Follow KVARTHA on Google news Follow Us!
ad

സ്പ്രിംഗ്ലറും കോവിഡും അത്ര ഏശിയില്ല; സ്വര്‍ണക്കടത്തില്‍ ആഞ്ഞടിക്കണം, കെ പി സി സി എക്‌സിക്യൂട്ടീവ് വെള്ളിയാഴ്ച

സ്പ്രിംഗ്ലര്‍ അഴിമതിയും കൊവിഡ് പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി #കേരളാവാര്‍ത്തകള്‍ #കെ.പി.സി.സി # സ്വര്‍ണക്കടത്ത്‌ KPCC exicutive via videoconferance
തിരുവനന്തപുരം: (www.kvartha.com 09.07.2020) സ്പ്രിംഗ്ലര്‍ അഴിമതിയും കോവിഡ് പ്രശ്‌നങ്ങളും യഥാസമയം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഒരുപരിധിവരെ വിജയിച്ചെങ്കിലും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷനേതാവും ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തിരിച്ചടിയായിരുന്നു. എസ് എസ് എല്‍ സി പരീക്ഷ നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും നനഞ്ഞ പടക്കമായി അവശേഷിച്ചു. പ്രവാസികളുടെ തിരിച്ചുവരവ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനമനസ്സുകളില്‍ ഇടംനേടാനുള്ള ശ്രമത്തിനിടെയാണ് ഏഷ്യാനെറ്റിന്റെ സര്‍വ്വേ ഇടിത്തീ പോലെ വീണത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ വര്‍ദ്ധിച്ചെന്നും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളും തൃപ്തരാണെന്നും ആയിരുന്നു സര്‍വ്വേഫലം. ഈ സമയത്താണ് സുവര്‍ണാവസരമായി സ്വര്‍ണക്കടത്ത് കേസിന്റെ ചുരുളഴിഞ്ഞത്.

KPCC Exicutive

അതിന്റെ ഒരറ്റം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നാണ് പതിച്ചത്. അതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ ഐ എ എസിനെ മാറ്റി തടിതപ്പാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിക്കില്ലെന്നും പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കാന്‍ സര്‍ക്കാരിലെ ചില ഉന്നതര്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അടിയന്തിരമായി കെ പി സി സി നിര്‍വാഹകസമിതി ചേരുകയാണ്. തലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ക്രിമിനല്‍ കേസിലെ പ്രതിക്ക് മുഖ്യമന്ത്രി ഭരിക്കുന്ന ഐ ടി വകുപ്പില്‍ നിയമനം നല്‍കുകയും അവര്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. സര്‍ക്കാരിലെ ചില ഉന്നതര്‍ സ്വപ്‌നയ്ക്ക് സംരക്ഷണ കവചം ഒരുക്കി. അതിനാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ് കെ പി സി സിയുടെ ലക്ഷ്യം. നാളത്തെ യോഗത്തിലെ പ്രധാന ചര്‍ച്ചയും ഇതുതന്നെയാണെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. നിലവില സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള തലസ്ഥാനത്ത് സമരപരിപാടികള്‍ നടത്താന്‍ അനുവദിക്കുകയില്ല. അതിനാല്‍ ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് സൈബര്‍ ഇടങ്ങളിലൂടെയും സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനേ നിവൃത്തിയുള്ളൂ. കോവിഡ് അതിരൂക്ഷമല്ലാത്ത പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കും. സോളാര്‍ വിഷയം കൊടുമ്പിരികൊണ്ടപ്പോള്‍ സി പി എം അന്നത്തെ യു ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും എതിരെ പ്രയോഗിച്ച സമരമുറകളുടെ അതേ തീഷ്ണത സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തില്‍ ഉണ്ടാകണമെന്നാണ് നേതാക്കളുടെ ആവശ്യം.

സാധാരണ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിനൊപ്പമാണ് നില്‍ക്കാറുള്ളതെങ്കില്‍ ഇത്തവണത്തെ സ്ഥിതി വ്യത്യസ്തമാണെന്ന് പല നേതാക്കളും വിലയിരുത്തുന്നു. പ്രതിപക്ഷനേതാവിനെയും കെ പി സി സി പ്രസിഡന്റിനെയും മാധ്യമങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന പരാതിയും കോണ്‍ഗ്രസിലുണ്ട്. പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനങ്ങള്‍ സൈബര്‍ ഇടങ്ങളിലെ ട്രോളുകളായി ചിലര്‍ മാറ്റുന്നു. അതിനാല്‍ ഒറ്റക്കെട്ടായി, ജാഗ്രതയോടെ മുന്നേറാമെന്നാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളുടെ തീരുമാനം. കെ പി സി സി പ്രസിഡന്റ് ആരോഗ്യമന്ത്രിയെ കോവിഡ് റാണിയെന്നും നിപ്പ രാജകുമാരിയെന്നും വിശേഷിപ്പിച്ചതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നേതാക്കളെല്ലാം പ്രസിഡന്റിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്രസിഡന്റിന്റെ പരാമര്‍ശം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചെന്നാണ് കോട്ടയത്തെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. അതിനാല്‍ എന്ത് വിലകൊടുത്തും സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ വലിയ സമര വേലിയേറ്റമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കെ പി സി സി


Keywords: Opposition Leader, COVID, Video conference, Strike, Gold Smuggling case, Solar case, Social Media, Trissur, Protocol, KPCC executive via video conference on Friday, KPCC.