Follow KVARTHA on Google news Follow Us!
ad

വികാരജീവികളോട് സ്‌നേഹപൂര്‍വ്വം

എളാപ്പയെ ആരോ തല്ലുന്നു എന്നാണ് ബീരാന്‍കുട്ടിക്ക് വിവരം ലഭിച്ചത്. ബീരാന്‍കുട്ടിയുടെ രക്തം തിളച്ചു മറിഞ്ഞു. അങ്ങാടിയില്‍ എത്തുമ്പോഴേക്കും അടിയൊക്കെ കഴിഞ്ഞ് എളാപ്പ വീണു Sayed Munthasir Thangal, Article, Social Media, Group, Kerala, Islam.
സയ്യിദ് മുംതസിര്‍ തങ്ങള്‍

(www.kvartha.com 15/05/2015)
ളാപ്പയെ ആരോ തല്ലുന്നു എന്നാണ് ബീരാന്‍കുട്ടിക്ക് വിവരം ലഭിച്ചത്. ബീരാന്‍കുട്ടിയുടെ രക്തം തിളച്ചു മറിഞ്ഞു. അങ്ങാടിയില്‍ എത്തുമ്പോഴേക്കും അടിയൊക്കെ കഴിഞ്ഞ് എളാപ്പ വീണു കിടക്കുന്നു. ബീരാന്‍കുട്ടി വെല്ലുവിളിച്ചു. 'ധൈര്യമുണ്ടെങ്കില്‍ എളാപ്പയെ ഒന്ന് തല്ലി നോക്ക്'. ജനം ആവേശത്തോടെ നോക്കി. ഇപ്പോളിവിടെ വല്ലതും നടക്കും എന്നാണ് അവരും കരുതി കാണുക. അക്രമി വെല്ലുവിളി സ്വീകരിച്ചു എളാപ്പയെ കാര്യമായി ഒന്ന് ചവിട്ടി. വേദന കൊണ്ട് എളാപ്പ ബീരാന്‍കുട്ടിയെ ഒന്ന് നോക്കി. 'ധൈര്യമുണ്ടെങ്കില്‍ ഒന്നുകൂടി തല്ല്' വെല്ലുവിളി വീണ്ടും ആവര്‍ത്തിച്ചു. അവസാനം എളാപ്പ ബീരാന്‍കുട്ടിയുടെ കാല് പിടിച്ച് പറഞ്ഞു. 'മോനേ, എളാപ്പയേ ഇങ്ങനെ തല്ല് കൊള്ളിക്കല്ലേ'.

പണ്ടെപ്പോഴോ കേട്ടു മറന്നൊരു കഥയാണെങ്കിലും ഇന്ന് നമുക്ക് ചുറ്റുമുള്ള ചിലരെ കാണുമ്പോള്‍ എളാപ്പയെ തല്ല് കൊള്ളിക്കുന്ന ബീരാന്‍കുട്ടിയോട് സാദൃശ്യം തോന്നിപ്പോവുകയാണ്.

ഫേസ്ബുക്കിലെ വ്യത്യസ്ത മതത്തില്‍ പെട്ട രണ്ടുപേര്‍ തമ്മിലുള്ള വാഗ്വാദമാണ് പുതിയ വിവാദം. പ്രകോപിതനായ വ്യക്തി മറുപടിയായി പ്രവാചകനെതിരേയും ഇസ്ലാമിനെതിരേയും അസഭ്യ സന്ദേശം അയച്ച് അപ്പുറത്തുള്ളവനെ കൂടുതല്‍ പ്രകോപിതനാക്കി. ഇത് വായിച്ച് ദേഷ്യം മൂത്ത വ്യക്തി പ്രതിയോഗിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലെ വികാരജീവികളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവചകനേയും ഇസ്ലാമിനേയും അവഹേളിക്കുന്ന ഭാഗം അതേപടി സ്‌ക്രീന്‍ഷോട്ട് എടുത്ത് വാട്ട്‌സാപ്പില്‍ ഇട്ടു. കൂടെ ഖത്തറിലുള്ള ഇയാളെ കണ്ടുപിടിച്ച് കൈകാര്യം ചെയ്യണമെന്ന ആഹ്വാവവും. 

