Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത് അംഗീകാരമില്ലാത്ത 137 കീടനാശിനി

കേരളത്തിലെ തോട്ടങ്ങളില്‍ പ്രതിവര്‍ഷം ഏലത്തിനും തേയിലയ്ക്കുമായി പ്രയോഗിക്കുന്ന 780 ടണ്‍ മാര Kerala, Thiruvananthapuram, Farmers, Idukki, Kasaragod, Pathanamthitta, Wayanadu, Palakkad, Agriculture
തിരുവനന്തപുരം: (www.kvartha.com 20.10.2014) കേരളത്തിലെ തോട്ടങ്ങളില്‍ പ്രതിവര്‍ഷം ഏലത്തിനും തേയിലയ്ക്കുമായി പ്രയോഗിക്കുന്ന 780 ടണ്‍ മാരക കീടനാശിനികളില്‍ 137 ഇനം കീടനാശിനികളും അംഗീകാരമില്ലാത്തതാണെന്ന് റിപോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ കീടനാശിനികള്‍ക്ക് അംഗീകാരം നല്‍കുന്ന റയിന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫൈഡ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ആസിഫേറ്റ്, ഡൈക്ലോറോ, അമിറ്റാസ്, അഡിനാഫോസ്, കാര്‍ബോഫ്യൂറാന്‍ അടങ്ങിയ ഫോറൈറ്റ്, ക്ലോറിഫെറിഫോസ്, സമിനോസൈസ്, എത്തിയോണ്‍, ഹൈക്ലാസിയോണ്‍, മാലത്തിയോണ്‍, ട്രൈഡോഫോസ്, സിനബ് തുടങ്ങി 150ല്‍പരം കീടനാശിനികളാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലും അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഈ കീടനാശിനികള്‍ നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈസ് ബോര്‍ഡാണ് (സിഐബി) കീടനാശിനികള്‍ക്ക് അംഗീകാരം നല്‍കുന്നത്. കീടനാശിനികള്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ പരിശോധിച്ച ശേഷം ഏതെല്ലാം വിളകള്‍ക്ക് പ്രയോഗിക്കാന്‍ സാധിക്കുമെന്ന അംഗീകാര സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് സിഐബിയാണ്. ഏലത്തിന് ഉപയോഗിക്കാന്‍ മൂന്ന് കീടനാശിനികള്‍മാത്രമാണ് സിഐബി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ക്യൂനല്‍ഫോസ്, ഫെന്നുവയിറ്റ്, ഫെസ്റ്റായില്‍ എന്നിവയാണിത്.

എന്നാല്‍ 137 തരം നിരോധിത കീടനാശിനികളാണ് ഏലത്തിനും തേയിലക്കും പ്രയോഗിക്കുന്നത്. കീടനാശിനികള്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി 45 ദിവസം കൂടുമ്പോള്‍ തളിക്കണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ലിറ്ററിന് മൂന്നുമുതല്‍ അഞ്ചുമില്ലിവരെ 15 ദിവസംകൂടുമ്പോള്‍ തളിക്കുന്നു. മിക്ക തോട്ടങ്ങളിലും മോട്ടോര്‍ ഉപയോഗിച്ചാണ് മരുന്നുതളിക്കുന്നത്. ഇവ അന്തരീക്ഷത്തില്‍ വളരെവേഗം വ്യാപിക്കുന്നു.
കീടനാശിനി പ്രയോഗത്തിനിടെ ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  വയനാട്, പാലക്കാട്, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും സമാന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

കീടനാശിനി പ്രയോഗത്തിനുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതും കീടനാശിനിയുടെ പ്രഹരശേഷി അറിയാത്തതും പ്രശ്‌നങ്ങള്‍ക്ക്്് കാരണമാകുന്നു. കീടനാശിനികള്‍ കുടിവെള്ളസ്രോതസുകളില്‍ എത്തുന്നത് ഏറെ ദോഷകരമാണ്.

അടുത്തിടെ നടത്തിയ പഠനങ്ങളില്‍ കുടിവെള്ളത്തിലും ഏലക്കായിലും തേയില പൊടിയിലും മണ്ണിലും വലിയ അളവില്‍ കീടനാശിനികള്‍ ഉള്ളതായി തെളിഞ്ഞു. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളില്‍ നിന്നായി 65 കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ചതില്‍ 57 എണ്ണത്തിലും കീടനാശനികള്‍ 60 ശതമാനം വരെ കെണ്ടത്തി. 379 ഏലം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 348 എണ്ണത്തിലും കീടനാശിനികള്‍ അമിത അളവില്‍ കെണ്ടത്തി. 91 ശതമാനം കീടനാശിനികളാണ് ഏലക്കായിലുള്ളത്. 93 ശതമാനമാണ് തേയിലയിലേത്.

മനുഷ്യരില്‍ വെള്ളത്തിലൂടെയും മറ്റും കീടനാശിനികള്‍ എത്തിയാല്‍ തലച്ചോറ്, ഹൃദയം, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ശാരീരികക്ഷമത കുറയുകയും ചെയ്യും. കുട്ടികളില്‍ ജനനവൈകല്യങ്ങളും ഓര്‍മക്കുറവും ഉണ്ടാകും. അമിത കീടനാശിനി പ്രയോഗംമൂലം ജീവജാലങ്ങളും നശിക്കും.  ഏലത്തിന് പരാഗണം നടത്തുന്ന തേനീച്ചയുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.

ഇടുക്കിയിലെ തോട്ടത്തില്‍ കീടനാശിനി പ്രയോഗിക്കുന്ന തൊഴിലാളി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Thiruvananthapuram, Farmers, Idukki, Kasaragod, Pathanamthitta, Wayanadu, Palakkad, Agriculture, Harmful Insecticide in estates.

Post a Comment