Follow KVARTHA on Google news Follow Us!
ad

ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ദുബൈയിലെത്തി; പ്രതിയെ കൈമാറുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ NIA, Dubai, Customs, UAE, Swapna, Sarith, Fizail Fareed, Gold Smuggling, MHA, Terrorism
തിരുവനന്തപുരം: (www.kvartha.com 10.08.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘം ദുബൈയിലെത്തി. ദുബൈ പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍. യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് സ്വപ്‌നയും സരിതും മൊഴി നല്‍കിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഫോണിലൂടെ ഇയാളുടെ മൊഴി എടുത്തിരുന്നു. അതിന് ശേഷം ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ദുബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുഎഇ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയെങ്കിലും ഇതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. 


എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ദുബൈ പൊലീസ് ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം കൊടുങ്ങല്ലൂര്‍ മൂന്ന് പീടിക സ്വദേശിയാണ് ഫൈസല്‍ ഫരീദ് (36). തന്റെ പേര് ഉയര്‍ന്നപ്പോള്‍ കേസുമായി ബന്ധമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. യു.എ.ഇ സര്‍ക്കാരിന്റെ എംബ്ലവും സീലും വ്യാജമായി നിര്‍മിച്ചാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ ഇയാള്‍ സ്വര്‍ണം കടത്തിയത്. യു.എ.ഇ ഗവണ്‍മെന്റിന്റെ വ്യാജ മുദ്രയുണ്ടാക്കിയതിനും നയതന്ത്രബാഗ് എന്ന പേരില്‍ സ്വര്‍ണം കടത്തിയതിനും ദുബൈ പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നയതന്ത്ര മന്ത്രാലയത്തിന്റെ പേരിലാണ് കള്ളക്കടത്ത് നടത്തിയത്. അതിനാല്‍ ഫെഡറല്‍ ജുഡീഷ്യറിയുടെ പരിധിയിലാണ് കേസ്.

ഫൈസലിനെ ചോദ്യം ചെയ്താലെ സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കൂ. അതിനാലാണ് എന്‍.ഐ.എ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി ദുബൈയില്‍ എത്തിയത്. സ്വര്‍ണം കടത്താന്‍ ആരാണ് പണം നല്‍കിയത്. കേരളത്തില്‍ ആര്‍ക്കൊക്കെ സ്വര്‍ണ്ണം കൈമാറി. സ്വര്‍ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന് സഹായകമായിരുന്നോ, എങ്കില്‍ ആരൊക്കെയാണ് അതിന് പിന്നിലുള്ളത് തുടങ്ങിയ നിര്‍ണായകമായ വിവരങ്ങള്‍ ഫൈസലിനെ ചോദ്യം ചെയ്താലേ വ്യക്തമാകൂ.

ക്രിമിനല്‍ കേസിലെ പ്രതികളെ പരസ്പ്പരം കൈമാറുന്നതിന് ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറുണ്ടെങ്കിലും ഫൈസലിനെ വിട്ടുകിട്ടാത്തത് സംബന്ധിച്ച് ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. അടുത്തകാലത്തെങ്ങും ഫൈസലിനെ വിട്ടുകിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാകാം എന്‍.ഐ.എ സംഘം അവിടേക്ക് പോയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറുണ്ട്. യു.എ.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ഫൈസല്‍ ശ്രമിച്ചത് ഗൗരവമായ കുറ്റമാണ്. അതുകൊണ്ടായിരിക്കാം വിട്ടുകിട്ടാത്തതെന്നും അറിയിച്ചു.

അതേസമയം പ്രതികളായ സ്വപ്‌നയും സരിതും കോണ്‍സുലേറ്റ് ജനറലിലും അറ്റാഷെയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അവര്‍ക്ക് കമ്മീഷന്‍ നല്‍കിയെന്നും മൊഴി നല്‍കിയത് സംബന്ധിച്ച് യാതൊരുതരത്തിലുമുള്ള അന്വേഷണമോ, ചോദ്യം ചെയ്യലോ എന്‍.ഐ.എയുടെ ഈ യാത്രയിലുണ്ടാവില്ല. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പരിശോധിച്ചുവരുകയാണ്. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും ഇപ്പോള്‍ ദുബൈയിലുണ്ട്.

Keywords: NIA team reached Dubai to interrogate Fazil Fareed, a key accused in gold smuggling case , NIA, Dubai, Customs, UAE, Swapna, Sarith, Fizail Fareed, Gold Smuggling, MHA, Terrorism 

Post a Comment