Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 1

ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്നത് വിനോദയാത്രകളായിരിക്കണം. അതാണ് അധിക ആളുകളും ജീവിതത്തിന്റെ Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu.
ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്നത് വിനോദയാത്രകളായിരിക്കണം. അതാണ് അധിക ആളുകളും ജീവിതത്തിന്റെ നല്ലൊരു ഭാഗം വിനോദയാത്രകള്‍ക്ക് വേണ്ടി നീക്കി വെക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് ഇത്തരം യാത്രകള്‍ നല്‍കുന്ന അനുഭവ സുഖം ജീവിതകാലം മുഴുവനും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും. അപരിചിതമായ ഓരോ നാടും നഗരവും  അവിടെത്തെ അപൂര്‍വ്വ കാഴ്ചകളും നല്‍കുന്ന സന്തോഷവും കൗതുകവും പുതിയ പുതിയ ആസ്വാദനത്തിന്റെ മേച്ചില്‍ പുറങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ബാപ്പയുടെ കൂടെ കര്‍ണാടകയിലെയും കേരളത്തിലേയും പല ഗ്രാമങ്ങളും പട്ടണങ്ങളും കാണാന്‍ സാധിച്ചതാണ് എന്റെ യാത്രാ കൗതുകത്തെ വളര്‍ത്തിയത്. ഇന്നും അത് തുടരുന്നു. ആദ്യ കാല യാത്രകള്‍ അധികവും അവധി ദിനങ്ങളുടെ വിനോദമായിരുന്നെങ്കില്‍ പിന്നീട് തൊഴില്‍ തേടിയുള്ള യാത്രകളാണ് പലതും. അത് കേരളത്തിലെ പല ഭാഗത്തും പിന്നെ ഗള്‍ഫ് മണല്‍ കാട്ടിലും അങ്ങനെ പാറി പറന്നു... നീണ്ട വര്‍ഷങ്ങള്‍.... ബസിലും കാറിലും തോണിയിലും ബോട്ടിലും, തീവണ്ടിയിലും പിന്നെ വിമാനത്തിലും. യാത്രാനുഭവങ്ങളുടെ വിവിധ ഭാവങ്ങള്‍... വര്‍ണങ്ങള്‍...

 Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu.കുട്ടിക്കാലത്തിന്റെ ഏറ്റവും നേരിയ ഓര്‍മ്മയില്‍ എത്തുന്നത് സ്‌കൂളില്‍ നിന്നും കര്‍ണാടകയിലെയ്ക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു പോയ വിനോദയാത്രയാണ്.  അപൂര്‍വ്വ ക്ഷേത്രനഗരങ്ങള്‍, കോട്ടകള്‍, ഒറ്റക്കല്‍  പ്രതിമകള്‍, മൃഗശാലകള്‍, വെള്ളച്ചാട്ടങ്ങള്‍ മനോഹരമായ മൈസൂരിലെ ഉദ്യാനങ്ങളിലെ നിറഭംഗിയുടെ ഓമല്‍ചിത്രങ്ങള്‍ ഇപ്പോഴും പ്രകാശിതമാണ്. കേരളത്തിലെ പച്ചവിരിച്ച നെല്‍ വയലുകളും വന്‍ വൃക്ഷങ്ങളുടെ തണല്‍ വിരിച്ച ഉയര്‍ന്ന മലകളും എല്ലാം ആദ്യകാല കേരളയാത്രകളില്‍ എങ്ങും ദൃശ്യമായിരുന്നു. ഇന്ന്  വയലും പുഴയും മലയും എല്ലാം ഓരോന്നായി അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പച്ചപ്പുകള്‍ നാം നശിപ്പിച്ചു തീര്‍ക്കുന്നു. അവിടങ്ങളില്‍ ഉയര്‍ന്നു മഹാ കെട്ടിടങ്ങള്‍... ഗ്രാമങ്ങള്‍ പലതും അസ്തമിക്കുന്നു. പുതിയ പട്ടണങ്ങളും മാലിന്യ കൂമ്പാരവും മാറാവ്യാധികളും നമ്മെ ഇന്ന് കീഴടക്കുന്നു.

