Follow KVARTHA on Google news Follow Us!
ad

വിമാനം കൊറേ നേരായി എറങ്ങാന്‍ കയ്യാതെ പറക്ക്ണത് കണ്ട്, നല്ല മഴണ്ടേനി, പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു, ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തില്‍ മറക്കാനാത്ത രംഗാണ്... രക്ഷാപ്രവര്‍ത്തനം നടന്നത് കൈമെയ് മറന്ന്

News, Kerala, Malappuram, Native, Rescue, Help, Flight Crash, Trending, Natives rescue passengers at Calicut Airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്
കരിപ്പൂര്‍: (www.kvartha.com 08.08.2020) അവര്‍ ലെഗേജ് കൊള്ളയടിച്ചില്ല.
പോക്കറ്റടിക്കാന്‍ ശ്രമിച്ചില്ല. 

തൊപ്പിയിട്ടവരേയും കുറിയിട്ടവരേയും മാറി മാറി നോക്കിയില്ല.
പെട്രോളിന്റെ വില ഓര്‍ത്തില്ല.

കാറിന്റെ ലെതര്‍ സീറ്റ് കേടാകുമെന്ന് ശ്രദ്ധിച്ചില്ല. 
കോവിഡിനെ അവര്‍ ഭയപ്പെട്ടില്ല.

ബ്ലഡ് ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ സമയം പാതിരയായന്ന് നോക്കിയില്ല.
പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് അവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. 

മരണപ്പെട്ടവര്‍ക്ക് ദൈവം സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ. ചികിത്സയിലുള്ളവര്‍ പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലെക്ക് തിരിച്ച് വരട്ടെ.

ആ നാടൊന്നിച്ചു രക്ഷാപ്രവര്‍ത്തനത്തിന് നിന്നു. രക്തം ദാനം ചെയ്തു. കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ചു.

കോവിഡിനും തോല്‍പ്പിക്കാനാവാത്ത സഹജീവി സ്‌നേഹമാണ് മലപ്പുറത്തുള്ളവര്‍ കാണിച്ചുതരുന്നത്. വിമാനം തകര്‍ന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നാട്ടുകാര്‍ നടത്തിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനമായതിനാല്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നിരിക്കാം. പക്ഷേ രോഗം പടരുമെന്ന ഭീതിയൊന്നും ആ നിമിഷം അലട്ടിയില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആ അനുഭവം നാട്ടുകാരിലൊരാള്‍ പങ്കുവയ്ക്കുന്നതിങ്ങനെ,

'ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരായി എറങ്ങാന്‍ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തില്‍ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിടക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്‌ക് ഇല്ല, സാമൂഹിക അകലും ഇല്ല. 37 ആള്‍ക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് '

വിമാനത്താവളം അടങ്ങുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണിലാണ്. രാത്രിയും മഴയും തണുപ്പും കൊറോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്. 

വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് വന്ന വിമാനമാണ്. അതില്‍ പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നു. 

തകര്‍ന്ന വിമാനത്തില്‍ പി പി ഇ കിറ്റും ഫെയ്‌സ് ഷെല്‍ട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലന്‍സിന് പോലും കാത്തു നില്‍ക്കാതെ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് രക്ഷകര്‍ത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേല്‍പ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ, മാനവികതയുടെ മനസ്സ്. അതിനൊരു ബിഗ് സല്യൂട്ട്..

ആംബുലന്‍സും സി ആര്‍പി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയില്‍ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല 
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും പുറത്തെടുത്ത ചെറുപ്പക്കാരെ എങ്ങനെയാണ് ചേര്‍ത്ത് പിടിക്കേണ്ടത്? 

സ്വന്തം ജീവന്‍ അപകടത്തില്‍ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയവര്‍. ഒരു കോവിഡിനും സഹജീവി സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സഹോദരങ്ങള്‍.

നാട്ടുകാരുടെ കാറുകളിലും വണ്ടികളിലുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരായ യുവാക്കള്‍ ഒന്നിച്ചത്.

മഴയും കോവിഡും കണ്ണീരിലാഴ്ത്തിയ കേരളത്തെ സങ്കടക്കടലിലാക്കിയാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടത്. രണ്ടായി പിളര്‍ന്ന വിമാനത്തില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പൈലറ്റ് ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: News, Kerala, Malappuram, Native, Rescue, Help, Flight Crash, Trending, Natives rescue passengers  at Calicut Airport

Post a Comment