Follow KVARTHA on Google news Follow Us!
ad

സുധീരന്‍- ഉമ്മന്‍ ചാണ്ടി പോരില്‍ മോചനം ലഭിച്ചത് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക്

കെപിസിസി പ്രസിഡണ്ട് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ബാര്‍ വിഷയത്തില്‍ Thiruvananthapuram, UDF, Oommen Chandy, Kerala, V.M Sudheeran, M.M Hassan, Bar, Issue
തിരുവനന്തപുരം: (www.kvartha.com 22.08.2014) കെപിസിസി പ്രസിഡണ്ട് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ബാര്‍ വിഷയത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ യുഡിഎഫ് പ്രകടന പത്രികയിലെ മദ്യ നയം സംബന്ധിച്ച വാഗ്ദാനങ്ങള്‍ക്ക് മോചനം. കഴിഞ്ഞ മൂന്നേകാല്‍ വര്‍ഷവും മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫ് നേതൃത്വം നിശ്ശബ്ദമായിരുന്ന ചില കാര്യങ്ങളാണ് വ്യാഴാഴ്ചത്തെ മുന്നണി യോഗത്തിനു ശേഷം പൊടുന്നനെ പ്രഖ്യാപിച്ചത്.

ഇതോടെ വി എം സുധീരന് ബാര്‍ പ്രശ്‌നത്തില്‍  ഉണ്ടായ പ്രതിഛായാ വര്‍ധന വഴിതിരിഞ്ഞ് മുഖ്യമന്ത്രിയിലേക്കും സര്‍ക്കാരിലേക്കും എത്തുമെന്നാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. എം എം ഹസന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ഈ തന്ത്രത്തിന്റെ മുഖ്യ സൂത്രധാരന്മാര്‍. കത്തോലിക്കാ സഭ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരളത്തിലെ വീട്ടമ്മമാര്‍ തുടങ്ങിയവരുടെ പിന്തുണ സുധീരനിലേക്ക് കേന്ദ്രീകരിക്കുന്നത് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ കടന്ന കൈ. ഇതിനെ പ്രതിപക്ഷവും സംശയത്തോടെയാണു കാണുന്നത്.

ഐക്യജനാധിപത്യമുണിയുടെ മദ്യനയം സര്‍ക്കാരിന്റെ മാര്‍ഗദീപം എന്ന തലക്കെട്ടില്‍  പ്രകടനപത്രികയി  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. വീര്യം കൂടിയ വിദേശമദ്യത്തിന്റെ ഉല്പാദനവും വിതരണവും ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളില്‍  മദ്യശാലകളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന 232, 247 വകുപ്പുകള്‍ പുന:സ്ഥാപിക്കുന്നതിന്റെ പ്രായോഗിക സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിച്ചശേഷം തീരുമാനം എടുക്കും. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കും.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനേ ത്രി സ്റ്റാര്‍ ഹോട്ടലുകള്‍ 2012 മാര്‍ച്ച് 31 വരെയും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍  2013 മാര്‍ച്ച് 31 വരെയും മാത്രമേ അനുവദിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ത്രി  സ്റ്റാര്‍  ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ലെന്ന തീരുമാനം ഹൈക്കോടതി 2012 ല്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഈ തീരുമാനം അംഗീകരിച്ചെടുക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ക്കുശേഷവും മദ്യം കേരളത്തിന്റെ സാമൂഹികവിപത്തായി തുടരുന്നുവെന്ന് സര്‍ക്കാരിനു ബോധ്യമുണ്ട് എന്നാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്കു കാരണമായി മുഖ്യമന്ത്രി പറയുന്നത്. ഇതു നമ്മുടെ നാടിനെയും കുടുംബങ്ങളെയും വ്യക്തികളെയും പല രീതിയില്‍  ബാധിക്കുന്നുണ്ട് എന്നും ഈ പശ്ചാത്തലത്തില്‍  കൂടുതല്‍  നടപടികള്‍ ആവശ്യമാണെു സര്‍ക്കാര്‍ കരുതുന്നുവെന്നുമാണു വിശദീകരണം. എന്നാല്‍  സുധീരന്‍മുഖ്യമന്ത്രി പോര് അപ്പോഴും നിലനില്‍ക്കുന്നുമുണ്ടുതാനും.

ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍്കില്ലെന്ന തീരുമാനം നിലവിലുള്ള എല്ലാ ബാറുകള്‍ക്കും ബാധകമാക്കാനാണ് പുതിയ തീരുമാനം. നിലവില്‍  അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ല. കൂടാതെ, നിലവില്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ക്കും (മൊത്തം 730 ബാറുകള്‍) ഇതു ബാധകമാണ്. ഇവ സംബന്ധിച്ച് നിയമോപദേശം തേടും. 2015 ഏപ്രില്‍  ഒന്നിനുശേഷം കേരളത്തില്‍  ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ മാത്രമേ കാണുകയുള്ളു. ഇതിനെതിരെ ബാറുടമകളോ ബാര്‍ തൊഴിലാളികളോ കോടതിയില്‍  പോയി സ്‌റ്റേ വാങ്ങുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും അത് സുധീരന് തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ സംശയം.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പുതുതായി തുടങ്ങില്ല എന്നു മാത്രമല്ല, ഓരോ വര്‍ഷവും 10% വീതം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കും എന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പായാലാകട്ടെ അത് മുഖ്യമന്ത്രിയുടെ നേട്ടമായി മാറുകയും ചെയ്യും. ഇരുതല മൂര്‍ച്ചയുള്ള ഈ തന്ത്രമാണ് പുറത്തുവരുന്നത്.

താഴെപ്പറയുന്ന കാര്യങ്ങളാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്.

വാരാന്ത്യദിനങ്ങള്‍ (ഞായറാഴ്ച) ഡ്രൈഡേ ആയി പ്രഖ്യാപിക്കും. ഇതുമൂലം നിലവിലുള്ള ഡ്രൈഡേയ്ക്കു പുറമെ ഒരു വര്‍ഷം 52 ദിവസങ്ങള്‍ കൂടി ഡ്രൈഡേ ആയി മാറും.  മദ്യത്തിനെതിരെയുള്ള ബോധല്‍കരണത്തിന് ബിവറേജസ് കോര്‍പറേഷന്റെ വരുമാനത്തില്‍  ഒരു 1%  വിനിയോഗിക്കും. മദ്യവര്‍ജന പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കും. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കും. ക്ലീന്‍ കേരള സേവ് കാമ്പസ് പ്രചാരണ പരിപാടി ശക്തിപ്പെടുത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന വീര്യം കൂടിയ മദ്യം ക്രമേണ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കും. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. പരമ്പരാഗതമായ കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കും. ചെത്തു തൊഴിലാളികള്‍ക്ക് തൊഴില്‍  സംരക്ഷണം ഉറപ്പുവരുത്തും. കള്ളിന്റെ ലഭ്യതയും തെങ്ങിന്റെ എണ്ണവും തൊഴിലാളികളുടെ എണ്ണവും കണക്കാക്കി മാത്രമേ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. തൊഴിലാളികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപനമുണ്ട്.

ബാറുകളിലെ തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍  കണ്ടെത്താന്‍ സാമ്പത്തിക സഹായവും ബാങ്കില്‍  നിന്ന് വായ്പയും ലഭ്യമാക്കും. ഓരോ വര്‍ഷവും നിര്‍ത്തലാക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലെ സ്റ്റിക്കര്‍ ഒട്ടിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെയുള്ള എല്ലാ തൊഴിലാളികളെയും പുനരധിവസിപ്പിക്കും. ജീവനക്കാരെ സംരക്ഷിക്കുന്ന ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടി മദ്യത്തിന് 5% സെസ്സ് ഏര്‍പ്പെടുത്തി കേരള ആല്‍ക്കഹോള്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച്, റീ ഹാബിലിറ്റേഷന്‍ ആന്‍ഡ് കോംപന്‍സേഷന്‍ ഫണ്ട് രൂപീകരിക്കും.  മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുക, ഇതു സംബന്ധിച്ച് ഡേറ്റ സമാഹരിക്കുക, അമിത മദ്യപാനംമൂലം ജീവിതം തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളായിരിക്കും. പദ്ധതി പുനര്‍ജനി 2030 എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Thiruvananthapuram, UDF, Oommen Chandy, Kerala, V.M Sudheeran, M.M Hassan, Bar, Issue

Keywords: Thiruvananthapuram, UDF, Oommen Chandy, Kerala, V.M Sudheeran, M.M Hassan, Bar, Issue, UDF manifesto opened in between Sudheeran - Oommen Chandi fight. 

Post a Comment