കുട്ടിക്കാലത്തെ യാത്രകള്‍ അധികവും ബസിലും തീവണ്ടിയിലുമായിരുന്നു. ബാപ്പ  ഒരു സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ ആയതു കൊണ്ട് കേരളത്തിന്റെ പല ഗ്രാമങ്ങളിലും എത്തിപ്പെടാന്‍ എറെ ചെറുപ്പത്തില്‍ തന്നെ സാധിച്ചു.  ബാപ്പയുടെ  മൂന്നാമത്തെ മകനും കുസൃതിക്കാരനുമായത് കൊണ്ട് തന്റെ നിര്‍ബന്ധങ്ങള്‍ക്ക് ബാപ്പ എപ്പോഴും മൗനസമ്മതം മൂളും. അത് കൊണ്ട് സ്‌കൂള്‍ അവധിക്കാലങ്ങളില്‍  ബാപ്പയുടെ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ എനിക്ക് അവസരങ്ങള്‍ ഉണ്ടായി. പാലക്കാടന്‍ മല നിരകളും കോഴിക്കോടന്‍ ഗ്രാമീണതയും... അവിടങ്ങളിലെ ജനകീയ സംസ്‌കൃതിയും എല്ലാം കുട്ടിമനസ്സില്‍ പല ചിത്രങ്ങളായി പതിഞ്ഞു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഭാഗത്ത് എര്‍ത്ത് ഡാമിന്റെ ജോലി നടക്കുന്ന സമയത്തെ ഒരു അവധിക്കാലം ആസ്വദിക്കാന്‍ ഞാന്‍ ബാപ്പയുടെ കൂടെ ചേര്‍ന്നു.

പ്രഭാതത്തിലെ തീവണ്ടിയ്ക്ക് യാത്ര ആരംഭിച്ചു. ചായ; ചായ; അരിമുറുക്ക്, അലുവ.... അങ്ങനെ ഓരോ താളത്തില്‍, വിവിധ രാഗത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു കൂവുന്ന കച്ചവടക്കാരുടെ ശബ്ദം വളരെ രസം പകരുന്നു. പലവേഷത്തില്‍  ഓരോ തരം പാത്രങ്ങളില്‍ ഭക്ഷണസാധനങ്ങളുമായി എത്തുന്ന വില്‍പ്പനക്കാരെ കൗതുകത്തോടെയും കൊതിയോടെയും നോക്കുമ്പോള്‍ ബാപ്പ ഒളികണ്ണാലേ എന്നെ ശ്രദ്ധിക്കും.... എങ്കിലും ഞാന്‍ ഒന്നിനും വേണ്ടി വാശി പിടിച്ചു കരയാറില്ല.  ''എന്തെങ്കിലും വേണോ?'' എന്റെ മുഖം നോക്കി ബാപ്പ മനസ്സ് വായിക്കും... കടലമിട്ടായി ചവച്ച്... സന്തോഷത്തോടെ അകന്ന് പോകുന്ന പുറം കാഴ്ചകള്‍ നോക്കി നേരിയ ശബ്ദത്തില്‍ അറിയുന്ന ഗാനം മൂളും..... പലപ്പോഴും യാത്രക്കിടയില്‍ യാചകരുടെ  ഗാനമേള ഉണ്ടാകും...  മലയാളം അറിയാത്ത നാടോടികളുടെ മലയാളപ്പാട്ട് കേട്ടു ചിരിച്ചു പോയിട്ടുണ്ട്. ഒലവക്കോട് സ്റ്റേഷനില്‍ ഇറങ്ങി പിന്നെ യാത്ര ബസിലാണ്. മണ്ണാര്‍കാട്.... കാഞ്ഞിരപ്പുഴ... കാടും മരങ്ങളും പരന്ന വയലുകള്‍ എല്ലാം നിറഞ്ഞു പ്രകൃതിയെ ആനന്ദത്തോടെ നോക്കി ഇരുന്നയാത്ര മനസിന് ഏറെ കുളിര്‍ പകരുന്നതാണ്.

ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ചിലപ്പോള്‍ ബാപ്പയുടെ കൂടെ ചില നാട്ടുകാരായ ജോലിക്കാരും ഉണ്ടാകും. ചിലപ്പോള്‍ ആരും ഉണ്ടാകില്ല.  ജോലിയ്ക്ക് ആവശ്യമായ പല സാധനങ്ങളും നാട്ടില്‍ നിന്നും കൊണ്ട് പോകാറുണ്ട്. അതില്‍ അധികവും കാസര്‍കോടും കര്‍ണാടകയിലും നിര്‍മ്മിക്കുന്ന ചൂരല്‍ കൂട്ടകളാണ്. മണ്ണും കല്ലും എല്ലാം എടുത്തു മാറ്റാന്‍ ഇത്തരം കൂട്ടകള്‍ ഏറെ ഈടു നില്‍ക്കും എന്നതും അല്പം വില കുറവില്‍ നല്ല ഈറ്റയില്‍ മെടഞ്ഞതു ഇവിടങ്ങളില്‍ കിട്ടും എന്നത് കൊണ്ട് അത് ബാപ്പ ജോലി സ്ഥലത്തേയ്ക്ക്  യാത്രയാകുമ്പോള്‍ കൂടെ കൊണ്ടു പോകും. ഇരുപത്തിയഞ്ച് കൂട്ടയുടെ നീണ്ട ഓരോ കെട്ടുകളായിട്ടാണ് ഇവ ഉണ്ടാവുക. ഇതിന് നല്ല ഭാരവുമുണ്ട്. അത് വണ്ടിയിലും ബസിലും എല്ലാം ജോലിക്കാര്‍ തന്നെ കയറ്റിക്കൊള്ളും. അതാണ് പതിവ്.

ചിലപ്പോള്‍ റെയില്‍വേയിലെ പോര്‍ട്ടര്‍മാരും ബസ് ജീവനക്കാരും കയറ്റും. ഒരു യാത്രയില്‍ ഞാനും ബാപ്പയും മാത്രമാണ് ഉള്ളത്. രണ്ട് കെട്ട് കൂട്ടയും ഉണ്ട്. റെയില്‍വേ സ്റ്റേഷനില്‍ കൂലിക്കാര്‍ കയറ്റിയതാണ്. ബസ്് സ്റ്റാന്റില്‍ ചുമട്ടുകാര്‍ കയറ്റി. ബസ് വേഗതയില്‍ വളഞ്ഞു പുളഞ്ഞു ഓടുകയാണ്. ഞാനും ബാപ്പയും പുറകിലെ സീറ്റിലാണ് ഇരിക്കുന്നത്. ഓരോ വളവ് തിരിയുമ്പോഴും ബാപ്പ പുറത്തേയ്ക്ക് ശ്രദ്ധിക്കും. കൂട്ട ആടി ഉലയുന്ന ശബ്ദം കേള്‍ക്കാം...

ബസ് അതിവേഗതയില്‍ കയറ്റം കേറി ഒരു വലിയ വളവ് തിരിയുകയാണ്... ഞാന്‍  പുറത്തെ കാടും കുന്നു നോക്കി ഇരിക്കുകയാണ്. കൂട്ടകെട്ടിയ കയര്‍പൊട്ടി കൂട്ട അതാ റോഡില്‍ കിടക്കുന്നു. ശബ്ദം കേട്ട് ബസ് നിര്‍ത്തി.. ബസില്‍ ക്ലീനര്‍ താഴെ ഇറങ്ങി ഉറക്കെ വിളിച്ച് '' കൂട്ട ആരതാ! വേഗം കയറ്റ്'' അയാള്‍ പിന്നെ ദേഷ്യത്തില്‍ ഓരോന്നു പുലമ്പുന്നു. ബാപ്പ ഇറങ്ങി നിസ്സഹായനായി നോക്കി നില്‍ക്കുന്നു. ''ഒന്ന് കേറ്റി തരുമോ കൂലി തരാം'' ബസിന്റെ കിളി ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി എനിക്ക് പറ്റില്ല. വേഗം കയറ്റാന്‍ നോക്ക്. ഇല്ലെങ്കില്‍ മറ്റേതെങ്കിലും വണ്ടിയില്‍ വന്നാല്‍ മതി.  ഞാന്‍ ബസില്‍ തന്നെ ഇരിക്കുന്നു.ബാപ്പയുടെ വേദന നിറഞ്ഞ മുഖം എന്റെ കൊച്ചു മനസ്സില്‍  ദുഃഖം നിറച്ചു. കണ്ണുകള്‍ നിറഞ്ഞു ഒഴുകി... പണിപ്പെട്ടു കൂട്ട എടുത്ത് തലയില്‍ വെച്ചു ബസിന്റെ കോണിയില്‍ കേറാന്‍ ശ്രമിക്കുന്നു. ഞാന്‍ അകത്ത് ഇരുന്നു. ഗ്ലാസ്സില്‍ കൂടി നോക്കി ബാപ്പയ്ക്ക് മുകളിലേയ്ക്ക് കേറാന്‍ കഴിയുന്നില്ല. ആടിയുലയുന്നു ഇപ്പോള്‍ താഴെ വീഴും. മനസില്‍ പ്രാര്‍ത്ഥന നിറഞ്ഞു. കൂട്ട താഴെ വിണു. ബാപ്പ പിടി വിടാതെ നിന്നത് കൊണ്ട് രക്ഷപ്പെട്ടു.