ഇത് കണ്ട അഭിനവ ബീരാന്‍കുട്ടിമാര്‍ സോഷ്യല്‍ മീഡിയയിലെ സകല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്ത് ഇസ്ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം ഊട്ടിയുറപ്പിച്ചു. വെറും ഒരു വ്യക്തി മാത്രം വായിക്കാന്‍ ഇടയുണ്ടായിരുന്ന സ്വകാര്യ സന്ദേശം സോഷ്യല്‍ മീഡിയയിലെ പതിനായിരങ്ങള്‍ക്ക് എത്തിച്ചു കൊടുത്തവര്‍ പൊതുസമൂഹത്തിനു മുന്നില്‍ ഇസ്ലാമിനേയും പ്രവാചകനേയും വീണ്ടും വീണ്ടും അപകീര്‍ത്തിപ്പെടുത്തി. ഫലമോ... ഖത്തറിലെ ഒരു മാളില്‍ വെച്ച് ആളെ പിടികൂടി കൈകാര്യം ചെയ്തു. അതിന്റെ ദൃശ്യം പ്രചരിപ്പിച്ച് ഇസ്ലാമികമായ ഒരു ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ ബീരാന്‍കുട്ടിമാര്‍ ആഹ്ലാദം കൊണ്ടു.

ഒരു ന്യൂനപക്ഷം ചെയ്യുന്ന അവിവേഗത്തിന്റെ പേരില്‍ മുഴുവന്‍ സമുദായവും പഴി കേള്‍ക്കേണ്ടി വരുന്നു എന്നതാണ് ഇസ്ലാം നേരിടുന്ന വലിയ വെല്ലുവിളി. ഇസ്ലാമിന് വേണ്ടി ജീവിക്കാന്‍ ആളില്ലാതാവുകയും വൈകാരികമായി ജീവിച്ച് ഈ മതത്തിനു വേണ്ടി മരിക്കാന്‍ ആളുകള്‍ സജ്ജരാവുകയും ചെയ്യുന്നു എന്നത് വിരോധാഭാസമാണ്. സമാനമായ അനുഭവങ്ങള്‍ പല തവണ ഈ സമുദായം നേരിട്ടിട്ടും അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാത്തത് ഖേദകരമാണ്.

മുമ്പ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ചോദ്യപേപര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈവെട്ടിയ സംഭവം തന്നെ എടുത്ത് നോക്കാം. പ്രവാചകനെ ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം വികാരത്തോട് ആദ്യം ചേര്‍ന്ന് നിന്ന പൊതു സമൂഹം പിന്നീട് കൈവെട്ടലോട് കൂടി ഇസ്ലാം ഭീകരതയുടെ മതമാണെന്ന് തെറ്റിധരിച്ചു. പൊതുസമൂഹത്തിനു മുന്നില്‍ വെറുപ്പിന്റെ പ്രതീകമായി മാറേണ്ടിയിരുന്നയാള്‍ പുണ്യാളനായി മാറി. ഉത്തമസമുദായം തീവ്രവാദികളും.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരിലാണല്ലോ പാരീസിലെ വാരികയുടെ ഓഫീസ് അക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയത്. വളരെ കുറച്ച് പേര്‍ മാത്രം കണ്ടിരുന്ന ചാര്‍ളി എബ്ദോയുടെ അശ്ലീല കാര്‍ട്ടൂണ്‍ അക്രമം നടന്നതോടെ ലോകത്തിന്റെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിലൂടെ കോടിക്കണക്കിനു ആളുകള്‍ കാണുകയുണ്ടായി. അവിവേകികളുടെ എടുത്ത് ചാട്ടം മത വൈരം പൂണ്ട പാപികളെ പ്രശസ്തരാക്കി. തസ്ലീമാ നസ്രീന്റെയും സല്‍മാന്‍ റുഷ്ദിയുടേയും പുസ്തകങ്ങള്‍ക്കും സംഭവിച്ചതും ഇതുതന്നെയാണ്.

മുസ്ലിംകളിലെ അവിവേകികളെ ബോധപൂര്‍വ്വം പ്രകോപിപ്പിച്ച് അവരെ അക്രമാസക്തരാക്കി ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശത്രുക്കളുടെ തന്ത്രം കാണാതിരുന്നു കൂടാ. ഇസ്ലാം എന്നാല്‍ ഭീകരതയുടെ മതമാണെന്നും മുസ്ലിംകള്‍ തീവ്രവാദികളാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് പല ഭാഗത്ത് നിന്നും ഉണ്ടവുന്നത്. ലോകത്ത് നന്മ മാത്രം പ്രചരിപ്പിച്ച പ്രവാചകനെ ഭീകരവാദിയാക്കി കാര്‍ട്ടൂണ്‍ വരച്ചും, ഖുര്‍ആന്‍ കത്തിചും, പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി ചോദ്യ പേപര്‍ തയ്യാറാക്കിയും മുസ്ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും അവര്‍ നടത്തുന്നു. 

ഇസ്ലാമിനും പ്രവാചകനും നേരെയുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ഇന്നത്തോടെ അവസാനിക്കുമെന്ന് കരുതാനും വയ്യ.
ജീവിത കാലത്ത് തന്നെ പ്രവരാചകനെ ഭ്രാന്തനെന്നും മാരണക്കാരനെന്നും കള്ളനെന്നും വാലറ്റവനെന്നും കുലദ്രോഹിയെന്നും പരിഹസിച്ചിട്ടുണ്ട്. ഇതിന്റെ പേരിലൊന്നും ജീവിത കാലത്ത് പ്രവാചകനോ പ്രവാചകനെ അതിരറ്റ് സ്‌നേഹിച്ച അനുചരന്മാരോ പിന്മുറക്കാരോ കായികമായി നേരിട്ടിട്ടില്ല. അതിനു അവര്‍ കല്‍പ്പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുമില്ല.

