വ്യാജ ദിനേശ് ബീഡി വില്‍പനക്കാരന്റെ മകള്‍ ഡോക്ടര്‍, മകന്‍ കോളജ് പ്രൊഫസര്‍, പോലിസിനെ കണ്ടുമുങ്ങിയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കണ്ണൂര്‍: (www.kvartha.com 29.07.2019) വ്യാജ ദിനേശ് ബീഡി വില്‍പനയ്ക്കു നേതൃത്വം നല്‍കിയ മുഹമ്മദ് കോയയെ വീടുവളഞ്ഞു പിടിക്കാനുള്ള പോലീസ് ശ്രമം വിജയിച്ചില്ല. ഇയാളെ കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് അതീവരഹസ്യമായി കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ വീടുവളഞ്ഞത്. എന്നാല്‍ ഈ വിവരം മണത്തറിഞ്ഞു മുഹമ്മദ് കോയ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.

താമരശ്ശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഹൗസില്‍ ഒ പി മുഹമ്മദ് കോയയാണ് (60) വ്യാജ ദിനേശ് ബീഡി ഉല്‍പ്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റാക്കറ്റിലെ പ്രമുഖനെന്ന് നേരത്തെ അറസ്റ്റിലായ മറ്റുപ്രതികളില്‍ നിന്നും പോലീസിനു വിവരം ലഭിച്ചിരുന്നു.

ഇയാളുടെ ആഡംബര വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 18,000 കെട്ട് ദിനേശ് ബീഡിയും ലേബലും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വ്യാജ ദിനേശ് ബീഡി നിര്‍മാണ സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് കോയയെന്നു പോലീസ് പറഞ്ഞു. രാഷ്ട്രീയ, ഭരണ തലത്തില്‍ ഉന്നത നേതാക്കളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇയാളുടെ മകന്‍ കോളജ് പ്രൊഫസറും മകള്‍ ഡോക്ടറുമാണ്. നിരവധി വാഹനങ്ങളാണ് ഇയാള്‍ക്കായി ബീഡികളുമായി കേരളത്തില്‍ ഓടുന്നത്. കോടികളാണ് ഇത്തരം വ്യാജ ബീഡിയിലൂടെ ഇയാള്‍ സമ്പാദിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ മുഹമ്മദ് കോയയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലാവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

വിവിധ കെട്ടുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബീഡികള്‍. നേരത്തെ ദിനേശ് ബീഡി വ്യാജമായി നിര്‍മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ ബീഡി നിര്‍മാണത്തെ കുറിച്ച് കൂടുതല്‍ തെളിവ് പുറത്തുവന്നത്.

തുടര്‍ന്ന് സംഘത്തിന്റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്നയാളുമായ അലകനാല്‍ ഷാജി ജോസഫ് (38), ഇയാള്‍ക്ക് വ്യാജ ബീഡി എത്തിച്ചു നല്‍കുന്ന പുതിയതെരു അരയമ്പത്തെ കരിമ്പിന്‍ കര കെ പ്രവീണ്‍ (43) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ വ്യാജ ബീഡി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന പ്രധാനിയാണ് മുഹമ്മദ് കോയ.

18 വര്‍ഷമായി വ്യാജബീഡി നിര്‍മാണത്തിലൂടെ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തി വരികയാണ്. താമരശ്ശേരി പോലീസിന്റെ സാഹത്തോടെ തളിപ്പറമ്പ് എസ്‌ഐ ഷൈന്‍, എഎസ്‌ഐ വി എ മാത്യു, ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ വി രമേശന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.Keywords: Kerala, Kannur, News, Police, Accused, Investigates, Fake Dinesh Beedi production and distribution: Police search for accused 

Previous Post Next Post