Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ വികസന നയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നു; കിഫ്ബിയില്‍ മലക്കം മറഞ്ഞ് ധനമന്ത്രി ടി എം തോമസ് ഐസക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,Politics,Press meet,Minister,Controversy,Report,Kerala,Trending,News,
തിരുവനന്തപുരം: (www.kvartha.com 17.11.2020) കേരളത്തിന്റെ വികസനനയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ പറയുന്നത്. വായ്പയേ പാടില്ലെന്ന് സമര്‍ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് 

ഡെല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. ഇത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.KIIFB CAG  report controversy minister Thomas Issac response, Thiruvananthapuram, Politics, Press meet, Minister, Controversy, Report, Kerala, Trending, News

കിഫ്ബിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചര്‍ച്ച ചെയ്യുന്ന കേന്ദ്രവിഷയം സിഎജിയുടെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല. അന്തിമമാകട്ടെ, കരടാകട്ടെ, അതില്‍പ്പറഞ്ഞിരിക്കുന്ന വാദങ്ങള്‍ പ്രാവര്‍ത്തികമായാല്‍ കേരളവികസനത്തെ അതെങ്ങനെ ബാധിക്കും. സിഎജിയുടെ ആ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ് പ്രശ്നം.

ഇതാണ് തുടക്കം മുതല്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. ഇതിന് ഇതുവരെ മറുപടി പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. ഇത് മറച്ചു പിടിക്കാനാണ്, 'അന്തിമമാണോ', 'കരടാണോ', 'കിഫ്ബിയില്‍ അഴിമതിയുണ്ടോ ഇല്ലയോ' 'ഓഡിറ്റ് എങ്ങനെ നടത്തണം' തുടങ്ങിയ പ്രശ്നങ്ങള്‍ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുന്നത്.

സിഎജി എടുത്തിട്ടുള്ള നിലപാടുകള്‍ ഇതാണ്; കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് ബോറോയിംഗ് ആണ്; അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ്. അതുകൊണ്ട് ഭരണഘടനാ 293 (1) അനുച്ഛേദം ലംഘിക്കുന്നു അതായത് കേന്ദ്രത്തിന്റെ അനുവാദമില്ലാതെ സംസ്ഥാനം വായ്പയെടുക്കുകയാണ്.

മസാലാ ബോണ്ട് ഇറക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല. കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റല്ല. ഓണ്‍ ബജറ്റാണ്. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. നിയമപ്രകാരം കൊടുക്കേണ്ട പണവും ബജറ്റില്‍ വകകൊള്ളിച്ചു നല്‍കുന്നവയാണ്.

കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളല്ല. കണ്ടിജെന്റ് ബാധ്യതകള്‍ മാത്രമാണ്. ഇപ്പോള്‍ സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പകള്‍ മൂവായിരത്തില്‍പ്പരം കോടി രൂപയാണ്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ തുക നികുതി വിഹിതമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ നല്‍കിയ 2500 കോടി രൂപയുടെ കോര്‍പസ് ഫണ്ടു കൂടി ചേര്‍ത്താല്‍ 5871 കോടി രൂപ കിഫ്ബിയ്ക്ക് ബജറ്റ് രേഖ പ്രകാരം നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഈ സ്ഥിതിവിശേഷം ഭാവിയുടെ മേല്‍ പ്രത്യക്ഷ ബാധ്യതയായി മാറുന്നത്? നിയമവ്യവസ്ഥ പ്രകാരം കിഫ്ബിയ്ക്കു നല്‍കേണ്ടുന്ന തുകയെക്കാള്‍ ഒരു പ്രത്യക്ഷ ബാധ്യതയും കിഫ്ബിയുടെ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നില്ല.

നമുക്ക് സുപരിചിതമായിട്ടുള്ള ആന്വുറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് മാതൃകയുടെ ഒരു വിപുലീകൃത രൂപം മാത്രമാണ് കിഫ്ബി. ആന്വുറ്റി ഇന്‍വെസ്റ്റ്മെന്റ് മാതൃകയുടെ നല്ല ഉദാഹരണം തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമാണ്. ഒരു പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് അതിന്റെ തുക ഉറപ്പിച്ച് പ്രവൃത്തി ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നു.

