആത്മാര്‍ത്ഥമായ ഉദ്ദേശ്യത്തോടെ സജീവമാക്കുന്നത് നന്നായേക്കും. പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുക. തെരഞ്ഞെടുപ്പില്‍ സമുദായത്തിനും പൊതുസമൂഹത്തിനു ഗുണം ഏതെന്നു കൂട്ടായി ആലോചിച്ചു പരസ്പരം കൊടുത്തും കൊണ്ടും തീരുമാനിക്കുക. കേള്‍ക്കുമ്പോള്‍ നടക്കാത്ത ആശയം എന്നു തോന്നാം. പക്ഷേ, നടന്നില്ലെങ്കില്‍ പിന്നീട് കിടക്കേണ്ടി വരും എന്നോര്‍ത്താല്‍ മതി.

ഇ കെ, എ പി വിഭാഗീയതയില്‍ ലീഗ് പക്ഷം പിടിക്കാതിരിക്കുക എന്നതാണ് മറ്റൊരു സുപ്രധാനമായ കാര്യം. ഇ കെ വിഭാഗത്തെയും എ പി വിഭാഗത്തെയും മാത്രമല്ല മുജാഹിദുകളിലെ വിവിധ വിഭാഗങ്ങളെയും ഒന്നിപ്പിക്കാം എന്ന് ലീഗല്ല ആര് ആഗ്രഹിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. തീരുമാനങ്ങളെടുക്കുന്ന സര്‍വശക്തന്‍ നല്ല ബുദ്ധി കൊടുക്കുമ്പോള്‍ ഇവര്‍ ചെറിയ താല്‍ക്കാലിക ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിക്കും എന്നു പ്രതീക്ഷിക്കുക മാത്രമേ വഴിയുള്ളു. പക്ഷേ, പക്ഷം പിടിക്കുന്നതിനു പകരം ലീഗ് ചെയ്യേണ്ടത് ഇവരുടെയെല്ലാം വിശ്വാസവും സ്വീകാര്യതയും ഉറപ്പിക്കുക എന്നതാണ്. കാന്തപുരത്തിന്റെ അനുയായികള്‍ക്ക് ലീഗ് തങ്ങളുടെ ശത്രുപക്ഷത്താണ് എന്ന തോന്നലില്‍ നിന്നൊരു മാറ്റം ഉണ്ടാക്കാന്‍ ലീഗിന് സാധിച്ചാല്‍ അത് നിസാരമാകില്ല.

ഇ കെ വിഭാഗത്തിലാകട്ടെ ലീഗ് തങ്ങളുടെ മാത്രം പാര്‍ട്ടിയാണ് എന്നു വിചാരിക്കുന്നവരും തങ്ങള്‍ ലീഗിന്റെ ഘടക കക്ഷിയാണ് എന്ന മട്ടില്‍ ചിന്തിക്കുന്നവരുമുണ്ട്. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി സമുദായത്തിലെ എല്ലാ സംഘടനകള്‍ക്കും ഊര്‍ജ്ജസ്വലമായി നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ലീഗ് ഇവരുടെയാരുടെയും ശത്രുപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കരുത്. അതിനു വേണ്ടി ഒരു കര്‍മപദ്ധതിതന്നെ ഉണ്ടാക്കി മുന്നോട്ടുവെച്ച് പ്രവര്‍ത്തിക്കണം.

വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തു നേടിക്കൊണ്ടിരിക്കുന്ന കാലത്ത് മുസ്‌ലിം കൂട്ടായ്മകള്‍ ദുര്‍ബലമാകാതിരിക്കുക തന്നെ വേണം. അത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെും ശക്തമായ നിലനില്‍പ്പിന് അത്യാവശ്യമാണ്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഒരേയൊരു വഴിയേയുള്ളു, ഐക്യം ശക്തിപ്പെടുത്തുക. അതില്‍ മുസ്‌ലിം ലീഗിന് ഒരുപാടു ചെയ്യാനുണ്ട്.

Keywords: Article, Muslim League, UDF, CPM, MLA, Cabinet, Fascist, Election, Democracy, P K Abdul Rab, M V Nikeshkumar.