Follow KVARTHA on Google news Follow Us!
ad

ആർ എസ് എസ് വിമർശനത്തിന് അതീതരോ: ആഞ്ഞടിച്ച് ജസ്റ്റിസ് കമാൽ പാഷ, ഭീഷണികൾ കൊണ്ട് സത്യം മറയ്ക്കാനാകില്ലെന്നും റിട്ട ജസ്റ്റിസ്

മാധ്യമവിലക്ക്: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാൽ പാഷ സത്യത്തെ ഭയപ്പെടുന്നവർ വിലക്കുകളുമായി എത്തും, ജനാധിപത്യം മരിക്കുന്നുവെന്നും കമാൽ പാഷ Media ban illegal and biased. press freedom is essentioal: Rt. justice B Kemal Pasha
കാസർകോട്: സത്യത്തെ ഭയപ്പെടുന്നവരാണ് മാധ്യമവിലക്ക് ഏർപ്പെടുത്തുന്നതെന്നും മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും റിട്ട. ജസ്റ്റിസ് ബി കമാൽ പാഷ. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുമ്പോൾ അതിനെ തടയിടാനാണ് ചിലർ ശ്രമിക്കുന്നത്. ഒരു പൗരന്റെ മൗലികാവകാശങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ലംഘിക്കപ്പെട്ടിട്ടുള്ളു. എന്നാലിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെ കണക്കാക്കുന്ന ഭരണകൂടമെന്നും അദ്ദേഹം 'കെ വാർത്തയോട്'  പറഞ്ഞു.


kerala highcourt retired justice kemal pasha

വാർത്തമാധ്യമങ്ങളുടെ ബാധ്യതയാണ് ജനങ്ങളിലേക്ക് ശരിയായ വിവരം എത്തിക്കുക എന്നുള്ളത്. നാട്ടിൽ നടക്കുന്ന സംഭവ വികാസങ്ങൾ കാണിച്ചുകൊണ്ടാണ് മാധ്യമങ്ങൾ നിർഭയമായി ഡെൽഹിയിലെ വിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. അതിൽ ഒരു വർഗീയതയും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ആ വാർത്തയിൽ വർഗീയത കാണിച്ചെന്നോ അല്ലെങ്കിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നോ അതുമല്ലെങ്കിൽ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നോ ഒരിക്കലും പറയാൻ കഴിയില്ല.

വാർത്താ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയുള്ള ഓർഡർ വളരെ വികലമാണ്. നമ്മുടെ ജനാധിപത്യ രീതിയിൽ ആ ഉത്തരവ് ഒരിക്കലും ശരിയാണെന്ന് പറയാൻ കഴിയില്ല. അത്രക്കും വികലമാണത്. സർക്കാരിന്റെ ഈ നടപടി കാണിക്കുന്നത് അസഹിഷ്ണുതയാണ്. കുഴലൂത്ത് നടത്തുന്നവരെ മാത്രം സംരക്ഷിക്കുക എന്ന നിലപാട് ശരിയല്ല. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി വായ മൂടിക്കെട്ടാം എന്നാണോ സർക്കാർ വിചാരിക്കുന്നത്. ഏതായാലൂം നിരോധനം പിൻവലിച്ചു. അത്രയും നന്ന്. ഈ നാണക്കേടിൽ നിന്നും തലയൂരാൻ ഇപ്പോഴെങ്കിലും സർക്കാർ ശ്രമിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിനെ വിമർശിക്കാൻ പാടില്ലെന്ന് നിയമമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആർ എസ് എസ് എന്താ വിമർശനത്തിന് അതീതരാണോ. തെറ്റ് കാട്ടുന്നവർ ആരായാലും അവരെ വിമർശിക്കുകയും തുറന്നു കാട്ടുകയും വേണം. അതിനെ ഇത്തരം താണ നടപടികളിലൂടെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ജസ്റ്റിസ് കമൽ പാഷ തുറന്നടിച്ചു. തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുക എന്നതും വിമർശിക്കുക എന്നതും ഒരു പൗരന്റെ അവകാശമാണ്. അത് പാടില്ലെന്ന് പറയാൻ എന്താണ് അധികാരം. പൗരന്മാരുടെയും മാധ്യമങ്ങളുടെയും മൗലികാവകാശം തന്നെയാണ് വിമർശിക്കുക എന്നുള്ളത്.

വിമർശിച്ചാൽ ആളുകളെ കൊല്ലും അല്ലെങ്കിൽ അടച്ചുപൂട്ടും എന്നുള്ളതാണോ വേണ്ടത്. ആ ഒരു കാഴ്ചപ്പാടാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതൊക്കെ വളരെ കഷ്ടമാണ്.  നമ്മുടെ രാജ്യത്തെ ജനാധിപത്യം മരിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ഏതാനും മണിക്കൂർ നേരത്തേക്കെങ്കിലും മാധ്യമവിലക്ക് ഏർപ്പെടുത്തിയ നടപടി. ഇനി മേലിലെങ്കിലും ഇത്തരം മണ്ടത്തരങ്ങളും വൃത്തികേടുകളും കേന്ദ്ര സർക്കാർ ആവർത്തിക്കരുത്- ജസ്റ്റിസ് കമാൽ പാഷ ആഞ്ഞടിച്ചു.

Summary, Media ban illegal and biased. press freedom is essential: Rt. justice B Kemal Pasha