» » » » » » » മംഗളൂരു മഹാദുരന്തത്തിന് ഒരാണ്ട് കൂടി; വാഗ്ദാനങ്ങൾ ജലരേഖയായി

മാഹിൻ കുന്നിൽ

(www.kvartha.com 22.05.2020) മംഗളൂരു വിമാനദുരന്തത്തിന് വെള്ളിയാഴ്ച 10 വർഷം തികയുകയാണ്. രാജ്യത്തെ നടുക്കിയ മഹാദുരന്തം നടന്നതിൻ്റെ നടുക്കുന്ന ഓർമ്മക്ക് ഒരാണ്ട് കൂടി കഴിയുമ്പോഴും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് ബന്ധപ്പെട്ടവർ നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി. 2010 മെയ് 22 നാണ് ദുബൈയിൽ നിന്നും മംഗലാപുരത്തേക്ക് 166 യാത്രക്കാരുമായി വന്ന എയര് ഇന്ത്യയുടെ വിമാനം ബജ്‌പെ വിമാനത്താവളത്തിൽ കത്തിയമർന്നത്. 158 പേരാണ് ദുരന്തത്തിൽ മരിച്ചത്. അതിൽ അമ്പതോളം പേർ കാസര്കോട് സ്വദേശികളായിരുന്നു. വിമാന ദുരന്തത്തിൽ കത്തിയെരിഞ്ഞത് പല കുടുംബങ്ങളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. മംഗലാപുരം വിമാനദുരന്തം കാസർകോടിനെ സംബന്ധിച്ചിടത്തോളം മഹാദുരന്തമായിരുന്നു.

അമ്മയും മക്കളും സഹോദരങ്ങളും കുഞ്ഞുങ്ങളും ഉറ്റമിത്രങ്ങളും കുടുംബാംഗങ്ങളും... ദുരന്തം നഷ്ടപ്പെടുത്തിയ ജീവിതങ്ങൾ നിരവധിയാണ്. ജില്ലയിലെ ഓരോ പ്രദേശങ്ങളിലെ കണ്ണികൾ ദുരന്തത്തിൽ ഇല്ലാതായപ്പോൾ കാസർകോട്ടെ പല കുടുംബങ്ങളിലേയും പ്രിയപ്പെട്ടവരായിരുന്നു പറന്നകന്നത്. ഉളളതെല്ലാം പണയപ്പെടുത്തി ജീവിക്കാനുളള വക തേടി ഗൾഫിലേക്ക് പറന്നവരായിരുന്നു. ദുരന്തത്തില്പ്പെട്ടവരിൽ അധികവും. നഷ്ടപ്പെട്ടവരെ ഓര്ത്ത് കുടുംബാംഗങ്ങളും നാട്ടുകാരും ഇപ്പോഴും തേങ്ങുന്നു. ഉപ്പയുടെ മയ്യത്ത് അവസാനമായി ഒരുനോക്കു കാണാന് വന്നവരും സഹോദരിയുടെ വിവാഹത്തിന് വന്നവരും ചികിത്സക്ക് വന്നവരും പ്രിയപ്പെട്ടവരോടൊത്ത് ആഹ്ളാദം പങ്കിടാൻ എത്തിയവരുമൊക്കെ ദുരന്തത്തിനരയായി. പല ദേശക്കാർ, നിരവധി പ്രതീക്ഷയോടെ വന്നവർ... അങ്ങനെ ഇവരെല്ലാം നാടിന്റെ കണ്ണീർപ്പൂക്കളായി.  ഉറ്റവരുടെ മൃതദേഹം തിരിച്ചറിയാത്തതിനാൽ വിങ്ങൽ കടിച്ചു പിടിച്ചു കഴിയുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്.

