Follow KVARTHA on Google news Follow Us!
ad

തനിക്ക് നേരത്തേ ഭീഷണിയുണ്ടായിരുന്നു; പ്രിന്‍സിപ്പാളിനെ പോലും നോക്കുകുത്തിയാക്കി, ഇടിമുറിയിലിട്ട് എസ് എഫ് ഐ നേതാക്കള്‍ പലരെയും മര്‍ദിച്ചിട്ടുണ്ട്; പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും പതിവ്; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമത്തിനിരയായ അഖില്‍ ചന്ദ്രന്‍

തനിക്ക് നേരത്തേ ഭീഷണിയുണ്ടായിരുന്നു, പ്രിന്‍സിപ്പാളിനെ Thiruvananthapuram, News, Politics, Threatened, SFI, Stabbed, Trending, attack, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2019) തനിക്ക് നേരത്തേ ഭീഷണിയുണ്ടായിരുന്നു, പ്രിന്‍സിപ്പാളിനെ പോലും നോക്കുകുത്തിയാക്കി ഇടിമുറിയിലിട്ട് എസ് എഫ് ഐ നേതാക്കള്‍ പലരെയും മര്‍ദിച്ചിട്ടുണ്ട്, പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമത്തിനിരയായ അഖില്‍ ചന്ദ്രന്‍.

ഏറെ നാളെത്തെ ചികിത്സക്കുശേഷം വീട്ടില്‍ വിശ്രമിക്കുന്ന അഖില്‍ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 12നാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായ അഖിലിന് നെഞ്ചില്‍ കുത്തേറ്റത്.

Akhil Chandran speaks about sfi unit committee's murder attempt, Thiruvananthapuram, News, Politics, Threatened, SFI, Stabbed, Trending, Attack, Kerala

എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതെന്നും അഖില്‍ തുറന്നുപറയുന്നു. ഇതിന് മുമ്പും യൂണിറ്റ് അംഗങ്ങളുമായി പ്രശ്‌നങ്ങളുണ്ടാവുകയും മര്‍ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. 

കാന്റീനില്‍ ഇരുന്ന് പാട്ടുപാടിയെന്ന് ആരോപിച്ച് യൂണിറ്റ് അംഗങ്ങള്‍ തന്നെയും കൂട്ടുകാരേയും ചീത്ത വിളിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് പരിഹരിച്ചതാണ്. എന്നാല്‍, അതിന് ശേഷവും കോളജില്‍ കാല് കുത്തിയാല്‍ അടിക്കുമെന്ന് നസീം അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തി.

ഇനിയാരേയും അടിക്കാനൊന്നും പറ്റില്ലെന്നും ഇതിനൊരു തീരുമാനമുണ്ടാക്കണമെന്നും താനും സുഹൃത്തുക്കളും പറഞ്ഞു. എന്നാല്‍, സംസാരിക്കാനൊന്നും ഇല്ലെന്നും അടിച്ച് നില്‍ക്കാമെന്നുമായിരുന്നു നസീം പറഞ്ഞത്. തുടര്‍ന്ന് ഗേറ്റിന് സമീപത്തുവച്ച് എസ് എഫ് ഐ പ്രവര്‍ത്തകരുള്‍പ്പെടെ പരസ്പരം അടിയായി. അതിനിടെ തന്നെ മാത്രം ഒറ്റയ്ക്ക് കോളജിന്റെ ഒരുഭാഗത്തെത്തിച്ച് മര്‍ദിക്കുകയും നസീം പിടിച്ച് വച്ച് ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നു.

നസീമും ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ക്ക് തന്നോടും സുഹൃത്തുക്കളോടും വൈരാഗ്യമുണ്ടായിരുന്നു. പരിപാടികള്‍ക്ക് വിളിച്ചാല്‍ പോയില്ലെങ്കിലും വിദ്യാര്‍ഥികളെ മര്‍ദിക്കും. എതിര്‍ത്ത് സംസാരിച്ചാലും അടിക്കുമായിരുന്നു. എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കണമായിരുന്നു. അവര്‍ പറയുന്നതുപോലെ കോളജില്‍ കാര്യങ്ങള്‍ നടക്കണമായിരുന്നു. ന്യായവും നീതിയും നോക്കാതെ യൂണിറ്റ് അംഗങ്ങള്‍ മര്‍ദിക്കുമായിരുന്നു.

കോളജ് പ്രിന്‍സിപ്പാളിനോ അധ്യാപകര്‍ക്കോ വലിയ വിലയൊന്നുമില്ല. യൂണിറ്റ് അംഗങ്ങള്‍ പറയുന്നത് പോലെയാണ് കോളജില്‍ കാര്യങ്ങള്‍ നടക്കുന്നത്. മര്‍ദനത്തിനെ കുറിച്ച് പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞിരുന്നില്ല. പറഞ്ഞിട്ടോ പരാതിപെട്ടിട്ടോ കാര്യമില്ല. നിരവധി വിദ്യാര്‍ഥികളെ ഇടിമുറിയിലിട്ട് മര്‍ദിച്ചിട്ടുണ്ട്. ക്ലാസില്‍ നിന്ന് വിളിച്ചിറക്കിയാണ് ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുക.

മൊബൈല്‍ ഫോണടക്കം പിടിച്ച് വാങ്ങിയാണ് അംഗങ്ങള്‍ മര്‍ദിക്കുക. ഇവിടെ ആരോടും ഒന്നും ചോദിക്കാന്‍ കഴിയില്ല. തനിക്കെതിരെ വധശ്രമം നടന്നതുകൊണ്ട് കോളജിലെ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തറിഞ്ഞു. തന്റെ ചികിത്സയടക്കം പാര്‍ട്ടിയാണ് ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉള്ളത്. തന്റേത് പാര്‍ട്ടി കുടംബമാണെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും അഖില്‍ പറഞ്ഞു.

കോളജിലെ പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവരഞ്ജിത്തും നസീമുമാണ്. കോളജിലെ പ്രശ്‌നങ്ങളില്‍ സിപിഎം ഇടപെട്ടിരുന്നു. മുന്‍പ് സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചെന്നും അഖില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. കേസില്‍ പ്രതികളായിരുന്ന അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവര്‍ ആദ്യം തന്നെ പോലീസ് പിടിയിലായി. സംഭവത്തിനു ശേഷം ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഒളിവില്‍ പോയി.

ഇവരെ കേശവദാസപുരത്തു വച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊളിറ്റിക്‌സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കാന്റീനില്‍ പാട്ടുപാടിയതു വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ ഉണ്ടായ വാക്കുതര്‍ക്കമാണ് അവസാനം കുത്തിലേക്കു നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Akhil Chandran speaks about sfi unit committee's murder attempt, Thiruvananthapuram, News, Politics, Threatened, SFI, Stabbed, Trending, Attack, Kerala.