കിളിയുടെ ശകാര വാക്കുകള്‍ ഉച്ചത്തിലായി. എന്തു ചെയ്യണമെന്ന് അറിയാതെ നോക്കി നില്‍ക്കുന്ന ബാപ്പ  വിയര്‍പില്‍ കുളിച്ചിരിക്കുന്നു. ആ ദയനീയ ഭാവം എന്റെ ദുഃഖം ഇരട്ടിപ്പിച്ചു. എന്നെയും ബാപ്പയെയും എല്ലാം കുറെ നേരമായി ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന് ബസില്‍ നിന്നും ഇറങ്ങി കിളിയെ ചീത്ത വിളിച്ചശേഷം സ്വയം കൂട്ട എടുത്തു ബസിന് മുകളില്‍ എത്തിച്ചു ശരിയായി കെട്ടി വെച്ചു.യാത്ര തുടര്‍ന്നു ബാപ്പ  ആ മനുഷ്യനോട് നന്ദി പറഞ്ഞു. കൈയില്‍ പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു. ''തോമസ് എന്ന ആ ചെറുപ്പക്കാരന്റെ മുഖം ഇന്നും എന്റെ മനസില്‍ മായാതെ കിടക്കുന്നു. ഓരോ യാത്രയിലും ഇത്തരം നല്ല മുഖങ്ങളും ദുഷ്ടമുഖങ്ങളും കാണാന്‍ കഴിയാറുണ്ട്.

ബാപ്പയുടെ ത്യാഗം നിറഞ്ഞ  ജീവിതത്തിന്റെ പല നിമിഷങ്ങളും നേരില്‍ കാണുമ്പോള്‍ തോന്നും. സ്വന്തം മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഓരോ ആള്‍ക്കാരും എന്തെല്ലാം സഹിക്കുന്നു. വളര്‍ന്നു വന്നപ്പോള്‍ എന്തിനെയും നേരിട്ട് ഒരു നല്ല ജീവിതത്തിന്റെ നാട്ടു വഴികള്‍ കണ്ടെത്താന്‍ ഇത്തരം യാത്രകള്‍ ശക്തി പകര്‍ന്നിട്ടുണ്ട്. പാലക്കാട് ജില്ലയുടെ മനോഹരമായ പ്രകൃതി ഭംഗി നിറഞ്ഞ മണ്ണാര്‍കാടും കാഞ്ഞിരപ്പുഴയും അവിടുത്തെ മലയും മരത്തണല്‍ വിരിച്ച തോട്ടങ്ങളും നിറഞ്ഞു ഒഴുകുന്ന പുഴകളും എല്ലാം വീണ്ടും കാണണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും പിന്നിട് യാത്ര ചെയ്തപ്പോഴെല്ലാം മലമ്പുഴയിലും പാലക്കാട് പട്ടണത്തിലും പോയതല്ലാതെ എന്റെ കൊച്ചു നാളില്‍ ആനന്ദക്കാഴ്ചകള്‍ തീര്‍ത്ത ഗ്രാമങ്ങളില്‍, പിന്നെ എത്തിച്ചേരാന്‍ എന്ത് കൊണ്ടോ കഴിഞ്ഞില്ല. ഏകാന്തതയുടെ കൂടാരങ്ങളില്‍ തെളിയുന്ന ഗ്രാമങ്ങളിലേക്ക്  മനസ്സ് പായും.
Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha.


-ഇബ്രാഹിം ചെര്‍ക്കള

(ശേ­ഷം അ­ടുത്ത അ­ധ്യാ­യ­ത്തില്‍ പ്ര­തീ­ക്ഷിക്കുക)
Keywords: Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha.

Post a Comment