ടെന്‍ഡെര്‍ പ്രകാരമുള്ള പ്രവൃത്തിയുടെ പണം പത്തോ ഇരുപതോ വര്‍ഷം കൊണ്ട് ഗഡുക്കളായി സര്‍ക്കാര്‍ നല്‍കുകയാണ് ചെയ്യുന്നത്. കരാറുകാരന്‍ ഈ കാലയളവിലേയ്ക്കുള്ള പലിശ കൂടി കണക്കുകൂട്ടിയാണ് ടെന്‍ഡര്‍ വിളിക്കുന്നത്. ഇതാണ് ആന്വുറ്റി രീതി. കിഫ്ബി പശ്ചാത്തല സൌകര്യ മേഖലയുടെ വികസനത്തിനായി ഒരുകൂട്ടം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നു. അതിനാവശ്യമായ പണം വിപണിയില്‍ നിന്ന് സമാഹരിക്കുന്നു.

ഈ പണത്തിന്റെ തിരിച്ചടവിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ നിശ്ചിത നികുതി വിഹിതമായി എല്ലാ വര്‍ഷവും കിഫ്ബിയ്ക്കു കൊടുക്കും. ഇതുകൊണ്ടാണ് കിഫ്ബി ആന്വിറ്റി രീതിയുടെ വിപുലീകൃതമായ രൂപമാണ് എന്ന് പറയുന്നത്. കിഫ്ബിയുടെ വ്യത്യാസം സര്‍ക്കാര്‍ നല്‍കുന്ന ആന്വുറ്റി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിക്കുന്ന തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കും എന്നുള്ളതാണ്. ആന്വുറ്റി സ്‌കീമിന് ആരും ഓഫ് ബജറ്റ് വായ്പയെന്നോ പ്രത്യക്ഷ ബാധ്യതയെന്നോ ഭരണഘടനയ്ക്ക് വിരുദ്ധമെന്നോ കല്‍പ്പിക്കാറില്ല.

കിഫ്ബി ആന്വുറ്റിയ്ക്ക് താങ്ങാനാവുന്നതിനേക്കാള്‍ വലിയ തോതില്‍ പദ്ധതികള്‍ ഏറ്റെടുക്കില്ല. വളരെ കൃത്യമായ അസെറ്റ് ലയബിലിറ്റി മാച്ചിംഗ് ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ കിഫ്ബി പുതിയ പ്രോജക്ടുകളേറ്റെടുക്കൂ. ഭാവിയില്‍ കണക്കുകൂട്ടാന്‍ പറ്റുന്ന ഒരു ഘട്ടത്തിലും അതായത്, പതിനഞ്ച്, ഇരുപതു വര്‍ഷക്കാലം ഒരു മാസം പോലും ബാധ്യത ആസ്തിയെ കവച്ചുവെയ്ക്കില്ല എന്നുറപ്പു വരുത്തിയിട്ടുണ്ട്. സിഎജി ചെയ്യേണ്ടത് ഈ മോഡലില്‍ എന്തെങ്കിലും തെറ്റുണ്ടോ, ഏതെങ്കിലും ഘട്ടത്തില്‍ കിഫ്ബിയുടെ ആസ്തിയെക്കാള്‍ ബാധ്യത വളര്‍ന്ന് സര്‍ക്കാരിന് ബാധ്യതയായിത്തീരുമോ എന്നുള്ളതാണ്. അത്തരമൊരു പരിശോധന നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

ഭരണഘടനയുടെ 293 അനുഛേദം സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പയെക്കുറിച്ചാണ്. കിഫ്ബി സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒരു കോര്‍പറേറ്റ് ബോഡിയാണ്. അതിനു വായ്പയെടുക്കാന്‍ 293 അനുഛേദം പ്രകാരം കേന്ദ്രത്തിന്റെ അനുവാദം ആവശ്യമില്ല. ഇതു തന്നെയാണ് വിദേശ വായ്പയെടുക്കുന്നതിനെക്കുറിച്ചും പറയാനുള്ളത്. കോര്‍പറേറ്റ് ബോഡിയായ കിഫ്ബി മസാലാ ബോണ്ട് ഇറക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ട്. അനുവാദവും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായി യാതൊരു തെറ്റുമില്ല.

Keywords: KIIFB CAG  report controversy minister Thomas Issac reacts, Thiruvananthapuram, Politics, Press meet, Minister, Controversy, Report, Kerala, Trending, News.

Post a Comment