Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: 136 അടിയിലെത്തിയിട്ടും വെളളം കിട്ടാതെ കേരളം, ചോര്‍ച്ചയും കൂടി

ജലനിരപ്പ് 136 അടിയിലെത്തിയെങ്കിലും 35 വര്‍ഷമായി കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മുല്ലപ്പെരിയാര്‍ കവിഞ്ഞുളള ജലം ഇനി ഇങ്ങോട്ട് ഒഴുകില്ല. Idukki, Mullaperiyar Dam, Kerala,
ഇടുക്കി: (www.kvartha.com 31.10.2014) ജലനിരപ്പ് 136 അടിയിലെത്തിയെങ്കിലും 35 വര്‍ഷമായി കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മുല്ലപ്പെരിയാര്‍ കവിഞ്ഞുളള ജലം ഇനി ഇങ്ങോട്ട് ഒഴുകില്ല. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി തമിഴ്‌നാട് നടപ്പാക്കിയതിനെ തുടര്‍ന്നാണിത്.

1979 ല്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്റെ നേത്യത്വത്തിലുള്ള സംഘം ഡാം പരിശോധിച്ചാണ്  ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയത്. 152 അടി ജലനിരപ്പ് കേരളത്തിന് 'ഭീഷണിയാണെന്ന് ജല കമീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 136 അടി ഉയരത്തില്‍ 13 സ്പില്‍വേകള്‍ സ്ഥാപിച്ചാണ് ജലനിരപ്പ് നിജപ്പെടുത്തിയത്. ജലനിരപ്പ് 136 അടി കവിയുമ്പോള്‍ വെളളം സ്പില്‍വേയിലൂടെ പെരിയാറിലും അത് വഴി ഇടുക്കി അണക്കെട്ടിലും എത്തുകയായിരുന്നു പതിവ്.

1979ന് ശേഷം 11 തവണയാണ് മുല്ലപ്പെരിയാര്‍ കവിഞ്ഞ് ഇടുക്കിയിലേക്ക് വെളളം എത്തിയത്. 33.37 ടി.എം.സി ജലം ഇങ്ങനെ കിട്ടിയിട്ടുണ്ട്. ഇതുകൊണ്ട് 139 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചതായാണ് കണക്ക്. അതായത് ഏതാണ്ട് 350 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തി.

കഴിഞ്ഞ മെയ് എഴിനാണ് മുല്ലപ്പെരിയാര്‍ കേസില്‍ പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തമിഴ്‌നാടിന് അനുകൂല സുപ്രീം കോടതി വിധിയുണ്ടായത്. ദിവസങ്ങള്‍ക്കകം തന്നെ നിലവിലുളള സ്പില്‍ വേയുടെ പരിധി 136ല്‍ നിന്നും 142 അടിയാക്കി തമിഴ്‌നാട് ഉയര്‍ത്തുകയും ചെയ്തു. ഇനി ജലനിരപ്പ് 142 അടിയിലെത്തിയാലേ ഇടുക്കി അണക്കെട്ടിലേക്ക് വെളളം ഒഴുകൂ. ജലനിരപ്പ് ഈ നിലയിലെത്തുന്നത് കേരളത്തിന് ഭീഷണിയാവുകയും ചെയ്യും.

ജലനിരപ്പ് 136 അടിയിലെത്തിയതോടെ മുല്ലപ്പെരിയാറിലെ ചോര്‍ച്ചയും വര്‍ധിച്ചതായും ജലനിരപ്പുയര്‍ന്നിട്ടും ഡാമില്‍ നിന്നും പുറത്തേക്കു വരുന്ന സീപ്പേജ് വെള്ളത്തിന്റെ അളവില്‍ കുറവുണ്ടായതായും മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 136 അടി ലെവലില്‍ നിരവധി സ്ഥലത്താണ് ചോര്‍ച്ച ദൃശ്യമായത്. കഴിഞ്ഞ തവണ നടത്തിയ പരിശോധനയില്‍ 10,11 ബ്ലോക്കുകള്‍ക്കിടയിലും 17,18 ബ്ലോക്കുകള്‍ക്കിടയിലും ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇവ രണ്ടും ജലനിരപ്പുയര്‍ന്നതോടെ കൂടുതല്‍ ശക്തമായി. ഇവ കൂടാതെയാണ് പ്രധാന അണക്കെട്ടിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒലിച്ചറങ്ങുന്നതായി കാണപ്പെട്ടത്.

ജലനിരപ്പുയര്‍ന്നപ്പോള്‍ ഡാമില്‍ നിന്നും പുറത്തേക്കു വരുന്ന സ്വീപ്പേജ് വെള്ളത്തിന്റെ അളവില്‍ കുറവുണ്ടായി. ഇപ്പോള്‍ ഒരു മിനിറ്റില്‍ 87.27 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കു വരുന്നത്. ജലനിരപ്പ് 125 അടിയായിരുന്നപ്പോള്‍ ഇത് 92 ലിറ്ററായിരുന്നു. ഗാലറിക്കുളളില്‍ സീപ്പേജ് വെള്ളം പുറത്തേക്കു വരുന്ന സ്ഥലങ്ങളില്‍ ചിലത് തമിഴ്‌നാട് അടച്ചതിനാലാണിതെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. നവംബര്‍ മൂന്നിനുള്ള മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് സീപ്പേജ് ജലം പുറത്തേയ്ക്കു വരുന്ന  ഭാഗങ്ങള്‍ അടച്ചതായാണ് സൂചന. ഇതിനായി ടാറും മറ്റ് വസ്തുക്കളും ഉപയോഗിച്ചെന്നാണ് പറയപ്പെടുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ഓഫിസില്‍ ഉപസമിതി യോഗം ചേര്‍ന്നു. സ്പില്‍വേയിലെ തകരാറിലായ പതിമൂന്നാമത്തെ ഷട്ടര്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒരു മാസം സമയം വേണമെന്ന് തമിഴ്‌നാട് അംഗങ്ങള്‍ അറിയിച്ചെങ്കിലും അടിയന്തിരമായി ജലനിരപ്പുയരുന്നതിനാല്‍ ദ്രുത നടപടി സ്വീകരിക്കണമെന്ന് കേരളം  ഉറച്ച നിലപാടെടുത്തു. ഉപസമിതി അംഗങ്ങളോടൊപ്പമെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അണക്കെട്ടില്‍ പ്രവേശിക്കുന്നത് തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് അധികൃതര്‍ തടഞ്ഞു.
Idukki, Mullaperiyar Dam, Kerala
സംഭരണ ശേഷി 142 അടിയാക്കി ഉയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Mullaperiyar Dam, Kerala, 

Post a Comment