Follow KVARTHA on Google news Follow Us!
ad

കോവിഡ് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ സ്രവ പരിശോധനയ്ക്ക് പോയത് അയല്‍വാസിയുടെ ബൈക്കിന് പിന്നില്‍; സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒന്നിച്ച് സ്രവമെടുക്കാന്‍ എത്തിയത് 30 പേര്‍

വണ്ടന്‍മേട്ടില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലമാകാന്‍ കാരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥ. മാര്‍ച്ച് 23ന് മലപ്പുറത്തെ ജോലി സ്ഥലത്ത് നിന്നും രോഗി വീട്ടില്‍ വന്നിരുന്നു Idukki, Kerala, News, Case, COVID19, Trending, Idukki Vandanmedu Covid case
അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com 30.04.2020) വണ്ടന്‍മേട്ടില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലമാകാന്‍ കാരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥ. മാര്‍ച്ച് 23ന് മലപ്പുറത്തെ ജോലി സ്ഥലത്ത് നിന്നും രോഗി വീട്ടില്‍ വന്നിരുന്നു. പിറ്റേന്ന് തന്നെ ഇയാള്‍ വണ്ടന്മേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തി താന്‍ മലപ്പുറം ജില്ലയില്‍ നിന്നു വന്നതാണെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചു.

വണ്ടന്‍മേട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മൂന്ന് തവണ പനിയും ജല ദോഷവും ചുമയുമായി എത്തിയെങ്കിലും ശരിയായ പരിശോധനകള്‍ നടത്താതെ മരുന്നുകള്‍ നല്കി മടക്കി അയക്കുകയായിരുന്നുവെന്നാണ് ആരോപണം. ചുമയും ജലദോഷവും ഉണ്ടായിരുന്ന ഇയാള്‍ക്ക് മരുന്നുകള്‍ നല്‍കി ഐസൊലേഷന്‍  നിര്‍ദേശിച്ചു ഡോക്ടര്‍ പറഞ്ഞു വിട്ടു.

14 ദിവസത്തിന് ശേഷം രോഗി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം  സാധാരണ ജീവിതത്തിലേക്ക് മാറി. ഹോം ക്വാന്റൈന്‍ 28 ദിവസം വേണമെന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഇ34283/2020 -ാം നമ്പര്‍ ഉത്തരവ്  അവഗണിച്ചാണ് 14 ദിവസത്തിന് ശേഷം ക്വാറന്റൈന്‍ അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേക്കു കടക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവാദം നല്കിയതെന്നും ആരോപണമുണ്ട്.

ഇതിനിടയില്‍ രണ്ടു തവണ ചുമയും ജലദോഷവും കൊറോണ ലക്ഷണങ്ങളുമായി പുറ്റടി  ആശുപത്രിയില്‍ മാര്‍ച്ച്  29 നും ഏപ്രില്‍ രണ്ടിനും എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാരോ മെഡിക്കല്‍ ഓഫീസറോ ഒന്നും തന്നെ  രോഗിയെ ഗൗനിക്കാതിരിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ ഉപേക്ഷിച്ചു.

സ്രവ പരിശോധന ആവശ്യപ്പെട്ട് വീണ്ടും രോഗിയെത്തിയിട്ടും കുറിപ്പും നല്കി ഇരുപതേക്കര്‍ അശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു.  രോഗിക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയോ കൂടെ പോകാനോ തയ്യാറാവാത്തതുമൂലം രോഗി അയല്‍വാസിക്കൊപ്പം ബൈക്കില്‍ പോയാണ് സ്രവ സാമ്പിള്‍ നല്‍കിയത്. സ്രവ പരിശോധനക്ക് അയച്ച ശേഷവും  രോഗിക്ക് വേണ്ട നിര്‍ദേശം നല്‍കി വീട്ടില്‍ ഐസൊലേഷനില്‍ താമസിപ്പിക്കുവാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കൂട്ടാക്കിയില്ല. അതിനാല്‍ തന്നെ  രോഗി കൂടുതല്‍ ആളുകളുമായി ഇടപെഴകാനുള്ള സാഹചര്യമുണ്ടായി എന്നാണ് കരുതുന്നത്. വണ്ടന്മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലും ഭക്ഷ്യവകുപ്പ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന കിറ്റ് നിറയ്ക്കുന്ന സ്ഥലത്തും ഇയാള്‍ എത്തിയിരുന്നു.കിറ്റ് നിറയ്ക്കുന്നതില്‍ ഇയാളുടെ അമ്മയും സഹോദരിയും പങ്കാളിയായതിനാല്‍ റേഷന്‍കട വഴിയുള്ള കിറ്റ് വിതരണവും തടഞ്ഞിരിരുന്നു.
Idukki, Kerala, News, Case, COVID19, Trending, Idukki Vandanmedu Covid case

സി.എച്ച്.സി യുടെ 100 മീറ്റര്‍ മാത്രം അകലെയുള്ളതും നിരവധി വീടുകള്‍ അടുത്തുള്ളതുമായ കോളനിയിലുമാണ് രോഗി താമസിച്ചിരുന്നത്. നിലവില്‍ തയ്യാറാക്കിയിട്ടുള്ള റൂട്ടുമാപ്പും പ്രൈമറി കോണ്‍ട്കാറ്റും പൂര്‍ണമായും ശരിയല്ലെന്നും ആക്ഷേപമുണ്ട്. ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന കടയിലും ഇയാള്‍ എത്തിയതായാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. യഥാര്‍ഥത്തില്‍ ഇയാള്‍ പോയ പല സ്ഥലങ്ങളുടെയും വിവരം റൂട്ടുമാപ്പിലില്ലെന്നും ആരോപിക്കപ്പെടുന്നു.

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവം എടുക്കാന്‍ അയച്ചതിലും ഗുരുതര വീഴ്ചയും സംഭവിച്ചു.കഴിഞ്ഞ ദിവസം സമ്പര്‍ക്ക പട്ടികയിലുള്ള 30 പേര്‍ക്ക് സ്രവ പരിശോധനയ്ക്കുള്ള  കുറിപ്പും നല്കി  സി.എച്ച്.സി അധികൃതര്‍ കട്ടപ്പന ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവരാണെല്ലെങ്കില്‍ സ്രവ പരിശോധനയ്ക്ക് നേരിട്ട് ആശുപത്രികളില്‍ എത്തരുത് എന്നാണ് നിര്‍ദ്ദേശം.എന്നാല്‍ ഇതെല്ലാം മറികടന്നാണ് ആശുപത്രിയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൂട്ടമായി എത്തിയത്.

വണ്ടന്മേട് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തങ്ങള്‍ സ്വന്തം വാഹനങ്ങളില്‍ എത്തിയതെന്ന് ഇവര്‍ പറയുന്നു. ഇതെ കുറിച്ച് തിരക്കിയപ്പോള്‍ 30 പേര്‍ക്ക് പോകാന്‍ 30 ആംബുലന്‍സ് വേണമെന്നും ആളുകള്‍ സ്വന്തം വാഹനങ്ങളില്‍ പോയി വേണം പരിശോധന നടത്താനുമെന്നാണ് സി.എച്ച്.സി യിലെ പുരുഷ ഡോക്ടര്‍ നല്കിയ മറുപടി. കോവിഡ് കേസില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Keywords: Idukki, Kerala, News, Case, COVID19, Trending, Idukki Vandanmedu Covid case