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തു ലഹബില്‍ പരാമര്‍ശിച്ചുട്ടുള്ള ഉമ്മു ജമില്‍, അബൂലഹബിന്റെ ഭാര്യ, പ്രവാചകനെ അവഹേളിക്കുവാന്‍ വേണ്ടി മുഹമ്മദ് എന്ന പേരിന് പകരം, 'മുതമ്മം' എന്ന പേര് ഉപയോഗിച്ച് ഒരു കവിത ഉണ്ടാക്കി. 'മുതമ്മം' എന്നു പറഞ്ഞാല്‍ 'അപകീര്‍ത്തിപ്പെട്ടവന്‍' എന്നാണര്‍ത്ഥം.

അക്കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ മാധ്യമം കവിതയായിരുന്നു. ഈ കവിത എല്ലായിടത്തും പ്രചരിക്കപ്പെട്ടു. കുട്ടികളും യാത്രക്കാരും ഇത് പാടി നടന്നു. അറേബ്യന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കി ഉമ്മു ജമീലിന്റെ ഈ കവിത. ഈ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍. മുസ്‌ലിംകളായി അന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രം. 

ഇത് പ്രവാചക സഖാക്കള്‍ക്ക് വല്ലാത്ത മനഃപ്രയാസവും വ്യസനവും ഉണ്ടാക്കി. ഇവിടെയാണ് ഉള്‍ക്കാഴ്ച്ചയും വിവേകത്തോടെയുമുള്ള തിരുമേനിയുടെ നിലപാട് പ്രഖ്യാപിക്കുന്നത്: 'ഖുറൈശികളുടെ അവഹേളനങ്ങളില്‍ നിന്ന് അല്ലാഹു എങ്ങനെയാണെന്നെ സംരക്ഷിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും 'മുതമ്മിമി'നെയാണ്. ഞാന്‍ മുഹമ്മദാണ്' (ബുഖാരി).

തിരുമേനിക്കെതിരെയുള്ള അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഇസ്‌ലാമിന്നും മുസ് ലിംകള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ക്കെതിരെ മുസ്ലിമിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണാവേണ്ടത്.പ്രശ്‌നത്തെ നിസ്സാരമായി കാണുകയും മറ്റാരെയെങ്കിലും കുറിച്ചാണ് ആക്ഷേപമെന്നും കരുതുക.

പ്രവാചകന്‍ ഇസ്ലാമിന്റെ പ്രചാരത്തിന് വേണ്ടിയും ഇസ്ലാമിനും തനിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കവിത എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തിയിരുന്നു. ഹസ്സാനുബ്‌നു സാബിത് എന്ന പ്രമുഖ സഹാബി, പ്രവാചകന്റെയും, ഇസ്ലാമിന്റെയും അക്കാലത്തെ മാധ്യമ വാക്താവായിരുന്നു. അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഇസ്ലാമിനെയും പ്രവാചനെയും പ്രതിരോധിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. ഹസ്സാനുബ്‌നു സാബിതിനോട് കവിതയിലൂടെ മറുപടി നല്‍കാന്‍ തിരുമേനി കല്‍പ്പിക്കുകയാണ്.

അദ്ദേഹത്തിന്റെ കവിതകള്‍ കുന്തത്തേക്കാള്‍ മൂര്‍ച്ചയേറിയതാണന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു. പ്രതിയോഗിയെ കായികമായി നേരിടുന്നതിനെകാള്‍ മൂര്‍ച്ചയുള്ളത് അത്തരം പ്രതികരണങ്ങള്‍ക്കാണ്. നമ്മുടെ ഇക്കാലഘട്ടത്തില്‍ ഹസ്സാനുബ്‌നു സാബിത് എവിടെയാണ്? ഹസ്സാനുബ്‌നു സാബിതിനെ പോലെ, ഒരു ഒരു ലേഖനത്തിലൂടെ, യുക്തി ഭദ്രമായ വാദങ്ങളിലൂടെ പ്രവാചകനെയും ഇസ്ലാമിനെയും നിന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കാര്ട്ടൂണുകള്‍ക്ക് സിനിമകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ആരുണ്ട് നമ്മുടെ കൂട്ടത്തില്‍?
Sayed Munthasir Thangal, Article, Social Media, Group, Kerala, Islam.

Keywords: Sayed Munthasir Thangal, Article, Social Media, Group, Kerala, Islam.