പുതിയ അറിയിപ്പ് കണ്ടില്ലേ? മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഇത് വായിക്കുക

പുതിയ അറിയിപ്പ് കണ്ടില്ലേ? മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഇത് വായിക്കുക

വിജിന്‍ ഗോപാല്‍ ബേപ്പ്‌

(www.kvartha.com 12.06.2019) 
മദ്യപിച്ച് വാഹനമോടിക്കരുതെന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇത്തരത്തില്‍ വാഹനമോടിച്ചുള്ള അപകടങ്ങള്‍ നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. മദ്യപാനം ആളുകളെ സാഹസിക യാത്രകളിലേക്കാണ് നയിക്കുന്നത്. ഇതിലൂടെ ജീവന്‍ നഷ്ടമാകുന്നതോ, കൂടുതലും നിരപരാധികള്‍ക്കാണ്. അടുത്ത കാലത്തായി യുവാക്കളും കൂടുതലായി ഇത്തരത്തില്‍ അപകടങ്ങളില്‍ പെടുന്നു എന്നത് ഇതിനെ പ്രഥമ പരിഗണന ലഭിക്കേണ്ട സാമൂഹിക പ്രശ്‌നമായി ഉയര്‍ത്തുകയാണ്. രാത്രിയാത്രകളില്‍ നടക്കുന്ന അപകടങ്ങളില്‍ മിക്കപ്പോഴും അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതോ മദ്യപിച്ചതോ ആണെന്ന് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രതയും ചിന്തയും കുറയുകയും ചെയ്യുന്ന അവസ്ഥയാണ് മദ്യപാനത്തിലൂടെ ലഭിക്കുന്നത്. കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന ലഹരിയിലൂടെ ശാരീരികമാനസിക ആരോഗ്യം നമുക്ക് നഷ്ടമാവുകയാണ് ചെയ്യുന്നത്. ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും പേശീനിയന്ത്രണം കുറയുകയും ചെയ്യുന്നത് മറ്റൊരു ദൂഷ്യവശമാണ്. ഇക്കാരണങ്ങള്‍കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത്.

അപകടത്തില്‍ നിന്നും പലപ്പോഴും നമ്മള്‍ രക്ഷപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനവേഗം കൊണ്ട് മാത്രമാണ്. അപകട സാധ്യത മുന്നില്‍ക്കാണുമ്പോള്‍ തന്നെ നമ്മള്‍ വണ്ടി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. തടസ്സം കാണുന്നതു മുതല്‍ വണ്ടി പൂര്‍ണമായും നിര്‍ത്തുന്നതു വരെയുള്ള സമയത്തിനുള്ളില്‍ മസ്തിഷ്‌കം അപായസാധ്യത തിരിച്ചറിയുകയും വേണം തുടര്‍ന്ന് കാല്‍ ആക്‌സിലറേറ്ററില്‍നിന്നു മാറ്റി ബ്രേക്ക് ചവിട്ടുകയും വേണം. ഈ പ്രതികരണസമയത്തിന് നമ്മള്‍ സുബോധത്തിലാണെങ്കില്‍ അര മുതല്‍ മുക്കാല്‍ സെക്കന്‍ഡ് വരെ സമയം മതി. എന്നാല്‍ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മസ്തിഷ്‌കത്തിന് ഈ വേഗതയില്‍ പ്രവര്‍ത്തിക്കാനാകില്ല. പ്രതികരണ സമയം പതിന്‍മടങ്ങു കുറയുകയും അപകടം സുനിശ്ചിതമാവുകയും ചെയ്യുന്നു.മദ്യത്തിന്റെ ലഹരിയില്‍ ആദ്യം നമുക്ക് ലഭിക്കുന്നത് ആത്മവിശ്വാസമാണ്. ഇതിലൂടെയാണ് സാഹസികമായ ഡ്രൈവിംഗ് നടത്താന്‍ പലരും തയ്യാറാവുന്നത്. പലപ്പോഴും ഇത്തരം അപകടങ്ങളിലൂടെ വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെടാറുണ്ട്. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ കൂടെ കൊണ്ടുപോകേണ്ടിവരുന്ന ഓര്‍മകളാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ സമ്മാനിക്കുന്നത്. ശരീരത്തിലെ ഏതെങ്കിലും അവയവം മുറിച്ച്മാറ്റപ്പെട്ട എത്രയേറെ ആള്‍ക്കാരാണ് അപകടങ്ങളുടെ ഓര്‍മയും പേറിയിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമാണ് പലപ്പോഴും ഈ സാഹചര്യങ്ങളില്‍ കൂടെ ഉണ്ടാവാറുള്ളത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നമ്മുടെ കുഞ്ഞുമക്കളും ഉറ്റവരും വഴി നടക്കുന്ന റോഡരികുകള്‍ ചോരക്കളമാക്കരുത്. ആ സാമൂഹിക ബോധം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ചെറിയ തെറ്റുകള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില പലപ്പോഴും വലുതാണ്. മദ്യപാനം സാമൂഹികവിപത്താണ്. മദ്യപിച്ച് വാഹനമോടിക്കുക എന്നത് മരണത്തിന് തുല്യവും.

റോഡപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലഭിക്കുന്ന പിഴയുടേയും ശിക്ഷയുടെയും കടുപ്പം കൂട്ടാന്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയും ഇവരുടെ നിരുത്തരവാദത്തില്‍ ജീവന്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്കാണ്.

ഇനി മുതല്‍ മദ്യപിച്ചോ വാഹനം ഓടിക്കുന്നതിനെ സ്വാധീനിക്കുന്ന തരത്തിലുള്ള ഡ്രഗ്‌സിന്റെ പ്രഭാവത്തിലോ വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 പ്രകാരം ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 21 പ്രകാരം െ്രെഡവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കാം. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ചുമത്താവുന്നതാണ്. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും.

അധികൃതരുടെ ഈ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. പിഴ ശിക്ഷ എന്നതിലുപരിയായി ഒരു വലിയ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രചോദനമായി നാം അതിനെ ഉള്‍ക്കൊള്ളണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Vehicles, Accident, Accidental Death, Drugs, Fine, Health, Vijin Gopal Bepu, What's wrong with drunk driving
ad