Follow KVARTHA on Google news Follow Us!
ad

അഞ്ചാംമന്ത്രി: സത്യപ്രതിജ്ഞ ആര്യാടനും കോണ്‍ഗ്രസ് എം.എല്‍.എമാരും ബഹിഷ്‌ക്കരിച്ചു

ചിലര്‍ക്ക് അശുഭമായി തോന്നുമെന്നതിനാലാണ്‌ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്ന്‌ ആര്യാടന്‍ മുഹമ്മദ്. Kerala, Aryadan Muhammad, Muslim-League, UDF,
തിരുവനന്തപുരം: മുസ്ലിംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതില്‍ യു.ഡി.എഫില്‍ പ്രതിഷേധം ആളിക്കത്തുന്നു. തീരുമാനത്തിനെതിരെ വി.എം സുധീരനും മന്ത്രി ആര്യാടന്‍ മുഹമ്മദും കെ.മുരളീധരനും ആര്‍.ബാലകൃഷ്ണ പിള്ളയുംപരസ്യമായി രംഗത്തെത്തി. അതിനിടെ വ്യാഴാഴ്ച രാവിലെ നടന്ന അനൂപ് ജേക്കബിന്റെയും മഞ്ഞളാംകുഴി അലിയുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ തിരുവനന്തപുരത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് എം.എല്‍.എമാരും പങ്കെടുത്തില്ല. ആര്യാടന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നു.

അഞ്ചാംമന്ത്രി കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് ആര്യാടന്‍ പറഞ്ഞു. ആര് എതിര്‍ത്താലും ഇക്കാര്യം പാര്‍ട്ടിയില്‍ പറയും. തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അഞ്ചാംമന്ത്രി വേണ്ട എന്നായിരുന്നു കെ.പി.സി.സി തീരുമാനം. ആരും മറിച്ച് അഭിപ്രായം പറഞ്ഞില്ല. ചെന്നിത്തലയുടെ വീട്ടിലേയ്ക്ക് പ്രകടനം നടത്താന്‍ മാത്രം ലീഗ് വളര്‍ന്നെന്നും ആര്യാടന്‍ പരിഹസിച്ചു. ചിലര്‍ക്ക് അശുഭമായി തോന്നുമെന്നതിനാലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നും ആര്യാടന്‍ പറഞ്ഞു.


മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തത് പ്രതിഷേധം മൂലമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തീരുമാനം കെ.പി.സി.സി യോഗത്തില്‍ എടുത്തതല്ല. അടിയന്തരമായി കെ.പി.സി.സി എക്‌സിക്യുട്ടീവ് വിളിച്ചു ചേര്‍ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ലീഗിന് അഞ്ചാംമന്ത്രി നല്‍കുന്നതിനെക്കുറിച്ച് തന്റെ പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും മാണിയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പിള്ള ആരോപിച്ചു.
കോണ്‍ഗ്രസിലും യു.ഡി.എഫിലുമുണ്ടായ പുതിയ സംഭവ വികാസങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
എം.എല്‍.എയും മന്ത്രിയും തമ്മില്‍ പതിനായിരം രൂപയുടെ വ്യത്യാസം മാത്രമാണുള്ളതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പറഞ്ഞു. പുതിയ മന്ത്രി വന്നതുകൊണ്ട് ഖജനാവിന് നഷ്ടമില്ല. സാമുദായിക സന്തുലനം പാലിക്കപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതിരുന്നതില്‍ കാര്യമില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ലീഗിന് അഞ്ചാംമന്ത്രിയെ അനുവദിക്കേണ്ട എന്നായിരുന്നു കെ.പി.സി.സി യോഗത്തിന്റെ പൊതുവികാരം. ഇക്കാര്യം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു.


ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ലീഗിന് പുതിയ വകുപ്പ് നല്‍കാതെ മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനമായത്..


English Summery
Aryadan alleges League's fifth minister

Post a Comment