അതിഥി തൊഴിലാളികളെ സ്വീകരിക്കാന്‍ വ്യാപാരികള്‍; ക്വാറന്റയിന്‍ ഒരുക്കും; രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: (www.kvartha.com 02.07.2020) ലോക്ഡൗണിന് മുമ്പും ശേഷവും സംസ്ഥാനത്ത് നിന്ന് സ്വന്തം നാടുകളിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും തിരിച്ചുവരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. പലരും ഇത് സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും സംസ്ഥാനത്തേക്ക് വരാനുള്ള പാസിനുള്ള അപേക്ഷകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികളും തൊഴില്‍ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വ്യവസായിക, വാണിജ്യ മേഖലയിലെയും നിര്‍ണായക ഘടകമാണ് അതിഥി തൊഴിലാളികളെന്നും അതിനാല്‍ അവരെ മടക്കി കൊണ്ടുവരണമെന്നും അവര്‍ക്ക് ഹോട്ടല്‍ ഉടമകള്‍ ഇവര്‍ക്ക് ക്വാറന്റയിന്‍ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു പറഞ്ഞു.

Gust workers

തിരികെ വരുന്നവര്‍ക്ക് രജിസ്‌ട്രേഷനും പരിശോധനകളും നിര്‍ബന്ധമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ അതിഥി തൊഴിലാളികളുടെ കൃത്യമായ രജിസ്‌ട്രേഷന്‍ നടന്നിരുന്നില്ല. ഇതിപ്പോള്‍ അതിനുള്ള അവസരം കൂടിയാണെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ സംബന്ധിച്ച രജിസ്റ്റര്‍ തയ്യാറാക്കുകയോ അതത് സ്റ്റേഷനുകളുടെ പരിധിയിലുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് സൂക്ഷിക്കുകയോ ചെയ്യണം. അല്ലെങ്കില്‍ കൊവിഡ് അവസാനിക്കുന്നത് വരെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴിലുടമകള്‍ അവരുടെ ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലേറിയ രോഗികളില്‍ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്. ഇവര്‍ സ്വന്തം നാട്ടില്‍ നിന്ന് രോഗംബാധിച്ച് എത്തുന്നവരാണ്. പലപ്പോഴും കേരളത്തിലെത്തുമ്പോഴാണ് രോഗവിവരം അറിയുന്നത്. അതിനാല്‍ മടങ്ങിവരുന്നവരുടെ രക്തം പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാത്തെ എല്ലാ തൊഴില്‍ മേഖലകളുടെയും നട്ടെല്ലാണ് അതിഥി തൊഴിലാളികള്‍. ശ്രമിക് ട്രെയിന്‍ വഴി മൂന്ന് ലക്ഷം തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയിരിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ ഹോട്ടല്‍ ഉടമകളും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളും ആരംഭിച്ചത്. 25 പേരെ ക്വാറന്റയിന്‍ ചെയ്യുന്നതിന് ഒരു മെഡിക്കല്‍ സംഘവും അതിനോട് അനുബന്ധിച്ച മറ്റ് കാര്യങ്ങളും വേണമെന്ന് കൊവിഡ് കാര്യങ്ങളുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ തൊഴിലാളികളെ തിരികെ കൊണ്ടുവരുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം ഇനിയും കൂടാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തന്നെ പറയുന്നു. അങ്ങനെയുള്ളപ്പോള്‍ അതിഥി തൊഴിലാളികള്‍ തിരികെ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണമായേക്കാമെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അടുത്തിടെ 25 അതിഥി തൊഴിലാളികള്‍ തലസ്ഥാനത്തേക്ക് തിരികെ എത്തിയിരുന്നു. ജില്ലാ ഭരണകൂടം ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്വാറന്റയിന്‍ ചെയ്തു. വന്നവര്‍ക്ക് താമസിക്കാന്‍ ഇടംപോലും ഇല്ലായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ കുറച്ചുകൂടി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പ്രവേശന പാസ് ലഭിക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ സംസ്ഥാനത്ത് അത്രയും കര്‍ശനമായ നിയന്ത്രണങ്ങളില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Keywords: Guest Workers, Sramik Trains, Quarantine, Icmr, Tamilnadu, Medical team, Hotel Owners, Labour department, Police station, Restaurant owner's and Real estate companies plan to bring back guest workers.
Previous Post Next Post