ഇത്രയേറെ വലിയ ദുരന്തമായിട്ടും ദുരന്ത ഭൂമിയിലും മരിച്ചവരുടെ വീടുകളിലും സന്ദര്ശിച്ചു വാഗ്ദാനങ്ങളും പ്രസ്താവനകളും വാരിക്കോരി നൽകി ആശ്വസിപ്പിച്ചു പോയവർ എപ്പോൾ തിരിഞ്ഞുപോലും നോക്കുന്നില്ല. ആശ്രിതർക്ക് ജോലി നൽകുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ധനസഹായം നൽകുമെന്നുമുള്ള ബന്ധപ്പെട്ടവരുടെ ഉറപ്പും ജലരേഖയായി. അന്തിമസഹായത്തിനുള്ള അപേക്ഷകൾ മുംബൈയിൽ സമർപ്പിക്കണമെന്ന നിര്ദ്ദേശവും നഷ്ടപരിഹാരം നൽകുന്ന സമയത്ത് ദുരന്തത്തിന് ഇരയായവരോട് എയർ ഇന്ത്യ അധികൃതർ നടത്തിയ വിലപേശലും വൻപ്രതിഷേധത്തിന് കാരണമായി. 'നിങ്ങളുടെ കോടികൾ വേണ്ട, എന്റെ പൊന്നു മക്കളെ തിരിച്ചു തരൂ' എന്നുപറഞ്ഞു മംഗളൂരുവിലെ ഹോട്ടലിൽ നിന്നും പൊട്ടിക്കരഞ്ഞ് ഇറങ്ങി വന്ന മാതാപിതാക്കൾ ഇന്നും കാസർകോടിന്റെ നൊമ്പരമാണ്.

എയർ ഇന്ത്യ അധികൃതരും അവരുടെ ദല്ലാൾ പണിയുമായി എത്തിയ ഇഷൂറൻസ് കമ്പനിക്കാരും വിലപേശൽ നടത്തിയാണ് നഷ്ടപരിഹാരം കണക്കാക്കിയത്. എയർ ഇന്ത്യയുടെ പത്ത് ലക്ഷവും സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷത്തി രണ്ടായിരം രൂപയും കേന്ദ്ര സർക്കാരിന്റെ രണ്ട് ലക്ഷം രൂപയുമാണ് വിമാന ദുരന്തത്തിനിരയായ മലയാളി കുടുംബങ്ങൾക്ക് അന്ന് ലഭിച്ചത്. ആദ്യഘട്ടം മുതൽ അവസാന ഘട്ടം വരെ ധനസഹായം ലഭിക്കുന്നതിൽ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. ദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട ആരിക്കാടിയിലെ അബ്ദുസ്സലാം എന്ന പിതാവ് നീതിക്കായി സുപ്രീംകോടതി വരെ കയറിയിറങ്ങുകയാണ്.
Mangalore, Karnataka, Airport, Article, Mangalore Air Crash, 10 year of Mangaluru air crash

ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുമെന്ന് ആവർത്തിച്ച് പറഞ്ഞു നടന്നവർ പിന്നീട് തിരിഞ്ഞുനോക്കിയില്ല. വിമാന ദുരന്തത്തിന് ഇരയായവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയതും അവരുടെ നിയമ പോരാട്ടത്തിന് പിന്തുണ ഉറപ്പിച്ചതും മൗലവി ഡയറക്ടറായിരുന്ന എൻ എ സുലൈമാനായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം ഈ കുടുംബങ്ങൾക്ക് മറ്റൊരു ആഘാതമായി. ദുരന്തത്തിൽ മരിച്ചവർ കുടുംബങ്ങളുടെ പ്രതീക്ഷകൾ മാത്രമായിരുന്നില്ല, ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും താങ്ങും തണലുമായി നിന്നവർ കൂടിയായിരുന്നു. മരുഭൂമിയിൽ കഷ്ടപ്പെടുമ്പോഴും കുടുംബത്തോടൊപ്പം ഈ നാടിനെയും സ്നേഹിച്ചിരുന്നു.
Keywords: Mangalore, Karnataka, Airport, Article, Mangalore Air Crash, 10 year of Mangaluru air crash

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal