Follow KVARTHA on Google news Follow Us!
ad

കേരള കലോത്സവമോ, ഇത് സാഹസികോത്സവമോ?

കേരള സ്‌കൂള്‍ കലോത്സവം അതിന്റെ ഘടനയിലും സംഘാടനത്തിലും സവിശേഷമായ മഹോത്സവമായാണ് മലയാളി അഭിമാനിക്കുന്നത്. Article, Trending, Kerala school kalolsavam, Kanhangad, Is this Keralolsavam or Sahasikolsavam?
സി കെ എ ജബ്ബാര്‍

(www.kvartha.com 30/11/2019)  കേരള സ്‌കൂള്‍ കലോത്സവം അതിന്റെ ഘടനയിലും സംഘാടനത്തിലും സവിശേഷമായ മഹോത്സവമായാണ് മലയാളി അഭിമാനിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം തന്നെ ഇതെന്ന് മറ്റുള്ളവരും പുകഴ്ത്തുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം കാഞ്ഞങ്ങാട് കലോത്സവം അനുഭവിച്ചവര്‍ ഇതിനെ 'സാഹസികോത്സവ'മെന്ന് വിളിക്കും. ഇത്ര മഹത്തായ ഒരു മേളക്ക് കണ്ടെത്തിയ വേദികള്‍, സഞ്ചാര റൂട്ടുകള്‍ എല്ലാം അനുഭവിച്ചവര്‍ ഇതല്ലാതെ മറ്റൊന്ന് പറയില്ല. സ്വന്തം ചങ്ക് പറിച്ച് നല്‍കുന്ന ആത്മാര്‍ത്ഥതയുണ്ട് കാസര്‍കോടുകാരുടെ സംഘാടനം. കാസര്‍കോട് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുമുണ്ട്. പക്ഷെ, ഇത്രമാത്രം വിപുലമായ ഒരു കലോത്സത്തിന് അത് മതിയാവുന്നതായിരുന്നില്ല.

കലോത്സവം നടക്കുന്നത് കാഞ്ഞങ്ങാട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 12 കിലോമീറ്റര്‍ (12 രൂപ ബസ് കൂലി നല്‍കേണ്ട റൂട്ടില്‍) ദൂരം താണ്ടി രണ്ട് നഗരസഭകളിലായി (കാഞ്ഞങ്ങാട് / നീലേശ്വരം) ഓടിക്കിതച്ച് വിയര്‍ക്കുന്ന കൗമാര കേരളത്തെയാണ് കാണാനാവുന്നത്. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ ഒരൊറ്റ ദേശീയപാതയാണുള്ളത്. സമാന്തര വഴികളൊന്നുമില്ലാതെ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടന്നു മലയാളിയുടെ'കൗമാരോത്സവം'.

കാഞ്ഞങ്ങാട്- നീലേശ്വരം നഗരങ്ങള്‍ക്ക് മധ്യേയാണ് പ്രധാന വേദി. 12 കിലോമീറ്റര്‍ അകലങ്ങളില്‍ കാഞ്ഞങ്ങാടും നീലേശ്വരത്തുമായാണ് മറ്റെല്ലാ വേദികളും. ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് ഓടി എത്താന്‍ ഗതാഗതക്കുരുക്ക് കാരണം കാസര്‍കോട് നിന്ന് കണ്ണൂരേക്കുള്ള തീവണ്ടി സമയമെടുത്തു.എന്തിനാണ് ഇങ്ങനെയൊരു സാഹസിക വേദികളും നിരത്തുകളും വിവിധ നഗരങ്ങളും തെരഞ്ഞെടുത്തത് എന്ന് അതിന് നേതൃത്വം നല്‍കിയവര്‍ ഉത്തരം നല്‍കണം.

അപ്പീലുകളുടെ നീണ്ട നിരയില്‍ ചില വേദികളില്‍ അനന്തമായ കാത്തിരിപ്പായിരുന്നു. അതിന് പുറമെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കുള്ള വീര്‍പ്പ് മുട്ടിയ റോഡ് യാത്രയും. പ്രധാന വേദികളില്‍ നിന്ന് ഭക്ഷണത്തിന് വേണ്ടി പോലും കുട്ടികളും അധ്യാപകരും നരകയാത്രയാണ് രണ്ട് ദിവസം നടത്തിയത്. വിദഗ്ദ്ധര്‍ തയ്യാറാക്കിയ മാനുവല്‍ അനുസരിച്ച് കലോത്സവത്തിന്റെ പെരുമാറ്റത്തിനായി സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ ചിട്ടകളുണ്ട്. വേദികള്‍ നിശ്ചയിക്കുന്നതിന് ഇതൊന്നും ബാധകമല്ലേ കൂട്ടരേ!

കഴിഞ്ഞ 60 വര്‍ഷങ്ങളിലെ സ്‌കൂള്‍ കലോല്‍സവത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കലോത്സവം അക്ഷരത്തിലും ആത്മാവിലും വളരെയധികം പരിഷ്‌കരിച്ചതായി കാണാം. അതിനനുസരിച്ച് ചിലരുടെ മനസ്സ് വിശാലമായിട്ടില്ലെന്ന് മാത്രം. സ്‌കൂള്‍ തലത്തിലും ഉപ ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്ന മേളയാണിത്. ഈ വളര്‍ച്ചക്കനുസരിച്ച് വേദികളും വികസിക്കണം. അല്ലെങ്കില്‍ പുന:ക്രമീകരണം നടത്തണം. ജില്ലകളില്‍ നിന്നുള്ള മത്സരം മേഖല തിരിച്ച് നടത്താമല്ലൊ. മേഖലകളിലെ വിജയികള്‍ക്ക് കേരളമെഗാമേള നടത്തിക്കോളൂ. ഇങ്ങനെ ഒരു തുരുത്തിലിട്ട് വീര്‍പ്പ് മുട്ടിക്കുന്നതിനെക്കാള്‍ നല്ലത് അതാണ്.

2017ല്‍ കണ്ണൂര്‍ മേളയില്‍ മേഖലാ മേളയേ ഇനി ഉണ്ടാവുകയുള്ളൂ എന്ന് ഔദ്യോഗികമായി തന്നെ പറഞ്ഞിരുന്നു. പക്ഷെ മാറ്റമുണ്ടായില്ല. കണ്ണൂരിലെ കലോത്സവത്തില്‍ ഇന്നത്തെ മന്ത്രി തന്നെയാണ് അന്നും മന്ത്രി. മന്ത്രി ഡയറി എഴുതുന്ന ആളാണെങ്കില്‍ ഒന്ന് 2017 ജനുവരി പേജുകള്‍ മറിച്ചു നോക്കട്ടെ. കലോത്സവം പരിഷ്‌ക്കരിക്കുന്നത് ആലോചിക്കാന്‍ ഞാനുള്‍പ്പെടെയുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ മന്ത്രി അന്ന് വിളിച്ചു കൂട്ടി. കാല്‍ നൂറ്റാണ്ടിലേറെ തുടര്‍ച്ചയായി മേള പകര്‍ത്തിയ സീനിയര്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച നിര്‍ദേശം മേഖലയിലേക്ക് സംസ്ഥാന മത്സരം വികേന്ദ്രീകരിക്കണം എന്നായിരുന്നു. എന്നിട്ടാണ് മന്ത്രി പറഞ്ഞത് അടുത്ത തവണ മാറ്റമുണ്ടാക്കാം എന്ന്. അത് നടപ്പിലാവാത്തത് നിര്‍ഭാഗ്യകരമാണ്. കലോത്സവത്തെ സ്വന്തം താല്‍പര്യങ്ങളുടെ വ്യവസായോത്സവമാക്കിയ ചിലരുണ്ട്. അവരെ ഉറ്റു നോക്കുന്നു ഈ ചാപല്യം. ചിലരുടെ ദുരഭിമാനം കാക്കാനുള്ള പണക്കൊഴുപ്പിന്റെ മേളയാവുകയാണ് ഇതെന്ന് നേരത്തെ തന്നെ പരിഭവമുയര്‍ന്നതാണ്. ഏറെക്കാലമായി നാം ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവമെന്ന വാഴ്ത്തുമൊഴിയില്‍ ഉയര്‍ത്തിനിര്‍ത്തിയ സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിനെ അതിന്റെ മര്‍മത്തില്‍ നിര്‍ത്തി വിചാരണ ചെയ്യാനുള്ള സമയം വൈകിയിട്ടുണ്ട്.

കലോത്സവപരിഷ്‌കരണമെന്ന പേരില്‍ നടത്തിവരുന്ന ആണ്ട് ശുശ്രൂഷ ഒന്നിനുമുള്ള ഉത്തരമല്ല. കേരളത്തിലെ ഏറ്റവും ബൃഹത്തും എന്നാല്‍ ധനാത്മകവുമായ കലാവ്യവസായമായി പരിണമിച്ചിട്ടില്ലേ ഇത്? കല പ്രശ്‌നവല്‍ക്കരിക്കപ്പെടുകയാണ്. മന:സംഘര്‍ഷം. അപ്പീല്‍ നിയമപ്പൂട്ടിന്റെ മസില്‍ പിടിത്തം. ധനനാട്യമില്ലാത്തവര്‍ മത്സരിച്ചു കേറാന്‍, അപ്പീല്‍ അഹന്ത നേടാന്‍ കെല്‍പില്ലാതെ മുട്ടുമടക്കുന്ന 'കീഴാള' ദുഖം. ഇങ്ങനെ എത്രയോ കഥകളുണ്ട് ഈ കൗമാര വസന്തത്തില്‍ എന്നോര്‍മ്മ വേണം. കഴിഞ്ഞ രണ്ട് ദിവസം നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ സ്വന്തം വാഹനത്തില്‍ വേദികളില്‍ എത്തിയവരും അങ്ങിനെയല്ലാതെ വിയര്‍ത്ത് തളര്‍ന്നവരും ഏറെയാണ്. കലാവീഷ്‌കാരം ഏകാഗ്രതയുള്ളതാണ്. വേദികളിലേക്കുള്ള വെപ്രാളപ്പാച്ചിലില്‍ എന്ത് ഏകാഗ്രത. മക്കളുടെ വിയര്‍ത്തൊലിച്ച സന്ദേഹ മുഖങ്ങള്‍ ഈ മാമാങ്കത്തിന്റെ കളങ്കമാണ്.

1956 ല്‍ എറണാകുളം എസ്ആര്‍വി ഹൈസ്‌കൂളില്‍ സ്‌കൂള്‍ കലോല്‍സവം വിത്ത് വിതച്ചത് ഒരു ദിവസം പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്തിട്ടാണ്. പങ്കെടുത്തത് 200 പേര്‍. ഉച്ചഭക്ഷണവും ചായയും നല്‍കി. പങ്കാളിത്തം സ്‌കൂള്‍ തലത്തില്‍ നിന്ന് നേരിട്ട് ആയിരുന്നു. വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി, കലോത്സവത്തിന്റെ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പങ്കെടുക്കുന്നവരുടെ എണ്ണം പതിനായിരമായി ഉയര്‍ന്നു. സ്‌കൂളുകള്‍ നേരിട്ട് സംസ്ഥാനത്ത് മത്സരിച്ചേടത്ത് നിന്ന് വളര്‍ന്ന് ജില്ലകള്‍ സംസ്ഥാനത്ത് മത്സരിക്കുന്നേടത്ത് വികസിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ ജില്ലകള്‍ തമ്മില്‍ മത്സരിക്കാന്‍ രാപ്പകലുകള്‍ മതിയാവാതെ വരുന്നുണ്ടെങ്കില്‍ എന്ത് കൊണ്ട് ഇനി മേഖല തല ഉല്‍സവം മതി എന്ന വീക്ഷണം നടപ്പിലാവുന്നില്ല ?

കലോത്സവത്തിന്റെ വിജയത്തിന് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ തലം വരെയുള്ള ജന പ്രതിനിധികളുമായി, നിയമസഭാ അംഗം മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍ വരെ സജീവമായി ഇടപെടുന്നു. ആദരണീയമാണീ സമര്‍പ്പണം. മേഖലകളെ കൂടുതല്‍ സജീവമാക്കാന്‍ കെല്‍പ്പുള്ളതാണ് ഈ സംഘാടനവൈഭവം.

സ്‌കൂള്‍ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളുടെ കലാവിഷ്‌കാരങ്ങള്‍ക്ക് ഇടം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോടെ ആരംഭിച്ച കലോത്സവത്തിന്റെ ചരിത്രത്തെ മറക്കാവതല്ല. സമതുലിതവും ജനാധിപത്യപരവും സര്‍ഗാത്മകവുമായ നിര്‍വഹണമാണ് കലോത്സവത്തെ സൃഷ്ടിപരമാക്കി നിലനിര്‍ത്താന്‍ ഉദ്ദേശിച്ചത്. അതല്ല ഇപ്പോള്‍ നടക്കുന്നത്. മുടങ്ങാതിരിക്കാന്‍ ഒരു ചടങ്ങായി സര്‍ക്കാറുകള്‍ക്ക് മേനി നടിക്കാനുള്ള ഇടമായി തീര്‍ന്നു അത്. അത് കൊണ്ടാണ് ഇത്ര വിപുലമായിട്ടും കുടുസ്സായ സംവിധാനങ്ങള്‍ ഇത്തവണ ആരെയും അസ്വസ്ഥപ്പെടുത്താതിരുന്നത്.

അപ്പീലുകള്‍ക്ക് കെട്ടിവെക്കപ്പെടുന്ന തുക തന്നെ ഖജനാവിന് വലിയ വരുമാനമാണ്. അങ്ങിനെ സര്‍ക്കാറിന് അപ്പീല്‍ സംഭാവന നല്‍കുന്നവര്‍ തെരുവ് തെണ്ടി വേദിയിലെത്തട്ടെ എന്നാവും കാഞ്ഞങ്ങാട്ടെ സംഘാടനം കൊണ്ട് ഉദ്ദേശിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ അപ്പീല്‍ പ്രളയം ഉണ്ടാക്കിയത് ആരാണ് ? രക്ഷിതാക്കള്‍ക്ക് അതിന് വഴിയൊരുക്കി കൊടുത്തത് പരിഷ്‌കാരങ്ങളാണ്. 2006 ല്‍ തിലക പ്രതിഭാ പുരസ്‌കാരങ്ങള്‍ എടുത്തുകളഞ്ഞത് അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനായിരുന്നു. അന്ന് തന്നെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ എടുത്തുകളഞ്ഞ് ഗ്രേഡിങ് കൊണ്ടുവന്നു. ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടാന്‍ കൊണ്ടുവന്ന ഈ പരിഷ്‌കരണങ്ങള്‍ ആണ് ഗ്രേഡ് ബാഹുല്യത്തിന്റെ നിയമപ്പോരാട്ടം പെരുപ്പിച്ചത്. വേഷക്കെട്ടുകാരും ഏജന്റുമാരും ദുരഭിമാനികളായ ചില രക്ഷിതാക്കളും ചില വിധികര്‍ത്താക്കളുമെല്ലാമടങ്ങുന്ന ഒരു കുറുമുന്നണിയാണ് എല്ലാ പ്രസ്റ്റീജ് ഇനങ്ങളും കയ്യിലെടുക്കുന്നത്. കാഞ്ഞങ്ങാട്ടെ 12/15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗതാഗത വീര്‍പ്പ് മുട്ടല്‍ ഇവര്‍ക്കൊരു പ്രശ്‌നമല്ല. പാവപ്പെട്ട മക്കളാണ് കരഞ്ഞിരിക്കുക. ഇതൊക്കെ പറയാതെ വയ്യ.

വിമര്‍ശനങ്ങളേ പരിഷ്‌കാരങ്ങളെ ക്ഷണിച്ചു വരുത്തിയിട്ടുള്ളു, വിലയിരുത്തലുകള്‍ ആരംഭിച്ച കാലം മുതല്‍

കലോത്സവം സ്മരണികയായി മികച്ച ഉത്സവഗ്രന്ഥമായി ഇറങ്ങിയിട്ടുണ്ട്. വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാര്‍ അഴീക്കോട്, പവനന്‍, വത്സല ടീച്ചര്‍, കുഞ്ഞുണ്ണിമാഷ് എന്നിങ്ങനെ മികച്ച സാഹിത്യപ്രതിഭകള്‍ സ്മരണികകളുടെ പത്രാധിപന്മാരായി. ജി ശങ്കരക്കുറുപ്പും തകഴിയും ബാലാമണിയമ്മയും ബഷീറും ലളിതാംബിക അന്തര്‍ജനവും മാലിയും കാരൂരും ഉറൂബും എം വി ദേവനും ഒ എന്‍ വിയും വി കെ എന്നും എം പി അപ്പനുമെല്ലാം കലോത്സവ സ്മരണികകളില്‍ എഴുതി. അവരില്‍ പലരും പരിഷ്‌കാരങ്ങളെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നിപ്പോള്‍ സ്വയം വിലയിരുത്തല്‍ സോവനീറുകളില്ല. പുകഴ്ത്ത് പാട്ടുകളുണ്ട്. പുകഴ്ത്തിപ്പെരുപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പുരസ്‌കാരമുണ്ട്. മാധ്യമ പുരസ്‌കാര എന്‍ട്രികളില്‍ കലോത്സവ വിമര്‍ശന സ്റ്റോറികള്‍ ചവറ്റ് കൊട്ടയിലേ എന്നും വീണിട്ടുള്ളൂ. എല്ലാ മാധ്യമങ്ങളുടെയും പേരുകള്‍ പുകഴ്ത്തിക്കെട്ടാന്‍ മാത്രം വിവിധങ്ങളായ വിഷയങ്ങളില്‍ എല്ലാവര്‍ക്കും അവാര്‍ഡ് വീതം വെക്കുന്നത് കൊണ്ട് കലോത്സവം മഹാശ്ചര്യമാകുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ ഓടി വിയര്‍ത്ത് വേദികളില്‍ മോഹാലസ്യപ്പെട്ട മക്കള്‍ ഞങ്ങള്‍ക്ക് മാപ്പ് തരിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Trending, Kerala school kalolsavam, Kanhangad, Is this Keralolsavam or Sahasikolsavam?